പൗരസ്വാതന്ത്ര്യം തകർക്കുന്ന യു.എ.പി.എ; ശിക്ഷാ നിരക്ക് വെറും മൂന്നു ശതമാനം 

പൗരസ്വാതന്ത്ര്യം തകർക്കുന്ന യു.എ.പി.എ; ശിക്ഷാ നിരക്ക് വെറും മൂന്നു ശതമാനം 

വിചാരണയോ ജാമ്യമോ ഇല്ലാതെ പൗരന്മാരെ ജയിലിൽ അടക്കാൻ, ഭരണകൂടത്തിന്റെ ഏറ്റവും ശക്തമായ ആയുധമാണ് യു എ പി എ എന്ന നിയമം. ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് വെറും മൂന്ന് ശതമാനം മാത്രമാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന ഈ നിയമം എത്രത്തോളം ഭരണഘടനാ വിരുദ്ധമാണ് എന്ന് തെളിയിക്കുന്നതാണ് യൂണിയൻ സർക്കാർ സഭയിൽ വെച്ച ഈ കണക്കുകൾ.

രാജ്യത്ത് യു എ പി എ (UAPA) നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ ശിക്ഷിക്കപ്പെടുന്നത് വെറും മൂന്ന് ശതമാനം പേർ മാത്രമെന്ന് യൂണിയൻ സർക്കാരിന്റെ കണക്കുകൾ. ലോക്സഭാ എം.പി. ഷാഫി പറമ്പിൽ ഡിസംബർ രണ്ടിന്, സഭയിൽ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം, 2019 മുതൽ 2023 വരെയുള്ള അഞ്ച് വർഷത്തിനിടെ 10,440 പേരെയാണ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിൽ കേവലം 335 പേർക്ക് മാത്രമാണ് (ഏകദേശം 3.2%) ശിക്ഷ ലഭിച്ചിട്ടുള്ളത്. അതായത്, കുറ്റം തെളിയിക്കപ്പെടാതെയോ വിചാരണ പൂർത്തിയാകാതെയോ ഇന്ത്യൻ ജയിലുകളിൽ കഴിയുന്നത് 10,105 പേരാണ്. വിവിധ സംസ്ഥാനങ്ങളിലായി, വർഷം തോറും അറസ്റ്റുകളുടെ എണ്ണം കൂടുമ്പോഴും കോടതികളിൽ കുറ്റം തെളിയിക്കപ്പെടുന്ന കേസുകൾ വളരെ കുറവാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും യു എ പി എ കേസുകൾ കുറവല്ലെന്ന് രാജ്യസഭയിൽ വെച്ച കണക്കുകൾ തെളിയിക്കുന്നു. 

ഏറ്റവും കൂടുതൽ കേസുകൾ ഉത്തർപ്രദേശിൽ

 സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ യു എ പി എ അറസ്റ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ഉത്തർപ്രദേശിലാണ്. അഞ്ചുവർഷത്തിനിടെ 2,805 പേരാണ് അവിടെ അറസ്റ്റ് ചെയ്യപ്പെട്ടത്. എന്നാൽ, 222  കേസുകളിൽ മാത്രമാണ് ശിക്ഷ ലഭിച്ചിട്ടുള്ളത്. അസം, മണിപ്പൂർ, തമിഴ്നാട്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ശിക്ഷാനിരക്ക് വളരെക്കുറവാണ്. ഉത്തർപ്രദേശ് കഴിഞ്ഞാൽ, മണിപ്പൂരാണ് പട്ടികയിൽ രണ്ടാമതുള്ളത്. ഇവിടെ 1,168 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ശിക്ഷിക്കപ്പെട്ടതാകട്ടെ, ഒരേയൊരാളും. അത് 2022 ലാണ്. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ജാർഖണ്ഡിൽ , 501 പേർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ 23 പേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. തമിഴ്നാട്ടിൽ അഞ്ച് വർഷത്തിനിടെ  418 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും 21 പേരാണ് ശിക്ഷിക്കപ്പെട്ടത്. അസമിലും വർഷംതോറും അറസ്റ്റുകൾ നടക്കുന്നുണ്ടെങ്കിലും, ശിക്ഷ ലഭിക്കുന്ന കേസുകൾ അപൂർവമാണ്. ബിഹാറിലും സ്ഥിതി സമാനമാണ്. അഞ്ച് വർഷത്തിനിടെ 163 പേർ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ആറുപേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. കേരളത്തിൽ അഞ്ച് വർഷത്തിനിടെ, 126 യു എ പി എ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു കേസിലും ശിക്ഷ ലഭിച്ചിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും വിചാരണ തടവുകാരുടെ എണ്ണത്തിലും ശിക്ഷാ നിരക്കിലും വലിയ അന്തരം പ്രകടമാണ്.

