
വിദ്വേഷം പുകയുന്ന ഇന്ത്യ: പോയ വർഷത്തെ വിദ്വേഷ പ്രചാരണങ്ങളുടെ കണക്കുമായി ഇന്ത്യ ഹേറ്റ് ലാബ്
രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാഭൂരിപക്ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 98 ശതമാനം വിദ്വേഷ പ്രസംഗങ്ങളും മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. വിദ്വേഷ പ്രസംഗം നടത്തുന്ന നേതാക്കളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ആഭ്യന്തര മന്ത്രി അമിത് ഷായും യു പി മുഖ്യമന്ത്രി യോഗിയും.
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ 88 ശതമാനവും നടന്നത് ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സ്റ്റഡി ഓഫ് ഹേറ്റിന്റെ ‘ഇന്ത്യ ഹേറ്റ് ലാബ്’ (ഐ എച്ച് എൽ) പ്രൊജക്റ്റ് ജനുവരി 13ന് പുറത്തു വിട്ട റിപ്പോർട്ടിൽ നിന്നാണ് ഈ വിവരം. 2025ൽ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇന്ത്യ ഹേറ്റ് ലാബ് നടത്തിയ വിവരശേഖരണത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. ഒരു ദിവസം നാല് വിദ്വേഷ പ്രസംഗങ്ങളാണ് ശരാശരി രാജ്യത്ത് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
1,318 ‘വിദ്വേഷ പ്രസംഗങ്ങളാണ് 2025ൽ ഇന്ത്യയിൽ നടന്നതെന്ന് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 1,163 എണ്ണം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു.
മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗങ്ങളിൽ 98 ശതമാനവും മുസ്ലിങ്ങളെ ലക്ഷ്യം വച്ചുള്ളവയായിരുന്നു. 2024 ൽ നിന്ന് പന്ത്രണ്ട് ശതമാനത്തോളം വർധനവാണിത്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വിദ്വേഷ പ്രചാരണങ്ങളും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് ഐ എച്ച് എൽ റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ, ആദ്യ പത്തു സ്ഥാനങ്ങളിൽ ആഭ്യന്തര മന്ത്രി അമിത്ഷായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടുന്നു.
മുന്നിൽ സംഘപരിവാർ തന്നെ
ഉത്തർ പ്രദേശ് (266 ഹേറ്റ് സ്പീച്ചുകൾ), മഹാരാഷ്ട്ര (172), മധ്യ പ്രദേശ് (172), ഉത്തരാഖണ്ഡ് (155), ഡൽഹി (76) എന്നീ സംസ്ഥാനങ്ങളിളാണ് ഏറ്റവും കൂടുതൽ ഹേറ്റ് സ്പീച്ചുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2024ൽ റിപ്പോർട്ട് ചെയ്തതിൽ നിന്ന് 25 ശതമാനം കൂടുതലാണിത്.

പരിവാർ സംഘടനകളായ വിശ്വ ഹിന്ദു പരിഷതും ബജ്രംഗ് ദലുമാണ് ഏറ്റവുമധികം വിദ്വേഷ പ്രസംഗങ്ങൾക്ക് വേദി ഒരുക്കിയത്. മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗങ്ങളിൽ 22 ശതമാനവും സംഘടിപ്പിച്ചത് ഇവരാണ്.
ഏറ്റവുമധികം വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ വ്യക്തികളിൽ ഒന്നാമത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ദാമിയാണ്. 71 ഹേറ്റ് സ്പീച്ചുകളാണ് ഇയാൾ നടത്തിയത്. ആദ്യ പത്തിലുള്ള ബാക്കിയെല്ലാവരും ബി ജെ പിയുടെ മന്ത്രിമാരോ, സംഘ പരിവാറുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള വ്യക്തികളോ ആണ്.

‘ഹേറ്റ് സ്പീച്ചു’കളുടെ സ്വഭാവമെന്ത്?
മുസ്ലിങ്ങൾ എക്കാലവും ‘നുഴഞ്ഞുകയറ്റക്കാരാണ്’, ഹിന്ദു-ഭൂരിപക്ഷ രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ് എന്ന് തുടങ്ങി, ഹിന്ദു ദേശീയവാദത്തിന്റെ പ്രധാന ആശയങ്ങൾ തന്നെയാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷപ്രസംഗങ്ങളുടെയും ഉള്ളടക്കം എന്ന് ഐ എച്ച് എൽ പറയുന്നു. ഇത്തരം ആശയങ്ങൾ ‘ജിഹാദ്’ പോലെയുള്ള ഗൂഡലോചനാ സിദ്ധാന്തങ്ങളിലൂടെയാണ് ഇവർ പ്രചരിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളെ ഹിന്ദു സംസ്കാരത്തെ ആക്രമിക്കുന്നവരായി ചിത്രീകരിക്കുന്നതാണ് ഈ വിദ്വേഷ പ്രസംഗങ്ങളുടെ ഉള്ളടക്കം.
“ലവ് ജിഹാദ്”, “ഭൂമി ജിഹാദ്” തുടങ്ങിയ ഗൂഡാലോചനാ സിദ്ധാന്തങ്ങൾ ശക്തമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. മുസ്ലീങ്ങൾ ആരാധനാലയങ്ങൾ നിർമ്മിച്ചും കൂട്ടപ്രാർത്ഥനകൾ സംഘടിപ്പിച്ചുമെല്ലാം പൊതുഭൂമിയും വനഭൂമിയും സർക്കാർ ഭൂമിയും കൈയേറുന്നു എന്ന് അവകാശപ്പെടുന്ന ഗൂഢാലോചന സിദ്ധാന്തമാണ് ഭൂമി ജിഹാദ്.

