കൊട്ടേഷൻ ബലാൽസംഗത്തിന്റെ സോഷ്യൽ മീഡിയ എൻജിനീയറിങ് : സാമൂഹ്യ മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ‘ദിലീപ് അനുകൂല വികാര’ത്തിന് പിന്നിലെന്ത് ?

കൊട്ടേഷൻ ബലാൽസംഗത്തിന്റെ സോഷ്യൽ മീഡിയ എൻജിനീയറിങ് : സാമൂഹ്യ മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ‘ദിലീപ് അനുകൂല വികാര’ത്തിന് പിന്നിലെന്ത് ?

സംഘടിതവും ആസൂത്രിതവുമെന്ന് തോന്നിക്കുന്ന എണ്ണിയാലൊടുങ്ങാത്ത പേജുകൾ, ‘കോപ്പി പേസ്റ്റ്’ ചെയ്യപ്പെടുന്ന ഉള്ളടക്കം, കുടുംബചിത്രങ്ങൾ നിരത്തിയുള്ള സഹതാപ നിർമിതി. അതിജീവിതയെയും അവരെ പിന്തുണക്കുന്നവരെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ – ഒബിസി പരിശോധിക്കുന്നു – സോഷ്യൽ മീഡിയയിലൂടെ നിർമിക്കപ്പെടുന്ന പൊതുബോധം.

2025 ഡിസംബർ 8. 

രാവിലെ പത്തര മണിയോടെ, എറണാകുളം സെഷൻസ് കോടതിയ്ക്ക് പുറത്ത്  വലിയ ആഹ്ലാദാരവങ്ങൾ ഉയരുന്നു. ആഘോഷങ്ങൾക്കിടെ ഒരു കൂട്ടം ആളുകൾക്ക് നടുവിലായി കുറ്റവിമുക്തനാക്കപ്പെട്ട “എട്ടാം പ്രതി” ഇറങ്ങി വരുന്നു. “കെട്ടിച്ചമച്ച ഒരു കള്ളക്കേസിൽ തന്റെ ജീവിതത്തിലെ എട്ടു വർഷങ്ങൾ ത്യജിക്കേണ്ടി വന്ന”തിനെ കുറിച്ച് അയാൾ സംസാരിക്കുന്നു; അതിന് പിന്നിൽ പ്രവർത്തിച്ച ഒരു കൂട്ടം ‘ക്രിമിനൽ പോലീസുകാരെയും’ തന്റെ ആദ്യ ഭാര്യയെയുമടക്കം പേരെടുത്തു വിമർശിക്കുകയും ചെയ്യുന്നു.

കേരള മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ, നടി ആക്രമിക്കപ്പെട്ട കേസ് എട്ടു വർഷങ്ങൾ പിന്നിട്ട വേളയിൽ, കുറ്റാരോപിതരായ ആറ് പ്രതികൾക്ക് ട്രയൽ കോടതി ശിക്ഷ വിധിച്ചു. എന്നാൽ പ്രോസിക്യൂഷന് സംശയാതീതമായി ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ല എന്നതിനാൽ, കുറ്റകൃത്യത്തിന്റെ പ്രധാന സൂത്രധാരനെന്ന് ആരോപിക്കപ്പെട്ട എട്ടാം പ്രതിയായ നടൻ ദിലീപ് കുറ്റവിമുക്തനായി. വ്യക്തിവിരോധം മൂലം, അതിജീവിതയായ നടിയെ  ബലാത്സംഗം ചെയത് അവരുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ പൾസർ സുനി എന്ന ഒന്നാം പ്രതിക്ക്  ‘ക്വട്ടേഷൻ’ കൊടുത്തുവെന്നായിരുന്നു ദിലീപിന് നേരെയുള്ള ആരോപണം. 2017 ഫെബ്രുവരി 17ന് രാത്രി നടി തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക്‌ യാത്ര ചെയ്യുന്ന കാറിലായിരുന്നു സംഭവം നടന്നത്.

