Is Kerala really Number 1? ‘Is there nothing more to achieve?’ | Gopakumar Mukundan
കേരളത്തിലെ പൊതുജനാരോഗ്യസംവിധാനം രാജ്യത്തെ ഏറ്റവും മികച്ചതാണെന്നും സ്വകാര്യ മേഖലയോട് നേര്‍ക്കുനേര്‍ മത്സരിക്കാവുന്നത്രയും വികസിതമായ ആരോഗ്യ സംവിധാനമാണ് നമ്മുടേതെന്നുമുള്ള അവകാശവാദത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. ഒപ്പം തന്നെ ജീവിത നിലവാരത്തിലും സാമൂഹികാവബോധത്തിലും ചെറു സംസ്ഥാനമായ കേരളം ലോകനിലവാരം കൈവരിച്ചതെങ്ങനെ എന്ന ചര്‍ച്ചയും പുതിയതല്ല. കേരളത്തിന്റെ ഈ നേട്ടങ്ങളുടെ വിമര്‍ശകരും കുറവല്ല. എന്താണ് ഈ അവകാശവാദത്തിന്റേയും വിമര്‍ശത്തിന്റേയും അടിസ്ഥാനം ? ആരോഗ്യമേഖലയിലും കേരള വികസന മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിഷയവിദഗ്ദ്ധര്‍ ഒ ബി സി യുടെ സംവാദ പരമ്പരകളില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയാണ് ഇവിടെ.
കേരളത്തിൻ്റെ ആരോഗ്യ മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക ആകും വിധം ആഗോളനിലവാരമുള്ളതാണ് എന്ന് പറയുമ്പോള്‍, പിന്നെ എന്തിനാണ് വിദേശ ആരോഗ്യ സംവിധാനങ്ങളെ നമ്മളില്‍ ചിലരെങ്കിലും ആശ്രയിക്കുന്നത് എന്ന ചോദ്യം പൊതുവെ ഉയരാറുണ്ട് – രാഷ്ട്രീയ നേതാക്കള്‍ വിദേശ ചികിത്സ തോടുന്ന സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും. കേരളത്തില്‍ ആരോഗ്യമേഖല കുറ്റമറ്റതാണെന്നും ഇനി നമുക്ക് ഒന്നുതന്നെ നേടാനില്ല എന്നുമാണോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് നമ്മളോരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. നിതി ആയോഗിന്റെ കണക്കു പ്രകാരം നമുക്ക് നൂറിൽ 80 മാർക്ക് ഉണ്ട് എന്ന് പറയുമ്പോള്‍ – ഇനിയും 20 മാർക്ക് കൂടി നേടാനുണ്ട് എന്നാണ് അതിനർത്ഥം എന്ന് സ്വതന്ത്ര ഗവേഷകനായ ഗോപകുമാർ മുകുന്ദന് അഭിപ്രായപ്പെടുന്നു.
