ലൈംഗികപീഡകർക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ വലത് പക്ഷം 

ലൈംഗികപീഡകർക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ വലത് പക്ഷം 

സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴൊക്കെ പ്രതിസ്ഥാനത്ത് വരുന്ന പുരുഷന്മാർക്ക് വേണ്ടി രംഗത്ത് വരുന്നവർ പൊതുവായ ചില നിലപാടുകൾ പങ്കിടുന്നവരാണ്. പ്രത്യക്ഷമായോ പരോക്ഷമായോ സംഘപരിവാർ ആശയങ്ങളോട് ചേർന്ന് നിൽക്കുന്നവരാണ് ഇവർ. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിക്ക് ശേഷം ഉണ്ടായ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു അന്വേഷണം.

കേരളത്തിലെവിടെയെങ്കിലും, ഏതെങ്കിലുമൊരു സ്ത്രീ, താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങുമ്പോൾ മാത്രം, പെട്ടെന്ന് പ്രത്യക്ഷനാകുന്ന ഒരാളുണ്ട്. ഓരോ തവണയും അതിജീവിതരെയും, അവരുടെ അനുഭവങ്ങളെയും മൊത്തത്തിൽ റദ്ദ് ചെയ്തു കൊണ്ട്, കുറ്റാരോപിതർക്കായി പല്ലും നഖവുമുപയോഗിച്ച് വാദിക്കുന്ന ഒരാൾ. അത് ബസ്സിൽ വച്ച് ലൈംഗികാതിക്രമം നടത്തുന്ന വ്യക്തിയാകട്ടെ , ഒന്നിൽ കൂടുതൽ സ്ത്രീകളെ പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്ന ഉന്നയിച്ചിട്ടുള്ള യുവ കോൺഗ്രസ്സ് നേതാവാകട്ടെ , നടിക്കെതിരെ ബലാൽസംഗ കൊട്ടേഷൻ ഗൂഢാലോചന നടത്തി എന്ന ആരോപണം നേരിട്ട  നടനാകട്ടെ, കുറ്റാരോപിതരായ പുരുഷന്മാർക്ക് വേണ്ടി മേൽപ്പറഞ്ഞ വ്യക്തി കൃത്യ സമയങ്ങളിൽ ഓടിയെത്തുന്ന കാഴ്ച പതിവാണ്.

രാഹുൽ ഈശ്വർ എന്ന പേര് ഭൂരിഭാഗം വായനക്കാരുടെയും മനസ്സിൽ ഇതിനോടകം തന്നെ തെളിഞ്ഞിട്ടുണ്ടാകും.

“വലതു പക്ഷ-സവർണ്ണ ഹിന്ദു ആക്ടിവിസ്റ്റ്” എന്നാണ് രാഹുൽ ഈശ്വർ സ്വയം വിശേഷിപ്പിക്കുന്നത്. ‘വ്യാജപരാതികൾക്ക് ഇരയാവുന്ന’ പുരുഷന്മാരുടെ ശബ്ദമാവുക എന്നതാണ് രാഹുലിന്റെ “പ്രഖ്യാപിത ലക്ഷ്യം”. കേരളത്തിലെ പൊതു മണ്ഡലങ്ങളിൽ സ്ത്രീ സുരക്ഷയെ കുറിച്ചും ലിംഗനീതിയെ കുറിച്ചുമുള്ള ചർച്ചകളിൽ രാഹുൽ ഈശ്വറിനെ പോലെയുള്ള ശബ്ദങ്ങൾ ഇന്ന് ഒറ്റപ്പെട്ടതല്ല. മറിച്ച്, പൊതുയിടങ്ങളിൽ അവരുടെ സാന്നിധ്യവും സ്വാധീനവും ഇന്ന് കൂടുതൽ ശക്തവും സംഘടിതവുമാണ്. 

വലതുപക്ഷവും സ്ത്രീവിരുദ്ധതയും

കടുത്ത സ്ത്രീവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരൊക്കെയും, ഏതെങ്കിലും തരത്തിൽ വലതു പക്ഷ ആശയങ്ങളോട് കൂറ് പുലർത്തുന്നവരാണെന്ന് കാണാം. ചിലരത് തുറന്ന് സമ്മതിക്കാറില്ല. പക്ഷേ ഏത് സംഭവമെടുത്ത് നോക്കിയാലും അതിജീവിതരോട് ഐക്യപ്പെടുക എന്നത് വലതു പക്ഷത്തിന് അസാധ്യമായ കാര്യമാണെന്നത് വ്യക്തമാണ്. 

2017ലെ നടി ആക്രമിക്കപ്പെട്ട കേസ് ഈ മാതൃകയെ വെളിവാക്കുന്ന കൃത്യമായ ഉദാഹരണമാണ്.

കുറ്റാരോപിതരെ നിരന്തരമായി പിന്തുണക്കുന്നവരിൽ മറ്റൊരു വ്യക്തിയാണ് അഖിൽ മാരാർ. ഏഷ്യാനെറ്റിലെ ബിഗ്ഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ അഖിൽ മാരാർ പക്ഷെ, രാഹുൽ ഈശ്വറിനെ പോലെ ‘വലതു പക്ഷം’ എന്ന് സ്വയം വിശേഷിപ്പിക്കാറില്ല. ഡിസംബർ 8ന് വിധി വന്ന ശേഷം, ദിലീപിനൊപ്പമുള്ള ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ട് അഖിൽ മാരാർ എഴുതിയത് ഇങ്ങനെയായിരുന്നു, “ചെയ്യാത്ത തെറ്റിന് സമൂഹം ഇല്ലാതാക്കാൻ നോക്കിയ ഒരു മനുഷ്യന് ഹൃദയത്തിൽ നിന്നൊരു സ്നേഹ ചുംബനം.”

അഖിൽ മാരാർ/ഫേസ്ബുക്ക്

ഡിസംബർ 8 മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിൽ ദിലീപിനെ പിന്തുണച്ചു കൊണ്ട് 15 ഫേസ്ബുക്ക് പോസ്റ്റുകളാണ് അഖിൽ മാരാർ പങ്കു വച്ചത്. ഇതിലൊരു പോസ്റ്റിൽ, ഭാര്യക്കോ ഭർത്താവിനെ ഒപ്പം പീഡനത്തിന്റെ “ഡെമോ” ചെയ്ത് നോക്കാൻ പറയുകയും, എസ് യു വി കാറിന്റെ പിൻവശത്തെ കുറഞ്ഞ സ്ഥലത്ത് എങ്ങനെയാണ് പീഡനം നടക്കുക എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തത് അതിജീവിതയെ പിന്തുണക്കുന്ന നിരവധി പേരുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ പോസ്റ്റുകളിലെല്ലാം അതിജീവിതയെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും കേരള പോലീസിന്റെയും പ്രോസിക്യൂഷന്റെയും വിശ്വാസ്യതയെ  ചോദ്യം ചെയ്യുകയും ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഏറെയും.

ബിഗ്ഗ് ബോസ്സിൽ മത്സരാർഥിയായിരുന്നപ്പോൾ മുതൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ അഖിൽ മാരാർ വിമർശനവിധേയനായിട്ടുണ്ട്. സഹ മത്സരാർഥിയായ ശോഭയുമായുള്ള സംഭാഷണത്തിൽ, ഗാർഹിക പീഡനത്തെ സ്വാഭാവികവൽക്കരിച്ചതിന്റെ പേരിൽ ഇയാൾക്ക് പരസ്യമായി  മാപ്പ് പറയേണ്ടി വന്നതാണ്. പിന്നീട് ഭാര്യയ്ക്കൊപ്പം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, വളരെ സ്വഭാവികമായി “ചേട്ടൻ എന്നെ അടിക്കാറുണ്ടെ”ന്നും വിഷമം മാറാൻ എന്തെങ്കിലും സ്നേഹത്തോടെ വാങ്ങി തരുമെന്നും അഖിൽ മാരാരിന്റെ ഭാര്യ പറയുന്നു.

