
യുജിസിയുടെ തുല്യതാ നിയമത്തെ ആർക്കാണ് പേടി?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാനായി യു ജി സി നടപ്പിലാക്കുന്ന തുല്യതാ ചട്ടങ്ങൾ വലിയ ചർച്ചകൾക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. സവർണ വിഭാഗങ്ങളിൽ നിന്ന് വലിയ എതിർപ്പാണ് പുതിയ നിയമത്തിന് നേരെ ഉയർന്നത്. ഇതേ തുടർന്ന് പുതിയ ചട്ടങ്ങളെ താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ് സുപ്രീം കോടതി. ആർക്കാണ് ഈ തുല്യത നിയമങ്ങളെ പേടി? ഒബിസി പരിശോധിക്കുന്നു.
“എനിക്ക് ഇപ്പോൾ രോഹിത് വെമുലയെന്ന എൻ്റെ കൂടെപ്പിറപ്പിൻ്റെ നിലവിളി കേൾക്കാം. ജാതി വിവേചനത്തിൻ്റെ അട്ടഹാസങ്ങൾ കേൾക്കാം. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, ജീവിതം വീണ്ടും വഴുതിപ്പോകുന്നു.”
2025 നവംബർ 5ന് കേരള സർവകലാശാല സംസ്‌കൃതം വിഭാഗത്തിലെ ഗവേഷകനായ വിപിൻ വിജയൻ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. സംസ്‌കൃത വിഭാഗം മേധാവി സി. എൻ വിജയകുമാരി തനിക്ക് നേരെ ജാതിയധിക്ഷേപം നടത്തുകയും പി എച്ച് ഡി പ്രബന്ധം സമർപ്പിക്കാൻ അനുമതി നൽകാതിരിക്കുകയും ചെയ്തുവെന്നായിരുന്നു വിപിന്റെ ആരോപണം. സർവകലാശാല വൈസ് ചാൻസിലർ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇന്ന് വരെയും എന്തെങ്കിലും തരത്തിലുള്ള നടപടിയുണ്ടായിട്ടില്ല. വിവാദങ്ങൾക്കിടെ, പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ ഉന്നത സമിതിയിലേക്ക് വിജയകുമാരിയെ പ്രസിഡന്റ് നാമനിർദേശം ചെയ്യുകയും ചെയ്തു.

വിപിൻ വിജയന്റെ അനുഭവം ഒറ്റപ്പെട്ട സംഭവല്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന ജാതി വിവേചനവുമായി ബന്ധപ്പെട്ട പരാതികൾ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 118.4 ശതമാനം കൂടിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു ജി സി) വ്യക്തമാക്കിയിട്ടുണ്ട്. പാർലിമെന്ററി പാനലിനും സുപ്രീം കോടതിക്കും കഴിഞ്ഞ വർഷം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
ഈ പശ്ചാത്തലത്തിൽ, സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസത്തിന്റെ മറ്റ് കേന്ദ്രങ്ങളിലും എല്ലാ തരത്തിലുമുള്ള വിവേചനങ്ങൾ തടയാൻ വേണ്ടിയാണ് യുജിസി തുല്യത ചട്ടങ്ങൾ പുറത്തിറക്കിയത് (UGC Promotion of Equity in Higher Education Institutions Regulations, 2026). 2016ൽ ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും, മുംബൈയിലെ നായർ ഹോസ്പിറ്റലിൽ പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡന്റ് ഡോക്ടറായിരുന്ന പായൽ തട്വിയുടെ അമ്മ അബേദ സലിം തട്വിയും ചേർന്ന് 2019ൽ സമർപ്പിച്ച ഹർജിയിൽ നിന്നാണ് ഇതിന്റെ തുടക്കം. ഭിൽ എന്ന ആദിവാസി വിഭാഗത്തിൽ പെട്ട പായൽ തട്വി ഉയർന്ന ജാതിക്കാരായ മൂന്ന് സീനിയർ ഡോക്ടർമാരുടെ നിരന്തരമായ പീഡനം മൂലം 2019ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ ഹർജിക്ക് പിന്നാലെ സുപ്രീം കോടതിയാണ് 2012ലെ വിവേചന നിരോധന ചട്ടങ്ങൾ പരിഷ്കരിക്കാൻ യുജിസിയോട് ആവശ്യപ്പെട്ടത്.

