
സത്യാനന്തര കാലത്തെ സിസി ടിവി രാഷ്ട്രീയം: വിളപ്പിൽ ശാല സംഭവം കേരളത്തോട് പറയുന്നത്
ശ്വാസം മുട്ടലിനെ തുടർന്ന് വിളപ്പിൽ ശാല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിയ യുവാവ് ദീർഘ നേരം ചികിത്സ കിട്ടാതെ, അവഗണിക്കപ്പെട്ട് ആശുപത്രി വരാന്തയിൽ ചിലവഴിക്കേണ്ടി വന്നു എന്ന ആരോപണത്തിൽ വസ്തുതയുണ്ടോ? ടെലിവിഷൻ ചാനലുകൾ ആവർത്തിച്ച് സംപ്രേഷണം ചെയ്ത സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രോഗി ചികിത്സ കിട്ടാതെ മരിച്ചു എന്ന ആരോപണം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിനു പിന്നാലെ, കേരളത്തിലെ ആരോഗ്യമേഖല വലിയ രീതിയിലുള്ള സൈബർ വിചാരണയ്ക്കും ജനരോഷത്തിനുമാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ പ്രതിഷേധങ്ങൾക്ക് ആധാരമായ, ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങൾ ശരിയായ രീതിയിലാണോ മാധ്യമങ്ങൾ പുറത്ത് വിട്ടത്? സിസിടിവി ദൃശ്യങ്ങളിലെ ടൈം കോഡ് മറച്ചുപിടിച്ചും, ഒരേ ദൃശ്യങ്ങൾ തന്നെ പലയാവർത്തി സംപ്രേഷണം ചെയ്തും, രോഗി ഏറെനേരം വരാന്തയിൽ അവഗണിക്കപ്പെട്ടു എന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നോ മാധ്യമങ്ങൾ ചെയ്തത്? മുഖ്യധാരാ മാധ്യമങ്ങളിലെ ഇത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, സർക്കാർ ആശുപത്രി സംവിധാനങ്ങളെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഉണ്ടായത്. ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ആവർത്തിക്കുമ്പോഴും, മറുവശത്ത് ആരോഗ്യ കേന്ദ്രത്തിനെതിരായ പ്രചാരണം തുടർന്നുകൊണ്ടേയിരിക്കുന്നു.
കാവിൻപുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാൽ ഇസിയാൻ മൻസിലിൽ പി. ബിസ്മിർ ആണ് കടുത്ത ശ്വാസം മുട്ടലിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകുംവഴി മരിച്ചത്. ജനുവരി പത്തൊൻപതിന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ്, ബിസ്മിർ ഭാര്യയോടൊപ്പം ഇരു ചക്ര വാഹനത്തിൽ വിളപ്പിൽശാല സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. കടുത്ത ശാരീരിക അസ്വസ്ഥതകളുമായി എത്തിയ ബിസ്മിറിന് ആശുപത്രിയിൽ നിന്നും കൃത്യമായ പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ ഡോക്ടർ ഉണ്ടായിരുന്നിട്ടും വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നും, ഗേറ്റ് തുറക്കാൻ വൈകിയെന്നുമാണ് ബന്ധുക്കളുടെ പരാതി. ബിസ്മിൻ ശാരീരിക അസ്വസ്ഥത പ്രകടിപിക്കുന്നതും ഭാര്യ ജാസ്മിൻ സഹായത്തിനായി ആശുപത്രിയിലേക്ക് പോകുന്നതുമായ സിസി ടിവി ദൃശ്യങ്ങൾ സംഭവത്തിന് പിറകെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിചാരണയ്ക്ക് വിധേയമാക്കപ്പെട്ടത്. പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ ബിസ്മിർ ഏറെനേരം ആശുപത്രി വരാന്തയിൽ കാത്തിരിക്കേണ്ടി വന്നുവെന്നും, ഈ കാലതാമസമാണ് മരണത്തിന് കാരണമായതെന്നുമുള്ള വിമർശനങ്ങൾ ഇതോടെ ഉയർന്നു വന്നു. ചികിത്സ വൈകിയെന്നും, സി പി ആർ പോലുള്ള പ്രാഥമിക ചികിത്സ നിഷേധിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. ബിസ്മിറിന്റെ മരണത്തെ തുടർന്ന് കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.
