
മോദിയുടെ റോഡ് ഷോയിലെ ആ ‘പ്രതിഷേധം’ എഡിറ്റഡ് ആണ്; ഒബിസി ഫാക്ട് ചെക്ക്
പുതിയ കാലത്തെ രാഷ്ട്രീയ പോരാട്ടങ്ങൾ ചുവരെഴുത്തുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ഡിജിറ്റൽ ഇടങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ്. രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാനോ പ്രതിരോധത്തിലാക്കാനോ വേണ്ടി പഴയ ചിത്രങ്ങൾ എഡിറ്റ് ചെയ്തും സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയും പ്രചരിപ്പിക്കുന്നത് ഇപ്പോൾ പതിവായി മാറിയിട്ടുണ്ട്. ചില പ്രത്യേക രാഷ്ട്രീയ ചായ്‌വുള്ള പേജുകളിലൂടെയും പ്രൊഫൈലുകളിലൂടെയും പ്രചരിക്കുന്ന ഇത്തരം പോസ്റ്റുകൾ, സത്യാവസ്ഥ പരിശോധിക്കാതെ പലരും ഏറ്റെടുക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള തലസ്ഥാന സന്ദർശന സമയത്തു നടന്ന ഒരു പ്രചാരണം.
എന്താണ് പ്രചാരണം?
ജനുവരി 23 വെള്ളിയാഴ്ചയാണ് നരേന്ദ്രമോദി തലസ്ഥാനത്തെത്തിയത്. അതേ ദിവസം തന്നെയാണ് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ പോസ്റ്റ് പ്രചരിച്ചു തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഹനത്തിൽ സഞ്ചരിക്കുമ്പോൾ, ജനക്കൂട്ടത്തിൽ നിന്നൊരാൾ അദ്ദേഹത്തിന് നേരെ അശ്ലീല ആംഗ്യം കാണിക്കുന്നു എന്ന മട്ടിലുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
“കേരളത്തിലേക്ക് സ്വാഗതം” എന്ന പരിഹാസരൂപേണയുള്ള തലക്കെട്ടോടെയാണ് ചിലർ ഇത് പങ്കുവെച്ചത്. എന്നാൽ ഈ ചിത്രത്തിന് കേരളവുമായോ പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ സന്ദർശനവുമായോ യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. പഴയ ഒരു ചിത്രത്തെ പുതിയ രാഷ്ട്രീയ സാഹചര്യവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പ്രചാരണം തെറ്റിദ്ധാരണാജനകമാണ്.
പ്രധാനമന്ത്രിയുടെ കേരള സന്ദർശന സമയത്ത്, അദ്ദേഹത്തെ രാഷ്ട്രീയമായി എതിർക്കുന്ന ചില സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ ചിത്രം പ്രധാനമായും പ്രചരിച്ചത്. 21.2K ഫോളോവേഴ്സ് ഉളള neerkadavu sakhakkal,14.8K ഫോളോവേഴ്സ് ഉളള karukutti sakhakkal, 10.2K ഫോളോവേഴ്സ് ഉളള marxist 02, 8,036 ഫോളോവേഴ്സ് ഉളള paravur squad എന്നീ അക്കൗണ്ടുകൾ തമ്മിലുള്ള ഒരു കൊളാബ് പോസ്റ്റ് ആയാണ് ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ജനുവരി ഇരുപത്തി നാലാം തീയതി വരെ, പതിനായിരത്തിലധികം പേരാണ് ഈ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുള്ളത്. നാന്നൂറിലധികം പേര് കമന്റ് ചെയ്തിട്ടുമുണ്ട്. മിക്ക കമന്റുകളും പരിഹാസം കലർന്നവയാണ്. “നടുവിരൽ നമസ്കാരം”, “അർഹതയ്ക്കുള്ളള്ള അംഗീകാരം”, “വോട്ട് കള്ളൻ” തുടങ്ങിയ കമൻ്റുകളും പോസ്റ്റിന് താഴെയുണ്ട്.
ഇതേ പോസ്റ്റ്, മറ്റൊരു തലക്കെട്ടോടെ ആയിരം ഫോളോവേഴ്സ് ഉള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും പ്രചരിച്ചതായി കാണാം.

വസ്തുതയെന്ത്?
ഇപ്പോൾ പ്രചരിക്കുന്ന ഈ ചിത്രം പുതിയതല്ലെന്നും മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ ചിലർ പങ്കുവച്ചിരുന്നുവെന്നും റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ മനസിലായി. എക്‌സിലും ഇൻസ്റ്റാഗ്രാമിലും 2024 ൽ ഈ എഡിറ്റഡ് ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


ചിത്രം എഡിറ്റഡ് ആണെന്ന് തെളിയിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളും അതോടൊപ്പം ലഭിച്ചു. 2019 മേയ് മാസത്തിലെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോർട്ടിലും അതേ വർഷത്തെ ഇക്കണോമിക്ക് ടൈംസിന്റെ മറ്റൊരു റിപ്പോർട്ടിലും ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. അതായത്, ഏഴു വര്‍ഷം മുന്‍പത്തെ ചിത്രമാണ് വീണ്ടും വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദർശനവുമായി ഒരു ബന്ധവും ഇല്ലാത്ത ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ളതും എഡിറ്റ് ചെയ്തതുമായ ഒരു ചിത്രമാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്താൻ ചില സൈബർ ഹാൻഡിലുകൾ ഉപയോഗിച്ചത് എന്നാണ് ഒബിസിയുടെ വസ്തുതാന്വേഷണത്തിൽ മനസിലായത്.