നടൻ ദിലീപ്

വിധി വന്നതിന്റെ അടുത്ത ദിവസങ്ങളിലായി, ദിലീപിനെ പിന്തുണക്കുന്നവരും, ആരാധകരും, സിനിമാ രംഗത്തെ സുഹൃത്തുക്കളുമെല്ലാം കഴിഞ്ഞ എട്ട് വർഷങ്ങളിൽ അദ്ദേഹത്തിന് തരണം ചെയ്യേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തു കൊണ്ടേയിരുന്നു. പലപ്പോഴും “ദിലീപേട്ട”നോടുള്ള ഈ സ്നേഹം, അതിജീവിതയ്ക്കും അവർക്കൊപ്പം നിന്നവർക്കും നേരെയുള്ള ക്രൂരമായ സൈബർ അതിക്രമങ്ങളിലേക്കാണ് നീങ്ങിയത്. സംഘടിതമെന്ന് തോന്നിപ്പിക്കുന്ന നിലയിൽ, വലിയ രീതിയിലുള്ള പിന്തുണയാണ് സമൂഹ മാധ്യമങ്ങളിലൂടെ ദിലീപിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

കലയെയും കലാകാരനെയും വേർതിരിക്കേണ്ടതുണ്ടോ?

വിധി വന്നതിന് കൃത്യം മൂന്നു ദിവസങ്ങൾക്കു ശേഷം, മലയാളത്തിന്റെ “സൂപ്പർസ്റ്റാർ” മോഹൻലാൽ അദ്ദേഹത്തിന്റെ ഇറങ്ങാൻ പോകുന്ന ഏറ്റവും പുതിയ സിനിമയുടെ ട്രെയ്ലർ ഫേസ്ബുക്കിൽ പങ്കു വച്ചു. “ഭ ഭ ബ” എന്നു പേരുള്ള ചിത്രത്തിലെ നായകൻ ദിലീപാണ്. മോഹൻലാൽ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, സലിം കുമാർ തുടങ്ങിയ നീണ്ട താര നിരയാണ് സിനിമയിൽ അണി നിരക്കുന്നത്. 

ഡിസംബർ 15 വരെയുള്ള കണക്കിൽ, 32,000ത്തിൽ കൂടുതൽ ലൈക്കുകളും 4200ൽ കൂടുതൽ കമന്റുകളുമാണ് ട്രെയ്ലറിന്റെ ലിങ്കിന് ഫേസ്ബുക്കിൽ ലഭിച്ചത്. കമന്റ് സെക്ഷനിൽ ഭൂരിഭാഗവും മോഹൻലാൽ ദിലീപിനൊപ്പം അഭിനയിച്ചതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നവയായിരുന്നു. മറ്റൊരു വിഭാഗം ആളുകൾ ദിലീപിന്റെ “തിരിച്ചു വരവ്” എന്ന രീതിയിൽ ഈ സിനിമയെ ആഘോഷിക്കുന്നതായാണ് കാണുന്നത്. 

“ഭ ഭ ബ” എന്ന സിനിമയുടെ ട്രെയ്‌ലർ പങ്കു വച്ചു കൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ട്രെയ്‌ലറിന് പിറകെ, പ്രേക്ഷകർ ഈ സിനിമ കാണുമോ, ഒപ്പം നിൽക്കുമോ തുടങ്ങിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. Being Media എന്ന പേജിൽ വന്ന അത്തരമൊരു പോസ്റ്റിന് 6400ൽ കൂടുതൽ ലൈക്കുകളും 3400ൽ കൂടുതൽ കമന്റുകളുമാണ് ലഭിച്ചത് (ഡിസംബർ 15 വരെ). സിനിമ കാണാൻ പോകില്ലെന്ന് പലരും പോസ്റ്റിന്റെ കമന്റുകളിൽ പറയുന്നുണ്ടെങ്കിലും, കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിന്റെ സിനിമകൾ കാണുന്നതിൽ ഇനിയെന്താണ് പ്രശ്നം എന്ന് ചോദിക്കുന്നവരാണ് ഏറെയും.