ജമ്മു കാശ്മീരിലെ യു എ പി എ രാജ് 

വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഞ്ചു വർഷത്തെ മൊത്തം കണക്ക് പരിശോധിക്കുമ്പോൾ, 3,750 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടതായി കാണുന്നത്. ഇതിൽ ഭൂരിഭാഗവും ജമ്മു കാശ്മീരിൽ നിന്നാണ്, 3,662 പേർ. ഇതിൽ ശിക്ഷ ലഭിച്ചിട്ടുള്ളത് 23 പേർക്ക് മാത്രമാണ്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ, ഇതുവരെ 88 പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി ഡാറ്റ കാണിക്കുന്നു. ഇതിൽ 24 പേർക്ക് ശിക്ഷ ലഭിച്ചു. 

ബിജെപി ഇതര സംസ്ഥാനങ്ങളിലെ യു എ പി എ പ്രയോഗം

യു എ പി എ പ്രകാരമുള്ള അറസ്റ്റുകൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ലെന്നും ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2019 മുതൽ 2023 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങി ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും യു എ പി എ കേസുകളുടെ എണ്ണം കൂടുതൽ തന്നെയാണ്. കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളും അതിനുദാഹരണമാണ്. കേരളത്തിൽ 2019ൽ മാത്രം 25 പേരും, 2022ൽ 52 പേരും ഈ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്. തമിഴ്‌നാട്ടിൽ 2019ൽ മാത്രം 308 പേരെയാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിൽ 2023ൽ 15 പേർ അറസ്റ്റിലായപ്പോൾ രണ്ടുപേർക്കാണ് ശിക്ഷ ലഭിച്ചത്. പഞ്ചാബിൽ 2022ൽ 86 പേരും 2023ൽ 50 പേരും യു എ പി എ പ്രകാരം  അറസ്റ്റിലായിട്ടുണ്ട്. രാഷ്ട്രീയ ഭേദമന്യേ വിവിധ സംസ്ഥാന സർക്കാരുകൾ യു എ പി എ നിയമം പ്രയോഗിക്കുന്നുണ്ട് എന്നാണ് ഇത്തരം കണക്കുകൾ കാണിക്കുന്നത്. 

വിചാരണയില്ലെന്ന അനീതി 

വിചാരണ തടവുകാരാണ്‌ ഇന്ത്യന്‍ ജയിലുകളില്‍ ഏറ്റവും കൂടുതലുള്ളത്. ഇന്ത്യ ഡാറ്റ മാപ്പ് എന്ന വിവരാധിഷ്ഠിത പ്ലാറ്റ്‌ഫോമിന്റെ, 2025 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ വിചാരണത്തടവുകാരുടെ എണ്ണം ഏകദേശം 4,39,000 ആണ്, അതായത് മൊത്തം തടവുകാരുടെ 76 ശതമാനം. 2025 ലെ ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ട് (IJR) പ്രകാരം, രാജ്യത്തെ മൊത്തം വിചാരണത്തടവുകാരിൽ 42 ശതമാനവും ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. ഇതിൽ ഏകദേശം 11,448 വിചാരണത്തടവുകാർ അഞ്ച് വർഷത്തിലധികമായി തടവറകളിലാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്ന.. 2030 ആകുമ്പോഴേക്കും വിചാരണത്തടവുകാരുടെ ജനസംഖ്യ മാത്രം 5.26 ലക്ഷം ആകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി (NALSA) യുടെ 2020-ലെ കണക്കുകള്‍ പ്രകാരം, കേരളത്തിലെ ജയിലുകളിൽ കഴിയുന്ന 59 ശതമാനം പേരും വിചാരണത്തടവുകാരാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.

 ഭീമ കൊറേഗാവ് – എൽഗാർ പരിഷത് കേസിൽ അഞ്ചുവർഷത്തോളം ജയിലിൽ കഴിഞ്ഞ മലയാളിയും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായ ഹാനി ബാബുവിന് ഈ ഡിസംബർ നാലാം തിയതിയാണ് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യു എ പി എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് അറസ്റ്റിലായ ഹാനി ബാബു, വിചാരണയില്ലാതെയാണ് വർഷങ്ങളോളം തടങ്കലിൽ കഴിഞ്ഞത്. 

ഭീമ കൊറഗാവ് കേസില്‍ മാത്രം, അക്കാദമീഷ്യന്മാര്‍, ആക്ടിവിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ പതിനാറു പേരെയാണ് സർക്കാർ ജയിലിലടച്ചത്. അഞ്ചര വര്‍ഷമെങ്കിലും ഭരണകൂടം അവരെ തടവിലിട്ടു. അതിൽ ഒരാളായ ഫാദർ സ്റ്റാൻ സാമി കോവിഡ് ബാധിതനായി ജയിലിൽ വെച്ച് മരിച്ചു. ഡൽഹി കലാപ കേസിൽ, യു എ പി എ ചുമത്തപ്പെട്ട്, ജയിലിൽ കഴിയുന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം വിചാരണയോ ജാമ്യമോ ഇല്ലാതെ  നീളുന്ന നീതി നിഷേധത്തിന്റെ മറ്റൊരു ഇരയാണ്.  

 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top