ഫോട്ടോ:ജസ്റ്റിസ് ഫോർ രോഹിത് വെമുല ക്യാമ്പയിൻ
ജനുവരി 13ന് പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ സവർണ്ണ വിഭാഗങ്ങളിൽ നിന്ന് വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. പുതിയ നിയമങ്ങൾ ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഭീഷണിയാകുമെന്നും ജാതിപരമായ വേർതിരിവുകൾ കൂടുതൽ ശക്തമാകാൻ കാരണമാകുമെന്നുമാണ് ഇവരുടെ വാദം. എന്നാൽ സംവരണ വിഭാഗങ്ങൾക്ക് പൂർണ്ണമായും വിവേചനങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പു വരുത്താൻ പുതിയ ചട്ടങ്ങൾ പ്രാപ്തമല്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
എന്താണ് യുജിസി ഇക്വിറ്റി റെഗുലേഷന്‍സ് 2026?
ഉന്നത വിദ്യാഭ്യാസ രംഗത്ത് ആര്‍ക്കും അവരുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ അന്തസ്സോ അവസരങ്ങളോ നഷ്ടമാകാതിരിക്കാനാണ് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതെന്ന് യുജിസി പറയുന്നു. “മതം, വർണ്ണം, ലിംഗം, ജന്മസ്ഥലം, ജാതി,അംഗപരിമിതി, എന്നിവയുടെ അടിസ്ഥാനത്തിൽ നടക്കുന്ന വിവേചനങ്ങൾ ഇല്ലാതാക്കുക” എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പുറകോട്ട് നിൽക്കുന്നവർ, ഭിന്നശേഷിക്കാർ, എന്നിവരെ പ്രത്യേകമായി ഈ നിയമങ്ങൾ ലക്ഷ്യമിടുന്നു. “ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായ എല്ലാവർക്കും പൂർണമായ തുല്യതയും പങ്കാളിത്തവും ഉറപ്പു വരുത്തുക”എന്നതാണ് പുതിയ നിയമങ്ങളുടെ ഉദ്ദേശമെന്ന് യു ജി സി വ്യക്തമാക്കുന്നു.
ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഒരു ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെന്റര്‍, (ഇ ഒ സി) ഇക്യുറ്റി കമ്മിറ്റി, ഇക്യുറ്റി സ്‌ക്വാഡ്സ് എന്നിവ സ്ഥാപിക്കണം. നയ നിര്‍വഹണം, ബോധവത്കരണ പരിപാടികള്‍, കൗണ്‍സിലിങ്, പരാതി പരിഹാരം എന്നിവയുടെ ഉത്തരവാദിത്തം ഇ ഒ സിയ്ക്കായിരിക്കും. ആവശ്യമെങ്കിൽ നിയമ സഹായവും നൽകും. 24 മണിക്കൂർ പ്രവർത്തിക്കുന്ന തുല്യതാ ഹെൽപ്‌ലൈൻ സ്ഥാപിക്കുകയും ഇക്യുറ്റി അംബാസിഡർമാരെ നിയമിക്കുകയും വേണം.
ഇക്യുറ്റി കമ്മിറ്റിയിൽ പത്ത് അംഗങ്ങൾ ഉണ്ടായിരിക്കും. അതിൽ പകുതി സംവരണ വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണമെന്ന് ചട്ടം നിഷ്ക്കർഷിക്കുന്നു. പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം യോഗം വിളിച്ചു ചേർക്കാനും, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും, അടുത്ത ഏഴു ദിവസത്തിനുള്ളിൽ നടപടിയെടുക്കാനും ഇവർക്കാണ് ചുമതല. ക്യാമ്പസ്സുകളിലെ ദുർബല മേഖലകളെ നിരീക്ഷിക്കുകയും വിവേചനങ്ങൾ തടയുകയുമാണ് ഇക്യുറ്റി സ്‌ക്വാഡുകളുടെ ഉത്തരവാദിത്തം.
വൈസ് ചാൻസിലറും പ്രിൻസിപ്പളും അടക്കമുള്ള സ്ഥാപനമേധാവികൾക്കാണ് നിയമങ്ങൾ നടപ്പിൽ വരുത്താനുള്ള ചുമതല. സമയബന്ധിതമായി യുജിസിക്ക് റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതും ഇവരാണ്.
2012ലെ യു ജി സി ചട്ടങ്ങൾക്ക് മാറ്റം വരുത്തുന്ന പുതിയ നിയമം ജാതി വിവേചനത്തിന്റെ നിർവചനത്തിന്റെ പരിധിയിൽ ഒ ബി സി വിഭാഗത്തെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജ പരാതികൾക്ക് ശിക്ഷ കല്പിക്കുന്ന വകുപ്പ് എടുത്ത് മാറ്റുകയും ചെയ്തു.
“സവർണ്ണ” പ്രതിഷേധം എന്തിന്?