നമ്മള് കൈവരിക്കുന്ന പുരോഗതി, നിലവിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, അതിന്റെ ഉപോത്പന്നങ്ങളായ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകകൂടിയാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഉദാഹരണത്തിന് കേരളത്തിലെ സ്ത്രീകളുടെ ആയുർദൈർഘ്യം എണ്‍പതും പുരുഷന്മാരുടെത് എഴുപതുമാണ് . ഇത്തരത്തിൽ ആയുർദൈർഘ്യം കൂടുന്നത് പ്രത്യക്ഷത്തിൽ നേട്ടമാണെങ്കിലും അത് പുതിയ ആരോഗ്യഭാരങ്ങൾ ഉണ്ടാക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
കേരളത്തിനെ കേരളമാക്കിയ മാറ്റങ്ങളെ പൊതുവില്‍ മൂന്ന് വിധത്തിലാണ് കണക്കാക്കുന്നത്. ഒന്ന് ജനസംഖ്യയുടെ ചേരുവയിൽ ഉണ്ടാകുന്ന മാറ്റം, രണ്ടാമത്തേത് വിദ്യാഭ്യാസത്തിൽ ഉള്ള മാറ്റം മൂന്ന് ആരോഗ്യത്തിലുള്ള മാറ്റം. ഇപ്പോൾ നമുക്ക് വേണമെങ്കിൽ കേരളത്തിലെ നഗര സ്വഭാവങ്ങളിൽ വരുന്ന മാറ്റം കൂടി ഇതിനോട് ചേര്‍ത്തു പറയാം. ഈ മാറ്റങ്ങളെല്ലാം ആരോഗ്യ മേഖലയിൽ പൊതുവായി എന്തു മാറ്റമാണ് ഉണ്ടാക്കുന്നത് എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ജനസംഖ്യയുടെ 17 – 18 ശതമാനം, 60 വയസ്സ് കഴിഞ്ഞവരാണ്. 2036 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ 23 ശതമാനവും, 60 വയസ്സിന് മുകളിലുള്ളവരായിരിക്കും. 80 വയസ്സിനുള്ളിൽ വരുന്നവര്‍ 12% വരും.
സമാനമായി കേരളത്തിലെ 99.8 ശതമാനം പ്രസവങ്ങളും ഇൻസ്റ്റിറ്റ്യൂഷണൽ പ്രസവങ്ങളാണ്. എന്നാല്‍ മരണത്തില്‍ ഇത് 50 ശതമാനം മാത്രമാണ്. ഇന്ന് താലൂക്ക് ആശുപത്രികളില്‍ നിഷ്കർഷിക്കപ്പെട്ട എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള ഏക സംസ്ഥാനം കേരളമാണ് എന്നിരിക്കിലും സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന രോഗഭാരം നമ്മെ വെല്ലുവിളിക്കുന്നു. സമൂഹത്തിൻ്റെ മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുന്നുണ്ടോ എന്ന തരത്തിലേക്ക് നമ്മുടെ വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍ മാറേണ്ടതുണ്ട്.
ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ സാന്നിധ്യം 2010 ല്‍ 31% ആയിരുന്നു എങ്കില്‍ ഇപ്പോഴത് 40 – 45% ത്തിലേക്ക് വർദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ മൊത്തം ആരോഗ്യ ചെലവിനകത്ത് സർക്കാരിന്റെ പ്രതിശീർഷ ആരോഗ്യ ചെലവിൽ കേരളമാണ് ഇന്ത്യയിൽ ഒന്നാമത്തെ സംസ്ഥാനം. അതേസമയം വ്യക്തിഗത ആരോഗ്യചെലവ് ഏറ്റവും കൂടുതലും കേരളത്തിലാണ്. അപ്പോൾ സർക്കാർ ഇത്രയും പണം മുടക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ആളുകൾ അവരുടെ കീശയിൽ നിന്ന് കാശ് മുടക്കുന്നത് എന്ന ചോദ്യം ഉയരും. അവിടെയാണ് കേരളത്തിന്റെ ആകെ ആരോഗ്യ ചിലവ് കൂടിയിരിക്കുന്നു എന്ന വസ്തുത നമ്മൾ മനസ്സിലാക്കേണ്ടത്. നമ്മൾ വലിയതോതിൽ ആരോഗ്യ ശീലങ്ങൾ കൈവരിച്ച ഒരു സംസ്ഥാനമാണ്. ഒരു കുഞ്ഞു ജനിക്കുകയാണെങ്കിൽ അതിനെ ശിശുരോഗ വിദഗ്ദ്ധനെ കാണിക്കാന്‍ അല്ലെങ്കില്‍ ശിശുരോഗ വിഭാഗത്തിലെ തന്നെ സൂപര്‍ സ്പെഷ്യാലിറ്റിയില്‍ കാണിക്കാന്‍ സാംസ്കാരികമായി നമ്മള് ശീലിച്ചുകഴിഞ്ഞു.