രാഹുൽ ഈശ്വറും പുരുഷന്മാരെ ലക്ഷ്യം വയ്ക്കുന്ന ‘വ്യാജ കേസുകളും’

രാഹുൽ ഈശ്വർ ഒരു പടി കൂടി കടന്ന്, തന്റെ വാദങ്ങൾക്കെല്ലാം “അക്കാദമിക ഭാഷയിൽ” ഒരു ആവരണം നൽകിയാണ് അവതരിപ്പിക്കുന്നത്. കേരളത്തിൽ ഒരു പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യമാണ് പ്രധാനമായും രാഹുൽ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതിലുപരി സ്ത്രീകൾക്ക് ലഭിക്കുന്ന “അന്യായമായ നിയമ, സാമൂഹിക പരിരക്ഷ”കളെ എതിർക്കാനും, കുടുംബത്തിന്റെ “സാംസ്‌കാരികവും പരമ്പരാഗതവുമായ മൂല്യങ്ങളെ” സംരക്ഷിക്കാനുമാണ് ഈ ആശയം കൊണ്ട് രാഹുൽ ഈശ്വർ ലക്ഷ്യമിടുന്നത്. കോൺഗ്രസ്സ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ 16 ദിവസം രാഹുൽ ഈശ്വർ റിമാൻഡിൽ കഴിഞ്ഞിരുന്നു.

രാഹുൽ ഈശ്വർ/ഫേസ്ബുക്ക്

ദിലീപിനെ കള്ള കേസിൽ കുടുക്കിയതാണെന്ന് ആരോപിക്കുന്ന രാഹുൽ ഈശ്വർ, “വീട്ടിൽ ഒരു അമ്മയും ഭാര്യയും രണ്ട് പെണ്മക്കളുമുള്ള” വ്യക്തിയാണ് ദിലീപ് തുടങ്ങിയ വൈകാരികമായ വാദങ്ങളും ഉയർത്തുന്നുണ്ട്. ഡിസംബർ 18ന് തന്റെ യൂട്യൂബ് ചാനലിൽ പങ്കു വച്ച ഒരു  വീഡിയോയിൽ, കേസിലെ സുപ്രധാന തെളിവായ, ദിലീപും ഒന്നാം പ്രതി പൾസർ സുനിയും അടങ്ങുന്ന ഫോട്ടോ വ്യാജമായി നിർമിച്ചതാണെന്നും രാഹുൽ പറയുന്നു. മുൻ പോലീസ് മേധാവിയും നിലവിലെ  തിരുവനന്തപുരത്തെ ബി ജെ പിയുടെ കോർപറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ ഐ പി എസിന്റെ വാദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു വാദം രാഹുൽ ഉന്നയിക്കുന്നത്. ശ്രീലേഖ ഉയർത്തുന്ന ആരോപണം എന്നതിനപ്പുറം യാതൊരു തെളിവ് മൂല്യവും ഇല്ലാത്ത വാദമാണിത്.

പോലീസ് മേധാവികളുടെ  ദിലീപ് അനുകൂലനിലപാട് 

2022 ജൂലൈ 10ന്, ‘സസ്നേഹം ശ്രീലേഖ’ എന്ന തന്റെ യൂട്യൂബ് ചാനലിൽ “ദിലീപ് നിരപരാധിയോ?” എന്ന പേരിൽ ആർ ശ്രീലേഖ ഒരു വീഡിയോ പങ്കു വച്ചു. 2017ൽ താൻ ജയിൽ മേധാവിയായിരുന്നപ്പോൾ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ചാണ് 40 മിനിറ്റ് ദൈർഘ്യം വരുന്ന ഈ വീഡിയോയിൽ ശ്രീലേഖ സംസാരിക്കുന്നത്.

എല്ലാവരെയും പോലെ താനും ആദ്യ ഘട്ടത്തിൽ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിച്ചിരുന്നുവെന്ന്  വീഡിയോയിൽ ശ്രീലേഖ പറയുന്നു.  ജയിലിൽ ദിലീപിന് വി ഐ പി പരിഗണന കിട്ടുന്നു എന്ന ആരോപണത്തെ  തുടർന്ന് ജയിൽ സന്ദർശിച്ചതിന് ശേഷമാണ് ഈ ധാരണ മാറിയതെന്ന് ശ്രീലേഖ പറയുന്നു. ജയിലിൽ ശാരീരികമായും മാനസികമായും തളർന്ന ഒരു മനുഷ്യനെയാണ് തനിക്ക് കാണാൻ സാധിച്ചത്. അത്തരമൊരു സാഹചര്യത്തിൽ ആർക്കും ചെയ്തു കൊടുക്കുന്നത് പോലെ, ദിലീപിനും വൈദ്യ സഹായം ഏർപ്പെടുത്താൻ  നിർദേശം നൽകിയിരുന്നു. തുടർന്ന് താൻ നടത്തിയ ചില അന്വേഷണങ്ങളിൽ ദിലീപിനെതിരെ യാതൊരു തെളിവുകളും നിലനിൽക്കുന്നില്ലെന്ന് കണ്ടെത്തിയതായും വീഡിയോയിൽ അവർ അവകാശപ്പെടുന്നു. ദിലീപും പൾസർ സുനിയും ഉൾപ്പെടുന്ന ചിത്രം ‘ഫോട്ടോഷോപ്പ്’ ചെയ്ത് കൃത്രിമമായി പോലീസ് തന്നെ നിർമിച്ചതാണെന്ന് ഒരു ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായും ശ്രീലേഖ ഈ വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. ദിലീപ് നിരപരാധിയാണെന്ന് താൻ “100% വിശ്വസിക്കുന്നു” എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിൽ 2022 ജൂലൈ 10ന് പുറത്തു വിട്ട വീഡിയോ

