മലബാർ ഗോൾഡിനെതിരായ സൈബർ ആക്രമണം; ആരോപണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?

മലബാർ ഗോൾഡിനെതിരായ സൈബർ ആക്രമണം; ആരോപണങ്ങൾക്ക് പിന്നിലെ സത്യമെന്ത്?

പാക്കിസ്ഥാനി ഇന്‍സ്റ്റഗ്രാം  താരം അലിഷ്ബ ഖാലിദുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ വഴി ബഹിഷ്കരണഭീഷണി നേരിടുകയാണ് കോഴിക്കോട് കേന്ദ്രമായി പ്രവത്തിക്കുന്ന ജ്വല്ലറി സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. വിദ്യാർത്ഥികൾക്കായി മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളർഷിപ്പ്, മുസ്ളീം  വിദ്യാർഥികൾക്ക് മാത്രം നല്‍കുന്നു എന്ന ആരോപണവും ഇതിനൊപ്പം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്കോളർഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി മലബാർ ഗ്രൂപ്പിന്റെ വേദിയില്‍, നിൽക്കുന്ന പർദ്ദ ധരിച്ച ഒരു കൂട്ടം പെൺകുട്ടികളുടെ ഫോട്ടോയും ഇതോടൊപ്പമുണ്ട്. 

2025 ഒക്ടോബർ 16 ന് എക്സ് അക്കൗണ്ടിൽ  പോസ്റ്റ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ അടിക്കുറിപ്പ് ശ്രദ്ധിക്കുക:

Only facts എന്ന സ്വതന്ത്ര ഫാക്ട് ചെക്കിങ് മാധ്യമത്തിലെ ഒരു സാമൂഹ്യ പ്രവർത്തകനെയും റിപ്പോർട്ടറെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്.

“ബ്രേക്കിംഗ് ന്യൂസ്, ഹിന്ദുക്കളെ, ഉണരൂ! മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന കമ്പനിയുടെ ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ സത്യങ്ങൾ പുറത്തുകൊണ്ടുവന്ന വിജയ് ഗജേരയ്ക്ക് ഒപ്പം നിൽക്കേണ്ട സമയമാണിത്. പഹൽഗാം ആക്രമണത്തിന് ശേഷവും ഒരു പാകിസ്താൻ ഇൻഫ്ലുവൻസറെ ജ്വല്ലറി പ്രമോഷന് വേണ്ടി നിയമിക്കാൻ കേരളം ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിൻ്റെ തലവൻ എം പി ശാം ലാലിന് എങ്ങനെയാണ് ധൈര്യം ലഭിച്ചത്? ഇയാള്‍ എന്തുതരം ഇന്ത്യാക്കാരനാണ് ? ബിസിനസ്സുകാരെന്ന് നടിക്കുന്ന പാകിസ്ഥാന്‍ അനുകൂലികള്‍. മുസ്ലീം സമുദായത്തിന് മാത്രം സ്കോളർഷിപ്പ് കൊടുക്കുന്ന പക്ഷപാതികൾ. അവര്‍ ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തീര്‍ച്ചയായും അവര്‍ ഹിന്ദുക്കള്‍ക്കൊപ്പോ ഇന്ത്യക്കൊപ്പമോ അല്ല. നിങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ മലബാർ ഗോൾഡിനെ ബഹിഷ്കരിക്കുക. രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ അപമാനിക്കുന്ന, ജനങ്ങളെ വിഭജിക്കുന്ന കമ്പനിക്ക് ഒരു രൂപ പോലും കൊടുക്കാതിരിക്കുക. എല്ലാ ഹിന്ദുക്കളുടെയും അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യുക, ഇന്ത്യാ വിരോധികളെ തുറന്ന് കാണിക്കുക” 

ഒക്ടോബര്‍ 18 വരെ പോസ്റ്റ് 3,40,700 പേരിലേക്കെത്തിയിട്ടുണ്ട്.   അവരില്‍  13,000 പേര്‍ ഈ പോസ്റ്റിന് ലൈക്ക് നല്‍കി.

2025 ഒക്ടോബർ 16 ന് വൈറലായ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

സമാന അടിക്കുറിപ്പോടെ @ssaratht @AmitLeliSlayer എന്നീ എക്സ് അക്കൗണ്ടുകളിലും ഇത് പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ചിത്രം വൈറലായിരുന്നു.

വസ്തുതയെന്ത്?

വസ്തുത പരിശോധിക്കാനായി, Malabar gold&diamonds, scholarship എന്നീ കീ വേർഡുകൾ ഉപയോഗിച്ച് യൂട്യൂബ് സേർച്ച് ചെയ്തുനോക്കി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ 2023 ജനുവരി 21ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് അപ്പോൾ ലഭിച്ചത്. വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പരിപാടി – സിഎസ്‌ആർ ഇനിഷ്യേറ്റിവ് – മലബാർ ഗ്രൂപ്പ് എന്ന തലക്കെട്ടിലുള്ള ആ വീഡിയോ ദൃശ്യത്തിന്റെ 1:03 ആം മിനിറ്റിൽ വൈറൽ ചിത്രം ദൃശ്യമായി. 

യൂട്യൂബ് ചാനലിൽ 2023 ജനുവരി 21 ന് പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യത്തിൽ കാണുന്ന വൈറൽ ഫോട്ടോ, സ്ക്രീൻ ഷോട്ട് 

യൂണിഫോം ധരിച്ച പെൺകുട്ടികൾ സ്‌കോളർഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി സ്റ്റേജിൽ നിൽക്കുന്നതാണ് ദൃശ്യത്തിലുള്ളത്.  എന്നാൽ, വൈറൽ ഫോട്ടോയിൽ കാണുന്ന പോലെ പർദ്ദ ധരിച്ച ഒരു പെൺകുട്ടിപോലും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. 
സ്കോളർഷിപ്പിന്റെ വിശദാംശങ്ങൾ മനസിലാക്കാനായി മലബാർ ഗ്രൂപ്പിന് കീഴിലുള്ള മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചിരുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള, സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പഠനാവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ സ്‌കോളർഷിപ്പ് എന്ന് മനസിലായി. പ്രത്യേക മത വിഭാഗത്തിൽ നിന്നുള്ള കുട്ടികളെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയതെന്നും വെബ്‌സൈറ്റിൽ നിന്ന്  വ്യക്തമാണ്.

മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കാണുന്ന സ്‌കോളർഷിപ്പ് മാനദണ്ഡത്തിന്റെ സ്ക്രീൻഷോട്ട്.

സർക്കാർ സ്‌കൂളുകളില്‍ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കാണ് മലബാർ ട്രസ്റ്റ് സ്‌കോളർഷിപ്പ്  ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിൽ മതപശ്ചാത്തലം  മാനദണ്ഡമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ മലബാർ ഗ്രൂപ്പിനെതിരെ ഒരു വിഭാഗം നടത്തുന്ന സൈബര്‍ പ്രചാരണം  വസ്തുതാവിരുദ്ധമാണ്.

സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top