
മനോരമ ഇങ്ങനെ വിമർശിക്കുമോ?വസ്തുത പരിശോധിക്കാം
കേരള സർക്കാർ നടപ്പിലാക്കിയ അതി ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ പശ്ചാത്തലത്തിൽ, സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകളുടെയും വീഡിയോകളയുടെയും കുത്തൊഴുക്കാണ്. മനോരമ ന്യൂസ് അവതാരകയായ നിഷ പുരുഷോത്തമന്റെ അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പ്രഖ്യാപനത്തെ തടസ്സപ്പെടുത്താനുള്ള കോൺഗ്രസ്സിന്റെ നീക്കത്തെ നിഷ രൂക്ഷമായി വിമർശിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്ന് ഫേസ്ബുക്കിലൂടെ നിഷ തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു.
‘എത്ര മൂടി വച്ചാലും സത്യം പറയാതിരിക്കാൻ കഴിയില്ലല്ലോ, മനോരമ ആണെങ്കിൽ പോലും’ എന്ന അടിക്കുറിപ്പോടെ 2025 ഒക്ടോബർ 31നാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കു വയ്ക്കപ്പെടുന്നത്. സംസ്ഥാനത്തു വികസനം കൊണ്ട് വരാനുള്ള സർക്കാർ ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിന് നിഷ കോൺഗ്രസ്സിനെ വിമർശിക്കുന്നത് വീഡിയോയിൽ കാണാം. 4900ഓളം ഷെയറുകളും 1600ഓളം ലൈക്കുകളുമാണ് പോസ്റ്റിനു ലഭിച്ചത്.

വസ്തുതയെന്ത്?
സൂക്ഷ്മമായി പരിശോധിച്ചതിൽ നിന്ന്, മനോരമ ന്യൂസിലെ ‘കൗണ്ടർ പോയിന്റ്’ എന്ന പരിപാടിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്ന് മനസ്സിലായി. തുടർന്ന്, ‘കൗണ്ടർ പോയിന്റ്’, ‘നിഷ പുരുഷോത്തമൻ’ എന്നീ കീവേർഡുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയപ്പോൾ മനോരമ ന്യൂസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഒക്ടോബർ 13ന് ഷെയർ ചെയ്ത ഒരു വീഡിയോവിൽ എത്തി. രണ്ടു വീഡിയോകളിലെയും കീ ഫ്രെയിമുകൾ പരിശോധിച്ചതിലൂടെ, വൈറൽ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ മേൽപ്പറഞ്ഞ യൂട്യൂബ് വിഡീയോയിൽ നിന്നാണെന്ന അനുമാനത്തിൽ എത്തി.

രണ്ട് വീഡിയോകളിലുമുള്ള ശബ്ദത്തിന്‍റേയും ഉച്ചാരണത്തിന്‍റേയും വ്യത്യാസവും വൈറലായ വീഡിയോയിൽ ചുണ്ടുകളുടെ ചലനത്തിലെ അസ്വഭാവികതയും വീഡിയോ കൃത്രിമമായി നിർമിച്ചതാണെന്ന് തെളിയിക്കാന്‍ പോന്നതാണ്.

നിഷ പുരുഷോത്തമൻ തന്റെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലും ഇത് വ്യാജമാണെന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കു വച്ചിരുന്നു. നവംബർ ഒന്നിലെ മനോരമ ന്യൂസ് റിപ്പോർട്ട് പ്രകാരം, ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്ന എല്ലാ അക്കൗണ്ടുകൾക്കെതിരെയും നിയമ നടപടിയെടുക്കാനും ചാനൽ തീരുമാനിച്ചിട്ടുണ്ട്.
വൈറൽ വീഡിയോ പരിശോധിച്ചതിൽ നിന്നും, അതിലെ ഓഡിയോ കൃത്രിമമായി നിർമിച്ചതാണെന്നും യഥാർത്ഥ വീഡിയോയിൽ സൂപ്പർ ഇമ്പോസ് ചെയ്തതാണെന്നും വ്യക്തമായി. അതു കൊണ്ട് ഈ വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക