നവ്യ ഹരിദാസ്  മുഖ്യമന്ത്രിയുടെ അനന്തരവനെ തോൽപിച്ചുവോ? കേരളത്തിന് പുറത്ത് പ്രചരിക്കുന്ന വീഡിയോ പറയുന്നതെന്ത്? 

നവ്യ ഹരിദാസ്  മുഖ്യമന്ത്രിയുടെ അനന്തരവനെ തോൽപിച്ചുവോ? കേരളത്തിന് പുറത്ത് പ്രചരിക്കുന്ന വീഡിയോ പറയുന്നതെന്ത്? 

ഇക്കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ എഴുപതാം വാർഡായ കാരപറമ്പിൽ വിജയിച്ചത് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയായ നവ്യ ഹരിദാസാണ്. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചതോടെ ദേശീയ ശ്രദ്ധ നേടിയ നവ്യയുടെ ഈ വിജയം കേരളത്തിന് പുറത്തുള്ള ചില സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ആഘോഷിച്ചത് മറ്റൊരു തലത്തിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനന്തരവനെ തോൽപ്പിച്ചാണ് നവ്യ ഹരിദാസ് തിരഞ്ഞെടുപ്പിൽ ജയിച്ചത് എന്നാണ് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലെ അവകാശവാദം. സമാനമായ ഉള്ളടക്കമുള്ള മറ്റു ചില പോസ്റ്റുകളും വിവിധ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പ്രചരിക്കുന്നുണ്ട്.

“ശബരിമലയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയ പിണറായി വിജയന്റെ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്ത നവ്യ ഹരിദാസ്, അദ്ദേഹത്തിന്റെ അനന്തരവനെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയിരിക്കുന്നു” എന്നാണ് ഈ പോസ്റ്റുകളിൽ പറയുന്നത്. എന്നാൽ, നവ്യ മത്സരിച്ച കാരപ്പറമ്പ് വാർഡിലെ സ്ഥാനാർത്ഥി പട്ടിക പരിശോധിക്കുമ്പോൾ ഈ പ്രചാരണം പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാകും.

“ശബരിമലയ്ക്കെതിരെ ഗൂഢാലോചന നടത്തിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുടുംബത്തെ നശിപ്പിക്കും എന്ന് ആഹ്വാനം ചെയ്ത നവ്യാ ഹരിദാസ് പിണറായി വിജയന്റെ അനന്തരവനെ പരാജയപ്പെടുത്തി തൻ്റെ കാവി ശക്തി തെളിയിച്ചിരിക്കുന്നു” എന്ന് തെലുങ്കിൽ എഴുതിയ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഡിസംബർ 16ന് പ്രചരിച്ചിരുന്നു. 12,000 ത്തിൽ അധികം ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ട് ആണിത്. 

ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്

പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രയിമുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ, ഇതേ വീഡിയോ മറ്റു ചില ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയും  പ്രചരിച്ചതായി മനസിലാക്കി. 

21,000 ഫോളോവേഴ്സ് ഉള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും സമാന തലവാചകത്തോടെ, പോസ്റ്റ് പ്രചരിച്ചതായി കാണുന്നു. “BJP4ViksitBharat, #sabarimala എന്നീ ഹാഷ് ടാഗുകൾ പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് 

16000 ഫോളോവേഴ്സ് ഉള്ള മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലും ഈ വീഡിയോ കാണാം. എല്ലാ പോസ്റ്റുകളിലും ഒരേ തലക്കെട്ട് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.

ഡിസംബർ 16ലെ  ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് 

ത്രെഡ്‌സിലും വീഡിയോ പ്രചരിച്ചിട്ടുണ്ട്.

വസ്തുതയെന്ത്?

വീഡിയോയിലെ അവകാശവാദങ്ങൾക്ക് അടിസ്ഥാനമൊന്നുമില്ലെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ മനസിലാകുന്നത്. നവ്യ ഹരിദാസ് ജയിച്ച കാരപ്പറമ്പ് വാർഡിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനന്തരവനോ മറ്റേതെങ്കിലും ബന്ധുവോ മത്സരിച്ചിട്ടേയില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ ഔദ്യോഗിക രേഖകൾ പ്രകാരം, കാരപ്പറമ്പ് വാർഡിൽ നവ്യ ഹരിദാസിന്റെ പ്രധാന എതിരാളികൾ കോൺഗ്രസ് സ്ഥാനാർഥി ഷീജ കനകനും, ആർ.ജെ.ഡി സ്ഥാനാർഥി ഹാഷിത ടീച്ചറുമായിരുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ നവ്യ തോൽപ്പിച്ചത് പിണറായി വിജയന്റെ കുടുംബാംഗത്തെയാണ് എന്ന അവകാശവാദം തെറ്റാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ വിവരങ്ങൾ, സ്ക്രീൻഷോട്ട് 

പ്രചരിക്കുന്ന വീഡിയോയിൽ ജനം ടിവിയുടെ മുദ്ര കാണാം. ജനം ടിവി, നവ്യ ഹരിദാസ് എന്ന് കീ വേർഡ് സെർച്ച് ചെയ്തപ്പോൾ ഇത് ഉറപ്പുവരുത്താനായി. ഒക്ടോബർ 16 നു നടന്ന മഹിളാ മോർച്ച സമ്മേളനത്തിന്റെ  ജനം ടിവി വാർത്തയാണിത്. ഇതിൽ ആഗോള അയ്യപ്പ സംഗമത്തെ കുറിച്ചും സ്വർണ്ണക്കടത്തിനെ കുറിച്ചും നവ്യ സംസാരിക്കുന്ന വീഡിയോ ശകലമാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോട് കൂടി വീണ്ടും പ്രചരിക്കുന്നത്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേണലിസ്റ്റ് ട്രെയ്നിയാണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top