ബിയിങ് മീഡിയ എന്ന ഫേസ്ബുക്ക് പേജ് പങ്കു വച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

“ഞാൻ സിനിമ കാണും. കാണാൻ കൊതിയായിട്ടൊന്നുമല്ല, ചില കൂതറകളുടെ പോസ്റ്റുകൾ കാണുമ്പോൾ തോന്നി പോകുന്നതാണ്.” അതിജീവിതയ്‌ക്ക്‌ പിന്തുണയായി ദിലീപ് സിനിമകൾ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ചൂണ്ടിയാണ് ഇത്തരം അധിക്ഷേപങ്ങൾ കമന്റ് ബോക്സുകളിൽ ഇടം പിടിക്കുന്നത്.

ഫിലിമിലൈവ് മീഡിയ എന്ന ഫേസ്ബുക്ക് പേജ് പങ്കു വച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

നിരവധി ‘എന്റർടൈൻമെന്റ്’ പേജുകളിൽ ഈ വ്യാഖ്യാനങ്ങൾ പ്രചരിക്കുന്നുണ്ട്. സിനിമയെ പ്രൊമോട്ട് ചെയ്തും, പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ചോദിച്ചുമൊക്കെ വിഷയത്തെ പൊതുമണ്ഡലത്തിൽ സജീവമായി നിലനിർത്തുകയാണ് ഈ പേജുകൾ ചെയ്യുന്നത് . ദിലീപിനെ ആസൂത്രിതമായി കുടുക്കിയതാണ് എന്ന വ്യാഖ്യാനവും ഇത്തരം പേജുകൾ പ്രചരിപ്പിക്കുന്നുണ്ട്. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സ് എന്ന പേജ് ദിലീപുമായുള്ള ഒരു പഴയ അഭിമുഖം പങ്ക് വച്ചിരുന്നു. ഈ പ്രതിസന്ധികൾക്കെല്ലാമിടയിൽ താൻ ഒരു നടൻ ആണെന്ന് സ്വയം ഓർമ്മപ്പെടുത്താൻ സ്വന്തം സിനിമകൾ വീണ്ടും കാണേണ്ട അവസ്ഥയുണ്ടായെന്നാണ് ഈ ദൃശ്യങ്ങളിൽ വികാരനിർഭരമായി ദിലീപ് സംസാരിക്കുന്നത്. “തലക്കടിയേറ്റത് പോലെയായിരുന്നു” ഇത്രയും നാൾ താൻ ജീവിച്ചതെന്നും അഭിമുഖത്തിൽ ദിലീപ് പറയുന്നു.

ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സ് എന്ന ഫേസ്ബുക്ക് പേജ് പങ്കു വച്ച അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട്

ഡിസംബർ 15 വരെ, പതിനായിരത്തിന് മുകളിൽ ലൈക്കുകൾ കിട്ടിയ ഈ വീഡിയോയുടെ കമന്റുകളിലൊന്ന് ഇങ്ങനെയായിരുന്നു: “ദിലീപേ ജീവിതത്തിലെ കറുത്ത ഏടുകൾ കഴിഞ്ഞു. നമുക്കതു മറക്കാം. ഞങ്ങൾക്കു ദിലീപിന്റെ പഴയ പോലത്തെ സിനിമകൾ കാണാൻ ആഗ്രഹമുണ്ട്.” 

ഇതെല്ലാം “പി ആർ സ്റ്റണ്ട്” ആണെന്ന് അഭിപ്രായപ്പെടുന്നവരാണ് കമന്റുകൾ രേഖപ്പെടുത്തിയവരിൽ ഏറെയും. ജീവിതത്തിലും നല്ല അഭിനേതാവാണ് ദിലീപ് എന്നും ഇതിൽ ചിലർ അഭിപ്രായപ്പെടുന്നു.

