
ആഗോളപൊലീസില്‍ നിന്ന് ആഗോള ഗുണ്ടായിസത്തിലേക്കോ? ലോകത്തെ മാറ്റിമറിക്കുന്ന ട്രംപിന്റെ വിദേശനയം
ജനുവരി മൂന്നിന് വെനിസ്വേലയെ ആക്രമിച്ചുകൊണ്ട് പ്രസിഡന്‍റ് നിക്കൊളാസ് മദ്യൂറോയേയും ഭാര്യ സീലിയ ഫ്ലോറസിനേയും ബന്ദിയാക്കിയ അമേരിക്കന്‍ നടപടി ലോകമാകെ വിമര്‍ശനവിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനു മേൽ നടത്തിയ ഈ സൈനിക ഇടപെടൽ, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന വാദം യു എൻ മേധാവി അന്റോണിയോ ഗുട്ടെറസ് ഉയർത്തിയിരുന്നു. 2025 ജനുവരി 20ന് ഡോണള്‍ഡ് ട്രംപ് രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ, ആഗോളതലത്തിൽ ഉണ്ടായ ഏകപക്ഷീയമായ അമേരിക്കന്‍ ഇടപെടലുകളുടെ തുടർച്ചയായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ പുതിയ വ്യാപാര തീരുവകൾ, സാമ്പത്തിക ഉപരോധങ്ങൾ, രാജ്യാന്തര ഉടമ്പടികളിൽ നിന്നുള്ള പിന്മാറ്റം, മറ്റുരാജ്യങ്ങള്‍ക്കിടയിലെ യുദ്ധസാഹചര്യങ്ങളിലേക്കുള്ള നേരിട്ടുള്ള ഇടപെടല്‍ എന്നിവ ആഗോള ക്രമത്തിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
കാലാവസ്ഥാ ഉടമ്പടിക്ക് അമേരിക്കയില്ല
പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറുകയാണെന്ന പ്രഖ്യാപനമാണ് 2025 ജനുവരിയിൽ, അധികാരമേറ്റയുടനെ ട്രംപ് നടത്തിയത്. ആഗോള താപന വർദ്ധന 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 190 ൽ അധികം രാജ്യങ്ങൾ ഒപ്പുവച്ച അന്താരാഷ്ട്ര കരാറാണിത്. അമേരിക്കയുടെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്താൻ ചൈന പ്രചരിപ്പിച്ച ഒരു തട്ടിപ്പാണ് കാലാവസ്ഥാ വ്യതിയാനം എന്ന നിലപാടാണ് ട്രംപിനുള്ളത്.

കാർബൺ പുറന്തള്ളുന്നതില്‍ (Carbon Emission) ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ഈ നീക്കം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തിയത്. വികസ്വര രാജ്യങ്ങളിൽ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി അമേരിക്ക നൽകിവന്നിരുന്ന ധനസഹായം മുടങ്ങുമ്പോൾ, അത് ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോക ബാങ്കിന്റെയും ഐക്യരാഷ്ട്രസഭയുടെയും റിപ്പോർട്ടുകൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ദ്വീപ് രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും ശക്തമായ പ്രതിഷേധമാണ് ട്രംപിന്റെ ഈ നീക്കത്തിനിതിരെ രേഖപ്പെടുത്തിയത്.
ചൈനയുമായുള്ള വ്യാപാരയുദ്ധം
ട്രംപ് ഭരണകൂടം നടപ്പിലാക്കിയ ആഗോള സാമ്പത്തിക നയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചൈനയുമായുള്ള വ്യാപാര തർക്കം. ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവകൾ ഏർപ്പെടുത്തിയാണ് ട്രംപ് ഈ സംഘർഷത്തിന് തുടക്കം കുറിച്ചത്. 2018 മുതൽ ഘട്ടംഘട്ടമായാണ് ചൈനീസ് ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുങ്കം വർധിപ്പിച്ചത്. ഇതിന് മറുപടിയായി, ചൈനയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി. ഇതോടെ ലോകത്തിലെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാരബന്ധം തുറന്ന സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
ലോക വ്യാപാര സംഘടനയുടെ (WTO) ചട്ടങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കെ, അമേരിക്കയുടെ ഈ ഏകപക്ഷീയ നീക്കം ആഗോള വ്യാപാര സംവിധാനത്തിൽ അസ്ഥിരതയുണ്ടാക്കിയതായി സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. ഈ വ്യാപാരയുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഇരുരാജ്യങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ആഗോള വിതരണ ശൃംഖലകൾ (Global Supply Chains) തകരാറിലായതോടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വന്‍കരകളിലെ നിരവധി രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ഇത് സാരമായി ബാധിച്ചു. അസംസ്‌കൃത വസ്തുക്കളുടെയും ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും വില വർധിക്കാൻ ഇത് കാരണമായെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
സാങ്കേതിക രംഗത്തും ട്രംപ് ഭരണകൂടം ചൈനയ്‌ക്കെതിരെ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ചൈനീസ് ടെക് കമ്പനികൾ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാട് സ്വീകരിച്ചുകൊണ്ട്, ഈ കമ്പനികളെ അമേരിക്കൻ വിപണിയിൽ നിന്ന് വിലക്കാനുള്ള നടപടികൾ ട്രംപ് സ്വീകരിച്ചിരുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള അധിക തീരുവ
അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്ത്യൻ കയറ്റുമതി മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. 2025 ഓഗസ്റ്റ് 27ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ചില ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25 മുതൽ 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ തീരുമാനിക്കുകയായിരുന്നു . ഇന്ത്യയുടെ പരമ്പരാഗത കയറ്റുമതി മേഖലകളായ വസ്ത്രം, ആഭരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ എന്നിവയെയാണ് ഈ തീരുമാനം പ്രധാനമായും ബാധിച്ചത്.
റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി തുടരുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ വ്യാപാര നിയമങ്ങൾ പ്രകാരം ഏർപ്പെടുത്തിയ ഈ ‘ പ്രതികാരച്ചുങ്കം തീരുവ (Penalty Tariff) ഇന്ത്യയുടെ വ്യാപാര മിച്ചത്തെ (Trade Surplus) വലിയ തോതില്‍ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഈ നയമാറ്റം തമിഴ്‌നാട്ടിലെ തിരുപ്പൂർ വസ്ത്ര നിർമ്മാണ മേഖലയെയും സൂററ്റിലെ രത്നവ്യാപാര കേന്ദ്രങ്ങളെയും കേരളത്തിലെ സമുദ്രോത്പന്ന മേഖലയേയും ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം
2025 ജനുവരിയിൽ അധികാരമേറ്റതിന് പിന്നാലെ ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറുന്നതായി ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. കോവിഡ്19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നൽകുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നായ അമേരിക്കയുടെ പിന്മാറ്റം ആഗോള ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കക്ക് ആക്കം കൂട്ടി.

2024–25 കാലയളവിൽ ലോകാരോഗ്യ സംഘടനയുടെ മൊത്തം ബജറ്റ് ഏകദേശം 680 കോടി ഡോളറായിരുന്നു. സംഘടനയുടെ ആകെ വരുമാനത്തിന്റെ 18 ശതമാനത്തോളം (2022-23 കണക്കുകൾ പ്രകാരം) അമേരിക്കയിൽ നിന്നുള്ള ധനസഹായമായിരുന്നു. ഈ ഫണ്ട് നിലയ്ക്കുന്നത് ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങളിലെ പോളിയോ നിർമ്മാർജ്ജനം, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള ഈ തീരുമാനം ആഗോള ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരതയെ ബാധിക്കുമെന്ന് ലാൻസെറ്റ് (The Lancet) ഉൾപ്പെടെയുള്ള മെഡിക്കൽ ജേണലുകളും നിരീക്ഷിക്കുന്നു.
പശ്ചിമേഷ്യൻ നയവും പലസ്തീനും
ട്രംപ് ഭരണകൂടത്തിന്റെ നഗ്നമായ ഇസ്രായേല്‍ പക്ഷപാതം പക്ഷെ അമേരിക്കയുടെ എക്കാലത്തേയും നിലപാടിന്‍റെ തുടര്‍ച്ച തന്നെയാണ്. ഗാസയിലെ സൈനിക നടപടികൾക്കിടെ വെടിനിർത്തലിനായി അന്താരാഷ്ട്ര തലത്തിൽ ഉയർന്ന ആവശ്യങ്ങൾ അമേരിക്കൻ ഭരണകൂടം പലതവണ നിരസിച്ചിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ, ഇസ്രായേലിനെതിരെയുള്ള പ്രമേയങ്ങൾ അമേരിക്ക തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് തടയുന്നത് വാർത്തയല്ലാതായിട്ട് കാലങ്ങളായി.
ഗാസയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം മുന്നോട്ട് വെച്ച ‘വികസന പദ്ധതി’ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഗാസയെ ഒരു പ്രത്യേക സാമ്പത്തിക മേഖലയാക്കി മാറ്റുന്നതിനായി അവിടുത്തെ ജനങ്ങളെ അയൽ രാജ്യങ്ങളിലേക്ക് പുനരധിവസിപ്പിക്കാനുള്ള ഈ നിർദ്ദേശം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കുടിയേറ്റ നിയന്ത്രണവും പ്രത്യാഘാതങ്ങളും
കുടിയേറ്റം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന നിലപാട് ആവർത്തിച്ചുകൊണ്ട്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തുടക്കം മുതലേ ശ്രമിച്ചിരുന്നു. അമേരിക്കൻ പൗരന്മാരല്ലാത്തവർക്ക് നൽകിവന്നിരുന്ന ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും നിർത്തലാക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റം നിയന്ത്രിക്കുന്നത് വഴി അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാമെന്നാണ് ഭരണകൂടത്തിന്റെ വാദം.
കുടിയേറ്റ നയങ്ങളിൽ വന്ന ഈ മാറ്റം ഇന്ത്യൻ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും കാര്യമായി ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.എസിലേക്കുള്ള പുതിയ വിസ അപേക്ഷകളിൽ കടുത്ത പരിശോധനകൾ ഏർപ്പെടുത്തിയതോടെ, ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ ഇടിവുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