പിന്നീട് മറ്റ് പല യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സമാനമായ അവകാശവാദങ്ങൾ ഇവർ ആവർത്തിച്ചിരുന്നു. 2024 ഡിസംബറിൽ അതിജീവിതയായ നടി ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് പരാതി നൽകുകയും, തുടർന്ന് സെഷൻസ് കോടതി ഇവർക്ക് നോട്ടീസ് നൽകുകയും ചെയ്തതിന് ശേഷമാണ് ഇവർ ദിലീപിന് വേണ്ടിയുള്ള പരസ്യമായ അനുഭാവപ്രകടനം നിർത്തിയത്.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന പരാതി നൽകാൻ അതിജീവിത വൈകിയതിനെ ചോദ്യം ചെയ്തതും കേരളത്തിലെ ‘ആദ്യത്തെ വനിതാ ഐ പി എസ്  ഉദ്യോഗസ്ഥ’യെ വിമർശന വിധേയയാക്കിയിട്ടുണ്ട്. 

ദിലീപിനെ വെറുതെ വിട്ട ദിവസം മറ്റൊരു മുൻ പോലീസ് മേധാവിയായ ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും ഏറെ ചർച്ചയായി. ദിലീപിനെ അറസ്റ്റ് ചെയ്തത് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല എന്ന് 2017ൽ തന്നെ താൻ പറഞ്ഞതാണെന്ന് സെൻകുമാർ പോസ്റ്റിൽ പറയുന്നു. ഒരന്വേഷണം നടത്തേണ്ട ശരിയായ രീതി ഇതല്ലെന്നും ഉദ്യോഗസ്ഥർ മുൻ ധാരണകൾ വച്ച് അന്വേഷണം നടത്തരുതെന്നും പോസ്റ്റിൽ കൂട്ടി ചേർക്കുന്നു.

ടി പി സെൻകുമാർ/ഫേസ്ബുക്ക്

2017 ൽ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം  ശേഷം ‘സമകാലിക മലയാളം’ എന്ന മാസികക്ക് നൽകിയ അഭിമുഖത്തിൽ “കേരളത്തിൽ ലവ് ജിഹാദ് ഒരു യഥാർഥ്യമാണ്” എന്ന് സെൻകുമാർ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ വളരുന്ന മുസ്ലിം ജന സംഖ്യയെ കുറിച്ചും ഇതേ അഭിമുഖത്തിൽ വെറുപ്പ് പടർത്തുന്ന പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ഇതേ തുടർന്ന് മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയതിന് സെൻകുമാറിനെ ഐപിസി 153 എ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. സെൻകുമാർ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. കുറച്ച് കാലത്തിനകം, സെൻകുമാർ ഔദ്യോഗികമായി ബി ജെ പി അംഗമാവുകയും ചെയ്തു.

