
കണക്കില്ലാത്ത അക്രമങ്ങൾ : തൊഴിലിടത്തിൽ നിശബ്ദരാക്കപ്പെടുന്ന സ്ത്രീകൾ
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നിട്ട് മുപ്പത് വര്‍ഷം പിന്നിടുന്നു. എന്നാൽ ഇത്തരം അക്രമങ്ങളെ കുറിച്ചുള്ള യാതൊരു കണക്കും കേന്ദ്ര സർക്കാരിന്റെ കയ്യിലില്ല. സ്ത്രീകൾക്ക് പരാതിപ്പെടാനായി ഈയിടെ സ്ഥാപിച്ച ഷീ ബോക്സ് പോർട്ടൽ സംവിധാനവും പരാജയമാണെന്ന് കണക്കുകൾ തെളിയിക്കുന്നു.
“ഞാൻ ആശ ആച്ചി ജോസഫ്. തൊഴിലിടത്തിലെ ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീ”
2026 ഫെബ്രുവരി 13ലെ മലയാള മനോരമ പത്രത്തിന്റെ എഡിറ്റോറിയൽ പേജിലെ പ്രധാന ലേഖനം തുടങ്ങിയത് ഇങ്ങനെയായിരുന്നു. ‘നിശബ്ദയാകാൻ ഒരുക്കമല്ല’ എന്ന തലക്കെട്ടുള്ള ഈ ലേഖനം എഴുതിയത് സംവിധായികയും കോളേജ് അധ്യാപികയുമായ ആശാ അച്ചി ജോസഫാണ്. സംവിധായകനും മുൻ എം എൽ എയുമായ പി. ടി. കുഞ്ഞു മുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ശേഷമാണ് ആശ ഈ തുറന്ന് പറച്ചിൽ നടത്തിയത്. മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സെലക്ഷൻ കമ്മിറ്റി അംഗമായിരുന്നു ആശ. 2025 നവംബർ 6ന് നടന്ന സെലക്ഷൻ കമ്മിറ്റി മീറ്റിംഗിനിടെ ജൂറി ചെയർമാനായ കുഞ്ഞു മുഹമ്മദ് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആരോപണം.
ചലച്ചിത്ര അക്കാദമിയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ ആശ പരാതി നൽകി, പിന്നീട് പോലീസിലും. എന്നാൽ ദിവസങ്ങൾക്കു ശേഷം- മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷം മാത്രമാണ് പരാതിയിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്.

ഈ കഴിഞ്ഞ ഫെബ്രുവരി 14ന് ആണ് കേന്ദ്ര വനിതാ ശിശു വകുപ്പ് വികസന വകുപ്പ് ഇതേ വിഷയത്തിൽ, തൊഴിലിടത്തിലെ സ്ത്രീ സുരക്ഷയെ കുറിച്ച്, ഒരു ദേശീയ കോൺഫറൻസ് ഡൽഹിയിൽ സംഘടിപ്പിച്ചത്. ‘വികസിത ഭാരത’ത്തിലേക്കുള്ള യാത്രയിൽ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ സർക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണെന്നും, യൂണിയൻ സർക്കാരിന്റെ ‘ഷീ ബോക്സ് പോർട്ടൽ’ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പരാതിപ്പെടുന്നത് എളുപ്പമാക്കിയെന്നും വകുപ്പ് മന്ത്രി അന്ന പൂർണ്ണ ദേവി പറഞ്ഞു. എല്ലാ മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വത്തോടെയും അന്തസ്സോടെയും അക്രമങ്ങൾ നേരിടാതെയും തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഈ കോൺഫറൻസിന്റെ പ്രഖ്യാപിത ലക്ഷ്യം.
എന്നാൽ രാജ്യത്തെ തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരാണോ? കേന്ദ്ര മന്ത്രി അവകാശപ്പെട്ടത് പോലെ, ‘ഷീ പോർട്ടൽ’ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ടോ? ഇന്ത്യയിലെ തൊഴിലിടങ്ങൾ എത്രത്തോളം സ്ത്രീ സൗഹാർദ്ധപരമാണ്? ജോലി സ്ഥലങ്ങളിലെ ‘അധികാര നില’ പരാതിപ്പെടുന്നതിൽ നിന്ന് സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനെ നിയമം എങ്ങനെയാണ് നോക്കി കാണുന്നത്?
