ആരോഗ്യമുന്നേറ്റത്തിന് ഒരു ചരിത്രമുണ്ട് – ഡോ. ടി എസ് അനീഷ്

ആരോഗ്യമുന്നേറ്റത്തിന് ഒരു ചരിത്രമുണ്ട് – ഡോ. ടി എസ് അനീഷ്

കേരളം നമ്പര്‍ വണ്‍ ആണോ ?

കേരളത്തിലെ പൊതുജനാരോഗ്യസംവിധാനം രാജ്യത്തെ ഏറ്റവും മികച്ചതാണെന്നും സ്വകാര്യ മേഖലയോട് നേര്‍ക്കുനേര്‍ മത്സരിക്കാവുന്നത്രയും വികസിതമായ ആരോഗ്യ സംവിധാനമാണ് നമ്മുടേതെന്നുമുള്ള അവകാശവാദത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. ഒപ്പം തന്നെ ജീവിത നിലവാരത്തിലും സാമൂഹികാവബോധത്തിലും ചെറു സംസ്ഥാനമായ കേരളം ലോകനിലവാരം കൈവരിച്ചതെങ്ങനെ എന്ന ചര്‍ച്ചയും പുതിയതല്ല. കേരളത്തിന്‍റെ ഈ നേട്ടങ്ങളുടെ വിമര്‍ശകരും കുറവല്ല. എന്താണ് ഈ അവകാശവാദത്തിന്‍റേയും വിമര്‍ശത്തിന്‍റേയും അടിസ്ഥാനം ? ആരോഗ്യമേഖലയിലും കേരള വികസന മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിഷയവിദഗ്ദ്ധര്‍ ഒ ബി സി യുടെ സംവാദ പരമ്പരകളില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയാണ് ഇവിടെ. 

അമ്പതു വർഷം മുമ്പത്തെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾ പോലെത്തന്നെ മലമ്പനി, കോളറ, ക്ഷയം തുടങ്ങി അസംഖ്യം പകർച്ചവ്യാധികളുടെ  പിടിയിലായിരുന്ന ഇടമായിരുന്നു കേരളവും, ഒപ്പം പോഷണക്കുറവും ജനസംഖ്യയിലെ നല്ലൊരു വിഭാഗത്തിനിടയില്‍ വ്യാപകമായിരുന്നു. എന്നാൽ ഇന്ന് നിതി ആയോഗിന്‍റെ കണക്കു തന്നെ പരിശോധിച്ചാല്‍, ദേശീയ ശരാശരിക്കും  മുകളിലാണ് ആരോഗ്യമേഖലയിൽ കേരളത്തിൻ്റെ നില. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ, മിക്ക സംസ്ഥാനങ്ങളെയും സംബന്ധിച്ചിടത്തോളം സ്വപ്നതുല്ല്യമെന്നു പറയാവുന്ന  ഈ നേട്ടം കൈവരിക്കാന്‍ കേരളത്തിന്‌ സാധിച്ചതില്‍ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിനും അതില്‍ വേരൂന്നി വളര്‍ന്ന സാമൂഹിക മുന്നേറ്റങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വലിയ പങ്കുണ്ടെന്നാണ് ഡോ. ടി എസ് അനീഷിന്‍റെ അഭിപ്രായം. 

ചരിത്രപരമായിത്തന്നെ കേരളത്തിലെ  ശിശുമരണനിരക്ക് കുറയുന്നതിനുള്ള മുഖ്യകാരണം ആരോഗ്യരംഗത്തെ വലിയ കണ്ടുപിടുത്തങ്ങളാണെന്ന് പറയാനാവില്ല, മറിച്ച് സാമൂഹ്യ മുന്നേറ്റത്തിന്‍റെ ഭാഗമായി കേരളീയര്‍ സ്വാംശീകരിച്ച ഉയര്‍ന്ന ജീവിത നിലവാരവും അവബോധവുമാണ് അതിലേക്ക് വഴിവച്ചത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനമെത്തിയതോടെ ആ സ്ഥിതിയില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി.  ഉയര്‍ന്ന ജീവിതനിലവാരവും സാമൂഹ്യബോധവും കൊണ്ട് മാത്രം ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനാവാത്ത അവസ്ഥ വന്നു.  ജനങ്ങളില്‍ വലിയ തോതില്‍ ജീവിതശൈലീരോഗങ്ങൾ വന്നു തുടങ്ങിയതായിരുന്നു കാരണം. ആ പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയും വർദ്ധിക്കുമെന്ന് തന്നെ കരുതണമെന്നും ഡോ. അനീഷ് ഓര്‍മ്മിപ്പിക്കുന്നു.

2006 ലേയും 2016 ലേയും 2021 ലേയും ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനം ആരോഗ്യമേഖലയിലെ പുരോഗതിയില്‍നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അഭിപ്രായമാണ് ഡോ. അനീഷിനുള്ളത്.

ആരോഗ്യ മേഖലയിൽ  യൂണിയന്‍ സര്‍ക്കാരിന്‍റെ മുതൽമുടക്ക്  വളരെ കുറവാണ് എന്ന കണ്ടെത്തലിനെ തുടർന്നാണ് 2005 ല്‍ ഒന്നാം യുപിഎ സർക്കാര്‍ ദേശീയ ആരോഗ്യ ദൌത്യം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഹെല്‍ത്ത് മിഷനായി അനുവദിക്കപ്പെട്ട ഫണ്ട് ഏറ്റവും ഫലപ്രദമായി ചിലവഴിച്ചത്  2006 ൽ കേരളത്തില്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സർക്കാരാണ്. ആശാ പദ്ധതി നിലവിൽ വന്നതും എച്ച്എംസി ഫണ്ട് (ഹോസ്പിറ്റൽ മെയിന്‍റനൻസ് ഗ്രാൻഡ്) ഉപയോഗിച്ചു  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ  മെച്ചപ്പെടാന്‍ തുടങ്ങിയതുമെല്ലാം  അതിന്‍റെ ഭാഗമായാണ്.  മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് ഉച്ചയ്ക്കുശേഷം സ്വകാര്യ പരിശോധനയും ചികിത്സയും നടത്താമായിരുന്ന കാലമാണത്. ഈ സ്വകാര്യ പ്രാക്ടീസ്  നിർത്തലാക്കി മെഡിക്കൽ കോളെജ് അദ്ധ്യാപകരായ ഡോക്ടർമാരുടെ ശമ്പളം  യുജിസി സ്കെയിലിന്  തുല്യമാക്കിയതോടെ അവരുടെ പ്രാഥമിക ചുമതല പഠിപ്പിക്കലും സർക്കാർ ആശുപത്രിയിലെ രോഗികളെ ചികിത്സിക്കലുമായി മാറി.  തുടര്‍ന്നുള്ള കാലഘട്ടത്തില്‍ മെഡിക്കല്‍ കോളേജിലെ ഗവേഷണ പ്രവർത്തനങ്ങൾ  മെച്ചപ്പെട്ടു എന്നും പില്‍ക്കാല റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്. 

ഇതിനു ശേഷം ആരോഗ്യമേഖലയില്‍ കാര്യമായ മുന്നേറ്റമുണ്ടാകുന്നത്  2016 കാലഘട്ടത്തിലാണ്. സുസ്ഥിരവികസന ലക്ഷ്യങ്ങളെ മുൻനിർത്തി  കേരളത്തിന്‍റെ ആരോഗ്യ സൂചികകള്‍ പുനർനിർവചിച്ചതാണ് ഇക്കാലത്ത്  സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച പ്രധാന നേട്ടം.ഈ സമയത്താണ് ആർദ്രം എന്ന പേരിൽ ആരോഗ്യമേഖലക്ക് മാത്രമായി  ഒരു സുപ്രധാന പദ്ധതി ആവിഷ്കരിക്കുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയും, ഉച്ചവരെ  പ്രവർത്തിച്ചിരുന്ന ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനസമയം വൈകീട്ട് ആറുമണിവരെ നീട്ടുകയും,  സ്പെഷ്യാലിറ്റി സേവനങ്ങൾ കൊണ്ടുവരികയും ചെയ്തു.  എൻ എച്ച് എമ്മില്‍ നിന്നും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകം ഡോക്ടര്‍മാരെ ഉൾപ്പെടുത്തി ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ അംഗസംഖ്യ ചുരുങ്ങിയത് മൂന്ന് എന്ന നിലയിലേക്ക ഉയര്‍ത്തി.  മരുന്നുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാനും ഉറപ്പുവരുത്താനും ലബോറട്ടറി തുടങ്ങിയ പാരാമെഡിക്കല്‍ സൌകര്യങ്ങള്‍ സാര്‍വത്രികമാക്കാനും ഇക്കാലത്ത് സര്‍ക്കാരിന് കഴിഞ്ഞു. 2021 മുതൽ എല്ലാ ആശുപത്രിയിലും സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനം വന്നതോടെ ജീവിതശൈലി രോഗങ്ങള്‍ക്കടക്കം സർക്കാർ മേഖലയിൽ തന്നെ ചികിത്സ തേടാനുള്ള സൗകര്യം സാധാരണക്കാർക്ക് ലഭ്യമായിത്തുടങ്ങി.