അക്രമത്തിന് പരസ്യമായി ആഹ്വനം ചെയ്യുന്ന സംഭവങ്ങളും രാജ്യത്ത് ഗണ്യമായി കൂടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ പരസ്യമായി അധിക്ഷേപിക്കുക, അവരെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യുക, ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും ആരാധനാലയങ്ങളും നശിപ്പിക്കാൻ ആഹ്വാനം ചെയ്യുക, ഹിന്ദുക്കളോട് ആയുധമെടുക്കാൻ ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങൾ ഇന്ത്യയിൽ സർവ സാധാരണമായി കഴിഞ്ഞിരുക്കുന്നുവെന്നും ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
“ചിതലുകൾ”, “ഇത്തിക്കണ്ണികൾ”, “പ്രാണികൾ”, “പന്നികൾ”, “ഭ്രാന്തൻ പട്ടികൾ”, “പച്ചപ്പാമ്പുകൾ”, “ചോരക്കൊതിയന്മാരായ സോമ്പികൾ” തുടങ്ങിയ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചാണ് ന്യൂനപക്ഷങ്ങളെ വിശേഷിപ്പിക്കുന്നത്. ഇത്തരം പദപ്രയോഗങ്ങൾ ഉൾപ്പെടുന്ന 141 വിദ്വേഷ പ്രസംഗങ്ങൾ പോയ വർഷം നടന്നതായി റിപ്പോർട്ടിൽ പറയുന്നു.
വർദ്ധിച്ചു വരുന്ന ക്രിസ്ത്യൻ വിരോധം
2025 ജനുവരി ഒന്നിന്, മധ്യ പ്രദേശിലെ ജാബുവയിൽ വിശ്വ ഹിന്ദു പരിഷദ് സംഘടിപ്പിച്ച ‘ശൗര്യ യാത്ര’യിൽ ബജ്റംഗ് നേതാവ് ആസാദ് പ്രേം സിംഗ് ആ ഗ്രാമത്തെ “ഹിന്ദു ഭൂമി”യായി പ്രഖ്യാപിച്ചു. ക്രിസ്ത്യാനികൾ അനധികൃത ഭൂമികളിൽ പള്ളികൾ നിർമിക്കുകയാണെന്ന് ആരോപിച്ചു. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെയും “ബാബരി മസ്ജിദ്” മാതൃകയാണ് നടപ്പാക്കേണ്ടതെന്നും അയാൾ പറഞ്ഞു.
തീവ്ര ഹിന്ദു വലതു പക്ഷത്തിന്റെ പ്രധാന ഇരകൾ മുസ്ലിങ്ങളാണെങ്കിലും, രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അസഹിഷ്ണുതയും അക്രമങ്ങളും 2025ൽ ഗണ്യമായി കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. അത്തരത്തിലുള്ള 162 സംഭവങ്ങളാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2024ൽ 115 ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏകദേശം 41 ശതമാനത്തിന്റെ വർദ്ധനവാണിത്.