കുറ്റാരോപിതനായ ശേഷം ദിലീപിന്റെ നാലോളം അഭിമുഖങ്ങൾ മേൽപ്പറഞ്ഞ ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സ് എന്ന പേജിൽ വന്നിട്ടുണ്ട്. അടുത്ത കാലത്ത് ഇറങ്ങിയ പവി കെയർ ടേക്കർ, പ്രിൻസ് ആൻഡ് ഫാമിലി തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോഷനുകളും ഇതിൽ ഉൾപ്പെടുന്നു.

‘ജനപ്രിയ നായക’നോടുള്ള ആരാധനയോ ആസൂത്രിത പി ആർ ക്യാമ്പയിനോ?

“ദിലീപ് നായകനായ കൊച്ചി രാജാവില്‍ അഭിനയിക്കുമ്പോഴാണ് ഞങ്ങളുടെ ചിറ്റപ്പൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായത്. ഇത് കേട്ട ഉടനെ ദിലീപും മുരളിച്ചേട്ടനും ഞാനും അഭിനയിക്കാനുള്ള സീനുകള്‍ എല്ലാം വേഗം തീർത്തു.

ആശുപത്രിയിലേക്ക് പോകാൻ ഞാൻ ഇറങ്ങിയപ്പോള്‍ എന്‍റെ പ്രതിഫലം മുഴുവനായി ദിലീപ് വാങ്ങിത്തന്നു. എന്നിട്ട് പറഞ്ഞു ചേച്ചി വേറൊന്നും ഇപ്പോള്‍ നോക്കേണ്ട, ആദ്യം ആശുപത്രിയില്‍ എത്തൂ എന്ന്. അന്നു ദിലീപ് ചെയ്ത കാര്യങ്ങള്‍ ഒരിക്കലും മറക്കില്ല”. 

നടി കലാരഞ്ജിനിയുടെ വാക്കുകൾ എന്ന പേരിൽ, ഒന്നിൽക്കൂടുതൽ എന്റർടൈൻമെന്റ് പേജുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ പോസ്റ്റ്‌ പ്രചരിക്കുന്നുണ്ട്. 

വി എ മീഡിയ എന്ന ഫേസ്ബുക്ക് പേജ് പങ്കു വച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

ഇത്തരമൊരു പോസ്റ്റ്‌ പങ്കു വച്ച ഗ്രാമവാസി എന്ന ഫേസ്ബുക്ക് പേജിന് ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.

ഗ്രാമവാസി എന്ന ഫേസ്ബുക്ക് പേജ് പങ്കു വച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

വിധി വന്ന ദിവസമായ ഡിസംബർ 8 മുതലുള്ള ഒരാഴ്ച കാലയളവിൽ ദിലീപിനെയും കേസിനെയും സംബന്ധിക്കുന്ന എഴുപതിലധികം പോസ്റ്റുകളാണ് ഈ പേജിൽ വന്നത്. വിഷയത്തിൽ പ്രമുഖരുടെ പ്രതികരണങ്ങൾ, ദിലീപിന്റെ കുടുംബ ചിത്രങ്ങൾ, “ഈ നടിയെ ഇഷ്ടമാണോ” തുടങ്ങിയ അടിക്കുറിപ്പുകളോടെ കാവ്യ മാധവൻ, മഞ്ജു വാരിയർ, ഭാവന തുടങ്ങിയവരുടെ ചിത്രങ്ങൾ, ദിലീപ് ‘ജീവിതം രക്ഷപ്പെടുത്തിയവരുടെ’ കഥകൾ എന്നിവയൊക്കെയാണ് പേജിൽ നിരന്തരമായി പങ്കു വച്ചു കൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ, ‘ദിലീപും കുടുംബവും കടന്നു പോയ മാനസിക സമ്മർദ്ദം സങ്കൽപ്പിക്കാവുന്നതിനുമപ്പുറമാണ്’ എന്ന നിർമാതാവ് സുരേഷ് കുമാറിന്റെ പ്രതികരണവും ‘ദിലീപേട്ടൻ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഒരു ഘട്ടത്തിലും വിശ്വസിച്ചിട്ടില്ല’യെന്ന രമേഷ് പിഷാരടിയുടെ പ്രതികരണവുമൊക്കെ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിട്ടുമുണ്ട്.