വലിയ ജനരോഷത്തിനിടയാക്കിയ ഈ സിസി ടിവി ദൃശ്യങ്ങൾ ആദ്യം പുറത്ത് വിട്ട 24 ന്യൂസിന്റെ റിപ്പോർട്ടറോട് ഒബിസി സംസാരിച്ചു. ചാനൽ ഈ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തപ്പോൾ, അതിലെ ടൈം കോഡ് ചാനൽ ഹെഡറുകൾക്കിടയിൽ മറഞ്ഞുപോയതാണെന്ന വിശദീകരണമാണ് ലഭിച്ചത്. ഇതേ ചാനലിന്റെ തന്നെ മറ്റ് ചില റിപ്പോർട്ടുകളിൽ ടൈം കോഡ് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടർ ചൂണ്ടിക്കാട്ടി.
എന്നാൽ, ടൈം കോഡ് ഇല്ലാത്ത ദൃശ്യങ്ങൾ മറ്റു ചാനലുകളും ആവർത്തിച്ച് സംപ്രേഷണം ചെയ്തതോടെ രോഗി മണിക്കൂറുകളോളം ചികിത്സ കിട്ടാതെ അവഗണിക്കപ്പെട്ടു എന്ന പ്രതീതി സൃഷ്ടിച്ചു.
സാമൂഹ്യ മാധ്യമ പ്രതികരണങ്ങൾ ഇങ്ങനെ
ഈ വിഷയത്തിൽ നടന്ന സാമൂഹ്യ മാധ്യമ പ്രതികരണങ്ങൾ, സർക്കാർ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നു. 67,000 ൽ അധികം ഫോളോവെഴ്‌സ് ഉള്ള Discord react എന്ന ഫേസ്ബുക്ക് പേജിലൂടെ വന്ന പ്രചാരണം ഇങ്ങനെയാണ്. നമ്പർ വൺ ആരോഗ്യ കേരളത്തിന്റെ യഥാർത്ഥ അവസ്ഥ എന്ന തലക്കെട്ടോടെയാണ് പ്രചാരണം, നൂറിലധികം അക്കൗണ്ടുകൾ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളതായി കാണാം.

“ഡോക്ടറും നഴ്‌സും സഹായിച്ചില്ല നമ്പർ വൺ ആരോഗ്യ കേരളത്തിൽ ഒരു രക്തസാക്ഷി കൂടി” എന്ന തലക്കെട്ടോടെ, മറ്റൊരു പോസ്റ്റ്. ആശുപത്രിയിലെ ഡോക്ടർ ചികിത്സിക്കാൻ തയ്യാറായില്ല എന്ന ഗുരുതരമായ ആരോപണമാണ് ഈ പോസ്റ്റുകളെല്ലാം ഒരുപോലെ ഉയർത്തുന്നത് എന്നുകാണാം. ആശുപത്രിയിലെ സംഭവങ്ങൾ പരാമർശിക്കുന്ന ചില ഇൻസ്റ്റാഗ്രാം വീഡിയോകളും ഉണ്ട്. സർക്കാർ ആശുപത്രികളിലെ അനാസ്ഥ എന്ന മട്ടിലാണ് വീഡിയോകൾ.

എന്നാൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന്റെ ആരോപണങ്ങളെയും സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളും പൂർണ്ണമായും നിഷേധിക്കുകയാണ് ആശുപത്രി അധികൃതർ. ബിസ്‌മിറിനെ ചികിൽസിക്കുന്നതിൽ പിഴവ് സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇൻചാർജ് ഡോ. എല്‍ രമ മാധ്യമങ്ങളോട് പറഞ്ഞത്. പത്തൊൻപതാം തിയതി പുലർച്ചെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിയ ബിസ്മിറിന് ഓക്സിജൻ വെന്റിലേഷനും നെബുലൈസേഷനും ഇഞ്ചക്ഷനും നൽകിയിരുന്നു. ശ്വാസം മുട്ടലുമായി വരുന്ന രോഗിയ്ക്ക് ഒരു സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ചെയ്യാവുന്ന ചികിത്സകൾ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്. തുടർ ചികിത്സയ്ക്കായി ഉടനെ തന്നെ, ഓക്സിജൻ സൗകര്യത്തോടുകൂടി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു, ഡോക്ടർ പറയുന്നു. യുവാവ് മരിക്കുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപും ആരോഗ്യ പ്രശ്നങ്ങളോടെ ഇതേ ആശുപത്രിയിൽ വന്നിരുന്നുവെന്നും അന്നുതന്നെ വിദഗ്ധ ചികിത്സ നിർദേശിച്ചിരുന്നുവെന്നും ഡോക്ടർ പറയുന്നുണ്ട്.