കഴിഞ്ഞ വർഷം രാജ്യത്തെ പല ഭാഗത്തു നിന്നുമുള്ള ക്രിസ്ത്യൻ ഗ്രൂപ്പുകൾക്ക് നേരെയും സാമ്പത്തിക ബഹിഷ്‌ക്കരണമുണ്ടായി. അവരുടെ പള്ളികൾ വ്യാപകമായി തകർക്കപ്പെട്ടു. പുരോഹിതരും കന്യസ്ത്രീകളും ആക്രമിക്കപ്പെട്ടു.
ക്രൈസ്തവർ നടത്തുന്ന ജീവകാരുണ്യ പ്രവൃത്തികളും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളും, നിർബന്ധിത മത പരിവർത്തനത്തിനുള്ള മാർഗമായി വ്യാഖ്യാനിക്കുകയാണ് ഈ വിദ്വേഷ പ്രചാരകർ ചെയ്യുന്നതെന്നാണ് ഇന്ത്യ ഹേറ്റ് ലാബിന്റെ വിലയിരുത്തൽ.
രാം നവമി മുതൽ പഹൽഗാം വരെ
“നിങ്ങൾ ഈ ആധാർമികളെ തീർക്കണം! നിങ്ങളെല്ലാവരും ആയുധമെടുക്കണം!” ഏപ്രിൽ 23ന് ഉത്തർ പ്രദേശിൽ വച്ചു നടന്ന ഒരു പരിപാടിയിൽ ശിവ ശക്തി അഖണ്ഡയുടെ നേതാവ് മധുറാം ശരൺ ശിവ പരസ്യമായി ആഹ്വാനം ചെയ്തു. ഹിന്ദുക്കൾ യുദ്ധത്തിന് തയ്യാറാവണമെന്നും മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കണമെന്നും അയാൾ പറഞ്ഞു.
2025 ഏപ്രിലിൽ മാത്രം 158 വിദ്വേഷ പ്രസംഗങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏപ്രിലിൽ നടന്ന രാം നവമി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രകളും, പഹൽഗാം ഭീകരാക്രമണവും വിദ്വേഷ പ്രചാരണങ്ങളുടെ പ്രഭവ കേന്ദ്രങ്ങളായി മാറി.
ഏപ്രിൽ ഇരുപത്തി രണ്ടിനും മെയ് ഏഴിനുമിടയിൽ 98 വിദ്വേഷ പ്രചാരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പഹൽഗാം ആക്രമണത്തിന് ശേഷം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സജീവമായ സംഘർഷങ്ങൾ തുടങ്ങുന്നത് വരെയുള്ള കാലയളവായിരുന്നു ഇത്.
സാമൂഹ്യ മാധ്യമങ്ങൾ വിദ്വേഷ പ്രചാരണങ്ങളുടെ വിളനിലങ്ങളോ?
വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുക, ഓൺലൈനായി അവ വ്യാപിപ്പിക്കുക എന്നത് ഇന്ത്യയിലെ തീവ്ര വലതു പക്ഷത്തിന്റെ പ്രധാന ആയുധമായി മാറിയെന്ന് പഠനം നിരീക്ഷിക്കുന്നു. നേരിട്ടുള്ള സമ്മേളനങ്ങളിലും ജാഥകളിലും നടത്തുന്ന പ്രസംഗങ്ങൾ ഓൺലൈനായുള്ള പ്രചാരണം കൂടി മനസ്സിൽ വച്ചു കൊണ്ടാണ് നടത്തുന്നത് എന്നും റിപ്പോർട്ട് കൂട്ടി ചേർക്കുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ആണ് ഏറ്റവുമധികം ഹേറ്റ് സ്പീച്ചുകൾക്ക് വേദിയായത്. ഇത്തരം വീഡിയോകൾ ആദ്യം ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്യുകയും പിന്നീട് ചെറിയ റീലുകളായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.

96 ശതമാനം ഹേറ്റ് സ്പീച്ചുകളും ആദ്യം സാമൂഹ്യ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതോ ലൈവ് സ്ട്രീം ചെയ്യപ്പെട്ടതോ ആണ്. ഇതിൽ 71 ശതമാനവും ഫേസ്ബുക്കിലാണ് ആദ്യം പങ്കു വച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വർഷമായ 2024ൽ ഹേറ്റ് സ്പീച്ചുകളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടം ഉണ്ടായിരുന്നു. എന്നാൽ 2025ൽ ഇത് വീണ്ടും വർധിക്കുകയാണ് ചെയ്തത്. വിദ്വേഷ പ്രചാരണങ്ങൾ തെരെഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ട് സംഭവിക്കുന്നതല്ലെന്നും, ഇത് രാഷ്ട്രീയ ഭരണ നിർവഹണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായി മാറിയിരിക്കുന്നുവെന്നും പഠനം നിരീക്ഷിക്കുന്നു.

ഹിന്ദുത്വ ദേശീയത, വിദ്വേഷ പ്രചാരണത്തെ പൂർണ്ണമായും അവരുടെ പ്രവർത്തന സംവിധാനത്തിന്റെയും പൊതു ജീവിതത്തിന്റെയും ഒഴിച്ച് കൂടാനാവാത്ത ഭാഗമാക്കി കഴിഞ്ഞുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. “ഇത് ഇന്ത്യയിലെ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വിവേചനത്തിനും, പതിവായുള്ള ശാരീരിക ആക്രമണങ്ങൾക്കും ഇടയാക്കുന്ന ഗുരുതരമായ സാഹചര്യത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്”, ഇന്ത്യ ഹേറ്റ് ലാബ് പറയുന്നു.
