
മന്ത്രി വീണാജോർജിനെ പോലീസ് തല്ലിയോ? ഫാക്ട് ചെക്ക്
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെ എസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെ, ആരോഗ്യ മന്ത്രി വീണാ ജോർജിന് കഴുത്തിനും കൈക്കും പരിക്കേറ്റിരുന്നു. പോലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ, സിപിഎം സംസ്ഥാനത്തെങ്ങും വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരുൾപ്പെടെ സിപിഎം നേതൃത്വത്തിലുള്ള നിരവധിപേർ സൈബർ ഇടത്തിലും മന്ത്രിക്ക് പിന്തുണയുമായെത്തി.
മറുവശത്ത്, മന്ത്രിക്ക് നേരെ കയ്യേറ്റം നടന്നിട്ടില്ല എന്ന തരത്തിൽ കെ എസ് യുവിന്റെ വാദവും നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പമാണ് ചില എ ഐ ദൃശ്യങ്ങളുടെ പ്രചാരണവും സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്നത്. മന്ത്രിയെ ആക്രമിച്ചത് കെ എസ് യു വിദ്യാർത്ഥികൾ അല്ല, മറിച്ച് കേരള പോലീസ് ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ ആണവ. മന്ത്രി ആക്രമിക്കപ്പെട്ട അതേദിവസം തന്നെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മന്ത്രിയെ വനിതാ പോലീസ് കയ്യേറ്റം ചെയ്യുന്നതായി തോന്നുന്ന ചിത്രം ആണത്. എന്നാൽ, സോഷ്യൽ മീഡിയയിൽ വൈറലായ ആ ചിത്രം യാഥാർത്ഥമാണോ? ഒബിസി അന്വേഷിച്ചു.
9,702 ഫോളോവേഴ്സ് ഉള്ള ‘സിബി’ എന്ന ഒരു എക്സ് അക്കൗണ്ടിലൂടെ പ്രചരിച്ച പോസ്റ്റിലെ ക്യാപ്ഷൻ ഇങ്ങനെയാണ്.
“പൊലീസുകാരി കഴുത്തിന് പിടിച്ചിട്ട് അത് കെഎസ്‌യുക്കാരുടെ പെടലിക്ക് വെക്കുകയാണ് അല്ലേ… കമ്മികളെ…ആരോഗ്യമന്ത്രിയെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തു അത്രയേ ഉള്ളൂ…”

പോലീസുകാരുടെ മർദനമേറ്റാണ് മന്ത്രിക്ക് പരിക്കേറ്റത് എന്ന് വരുത്താനുള്ള ശ്രമം ആണ് ഈ പോസ്റ്റ് നടത്തുന്നത്.
ചിത്രത്തിലെ പൊലീസുകാരിയുടെ കൈയുടെ ഘടനയും, പിറകിലെ പോലീസുകാരൻ്റെ മുഖവും എല്ലാം ചിത്രം എ ഐ നിർമ്മിതമാണോ എന്ന സംശയുമുണ്ടാക്കുന്നതാണ്. എന്നാൽ, ആദ്യ കാഴ്ച്ചയിൽ ഇത് മനസിലാവണമെന്നില്ല.
ഈ പോസ്റ്റ്, എത്രത്തോളം പ്രചരിച്ചിട്ടുണ്ട് എന്ന് മനസ്സിക്കുന്നതിനായി പോസ്റ്റിൻ്റെ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അതിലൂടെ ഫേസ്ബുക്കിലും എക്സിലും ചിത്രം വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി.
2,693 ഫോളോവേഴ്സ് ഉള്ള ‘ലീഡർ’ എന്ന അക്കൗണ്ടിലും ചിത്രം പ്രചരിക്കുന്നതായി കാണാം. ഈ അക്കൗണ്ടിൽ നിന്ന് മാത്രം 3,000ത്തിലധികം പേരാണ് പോസ്റ്റ് കണ്ടത്.
“പരിയാരം മെഡിക്കൽ കോളേജിലെ കത്രികയുടെ എണ്ണം എടുക്കാൻ പറയണം അഡ്മിറ്റ് ചെയ്യുന്നതിൻ്റെ മുൻപ്” എന്നുള്ള മന്ത്രിയെ കളിയാക്കുന്ന ക്യാപ്‌ഷനാണ് പോസ്റ്റിനുള്ളത്.
1,68,000 ഓളം ഫോളോവേഴ്സ് ഉള്ള ‘മലപ്പുറത്തെ ലീഗുകാർ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലും ഈ ചിത്രം പ്രചരിച്ചിട്ടുണ്ട്.