ഗ്രാമവാസി എന്ന ഫേസ്ബുക്ക് പേജ് പങ്കു വച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

‘ദിലീപേട്ടൻ തെറ്റ് ചെയ്തിട്ടില്ലായെന്ന് വിശ്വസിക്കുന്നവരുണ്ടോ’ എന്ന അടിക്കുറിപ്പോടെ, ഡിസംബർ 11ന്, ഏകദേശം ഒരേ സമയത്ത് പല അക്കൗണ്ടുകളിൽ നിന്നായി നടന്റെ വ്യത്യസ്ത ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വി എ മീഡിയ, തത്സമയം മീഡിയ, ടാലന്റ്സ് ഓഫ് കേരള മറ്റ് ചില ഫാൻ അക്കൗണ്ടുകൾ എന്നിവയാണ് ഇത് പ്രചരിപ്പിച്ചത്. വിധിക്ക് ശേഷം ശബരിമലയിലേക്കടക്കം ദിലീപ് നടത്തിയ ക്ഷേത്ര ദർശനങ്ങളുടെ ചിത്രങ്ങളും ഈ അക്കൗണ്ടുകളിൽ നിന്ന് പ്രചരിച്ചിരുന്നു.

കേരള 9.കോം ന്യൂസ്‌ & ഗാലറി എന്ന ഫേസ്ബുക്ക് പേജ് പങ്കു വച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

കാഴ്ചക്കാർക്ക് ആസൂത്രിതവും സംഘടിതവുമെന്ന് തോന്നുന്ന നിലയ്ക്കാണ് ഈ പോസ്റ്റുകളെല്ലാം പ്രചരിക്കപ്പെടുന്നത്. പരസ്പര ബന്ധമില്ലാത്ത അക്കൗണ്ടുകൾ ഒരേ സമയം, വാക്കുകളിൽ പോലും അണുവിട മാറ്റമില്ലാത്ത അടിക്കുറിപ്പുകളോടെയാണ് പോസ്റ്റുകൾ പങ്കു വയ്ക്കുന്നത്. 

സഹപ്രവർത്തകരോടുള്ള ദിലീപിന്റെ കരുണ, ഒരിക്കലും ഒരു ‘കുറ്റവാളി ആകാൻ സാധിക്കാത്ത’ സരസമായ വ്യക്തിത്വം, വിവാഹമോചനത്തിന് ശേഷം ദിലീപിനൊപ്പം നിൽക്കാനുള്ള മകളുടെ തീരുമാനം, മരിച്ചു പോയ കലാകാരന്മാരുടെ കുടുംബങ്ങൾക്ക് നൽകി വരുന്ന പെൻഷനും മറ്റ് സഹായങ്ങളുമടക്കം ദിലീപിന് വേണ്ടിയുള്ള ആഖ്യാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരാധകരുടെ  അക്കൗണ്ടുകളിൽ  മുതൽ സാധാരണ സിനിമാ റിവ്യൂ- ഗോസിപ്പ് പേജുകളിൽ വരെ മേൽപ്പറഞ്ഞ ആഖ്യാനങ്ങൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്.

“ഇരയ്‌ക്കൊപ്പം നിൽക്കും, കുറ്റാരോപിതന് വേണ്ടി പ്രാർത്ഥിക്കും”

ഡിസംബർ 8ന് ശേഷം, പല സിനിമാപ്രവർത്തകരും ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു.”അതിജീവിതയ്ക്കൊപ്പം” തന്നെയാണ് തങ്ങളെന്ന മുൻ‌കൂർ ജാമ്യം ആമുഖവാചകമായി വരുന്ന പോസ്റ്റുകളിലൊക്കെയും പക്ഷെ, എടുത്തു നിൽക്കുന്നത് “സത്യം ജയിച്ച’തിന്റെ ആനന്ദമാണ്. 

