
പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകം: വസ്തുതയും വ്യാജപ്രചാരണങ്ങളും
പാലക്കാട് ജില്ലയിലെ അട്ടപ്പള്ളത്ത് രാം നാരായണൻ ബാഗേൽ എന്ന അതിഥി തൊഴിലാളി ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. ബംഗ്ലാദേശി ആണെന്നാരോപിച്ചും മോഷണക്കുറ്റം ചുമത്തിയും ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ ഒരു സംഘം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന കേസിൽ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ബിജെപി പ്രവർത്തകരാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ, ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. കേസിൽ അറസ്റ്റിലായവർ ബിജെപി പ്രവർത്തകരല്ല, മറിച്ച് ഒൻപത് മുസ്ലീം യുവാക്കളാണെന്ന അവകാശവാദവുമായി ഒരു വിഭാഗം ആളുകൾ പോസ്റ്റുകൾ പങ്കുവെക്കുകയാണ്. ഇതിന് അടിസ്ഥാനമാക്കുന്നത് 2023ൽ മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ നടന്ന മറ്റൊരു ആൾക്കൂട്ട കൊലപാതക കേസാണ്. അന്ന് ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങളാണ് പാലക്കാട് കേസുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ പരത്താൻ ഉപയോഗിക്കുന്നത്.
ഡിസംബർ 17നാണ് വാളയാറിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ രാംനാരായൺ കൊല്ലപ്പെടുന്നത്. ഡിസംബർ 20 മുതൽ ഈ സംഭവവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ അട്ടപ്പള്ളം സ്വദേശികളായ അനു (38), പ്രസാദ് (34), മുരളി (38), ആനന്ദൻ (55), ബിപിൻ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം ഇതിന് വിരുദ്ധമാണ്.
ഹിന്ദു എന്നുപേരുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഡിസംബർ ഇരുപതിന് ഈ പോസ്റ്റ് പ്രചരിച്ചിരുന്നു.
“സങ്കികൾ ആണെന്ന് പ്രചരിപ്പിച്ചു കോൾമയിർ കൊണ്ട സുഡുക്കൾ അറസ്റ്റിൽ ആയത്. മുഴുവൻ സുഡുക്കൾ ആണല്ലോ ദൈവമേ”എന്നാണ് പ്രചരിച്ച പോസ്റ്റിലെ ക്യാപ്‌ഷൻ.
അതായത്, കേസിൽ അറസ്റ്റിലായത് ബിജെപി പ്രവർത്തകരല്ലെന്നും, എസ് ഡി പി ഐ പ്രവർത്തകരാണെന്നുമാണ് പോസ്റ്റ് പറയുന്നത്. തൊണ്ണൂറായിരത്തിലധികം ഫോളോവെഴ്സ് ഉള്ള ഒരു വലതുപക്ഷ പേജ് ആണിത്. പോസ്റ്റ് റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, ഇതേ പത്ര കട്ടിങ് ഉപയോഗിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ കാണാൻ കഴിഞ്ഞു.

ഡിസംബർ ഇരുപതിന്, രോഹിണി വർമ്മ എന്നൊരു എക്സ് അക്കൗണ്ട് വഴി ഇതേപോസ്റ്റ് പ്രചരിച്ചിട്ടുണ്ട്. സമാന ക്യാപ്‌ഷനോട് കൂടി തന്നെയാണിത്. ഒൻപതിനായിരത്തിലധികം പേർ ഈ പോസ്റ്റ് ഇതുവരെ ഈ അക്കൗണ്ടിൽ കണ്ടിട്ടുണ്ട്.

നചികേതസ് എന്ന മറ്റൊരു എക്സ് അക്കൗണ്ട് വഴിയും ഈ പോസ്റ്റ് പ്രചരിക്കുന്നതായി കണ്ടു.
“ബീഹാർ സ്വദേശിയെ ആൾക്കൂട്ടക്കൊല ചെയ്ത സജീവ ആർഎസ്എസ് പ്രവർത്തകർ” എന്ന് പരിഹാസരൂപേണയുള്ള തലക്കെട്ടാണ് ഇവർ ഉപയോഗിച്ചിട്ടുള്ളത്. ഏകദേശം പതിനാറായിരത്തോട് അടുത്ത് ഫോളോവെഴ്സ് ഉള്ള ഒരു എക്സ് അക്കൗണ്ടാണിത്. “പന്നികളെ വെടിവച്ചു കൊല്ലണം” എന്നതുൾപ്പെടെയുള്ള തികച്ചും വർഗീയമായ കമന്റുകൾ ആണ് ഈ പോസ്റ്റിനു താഴെയുള്ളത്.

വസ്തുതയെന്ത്?
പ്രചരിക്കുന്ന പോസ്റ്റുകളിലെ പത്രക്കട്ടിങ്ങ് പരിശോധിച്ചാൽ തന്നെ ഇത് വ്യാജമാണെന്ന് ആർക്കും മനസ്സിലാക്കാം. 2023ൽ മലപ്പുറം കൊണ്ടോട്ടിയിൽ നടന്ന ഒരു സംഭവത്തിന്റെ വാർത്തയാണിത്. ‘ആൾക്കൂട്ട മർദനത്തിൽ ബിഹാർ സ്വദേശിയുടെ മരണം- ഒമ്പത് പ്രതികൾ അറസ്റ്റിൽ’ എന്നാണ് ആ വാർത്തയുടെ തലക്കെട്ട്.
വാർത്തയുടെ ആദ്യ വാചകത്തിൽ തന്നെ, ‘കിഴിശ്ശേരിക്കടുത്ത് മോഷണശ്രമത്തിനിടെ ബിഹാർ സ്വദേശിയായ തൊഴിലാളി രാജേഷ് മാഞ്ചി (36) ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച സംഭവത്തിൽ ഒമ്പത് പ്രതികൾ അറസ്റ്റിൽ’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
“ബിഹാർ സ്വദേശി”, രാജേഷ് മാഞ്ചി എന്നീ കീവേർഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്തപ്പോൾ, ഈ വാർത്തയുടെ മറ്റു റിപ്പോർട്ടുകൾ കണ്ടു. മാതൃഭൂമി, മനോരമ, ന്യൂസ് 18 തുടങ്ങി മലയാളത്തിലെ ചില മാധ്യമങ്ങളും ദി ഹിന്ദു ഉൾപ്പെടെയുള്ള പ്രമുഖ ദിനപത്രങ്ങളും ഈ വാർത്ത അന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഈ വാർത്തയെയാണ്, ഇപ്പോൾ പാലക്കാട് അട്ടപ്പള്ളത്ത് നടന്ന സംഭവവുമായി ബന്ധിപ്പിച്ച് തെറ്റിദ്ധാരണാജനകമായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
പാലക്കാട് കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന വസ്തുത മറച്ചുവെക്കാനും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും നടത്തുന്ന ഈ പ്രചാരണം പൂർണ്ണമായും തെറ്റാണെന്നാണ് ഒബിസിയുടെ വസ്തുതാന്വേഷണത്തിൽ നിന്നും മനസിലായത്.