കേരളത്തിൽ സ്വകാര്യ ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതയില്‍ ഗ്രാമം നഗരം എന്ന വേർതിരിവ് തീരെ കുറവാണ്. ചില പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ നഗരകേന്ദ്രീകൃതമാണെങ്കിലും സേവന ലഭ്യത എല്ലായിടത്തുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ മൊത്തത്തിലുള്ള ആരോഗ്യചെലവ് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവുമായും താരതമ്യം ചെയ്യാവുന്നതല്ല. അപ്പോള്‍ ഈ പ്രവണത മോശമല്ലേ എന്ന ചോദ്യം തീര്‍ച്ചയായും ഉയരും. എന്നാല്‍ ഇവിടെ ഉയര്‍ന്ന സേവനലഭ്യതയുണ്ട് എന്നതും ഒരു വിഭാഗം ജനങ്ങൾക്കെങ്കിലും അത് പ്രാപ്യമാണ് എന്നതും തന്നെയാണ് ആണ് അതിനുള്ള മറുപടി. എന്നാൽ മത്സ്യത്തൊഴിലാളികൾ, പട്ടികവര്‍ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ, മലയോരനിവാസികൾ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങി സ്വകാര്യ മേഖലയിലെ സേവനങ്ങൾ എത്തിപ്പിടിക്കാൻ പറ്റാത്ത ഒരു വലിയ പാര്‍ശ്വവത്കൃത വിഭാഗം അപ്പോഴുമുണ്ട് എന്ന വസ്തപുതയും കാണാതിരുന്നുകൂടാ.
ആശുപത്രികളും സാങ്കേതിക സൗകര്യങ്ങളും സങ്കേതങ്ങളും ഉണ്ടായാൽ മാത്രം പോരാ ഉദ്യോഗസ്ഥനവീകരണം കൂടെ ഉണ്ടാകേണ്ടതുണ്ട് എന്ന ഡോ. ജയശ്രീയുടെ അഭിപ്രായത്തെ അദ്ദേഹവും അനുകൂലിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോഴും ബ്രിട്ടീഷ് അധികാര വ്യവസ്ഥയെ പിന്‍പറ്റുന്ന ഉദ്യോഗസ്ഥമേധാവിത്വ സംവിധാനം നിലനിർത്തി കൊണ്ടുപോകുന്നത് ആശുപത്രികളില്‍ മരുന്നുകൾ ഉപകരണങ്ങൾ എന്നിവ സമയത്തിന് ലഭ്യമാകാത്തതിന് കാരണമാകുന്നുണ്ട്. ഉദ്യോഗസ്ഥമേധാവിത്വ മറികടക്കാന്‍ ഭാവിയില്‍ സർക്കാർ ആശുപത്രികളെ ആധുനികവത്കരിക്കാന്‍ എന്ത് ചെയ്യാം എന്ന് അന്വേഷിക്കേണ്ടതുണ്ട്.
കേരളം മുന്നോട്ട് തന്നെയാണ് പോകുന്നത്. എന്നാല്‍ അതേ സമയം പുതിയ പ്രശ്നങ്ങൾ ഉപോത്പന്നങ്ങളായി രൂപം കൊള്ളുന്നത് അനുസരിച്ച് അതിനെ അതിജീവിക്കാൻ നമ്മൾ സ്വയം മാറുന്നുണ്ട് എന്നും മാറുന്ന കേരളത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് ആരോഗ്യ മേഖലയുടെ നവീകരണത്തിനുള്ള മുന്നേറ്റങ്ങൾ ഇനിയും നടത്തേണ്ടതുണ്ട് എന്നും കൂടുതൽ ആവൃത്തിയിൽ ഓർത്ത് പ്രവർത്തിക്കുക എന്ന് മാത്രം- വികസനം അവസാനമല്ല, ഒരു തുടർച്ച മാത്രമാണ്.