നാദിർഷാ പങ്കു വച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

നാദിർഷാ, ധർമജൻ ബോൾഗാട്ടി, ഹരിശ്രീ യൂസഫ്, ശരത് അപ്പാനി, കിഷോർ സത്യ, മേജർ രവി, വീണ നായർ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തിൽ പെടുന്നവരാണ്. “സത്യമേവ ജയതേ”, “ജനപ്രിയ വിജയം”, തുടങ്ങിയ അടിക്കുറിപ്പുകളാണ് ഈ പോസ്റ്റുകൾക്ക് കൊടുത്തിട്ടുള്ളത്.

ധർമജൻ ബോൾഗാട്ടി പങ്കു വച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

അതിജീവിതയും കൂട്ടാളികളും നേരിട്ട സൈബർ ആക്രമണങ്ങൾ 

സംഭവത്തിന് ശേഷം ആദ്യമായി അതിജീവിത ഒരു അഭിമുഖം നൽകുന്നത് മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിനാണ്. “പോയി ചത്തൂടെ, എന്തിനാണ് ഇങ്ങനെ ജീവിച്ചിട്ട്?”, “മുഴുവൻ ബലാത്സംഘ കഥയും നിങ്ങൾ പടച്ചു വിട്ടതാണ്.” എന്നിങ്ങനെയുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അതിജീവിത ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.

വിധിക്ക് ശേഷം ഫെമിനിസ്റ്റുകൾക്ക് നേരെയുള്ള സൈബർ അതിക്രമവും ക്രമാതീതമായി വർധിച്ചതായി കാണാം. “മര്യാദക്ക് മുന്നോട്ട് പോകുന്ന ഒരു സംവിധാനത്തെ” തകിടം മറിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം സ്ത്രീകളായി ഫെമിനിസ്റ്റുകളെ ചിത്രീകരിക്കുന്ന തരത്തിലുള്ള മീമുകളും പോസ്റ്റുകളും ട്രോളുകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. അതിജീവിതയെ എല്ലാ ഘട്ടത്തിലും പിന്തുണക്കുന്നതിനാൽ ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജു വാരിയർ ഇക്കൂട്ടരുടെ പ്രധാന ഇരകളിൽ ഒരാളാണ്. “മറ്റാരുടെയും കയ്യിലില്ലാത്ത എന്തോ തെളിവ് ചേച്ചിയുടെ കയ്യിലുണ്ട്. എന്തായാലും അത് പുറത്തു വിട്ട് പെട്ടെന്ന് കേസ് അവസാനിപ്പിക്ക്‌ ചേച്ചി” എന്നൊക്കെയുള്ള പരിഹാസം നിറഞ്ഞ മീമുകൾ മഞ്ജുവിനെ ലക്ഷ്യം വച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 

സൈബർ ലോകത്തും അല്ലാതെയും, ഫെമിനിസ്റ്റുകളും അവർക്കൊപ്പം നിൽക്കുന്നവരും ആക്രമിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. റിപ്പോട്ടർ ടിവിയിലെ റോഷിപാൽ അടക്കമുള്ള ചില ജേർണലിസ്റ്റുകൾക്ക് നേരെ നടന്ന അതിക്രമം ഇതിന് തെളിവാണ്.