ഒബിസി പരിശോധിക്കുന്നു.
തൊഴിലിടങ്ങളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ രാജ്യം അഭിമുഖീകരിക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങൾക്കെതിരായുള്ള നിയമം ഉണ്ടാകുന്നത് മുപ്പത് വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയാനായി 2013 ൽ നിലവിൽ വന്ന, പോഷ് ആക്ട് എന്ന് അറിയപ്പെടുന്ന, Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, നിയമമനുസരിച്ച്, പത്തു പേരിൽ കൂടുതൽ ജോലിയെടുക്കുന്ന സ്ഥാപനങ്ങളിൽ എല്ലാം ആഭ്യന്തര പരാതി പരിഹാര സെൽ – (Internal Committee) ഉണ്ടായിരിക്കണം. പത്തിൽ താഴെ ജോലിക്കാരുള്ള സ്ഥാപനങ്ങളിലെ പരാതികൾ കൈകാര്യം ചെയ്യുന്നത് അതാത് ജില്ലകളിലെ ലോക്കൽ കമ്മിറ്റികൾ (എൽ സി) ആയിരിക്കും.
‘ഇല്ലാത്ത കണക്കുകൾ’
പോഷ് നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിവരങ്ങൾ ഒന്നും തന്നെ യൂണിയൻ സർക്കാരിന്റെ പക്കൽ ഇല്ല എന്നാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ്ണ ദേവി 2024 ആഗസ്റ്റ് രണ്ടിന് ലോക് സഭയിൽ പറഞ്ഞത്. കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ കേസുകളുടെ കണക്കുകൾ ചോദിച്ച എം പി എസ് ജോതിമണിയ്ക്ക് ലഭിച്ച ഉത്തരം, “സംസ്ഥാന, ജില്ലാ തലങ്ങളിൽ നിയമത്തിന്റെ നടത്തിപ്പ് അതാത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. പോഷ് നിയമത്തിന് കീഴിൽ ഫയൽ ചെയ്തതും പരിഹരിക്കപ്പെട്ടതുമായ കേസുകളുടെ സംസ്ഥാനം/ജില്ല തിരിച്ചുള്ള കണക്കുകൾ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നില്ല.” എന്നാണ്.
2018 ജനുവരി 19ന് പോഷ് ആക്റ്റിന്റെ നടത്തിപ്പ് ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് ഷീ-ബോക്സ് (Sexual Harassment Electronic Box) എന്ന സംവിധാനം തുടങ്ങി. 2024ൽ വെബ്സൈറ്റ് പുതുക്കുകയും മുഴുവനായും പ്രവർത്തനക്ഷമമാവുകയും ചെയ്തു. ഐ സികളുടെയും എൽ സികളുടെയും വിവരങ്ങൾ സൂക്ഷിക്കാൻ ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടാക്കുക എന്നതാണ് ഷീ ബോക്സിന്റെ പ്രാഥമികമായ ലക്ഷ്യം. എല്ലാ മേഖലകളിലും തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് പരാതിപ്പെടാൻ ഒരു ഏകജാലക സംവിധാനവും ഷീ ബോക്സ് മുന്നോട്ട് വയ്ക്കുന്നു. 23 ഭാഷകളിൽ പോർട്ടലിന്റെ സേവനം ലഭ്യമാണ്.
എന്നാൽ ഫെബ്രുവരി 13ന് ലോക് സഭയിൽ വച്ച ചില കണക്കുകൾ കേന്ദ്ര മന്ത്രിയുടെ ‘പ്രതീക്ഷ’കളെ ശരി വയ്ക്കുന്നവയല്ല. 2024 ഓഗസ്റ്റ് 29 മുതൽ ഫെബ്രുവരി 6 വരെ പോർട്ടലിലൂടെ ലഭിച്ച പരാതികളുടെ എണ്ണം വെറും 300 ആണ്. കഴിഞ്ഞ വർഷം മാത്രം ലഭിച്ചത് 254 പരാതികൾ. ആകെ പരാതികളിൽ 105 എണ്ണം മാത്രമാണ് തീർപ്പയത്.

അതായത്, വളരെ കുറച്ച് പരാതികൾ മാത്രമാണ് ഷീ ബോക്സിലൂടെ ലഭിച്ചത്. അതിൽ തന്നെ 65 ശതമാനവും തീർപ്പാക്കാതെ കിടക്കുന്നു.