രണ്ട് വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കമ്മ്യൂണിറ്റി മെഡിസിന്‍ വിദഗ്ദ്ധനായ ഡോ. ടി എസ് അനീഷ്‌ കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ മാറ്റത്തെ വിശകലനം ചെയ്യുന്നത്. കഴിഞ്ഞ 50 വര്‍ഷത്തില്‍ രോഗാതുരതയില്‍ വന്നിട്ടുള്ള വര്‍ധനവാണ് ഒന്നാമത്തേത്. ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറുകളിലേക്ക് കടക്കുമ്പോള്‍  തന്നെ  കേരളത്തിൽ ജീവിതശൈലി രോഗങ്ങൾ  വളരെ  വ്യാപകമായി പിടിമുറുക്കി തുടങ്ങിയിരുന്നുവെന്ന് ജനകീയാരോഗ്യ പ്രവര്‍ത്തകനായ  ഡോ. സി ആർ സോമനെ പോലുള്ളവര്‍ നേരത്തെ തന്നെ നടത്തിയിട്ടുള്ള  പഠനങ്ങൾ  സൂചിപ്പിച്ചിട്ടുണ്ട് . ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായാണ് ഇന്ന് കേരളം അറിയപ്പെടുന്നത്. 2025ല്‍ എത്തിനില്‍ക്കുമ്പോള്‍ കേരളജനസംഖ്യയുടെ  നല്ലൊരു പങ്കും കേവല പ്രമേഹമോ രക്താദിസമ്മർദ്ദമോ അവയ്ക്കൊപ്പം ഹൃദ്രോഗമോ വൃക്കരോഗങ്ങളോ മൂത്രാശയ രോഗങ്ങളോ അടങ്ങുന്ന സങ്കീര്‍ണ്ണ രോഗാവസ്ഥ നേരിടുന്നവരാണ്. ക്യാൻസർ രോഗികളുടെ എണ്ണത്തിലും  വടക്കുകിഴക്ക്  സംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തേക്ക് വരുന്നതായി കാണാം.  

രണ്ടാമത്തെ ഘടകം  കേരളത്തിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്നിട്ടുള്ള  വ്യത്യാസമാണ്. കേരള സംസ്ഥാനം  രൂപീകൃതമാകുമ്പോൾ  ദേശീയ ശരാശരിയേക്കാൾ താഴെയായിരുന്നു  കേരളത്തിലെ  പ്രതിശീർഷ വരുമാനം  എന്ന്  കാണാവുന്നതാണ് . പിന്നീട്  പ്രതിശീർഷ വരുമാനം  കൂടിയെന്ന് മാത്രമല്ല, ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ  ജിഡിപി വളർച്ചയുള്ള സംസ്ഥാനമായി  കേരളം  മാറി.  

