‘സ്‌കൂളുകളിലെ ലിംഗവിവേചനം’? അത് കേരളമല്ല, മഹാരാഷ്ട്രയാണ്
കേരളത്തിലെ ക്ലാസ് മുറിയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും മതിൽ കൊണ്ട് വേർതിരിച്ചിരിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിഖാബ് ധരിച്ച പെൺകുട്ടികളെയാണ് ക്ലാസ് മുറിയിൽ വേർതിരിച്ച് ഇരുത്തിയിരിക്കുന്നത്. ‘ഹിജാബിൽ തുടങ്ങി ക്ലാസ് മുറികൾ പരിവർത്തനം ചെയ്യപ്പെടുന്ന അസമത്വ സുന്ദര കേരളം ആണ് അവർ സ്വപ്നം കാണുന്നത്’ എന്ന ക്യാപ്ഷനോടുകൂടി 2025 ഒക്ടോബർ 20നാണ് വീഡിയോ എക്സിലൂടെ പ്രചരിച്ചത്. ഇതിനോടകം വീഡിയോ ദൃശ്യം 23,000 പേർ കാണുകയും 694 പേർ ലൈക്ക് ചെയ്യുകയും ചെയ്തു. 277 പേരാണ് വീഡിയോ റിപോസ്റ്റ് ചെയ്തത്.

കേരളത്തിൽ നിന്നുള്ള വീഡിയോ എന്ന രീതിയിൽ, ഒക്ടോബർ 22 നും @KreatelyMedia , @MahaRathii എന്നീ എക്സ് അക്കൗണ്ടുകളിൽ നിന്നും വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സമാന തലക്കെട്ടോടെ തന്നെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും റെഡ്ഡിറ്റിലും വീഡിയോ വൈറലായിരുന്നു.
വസ്തുതയെന്ത്?
വീഡിയോ ദൃശ്യത്തിലെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു നോക്കി. അപ്പോൾ ഈ വീഡിയോ ഒക്ടോബർ പത്തിന് തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളതായി വ്യക്തമായി. “മതത്തെയും ലോകത്തെയും ഒരുമിപ്പിച്ചു ജീവിതത്തെ നിലനിർത്തുക” എന്ന തലക്കെട്ടിൽ ക്ലാസ് മുറി ആയിരുന്നു വീഡിയോ പങ്കുവച്ചിരുന്നത്. #teaching #education #mosacademy #nanded #islamic #deen #duniya #aakhira #coaching എന്നീ ഹാഷ് ടാഗുകളും പോസ്റ്റിൽ ഉപയോഗിച്ചിരുന്നു.

അക്കൗണ്ടിലെ തന്നെ മറ്റു വീഡിയോകൾ പരിശോധിച്ചപ്പോൾ, എല്ലാം ഒരേ ക്ലാസ് മുറി തന്നെയാണെന്ന് മനസ്സിലായി. ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബയോ പരിശോധിച്ചപ്പോൾ അതിൽ Director of MOS College, Nanded എന്നു കണ്ടു.

MOS College, Nanded നെ ജിയോ ലൊക്കേറ്റ് ചെയ്തപ്പോൾ, കോളേജിലെ ഡയറക്ടർ ആയ മുഹമ്മദ് ആമീറിലേക്ക് എത്തി. വീഡിയോ ദൃശ്യം മഹാരാഷ്ട്രയിലെ നന്ദേഡിലെ ഒരു സ്വകാര്യ ട്യൂഷൻ സെന്ററായ എം ഒ എസ് അക്കാദമിയിലേതാണ് എന്ന് അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ക്ലാസ് മുറിയിൽ ലിംഗ വിവേചനം നടക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ട്യൂഷൻ സെന്ററിൽ നിന്നുള്ള വീഡിയോയാണ് കേരളത്തിലെ വീഡിയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.