വലതു പക്ഷത്തെ കലാകാരന്മാർ

“ഒരു പെണ്ണ് വിചാരിച്ചാൽ, നിങ്ങളുടെ പേരിൽ ഒരു കേസ് കൊടുത്താൽ മതിയല്ലോ. കഴിഞ്ഞില്ലേ പണി? അപ്പോൾ ഈ മാധ്യമങ്ങൾ മുഴുവൻ നിങ്ങൾക്കെതിരായിരിക്കും. അവർ അതിജീവിതയായും ഇരയായും മാറുന്നു. അപ്പോൾ പുരുഷൻ ഇരയല്ലേ?” ബി ജെ പിയുടെ സംസ്ഥാന ഉപാധ്യക്ഷനായ നടൻ ദേവനാണ് ലൈംഗികാതിക്രമങ്ങൾ നേരിട്ടവരുടെ  അനുഭവങ്ങളെ തള്ളിക്കളയുന്ന തരത്തിൽ ഇത്തരമൊരു പരാമർശം അടുത്തിടെ നടത്തിയത്. 

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ ഈ പരാമർശങ്ങൾ നടത്തിയത്. “അതിജീവിതയ്ക്ക് ഒപ്പമാ”ണെന്ന് പ്രഖ്യാപിക്കുന്നത് ഇന്ന് ഒരു ‘ഫാഷൻ’ ആയി മാറിയിരിക്കുകയാണെന്നും ദേവൻ പറയുന്നു. കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ ഇനിയും വേട്ടയാടുന്നത് ശരിയല്ലെന്നും, നിയമപരമായി അതിജീവിതയ്ക്ക് നീതി കിട്ടിയെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ദേവൻ പറയുന്നു.

ദിലീപിന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ശരിയല്ലെന്ന് ദേവൻ അഭിപ്രായപ്പെടുന്നു. ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഭ ഭ ബ’യിൽ ദേവൻ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

നടനും സംവിധായകയുമായ മേജർ രവിയും, കേസിലുടനീളം ദിലീപിനെ പിന്തുണച്ച വ്യക്തിയാണ്. വിധിയിൽ താൻ സന്തോഷവാനാണെന്നും ദിലീപിനെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചവർ തെറ്റാണെന്ന് തെളിയുകയും ചെയ്തുവെന്ന് ഡിസംബർ 8ന് രവി ഫേസ്ബുക്കിൽ കുറിച്ചു. 2023ൽ ബി ജെ പിയിൽ ഔദ്യോഗികമായി അംഗത്വമെടുത്ത മേജർ രവി, പാർട്ടിയുടെ മുൻ ഉപാധ്യക്ഷനാണ്.

മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ജനം ടിവിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ സിനിമ നിർമാതാവ് സുരേഷ് കുമാർ, ബി ജെ പി അംഗമായ നടി ഊർമിള ഉണ്ണി എന്നിവരെല്ലാം ദിലീപിനെ പിന്തുണച്ചവരാണ്.

അഭിഭാഷകനായ ശ്രീജിത്ത്‌ പെരുമന, ശ്രീജിത്ത്‌ പണിക്കർ എന്നിവരും സമൂഹ മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലുമായി നിരന്തരം ദിലീപിനു വേണ്ടി സംസാരിക്കുന്നവരാണ്.

ഡിസംബർ 15നും 16നുമായി, കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റെ ഒരു വീഡിയോ മേൽപ്പറഞ്ഞവർ അവരുടെ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു. ഈ കേസ് അതിജീവിതയും, ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരും നടൻ ലാലും നടി രമ്യ നമ്പീശനുമെല്ലാം ചേർന്ന് ദിലീപിനെതിരെ നടത്തിയ ഗൂഡലോചന യാണ് എന്നാണ് വീഡിയോയിൽ മാർട്ടിൻ പറയുന്നത്. 2022ൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സമയത്ത് ഷൂട്ട് ചെയ്ത വീഡിയോ ആണിത്.

അതിജീവിതയുടെ പരാതിയെ തുടർന്ന് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന്  പിന്നീട് നീക്കം ചെയ്യപ്പെട്ടു.

അതിജീവിതരെ നിശബ്ദരാക്കുന്ന വലതു പക്ഷം 

തീവ്ര വലതുപക്ഷ വിദ്വേഷത്തിലേക്കുള്ള ഒരു “കവാട“മായാണ് സ്ത്രീവിരുദ്ധത പലപ്പോഴും പ്രവർത്തിക്കുന്നത്. സ്ത്രീകളെ പുരുഷ മേധാവിത്വത്തിന് ഭീഷണിയായി കണക്കാക്കുന്ന വലതു പക്ഷ ശക്തികൾ, സ്ത്രീ വിരുദ്ധതയെ  ആയുധമാക്കുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഡോണാൾഡ് ട്രമ്പിനെ പോലെയുള്ള വലതു പക്ഷ നേതാക്കൾ, ഫെമിനിസത്തെ കേവലം ലിംഗ സമത്വ ആശയം മാത്രമായി ചുരുക്കുകയും ഘടനാപരമായ അസമത്വങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. അത് വഴി ആണധികാര വ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു.