കേരളത്തിലെ പ്രതിശീര്‍ഷ മൂലധനവും അതിന്‍റെ വിനിമയശേഷിയും വര്‍ധിച്ചതിന്‍റെ  അടിത്തറ  ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ  ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസനയവും ആണ് എന്ന് ഡോ. അനീഷ് ഓർമ്മിപ്പിക്കുന്നു.  ഇന്ന് നമ്മുടെ നാട്ടിലെ സ്വകാര്യ ആശുപത്രികളുടെ  പ്രധാനപ്പെട്ട  ഗുണഭോക്താക്കളോ ഓഹരി ഉടമസ്ഥരോ ബഹുരാഷ്ട്ര ഭീമന്മാരാണ്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റം മൂലം താരതമ്യേന വളരെ കൂടുതൽ പൈസ കൈവശം ഉള്ള, രോഗം വന്നാൽ  ആശുപത്രിയിൽ എത്തുന്ന, എത്തിക്കഴിഞ്ഞാൽ  തുടർ ചികിത്സയ്ക്ക്  ആവശ്യമായുള്ള പൈസ ചിലവഴിക്കാൻ സാധ്യതയുള്ള ഒരു സമൂഹം – എന്ന സാധ്യത മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ മൂലധന നിക്ഷേപം നടക്കുന്നത്. തൊണ്ണൂറുകളിൽ  അല്ലെങ്കിൽ രണ്ടായിരത്തോടടുക്കുന്ന സമയത്താണ് കോർപ്പറേറ്റ് ആശുപത്രികൾ കേരളത്തിൽ  കൂണുപോലെ മുളച്ചുപൊങ്ങുന്നത്. 

വർദ്ധിച്ചുവരുന്ന  രോഗാതുരതയെ   സാമ്പത്തിക നേട്ടമാക്കി ആക്കി മാറ്റുക എന്ന ഉദ്ദേശത്തില്‍ ദീര്‍ഘകാല നിക്ഷേപ സാധ്യതയെ ഉപയോഗിക്കുകയായിരുന്നു  കോര്‍പ്പറേറ്റുകളുടെ ലക്ഷ്യം. കേരളത്തിന്‍റെ പൊതുജനാരോഗ്യരംഗത്ത്  ഇടതുപക്ഷ സർക്കാരുകൾ  സ്വീകരിക്കുന്ന നയപരിപാടികളുടെ ഫലമായി സ്വകാര്യ  ആശുപത്രികളുമായി  മത്സരിക്കാൻ കഴിയുന്ന സർക്കാർ ആശുപത്രികൾ നമ്മുടെ നാട്ടിൽ  ഉണ്ടായി വരുന്നത് ഇതിന് വിലങ്ങ് തടിയായി. സ്വകാര്യ  ആശുപത്രികളോട്  മത്സരിക്കാൻ കഴിയുന്ന സർക്കാർ ആശുപത്രികൾ എന്നാല്‍, കേരളത്തിന്‍റെ  മധ്യവർത്തി സമൂഹത്തിന്, സാമ്പത്തികമായി അവരുടെ നട്ടെല്ലൊടിക്തെ  തന്നെ ചികിത്സയും ആരോഗ്യസംരക്ഷണവും നല്‍കാന്‍ കഴിയുന്ന ശക്തമായ സംവിധാനം എന്നു തന്നെയാണ് അര്‍ത്ഥം.

ദേശീയ ആരോഗ്യ സൂചിക പ്രകാരം കേരളത്തിന്‍റെ ആളോഹരി ചികിത്സാച്ചെലവ് ഏതാണ്ട്  10000 രൂപയ്ക്ക് മുകളിലാണ്,  ദേശീയ   ശരാശരിയിലും വളരെ കൂടുതലാണിത്. സർക്കാർ മേഖലയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വരുന്നവര്‍ ഏതാണ്ട് പതിനായിരത്തോളം  രൂപയും സ്വകാര്യ മേഖലയെ ആശ്രയിക്കുന്നവര്‍ ശരാശരി  25000 രൂപയിൽ കൂടുതലും  ആണ് ചിലവാക്കുന്നത്. കേരളത്തിന്‍റെ  ആളോഹരി ചികിത്സ ചെലവ്  കുറയ്ക്കാനുള്ള  മാർഗം  നിലവില്‍ സ്വകാര്യ ആശുപത്രിയിൽ പോകുന്നവർ കൂടി  സർക്കാർ ആശുപത്രിയെ ആശ്രയിക്കുകയാണ്. 

nextline

Share Email
Top