ഈ കണക്കുകളോട് ചേർത്തു വായിക്കേണ്ട മറ്റ് ചില പഠനങ്ങളെ കുറിച്ച് കൂടി പറയാം.
സെന്റർ ഫോർ ഇക്കണോമിക് ഡാറ്റാ ആൻഡ് അനാലിസിസ് 2024ൽ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നത്, ലൈംഗികാതിക്രമ പരാതികൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറച്ച് കമ്പനികൾ മാത്രമാണ് എന്നാണ്. 300 കമ്പനികളെയാണ് പഠന വിധേയമാക്കിയത്. 2022-23 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1160 പരാതികളും ഇതിലെ 81 കമ്പനികളിൽ നിന്ന് വന്നതാണ്. അതായത്, ആ കാലയളവിൽ 219 കമ്പനികൾ ഒരു പരാതി പോലും റിപ്പോർട്ട് ചെയ്തില്ല.
“പുറത്ത് പറയല്ലേ!”
‘ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതിന്റെ അർത്ഥം അത്തരം സംഭവങ്ങൾ നടക്കുന്നില്ല എന്നല്ല’ എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) നിരീക്ഷിക്കുന്നത്. യഥാർത്ഥത്തിൽ നടക്കുന്നതിന്റെ വളരെ ചെറിയ ശതമാനം കേസുകൾ മാത്രമേ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂ. സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ, സാമൂഹികമായ വിലക്കുകൾ, അപമാനം ഭയന്നുള്ള മടി, പ്രതികാര നടപടികളുണ്ടാകുമോ എന്ന പേടി, കുറ്റാരോപിതൻ അധികാരസ്ഥാനത്തുള്ള ഒരാളാണെങ്കിൽ വിശേഷിച്ചും . ഇത്തരത്തിൽ വിവിധ കാരണങ്ങളാൽ അതിജീവിതർ പരാതി നൽകാൻ തയ്യാറാകാതിരിക്കാം.
ലൈംഗികാതിക്രമങ്ങളെ നേരിടാൻ നിലനിൽക്കുന്ന നിയമസംവിധാനങ്ങളെ കുറിച്ച് അവബോധം ഇല്ലാത്തത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറയാനുള്ള മറ്റൊരു പ്രധാന കാരണമായി പഠനങ്ങൾ ചൂണ്ടി കാട്ടുന്നു. 2025ൽ പുറത്ത് വന്ന ഒരു പഠനത്തിലെ സർവേയിൽ പങ്കെടുത്തവരിൽ 35.5 ശതമാനം പേർക്കും പോഷ് നിയമത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല.

നിയമ നിർമാണം നടത്തി 13 വർഷങ്ങൾക്കിപ്പുറവും എന്ത് കൊണ്ട് ഈ സ്ഥിതി നിലനിൽക്കുന്നു? തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ സ്ഥാപിക്കേണ്ടതിനെ കുറിച്ചും പോഷ് നിയമം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കേണ്ടതിനെ കുറിച്ചും വിവിധ കോടതി വിധികൾ നിലനിൽക്കുമ്പോഴും, രാജ്യത്തെ തൊഴിലാളി സ്ത്രീകൾ എന്ത് കൊണ്ട് ഇന്നും മൗനം പാലിക്കുന്നു?
