ക്ഷേത്ര പരിസരത്ത് പോലീസ് ലാത്തിപ്രയോഗം നടത്തിയോ? 

ക്ഷേത്ര പരിസരത്ത് പോലീസ് ലാത്തിപ്രയോഗം നടത്തിയോ? 

കഴിഞ്ഞ ദിവസം, തമിഴ്നാട്ടിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരെ  പോലീസ് ലാത്തി വീശി ഓടിക്കുന്ന മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ, അന്വേഷണത്തിൽ ഈ വീഡിയോ അഞ്ച് വർഷം മുമ്പുള്ളതാണ് എന്ന് കണ്ടെത്തി. കോവിഡ്-19 വ്യാപനത്തിന്റെ സമയത്ത്, സർക്കാർ നിയന്ത്രണങ്ങൾ പാലിക്കാത്തതിനെ തുടർന്നുണ്ടായ പോലീസ് നടപടിയുടെ ദൃശ്യങ്ങളാണിത്.

2025 ഡിസംബർ എട്ടിനാണ് വീഡിയോ പ്രചരിച്ചു തുടങ്ങുന്നത്. “ഡി എം കെ യ്ക്ക് വോട്ട് ചെയ്ത തമിഴരുടെ വിധി, ടാസ്മാക്കിനും (തമിഴ്നാട്ടിലെ  സര്‍ക്കാര്‍  ഉടമസ്ഥതയിലുള്ള മദ്യവിപണന കമ്പനി) അഞ്ഞൂറ് രൂപയ്ക്കും വേണ്ടി ഇനിയും അവർ വോട്ട് ചെയ്യും” എന്ന തമിഴിൽ ഉള്ള തലക്കെട്ടോടെയാണ് പ്രചാരണം.

എക്‌സിൽ പ്രചരിക്കുന്ന വീഡിയോ, സ്ക്രീൻഷോട്ട് 

“വിശ്വാസികളെ തല്ലിച്ചതക്കുന്ന വീഡിയോ. ഹിന്ദുക്കൾ തങ്ങളുടെ തെറ്റുകൾ തിരുത്തണം, ഇനി ഒരിക്കലും ഒരു ഹിന്ദു വിരുദ്ധ സർക്കാരിന് വോട്ട് ചെയ്യരുത്” എന്നുള്ള അടിക്കുറിപ്പോടെ ഡിസംബർ ഒൻപതിനും ഇതേ  വീഡിയോ എക്സിൽ പ്രചരിച്ചിരുന്നു. തമിഴ്നാട് ബിജെപി നേതാവ് അണ്ണാമലൈയെ ടാഗ് ചെയ്ത് കൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിച്ചിട്ടുള്ളത്. അണ്ണാമലൈയുടെ ആരാധകൻ എന്നാണ് അക്കൗണ്ട് ഉപയോക്താവ് സ്വയം അവകാശപ്പെടുന്നത്. 1070 പേരാണ് ഡിസംബർ പതിനാറാം തിയതി വരെ വീഡിയോ എക്സിൽ കണ്ടത്. 

എക്‌സിൽ പ്രചരിക്കുന്ന വീഡിയോ, സ്ക്രീൻഷോട്ട് 

മറ്റൊരു യൂട്യൂബ് ചാനൽ വഴിയും വീഡിയോ പ്രചരിക്കുന്നുണ്ട്. “സാധാരണക്കാരെ മർദിക്കുന്ന പൊലീസ് നടപടി കോളിളക്കം സൃഷ്ടിക്കുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ യൂട്യൂബിൽ പ്രചരിക്കുന്നത്. എന്നാൽ, ഒബിസിയുടെ വസ്തുതാ പരിശോധനയിൽ, വീഡിയോ 2020 ലേതാണെന്ന് കണ്ടെത്തി.

വസ്തുതയെന്ത്?

ആദ്യ കാഴ്ചയിൽ തന്നെ വീഡിയോ കോവിഡ് സമയത്തുള്ളതാണ് എന്ന് തിരിച്ചറിയാനായി. മുപ്പത് സെക്കന്റുള്ള വീഡിയോയുടെ പന്ത്രണ്ടാം സെക്കൻ്റിൽ കൊറോണ വൈറസ് എന്ന് ഒരാൾ പറയുന്നത് കേൾക്കാം.

 വസ്തുത പരിശോധിക്കുന്നതിനായി, വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു നോക്കിയപ്പോൾ, അഞ്ച് വർഷം മുൻപുള്ള ചില വീഡിയോകൾ ലഭിച്ചു. 2700 ൽ അധികം അംഗങ്ങൾ ഉള്ള ‘ഗ്ലോബൽ ഇന്ത്യൻസ് കൊറോണ വൈറസ് പ്രിപ്പയെർഡൻസ് ഗ്രൂപ്പ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് ഇതേ വീഡിയോ 2020 മാർച്ച് 29 ന് പങ്കുവച്ചിരുന്നു. 

“തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിലെ പോലീസ് നടപടി, പ്രശ്നത്തിൻ്റെ ഗൗരവം ആളുകൾ മനസ്സിലാക്കുകയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നാണ് പ്രചരിച്ച പോസ്റ്റിലെ കുറിപ്പ്.

2020 ലെ ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട് 

#CoronaLockdown #coronavirusinindia എന്നീ ഹാഷ്ടാഗുകളോടെ ഇതേ വീഡിയോയുടെ മറ്റൊരു പോസ്റ്റും മാർച്ച് 29 ന് എക്‌സിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു.

2020 ന് എക്‌സിൽ പങ്കുവയ്ക്കപ്പെട്ട പോസ്റ്റ്, സ്ക്രീൻഷോട്ട് 

 കോവിഡ് സമയത്ത് സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് ക്ഷേത്രത്തിൽ പൂജയ്ക്ക് ഒത്തുകൂടിയ ആളുകൾക്കെതിരെയാണ് പോലീസ് ലാത്തി പ്രയോഗം നടത്തിയത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. 

അഞ്ച് വർഷം മുൻപുള്ള വീഡിയോ ആണ്, തെറ്റിദ്ധാരണ പരത്തുന്ന അടിക്കുറിപ്പുകളോടെ ഇപ്പോൾ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്നതാണ് ഒബിസിയുടെ വസ്തുതാ പരിശോധനയിൽ നിന്നും മനസിലായത്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേണലിസ്റ്റ് ട്രെയ്നിയാണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top