
ഉത്തരേന്ത്യൻ യാചകരെക്കുറിച്ചുള്ള ‘കേരള പോലീസ് മുന്നറിയിപ്പ്’ : വർഷങ്ങളായി പ്രചരിക്കുന്ന വ്യാജപോസ്റ്റ്
റമദാൻ മാസം ആരംഭിക്കാനിരിക്കെ കേരളത്തിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു ജാഗ്രതാ നിർദ്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഉത്തരേന്ത്യയിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ള ലക്ഷക്കണക്കിന് യാചകർ കേരളത്തിലേക്ക് ഒഴുകുന്നുവെന്നും, ഇവർ മോഷണം ലക്ഷ്യമിട്ടാണ് എത്തുന്നതെന്നുമുള്ള കേരള പോലീസിന്റെ പേരിലുള്ള ‘ജാഗ്രതാ നിർദ്ദേശ’മാണത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ പ്രത്യേക ജാഗ്രത വേണമെന്നും സന്ദേശത്തിൽ പറയുന്നു. എന്താണ് ഇതിനു പിന്നിലെ വസ്തുത? പരിശോധിക്കാം.
“ജാഗ്രത പാലിക്കുക! റമദാൻ തുടങ്ങാനിരിക്കെ ഉത്തരേന്ത്യയിൽ നിന്നും ഉൾപ്പെടെ കേരളത്തിലേക്ക് വന്നത് ഒരു ലക്ഷത്തോളം വ്യാജ യാചകവൃത്തിക്കാര്‍: ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലിസ്. ഈ റമദാൻ മാസത്തില്‍ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നല്‍കി. ഇവരില്‍ പലരുംകൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ ഇവർ വന്നാല്‍ വാതില്‍ തുറക്കാതെ അവരെ പറഞ്ഞു വിടണമെന്നും പൊലിസ് അറിയിച്ചു.” –
പോസ്റ്റിലെ വിവരണം ഇങ്ങനെ തുടങ്ങുന്നു.
ഒരാഴ്ച്ചക്കിടയില്‍ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ ഒരു ലക്ഷത്തോളം ഇതര സംസ്ഥാനക്കാർ റമദാൻ മാസത്തില്‍ യാചിക്കാനും റമദാനില്‍ നോമ്പെടുത്തു അവശരായവരെ കീഴ്പെടുത്തി കവർച നടത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ് പോസ്റ്റിൽ പറയുന്നത്. വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information” സൗകര്യം വിനിയോഗിക്കാം എന്നും യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നൽകണം എന്നെല്ലാമാണ് പോസ്റ്റിൽ പറയുന്നത്. ജനുവരി മാസം മുതലേ ഈ പോസ്റ്റ് പ്രചരിക്കുന്നതായി അന്വേഷണത്തിൽ മനസിലായി.
5000 ൽ അധികം ഫോളോവേഴ്സ് ഉള്ള Azeem Nilamel എന്ന അക്കൗണ്ടിൽ നിന്നുമാണ് ഈ പോസ്റ്റ് ആദ്യം ഷെയർ ചെയ്തതായി മനസ്സിലായത്.

ഫെബ്രുവരി അഞ്ചിനും ആറിനും എട്ടിനും പതിനൊനിന്നും ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രചരിക്കുന്ന എല്ലാ അക്കൗണ്ടിലും ആയിരക്കണക്കിന് ഫ്രെണ്ട്സ്/ ഫോളോവേഴ്സ് ആണുള്ളത്.
അന്വേഷണത്തിൽ ഇതേ പോസ്റ്റ്, 2017 മുതലേ തന്നെ പ്രചരിക്കുന്നുണ്ടെന്ന് വ്യക്തമായി. 2018 ലും 2019 ലും 2024 ലും ഒക്കെ ഈ പോസ്റ്റ് ഇതേ രീതിയിൽ പ്രചരിച്ചിട്ടുണ്ട്.

ഈ പോസ്റ്റിൻ്റെ വസ്തുത അറിയുന്നതിനായി, കേരള പോലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സന്ദർശിച്ചു. അതിൽ, പ്രസ്തുത പോസ്റ്റ് വ്യാജമാണ് എന്ന് കേരള പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. പോലീസിന്റെ പേരിൽ വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

റമദാൻ മാസത്തിൽ ഉത്തരേന്ത്യൻ യാചകർ മോഷണത്തിനായി എത്തുന്നു എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം പൂർണ്ണമായും വ്യാജമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്ന ഈ പോസ്റ്ററിന് കേരള പോലീസുമായി യാതൊരു ബന്ധവുമില്ല. പോലീസിന്റെ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്തും വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുമാണ് ഇത്തരം സാമൂഹ്യ മാധ്യമ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്.
ഇത്തരം സന്ദേശങ്ങൾ ലഭിക്കുമ്പോൾ അവയുടെ സത്യാവസ്ഥ ബോധ്യപ്പെടാതെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാതിരിക്കുക. ക്രമസമാധാനം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾക്കായി കേരള പോലീസിന്റെ വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ മാത്രം ആശ്രയിക്കുക.