തൊഴിലിടങ്ങളിലെ ‘അധികാര നില’ : പോഷ് നിയമ നടത്തിപ്പിലെ ന്യൂനതകൾ
“തൊഴിലുടമയാൽ രൂപീകരിക്കപ്പെടുന്ന ഇന്റേണൽ കംപ്ലെയൻസ് കമ്മിറ്റി എന്ന സംവിധാനത്തിന് മിക്കയിടത്തും ഒരു കുഴപ്പമുണ്ട്. ആരോപണവിധേയൻ താഴേക്കിടയിലുള്ള ഒരു തൊഴിലാളി ആണെങ്കിൽ ചിലപ്പോൾ ഐ സി കമ്മിറ്റികൾ സ്ത്രീപക്ഷത്തുനിന്ന് കൃത്യമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ ആരോപണവിധേയന്റെ കാര്യത്തിൽ തീരുമാനമാക്കും. മിക്കപ്പോഴും അവൻ പിന്നെ സ്ഥാപനത്തിൽ കാണില്ല! ഇനി ആരോപണവിധേയൻ ടോപ് മാനേജ്മെന്റ് പൊസിഷനിൽ ഇരിക്കുന്ന ആരെങ്കിലും ആണെങ്കിലോ? ലോകത്തിലെ ഏറ്റവും മുട്ടിലിഴയുന്ന കൂട്ടായ്മയെ നിങ്ങൾക്ക് കാണാം. “എന്റെ തമ്പ്രാൻ നല്ലോനാ, അങ്ങേരിതൊന്നും ചെയ്യൂല” എന്ന് ആദ്യം ആര് പറയണം എങ്ങനെ പറയണം എന്ന മത്സരം മാത്രമായിരിക്കും ആരോപണവിധേയന്റെ താഴെ ജോലിയെടുക്കുന്ന കമ്മിറ്റി അംഗങ്ങൾക്ക്!”
മുതിർന്ന മാധ്യമപ്രവർത്തകനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച് നീതി കിട്ടാതെ മാതൃഭൂമിയിൽ നിന്ന് രാജി വച്ച അഞ്ജന ശശി എന്ന മാധ്യമ പ്രവർത്തക 2025 ജനുവരിയിൽ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. ഇന്റേണൽ കമ്മിറ്റികളിൽ സംഭവിക്കുന്ന പ്രായോഗിക പാളിച്ചകളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അഞ്ജനയുടെ അനുഭവം. ഏറ്റവും മികച്ച വാർത്താറിപ്പോർട്ടിങ്ങിനുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയ ഒരു മാധ്യമപ്രവർത്തകക്കാണ് ഇങ്ങനെ തൊഴിലിടം വിടേണ്ടി വന്നത്.

തൊഴിലിടങ്ങൾ സുരക്ഷിതമാക്കി വയ്ക്കേണ്ടത് നിയമപ്രകാരം തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇവർ തന്നെ കുറ്റാരോപിതരാവുമ്പോൾ, പലപ്പോഴും സംവിധാനം മുഴുവൻ അതിജീവിതർക്കെതിരെ നിൽക്കുകയാണ് പതിവ്.
നിയമമനുസരിച്ച്, എല്ലാ ജില്ലകളിലെയും സ്ഥാപനങ്ങളിൽ ഐ സി ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും, ഐ സിയിലെ അംഗങ്ങൾക്കും തൊഴിലാളികൾക്കും ഇതേ കുറിച്ച് കൃത്യമായി അവബോധം നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും അതാത് ജില്ലകളിലെ ഉത്തരവാദിത്തപ്പെട്ട ഓഫീസർമാരാണ്. എന്നാൽ പലപ്പോഴും ഇത് കൃത്യമായി നിർവഹിക്കപ്പെടാറില്ല എന്നാണ് സർട്ടിഫൈഡ് പോഷ് ട്രൈനർ ആയ സുഹൈൽ കുണ്ടിൽ പറയുന്നത്. തൊഴിലിടങ്ങളിൽ തൊഴിൽ ദാതാക്കൾക്കും തൊഴിലാളികൾക്കും പോഷ് ട്രെയിനിങ് നൽകുന്ന സന്നദ്ധ സംഘടനയായ എ എഫ് ഐ ഒ (FIO) ഫൗണ്ടേഷന്റെ സ്ഥാപകനാണ് സുഹൈൽ.
“സ്ഥാപനങ്ങളോ ഡിപ്പാർട്മെന്റുകളോ ഇങ്ങോട്ട് സമീപിക്കുന്നതിന് അനുസരിച്ചാണ് ഞങ്ങൾ അവബോധ ക്ലാസുകൾ എടുത്ത് കൊടുക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ അത് അങ്ങനെയല്ല നടക്കേണ്ടത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ ജി ഒകളുടെ സഹായത്തോടെ എല്ലാ സ്ഥാപനങ്ങളിലും കൃത്യമായി അവബോധം എത്തുന്നുണ്ടെന്ന് ഉറപ്പിക്കേണ്ടത് അതാത് ജില്ലാ കളക്ടർമാരാണ്. മലപ്പുറത്തെ ജില്ലാ കളക്ടർക്ക് ഇവിടുത്തെ സ്ഥാപനങ്ങളിൽ പോഷ് ട്രെയിനിങ് നൽകാൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് ഒന്നിലധികം തവണ ഞങ്ങൾ കത്തെഴുതിയിരുന്നു. പക്ഷെ ഒരിക്കൽ പോലും ഞങ്ങൾക്ക് നല്ല പ്രതികരണം കിട്ടിയിട്ടില്ല.” സുഹൈൽ പറയുന്നു.