ചെറിയ ‘വലിയ’ മാറ്റങ്ങൾ 

വിധി വന്നതിന് ശേഷമുള്ള ദിവസങ്ങളിലൊക്കെയും #അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളിൽ ട്രെന്റിങ് ആയി തന്നെ നിന്നിരുന്നു. വ്യക്തികളും സംഘടനകളും രാഷ്ട്രീയ പാർട്ടികളും, സർക്കാരും വരെ അതിജീവിതക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വന്നു. അവർ അവരുടെ അതിജീവനത്തിന്റെ കഥകൾ പൊതു സമൂഹത്തോട് പങ്കു വച്ചു കൊണ്ട് അതിജീവിതയോട് ഐക്യദാർഢ്യപ്പെട്ടു.  

വിധി പ്രഖ്യാപനത്തിന് ഒരാഴ്ചയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ വിശദമായ ഒരു പ്രതികരണകുറിപ്പ് അതിജീവിത പങ്കു വച്ചു. 24 മണിക്കൂറിൽ അഞ്ചര ലക്ഷത്തിലധികം ലൈക്കുകളും ഒരു ലക്ഷത്തിലധികം ഷെയറുകളും 42,000ത്തിലധികം റീപോസ്റ്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. പൃഥ്വിരാജ് സുകുമാരൻ, നിഖില വിമൽ, ആഹാന കൃഷ്ണ, അമല പോൾ, സിതാര കൃഷ്ണകുമാർ അടക്കം പല സിനിമാ പ്രവർത്തകരും പ്രതികരണം പങ്കു വയ്ക്കുകയുമുണ്ടായി.

അതിജീവിത ഡിസംബർ 14ന് പങ്കു വച്ച പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

സംഭവങ്ങളുടെ അനുരണനങ്ങളെന്നോണം കേരളത്തിൽ അങ്ങിങ്ങായി പല  വാർത്തകളും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. കെ എസ് ആർ ടി സി ബസ്സിൽ പഴയ ദിലീപ് സിനിമ പ്രദർശിപ്പിക്കരുതെന്ന് ഒരു സ്ത്രീ കർശനമായി പറഞ്ഞതിന് പിറകെ കണ്ടക്ടർക്ക് ടിവി ഓഫ്‌ ചെയ്യേണ്ടി വന്നതും, അമ്പലത്തിലെ ഉത്സവപരിപാടിയുടെ ഉദ്‌ഘാടകനായി ദിലീപിനെ നിശ്ചയിച്ചത് പ്രതിഷേധത്തെ തുടർന്ന് മാറ്റേണ്ടി വന്നതുമൊക്കെ ഇതിനുദാഹരണങ്ങളാണ്. , അതേ സമയം ബസ്സിൽ പ്രതിഷേധിച്ച സ്ത്രീക്കെതിരെ പരിഹാസ ട്രോളുകൾ കുറവല്ല . ‘അനാവശ്യമായി പ്രശ്നമുണ്ടാക്കി പ്രശസ്തയാകാൻ ശ്രമിക്കുന്നു ‘ എന്ന രീതിയിലുള്ള പരിഹാസം നേരിടുകയാണ് അവർ.

രണ്ടു വശത്തെയും ‘ഉപാധികളില്ലാതെ’ പിന്തുണക്കുന്നവരും, ‘തെളിവുകളുടെ’ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങളെ വിശകലനം ചെയ്യുന്നവരുമെല്ലാം, അടുത്ത നടപടികളെന്തെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. രണ്ടാം പ്രതിയായി നിലവിൽ ശിക്ഷയനുഭവിച്ചു കൊണ്ടിരിക്കുന്ന മാർട്ടിന്റെ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ അടക്കം, പൊതു ബോധത്തെ സമൂഹ മാധ്യമങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ അക്ഷീണം നടന്നു കൊണ്ടിരിക്കുന്നു എന്ന് തന്നെയാണ് കരുതേണ്ടത്.

(റിപ്പോർട്ടിനായുള്ള ഗവേഷണം, അധിക വിവരങ്ങൾ : സ്നേഹ എം, സുജിത്ത് എ)

കാർത്തിക എസ്

കാർത്തിക എസ്

ജേർണലിസ്റ്റ് ട്രെയിനി

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top