എന്നാൽ രാജ്യത്ത് അങ്ങോളമിങ്ങോളം വലിയ പ്രതിഷേധങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് പുതിയ യുജിസി ചട്ടങ്ങൾ.
പട്ടിക ജാതി (SC), പട്ടിക വർഗ (ST), ഒ ബി സി വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ‘ജാതി അടിസ്ഥാനമാക്കിയ വിവേചനം’ എന്നാണ് പുതിയ നിയമം ജാതി വിവേചനത്തെ നിർവചിക്കുന്നത്.

എന്നാൽ ഈ നിർവചനം ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മാറ്റി നിർത്തുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. “ഉയർന്ന ജാതിയിൽ” പെട്ട വിദ്യാർത്ഥികൾക്ക് ഈ നിയമം യാതൊരു സംരക്ഷണവും നൽകുന്നില്ലെന്നും, വ്യാജ പരാതിക്കാരെ ശിക്ഷിക്കാനുള്ള വകുപ്പ് മാറ്റിയതിനാൽ തങ്ങളെ കുറ്റക്കാരായി ചിത്രീകരിക്കാനുള്ള പ്രവണത കൂടുമെന്നും ഇവർ പറയുന്നു. ബി ജെ പി അടക്കമുള്ള വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിലെ പല നേതാക്കളും ഇത്തരത്തിലുള്ള പ്രതികരണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. ലക്ക്നൗവിലെ പന്ത്രണ്ടോളം ബിജെപി നേതാക്കൾ വിഷയത്തെ ചൊല്ലി പാർട്ടിയിൽ നിന്ന് രാജി വച്ചതായി റിപ്പോർട്ടുകളുണ്ട്.
“വിവേചനത്തെ കൂടുതൽ വിവേചനങ്ങൾ കൊണ്ട് പരിഹരിക്കാനാകില്ല” എന്നാണ് ശിവ സേനയുടെ രാജ്യ സഭാ എം പി പ്രിയങ്ക ചതുർവേദി പ്രതികരിച്ചത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ മൃത്യുഞ്ജയ് തീവാരി പുതിയ ചട്ടങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.

കർണ്ണി സേന, ബ്രാഹ്മണ മഹാ സഭ, കായസ്ത മഹാസഭ, സവർണ സമാജ് കോർഡിനേഷൻ കമ്മിറ്റി എന്നീ സവർണ്ണ സംഘടനകളെല്ലാം നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
പ്രതിഷേധങ്ങൾ തുടർക്കഥയാവുമ്പോൾ
സംവരണത്തെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ സവർണ്ണ വിഭാഗങ്ങൾ വലിയ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നത് ഇത് ആദ്യമായിട്ടല്ല.
1990 സെപ്റ്റംബർ 19ന്, ഡൽഹി ദേശ്ബന്ധു കോളേജിലെ വിദ്യാർഥിയായിരുന്ന രാജീവ് ഗോസ്വാമി തീ കൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ചു. അടുത്ത ദിവസത്തെ പത്രങ്ങൾ തീജ്വാലകളാൽ ചുറ്റപ്പെട്ട രാജീവിന്റെ ചിത്രങ്ങൾ ആഘോഷമാക്കി. ഒ ബി സി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകുമെന്ന പ്രധാനമന്ത്രി വി പി സിംങിന്റെ പ്രഖ്യാപനത്തിന് പിറകെയായിരുന്നു രാജ്യത്തെ നടുക്കിയ “മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങൾ”ക്ക് തുടക്കമായത്. ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അന്ന് തെരുവിലിറങ്ങി. അവർ റോഡുകൾ ഉപരോധിച്ചു, സ്‌കൂളുകളും സർക്കാർ സ്ഥാപനങ്ങളും അടപ്പിച്ചു, ബസ്സുകൾ കത്തിച്ചു. ഹർത്താലുകളും ധർണകളും നടത്തി.

ഇന്ന് സംവരണ വിരുദ്ധ പ്രചാരണങ്ങൾ തെരുവുകളിൽ നിന്ന് സാമൂഹ്യ മാധ്യമങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. സംവരണത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾ ജനറൽ വിഭാഗക്കാരുടെ അവസരങ്ങൾ തട്ടിയെടുക്കുന്നു എന്ന രീതിയിലുള്ള പോസ്റ്റുകൾക്കും റീലുകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത്.