ഐ സിയിൽ സ്ഥാപനത്തിന് പുറത്തു നിന്നുള്ള ഒരംഗം (external member) നിർബന്ധമാണ്. കേസുകൾ നിഷ്പക്ഷമായി കൈകാര്യം ചെയ്യാനാണ് ഇത്തരമൊരു അംഗം വേണമെന്ന് നിയമം അനുശാസിക്കുന്നത്. ഇവർ എന്തെങ്കിലും തരത്തിൽ സ്ഥാപനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുള്ളവരാകരുത്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട എൻ ജി ഒകളിൽ പ്രവർത്തന പരിചയമുള്ളവരായിരിക്കണം ഈ അംഗങ്ങൾ എന്നും നിയമം പറയുന്നു.
“പലപ്പോഴും ഞങ്ങൾ കയറി ചെല്ലുന്ന ഇടങ്ങളിൽ കാണുന്നത് ഇതൊന്നുമല്ല. അവരുടെ തന്നെ അഭിഭാഷകർ, മീഡിയ ടീമിലെ അംഗങ്ങൾ, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ബന്ധുക്കൾ, ഇവരൊക്കെയാവും എക്സറ്റേണൽ മെമ്പർമാരായി പ്രവർത്തിക്കുന്നത്. ഇതൊന്നും നിയമപരമല്ല.” സുഹൈൽ പറയുന്നു.
“സ്റ്റേറ്റിന്റെ വലിയ ഉത്തരവാദിത്തം”
“എല്ലാ തൊഴിലിടങ്ങളിലും ഐ സികൾ രൂപീകരിക്കുന്നത് വളരെ നല്ല മാറ്റം തന്നെയാണ്. പക്ഷെ അത് നടപ്പിലാക്കുന്നതിൽ ഇനിയും ഏറെ ദൂരം നമുക്ക് സഞ്ചരിക്കാനുണ്ട്.” ആക്ടിവിസ്റ്റും അഭിഭാഷകയുമായ ജെ സന്ധ്യ പറയുന്നു.

നിയമത്തിലെ നാലാം വകുപ്പനുസരിച്ച് പ്രിസൈഡിങ് ഓഫീസർ സ്ഥാപനത്തിലെ സീനിയർ ഡെസിഗ്നേഷൻ ഉള്ള സ്ത്രീയായിരിക്കണം. “നിയമത്തിന്റെ തുടക്ക കാലം മുതൽ ഒരുപാട് കമ്മിറ്റികളിൽ അംഗമായിരുന്നിട്ടുണ്ട്. പലപ്പോഴും പല ഇന്റേണൽ കമ്മിറ്റിയുടെയും പ്രിസൈഡിങ് ഓഫീസർ പുരുഷന്മാരായിരിക്കുന്നത് കണ്ടിട്ടുണ്ട്.” സന്ധ്യ ഒബിസിയോട് പറഞ്ഞു. കേരളത്തിലെ ചില സർക്കാർ സ്ഥാപനങ്ങളിൽ പോലും ഈ അവസ്ഥ നിലനിൽക്കുന്നതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് സുഹൈലും പറയുന്നു.
ഈ സംവിധാനം ഇനിയും ശക്തിപ്പെടുത്തുന്നതിൽ സർക്കാരിനും വലിയ പങ്കുണ്ടെന്നും സന്ധ്യ കൂട്ടി ചേർക്കുന്നു. “സംവിധാനം ശക്തമാകുമ്പോൾ കൂടുതൽ ആളുകൾ അതിലേക്ക് എത്തുമെന്നതിൽ സംശയമില്ല. എല്ലാ തൊഴിലാളികളെയും ഇതിനെ കുറിച്ച് അവബോധമുള്ളവരാക്കുക എന്നതാണ് സ്റ്റേറ്റിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തം.” അസംഘടിത മേഖലയിലെ സ്ത്രീകളുടെ പരാതികൾ തീർപ്പാക്കുന്നതിലും സർക്കാർ കൂടുതൽ ശ്രദ്ധ നൽകണമെന്ന് ജെ. സന്ധ്യ പറയുന്നു.
നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവർക്കാണ് തന്നെ നിയമത്തെ കുറിച്ച് വേണ്ടത്ര അവബോധമില്ലാത്ത സാഹചര്യമാണുള്ളത്. ഇരുപതൊന്നാം വകുപ്പ് പ്രകാരം സ്ഥാപനങ്ങൾ അവരുടെ ആഭ്യന്തര കമ്മിറ്റി വാർഷിക റിപ്പോർട്ടുകൾ ജില്ലാ കളക്ടർക്കോ റെഗുലേറ്ററി അതോരിറ്റികൾക്കോ സമർപ്പിക്കണം. വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കാത്ത തൊഴിലുടമകൾക്കെതിരെ ആദ്യ ഘട്ടത്തിൽ 50,000 രൂപ വരെ പിഴയും നിയമലംഘനം ആവർത്തിച്ചാൽ ഇരട്ടിത്തുക പിഴയും ലൈസൻസ് റദ്ദാക്കലും സ്വീകരിക്കാമെന്നാണ് നിയമത്തിലെ വ്യവസ്ഥ.
“റിപ്പോർട്ട് സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് കൊടുത്ത ശിക്ഷയെന്താണെന്ന് ഒരിക്കൽ വിവരാവകാശ നിയമം വഴി അന്വേഷിച്ചപ്പോൾ, ‘നടപടിയെടുക്കാൻ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. സംസ്ഥാന ഇൻഫർമേഷൻ ഓഫീസർക്ക് പോലും, ഇത് ശിക്ഷാർഹമായ നിയമ ലംഘമാണെന്ന് അറിയില്ല എന്ന് സാരം.”, സുഹൈൽ പറയുന്നു.
2017ലെ നടി ആക്രമിക്കപ്പെട്ട കേസിന് പിറകെ രൂപീകരിച്ച, മലയാള സിനിമയിലെ വനിതാ കൂട്ടായ്മമായ വിമൻ ഇൻ സിനിമ കളക്റ്റീവ്, സിനിമ സെറ്റുകളിൽ ഐ സികൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരവധി തവണ സംസാരിച്ചിട്ടുണ്ട്. എന്നാൽ 2019ൽ പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്, “മലയാള സിനിമാ മേഖല ചില നടന്മാരുടെയും, സംവിധായകരുടെയും, നിർമാതാക്കളുടെയും അധീനതയിലാണ്’ എന്നാണ്. മലയാളസിനിമയെ നിയന്ത്രിക്കുന്ന ഈ ശക്തികൾ, ഐ സി സിയിലെ അംഗങ്ങളെ അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നീക്കാനായി നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തേക്കാമെന്നാണ് റിപ്പോർട്ട് പറയുന്നത്.

അതായത്, തൊഴിലിടങ്ങൾ നിയന്ത്രിക്കുന്ന പുരുഷന്മാർ കയ്യാളുന്ന ‘അധികാരം’ നിയമങ്ങളെ കാറ്റിൽ പറത്താൻ കെൽപ്പുള്ളവയാണെന്ന് സാരം. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ എല്ലാ തലങ്ങളിലും ഈ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ സ്വതന്ത്രവും ശക്തവുമാക്കേണ്ടതുണ്ട്.
നിർഭയമായി തൊഴിലെടുക്കാനുള്ള സാഹചര്യം സ്ത്രീകളുടെ മൗലികാവകാശമാണ്, ഈ അവകാശം സംരക്ഷിക്കാനുള്ള നിയമവും രാജ്യത്തുണ്ട്. പക്ഷേ തൊഴിലിടങ്ങളിലെ അധികാരം ഇപ്പോഴും ആണധികാര വ്യവസ്ഥയിൽ നിക്ഷിപ്തമായിരിക്കുന്നതിനാൽ, ഈ നിയമങ്ങളൊന്നും തന്നെ സ്ത്രീകളെ സംരക്ഷിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. നിയമസംവിധാനത്തിന്റെ പരാജയം തെളിയിക്കുന്നത് തന്നെയാണ് ഷീ ബോക്സ് പോർട്ടലിലെ കണക്കുകൾ.