ശ്വാസം മുട്ടലുമായി വന്ന രോഗിക്ക് സിപിആർ നൽകിയില്ല എന്നതാണ് ഏറ്റവും ഗുരുതരമായ ആരോപണം. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും സിപിആറിനെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇത്തരം പ്രചാരണങ്ങൾക്ക് കാരണമെന്നുമാണ് കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (KGMOA) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. സുനിത എൻ പറയുന്നത്.
“അബോധാവസ്ഥയിൽ ഉള്ള, പൾസ് ഇല്ലാത്ത രോഗികളിൽ ചെയ്യുന്ന അടിയന്തര നടപടിക്രമമാണ് സിപിആർ. ബോധമുള്ള, പ്രതികരിക്കുന്ന, നടന്നു പോകുന്ന രോഗികൾക്ക് കൊടുക്കുന്ന ചികിത്സയല്ല. ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചെയ്തു കൊടുക്കാൻ കഴിയുന്ന എല്ലാ ചികിത്സയും അന്ന് ആ യുവാവിന് നൽകിയിരുന്നു എന്നുള്ളതാണ് സത്യം. Preliminary Care നൽകിയതിനുശേഷം, മിനിറ്റുകൾക്കകം തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും ചെയ്തു” ഡോക്ടർ ഒബിസിയോട് പ്രതികരിച്ചു.
“ചികിത്സ കിട്ടാതെ ആശുപത്രി വരാന്തയിൽ രോഗി കുറെയേറെ സമയം ചിലവഴിച്ചു എന്ന തരത്തിലാണ് വാർത്തകളിൽ ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങൾ പ്രചരിച്ചത്. പക്ഷെ പല വാർത്തകളിലും ദൃശ്യത്തിന്റെ ടൈം കോഡ് മറഞ്ഞിരിക്കുന്നതുകൊണ്ടും ഒരേ ദൃശ്യം തന്നെ പലയാവർത്തി കാണിക്കുന്നതുകൊണ്ടുമാണ് അങ്ങനെ ആ ഒരു പ്രതീതി ഉണ്ടായത്. രോഗി ആശുപത്രിയിൽ എത്തി, രണ്ടു മിനിറ്റിനകം തന്നെ ചികിത്സ തുടങ്ങിയിരുന്നുവെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്. മരിച്ച വ്യക്തി ഒരു ഹൃദ്രോഗി കൂടിയാണെന്നാണ് മെഡിക്കൽ ഹിസ്റ്ററിയിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്, പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ എന്താണ് മരണകാരണമെന്ന് വ്യക്തമാകൂ.” ഡോക്ടർ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിർദേശിച്ചിരുന്നു. അതിൻപ്രകാരം, സമർപ്പിച്ച റിപ്പോർട്ടിൽ, വിളപ്പില്‍ശാല സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സാ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു.
“സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്നത്. കാഷ്വാലിറ്റി സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും വേണം. രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ മുൻഗണന നിശ്ചയിക്കുന്ന ട്രയേജ് (Triage) സംവിധാനം കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ട്. ഒരു അസുഖം ബാധിച്ചാൽ അതിൽ നിശ്ചിത ശതമാനം മരണസാധ്യതയുണ്ടെന്നത് മെഡിക്കൽ സയൻസ് തന്നെ അംഗീകരിക്കുന്നതാണ്. എന്നാൽ എന്തും ചികിത്സാ പിഴവാണെന്ന് മുദ്രകുത്തുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ പ്രവർത്തകർ ആശുപത്രിയിലെത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരെയും ജീവനക്കാരെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ആശുപത്രി പ്രവർത്തനം തടസപ്പെടുത്തിയിരുന്നു. ഇത്തരം ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ ഇനിയും ഉണ്ടാകരുത്”. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി കെ ഒബിസിയോട് പ്രതികരിച്ചു.
ആരോഗ്യവകുപ്പിനു സമർപ്പിച്ച റിപ്പോർട്ടും മെഡിക്കൽ ഓഫീസർമാരുടെ സംഘടന നൽകുന്ന വിശദീകരണങ്ങളും ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് അടിവരയിടുമ്പോഴും, വിളപ്പിൽശാലയിലെ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധങ്ങളും സൈബർ ഇടങ്ങളിലെ രോഷവും ഇനിയും അവസാനിച്ചിട്ടില്ല.