“ആളെ കിട്ടി മുൻ കെഎസ്‌യുക്കാരി ആണോ എന്നാണ് ഇനി അറിയേണ്ടത്” എന്നാണ് പോസ്റ്റിലെ വിവരണം.
2,56,000 ൽ അധികം ഫോളോവേഴ്സ് ഉള്ള ‘പോരാളി വാസു’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലും ചിത്രം പ്രചരിക്കുന്നുണ്ട്.
“പൊലീസായാലും ക്ഷമിക്കുന്നതിന് ഒരു പരിധിയില്ലേ” എന്നാണ് ഇതിനു താഴെയുള്ള ഒരു കമന്റ്.
എ ഐ ചിത്രത്തിന്റെ ഉറവിടം
ചിത്രം എവിടെ നിന്നാണ് വന്നത് എന്ന് ഞങ്ങൾ കണ്ടെത്തി . കോൺഗ്രസ് അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ‘Madhu M Raman’ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ എ ഐ നിർമിത ചിത്രം ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ടത് . ഈ അക്കൗണ്ടിന് പതിനായിരത്തോളം ഫോളോവേഴ്സ് ഉണ്ട്. മന്ത്രി ആക്രമിക്കപ്പെട്ടതിനു ശേഷം, രാത്രി 10:56 നാണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്.

പണി പാളി എന്ന് മനസ്സിലായത് കൊണ്ടാവാം, ഫെബ്രുവരി 26 നു പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം മാറ്റി മറ്റൊന്നിട്ടതായി കണ്ടെത്തി.

വൈറലായ ചിത്രത്തിൽ, ‘Kerala 9 Multimedia’ എന്നൊരു വാട്ടർ മാർക്ക് കാണാം. അത് സെർച്ച് ചെയ്തപ്പോൾ, ഇപ്പോൾ വൈറൽ ആകുന്ന എ ഐ ചിത്രത്തിൻ്റെ യഥാർത്ഥ പതിപ്പ് കണ്ടെത്താൻ കഴിഞ്ഞു ..
‘KERALA 9’ എന്ന വെബ് പോര്‍ട്ടലില്‍ മന്ത്രി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തയുണ്ട്.

ഈ പോർട്ടലിൽ വന്ന ഈ യഥാർത്ഥ ചിത്രം എടുത്താണ്, പോലീസ് മർദ്ദിക്കുന്നതായി തോന്നിക്കുന്ന എ ഐ ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രം എ ഐ നിര്‍മിതമാണ് എന്ന് ഉറപ്പുവരുത്തുന്നതായിരുന്നു അടുത്തപടി. അതിനായി എ ഐ ഡിറ്റക്ഷൻ ടൂള്‍ ആയ ഹൈവ് മോഡറേഷൻ ഉപയോഗിച്ചു.

പ്രചരിക്കുന്ന ചിത്രം 99.9 ശതമാനവും എ ഐ നിര്‍മിതമാണ് എന്നായിരുന്നു ഡിറ്റക്ഷൻ ടൂളിന്റെ നിഗമനം.
അതായത്, മന്ത്രി ആക്രമിക്കപ്പെട്ടതിന് ശേഷം വാര്‍ത്താ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു ചിത്രത്തിന്റെ, എ ഐ നിര്‍മിതമായ വ്യാജ ചിത്രമാണ് ചില കോൺഗ്രസ്സ്/ലീഗ് പോരാളികള്‍ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടു കൂടി പ്രചരിപ്പിക്കുന്നത്.