അതിജീവിതരുടെ അനുഭവങ്ങളെ റദ്ദു ചെയ്യുക എന്നത് മാത്രമല്ല ഇവർ ലക്ഷ്യമിടുന്നത്. ഇത്തരം തുറന്നു പറച്ചിലുകളുടെ ഫലമായി സംഭവിക്കുന്ന  വലിയ സാമൂഹിക ചലനങ്ങളെ ഇല്ലാതാക്കുക എന്നത് കൂടിയാണ്. ആഗോള തലത്തിൽ നടന്ന #മീടൂ പ്രസ്ഥാനം, അമേരിക്കൻ നിർമാതാവ് ഹാർവീ വെയ്ൻസ്റ്റീന് നേരെ വന്ന ഡസൻ കണക്കിന് ലൈംഗിക പീഡന പരാതികൾ, മലയാള സിനിമയിലെ പുരുഷാധിപത്യ ചട്ടക്കൂടുകളെ തുറന്ന് കാട്ടിയ വിമൺ ഇൻ സിനിമ കളക്റ്റീവ്‌ , തുടർന്നുണ്ടായ ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയെല്ലാം ഈ വലിയ സാമൂഹ്യമാറ്റങ്ങൾക്ക് ഉദാഹരണങ്ങളാണ്. എന്നാൽ ഇത്തരം മാറ്റങ്ങളെയെല്ലാം എതിർക്കുകയാണ് വലത് പക്ഷം പ്രകടിപ്പിക്കുന്ന പൊതു പ്രവണത. “അതിജീവിതയ്ക്ക് നീതി കിട്ടിയല്ലോ, പിന്നെ എന്തിനാണ് ഈ ബഹളം” എന്ന് ചോദിക്കുന്നവരുടെ ഉദ്ദേശവും മറ്റൊന്നല്ല. 

ഹിന്ദു ദേശീയതയും, ‘മാനോസ്ഫിയറും’ (പുരുഷാവകാശ വാദികളും “ആൽഫ മെയിൽ” ഇൻഫ്ലുവൻസർമാരും അടങ്ങുന്ന ഓൺലൈൻ ശൃംഖലകൾ) ചേർന്ന് സ്ത്രീകളെ സമൂഹത്തിന് ഭീഷണിയായി ചിത്രീകരിക്കുന്നു. അതേ സമയം സ്ത്രീകൾ, ദേശീയവും സാംസ്‌കാരികവുമായ ‘പവിത്രത’യുടെ പതാകവാഹകരായി ഇരിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നുവെന്ന് സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. പുരുഷന്മാരെ ഇരകളായി ചിത്രീകരിക്കുന്ന ഈ വ്യാഖ്യാനങ്ങൾ, “യഥാർത്ഥ പുരുഷത്വം” ഇല്ലാതാകുന്നതിനെ കുറിച്ച് വ്യാകുലപ്പെടുകയും, സ്ത്രീകൾ സ്വയം നിർണ്ണായാവകാശമുള്ള സ്വതന്ത്ര വ്യക്തികളാകുന്നതിനോടും കൂട്ടായ എതിർപ്പ്  (collective anger) സൃഷ്ടിക്കുന്നു. 

ഈ വികാരം തന്നെയാണ് എന്നും കുറ്റാരോപിതരെ പിന്തുണക്കുന്നതിൽ വലതു പക്ഷത്തെ ഒരുമിച്ച് നിർത്തുന്നത്. “ഫെമിനിസ്റ്റുകൾ” സിനിമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തത് കൊണ്ട് മാത്രം ദിലീപ് സിനിമകൾ കാണാൻ തീരുമാനിക്കുന്നവരെ നയിക്കുന്ന വികാരവും മറ്റൊന്നാകാൻ തരമില്ല.

കാർത്തിക എസ്

കാർത്തിക എസ്

ജേർണലിസ്റ്റ് ട്രെയിനി

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top