“അപര്യാപ്തതകൾ പരിഹരിക്കപ്പെടണം”
ദളിത്-ആദിവാസി വിഭാഗങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും ഒരു തരത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വരരുത് എന്ന വാശിയോടെയാണ് ഇത്തരം സവർണ്ണ പ്രക്ഷോഭങ്ങളുണ്ടാകുന്നതെന്ന് സംസ്‌കൃതപണ്ഡിതനും സാമൂഹ്യ വിമർശകനുമായ ടി എസ് ശ്യാംകുമാർ ഒബിസിയോട് പറഞ്ഞു.
“വ്യാജ പരാതികളുണ്ടാകുമെന്ന വാദം തീർത്തും അടിസ്ഥാന രഹിതമാണ്. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന് കീഴിൽ ഒരു വർഷം വരുന്ന പരാതികളുടെ കണക്ക് മാത്രമെടുത്തു നോക്കിയാൽ ഇത് വ്യക്തമാകും. ഇത്തരം നിയമങ്ങൾ ചെറിയ മാറ്റങ്ങൾക്കെങ്കിലും കാരണമാകുമല്ലോ. ഇത് തടയുക എന്നതാണ് സവർണ്ണ സംഘടനകളുടെ ലക്ഷ്യം. ന്യൂനപകഷങ്ങൾക്ക് നേരെ പ്രത്യക്ഷമായ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണിവർ.” ശ്യാംകുമാർ പറയുന്നു.
പ്രതി വർഷം ഐ ഐ ടികളിൽ നിന്നും കേന്ദ്ര സർവകലാശാലകളിൽ നിന്നുമൊക്കെ പുറന്തള്ളപ്പെടുന്നവരുടെയും ആത്‍മഹത്യ ചെയ്യുന്നവരുടെയും കണക്കുകൾ പരിശോധിക്കുമ്പോൾ ഈ നിയമത്തിന്റെ ആവശ്യകത വ്യക്തമാകുമെന്നും ശ്യാംകുമാർ കൂട്ടിച്ചേർത്തു.

എന്നാൽ ഇതേ സമയം, ചട്ടങ്ങളിൽ കാര്യമായ ന്യൂനതകളുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
2019 മുതൽ 2023 വരെ, ഐ ഐ ടി, ഐ ഐ എം, എൻ ഐ ടി, എയിംസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്‌തതായി 2023 ജൂലൈ 26ന് സുശീൽ കുമാർ മോദി രാജ്യ സഭയിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം വ്യക്തമാക്കുന്നു. ഈ വിഭാഗങ്ങളിൽ നിന്നുള്ള 8600 പേരാണ് ഇതേ കാലയളവിൽ ഈ സ്ഥാപനങ്ങളിൽ നിന്ന് ‘ഡ്രോപ്പ്-ഔട്ട്’ ആയതെന്നും രാജ്യസഭാ രേഖാ സൂചിപ്പിക്കുന്നു. എന്നാൽ പുതിയ നിയമങ്ങൾ ബാധകമാകുന്നത് സർവകലാശാലകൾക്കും അതിന് കീഴിൽ വരുന്ന അംഗീകൃത കോളേജുകൾക്കും മാത്രമാണ്. മേൽപ്പറഞ്ഞ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ പുതിയ ചട്ടങ്ങളുടെ പരിധിക്ക് കീഴിൽ വരുന്നില്ല.
ഇക്യുറ്റി സെല്ലുകളുടെ തലപ്പത്തു വൈസ് ചാൻസിലർ വരുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വിവേചനപരമായ ഇടപെടലിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് എസ് എഫ് ഐ പറയുന്നു. പുതിയ നിയമം ഒരു പരാതി പരിഹാര സംവിധാനം മാത്രമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും, സമ്പൂർണ്ണ നീതി ഉറപ്പാക്കുന്ന സംവിധാനമാണ് ആവശ്യമെന്നും എസ് എഫ് ഐ പ്രസ്താവനയിൽ കൂട്ടി ചേർക്കുന്നു.
നിശ്ചിത സമയപരിധിക്കുള്ളിൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലാണ് ചട്ടങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് നീതിപൂർവമായ അന്വേഷണത്തെ ബാധിക്കുമോ എന്ന ചോദ്യം ഉയർത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു.
പ്രതിഷേധങ്ങളെ തുടർന്ന്, ആർക്കും വിവേചനങ്ങൾ നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പു നൽകി. “വിവേചനത്തിന്റെ പേരിൽ നിയമങ്ങൾ ദുരുപയോഗം ചെയ്യാനും ആർക്കും അവകാശമുണ്ടായിരിക്കില്ല.” ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ജനുവരി 29ന് സുപ്രീം കോടതി യുജിസി ചട്ടങ്ങൾ സ്റ്റേ ചെയ്തു.
