
യൂണിയൻ സർക്കാരിന്റെ വായ്പാ പദ്ധതിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമം; വൈറൽ പരസ്യത്തിന്റെ വസ്തുതയെന്ത്?
തൊഴിൽ രഹിതരായ യുവാക്കൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം നൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി റോസ്ഗാർ യോജനയുമായി (PMRY) ബന്ധപ്പെട്ട ഒരു പരസ്യം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിച്ചിരുന്നു. പദ്ധതി പ്രകാരം, ഇപ്പോൾ വ്യക്തികൾക്ക് അയ്യായിരം രൂപ ലഭിക്കുന്നു എന്നാണ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പരസ്യം പറയുന്നത്. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥാപനങ്ങൾ ഒന്നും തന്നെ ഇത്തരമൊരു സാമ്പത്തിക ധനസഹായത്തെ കുറിച്ചുള്ള ഒരു വിവരങ്ങളും പങ്കുവച്ചിട്ടില്ല എന്ന് അന്വേഷണത്തിൽ നിന്നും മനസിലായി.

ഫേസ്ബുക്കിൽ പ്രചരിച്ച റീൽ, സ്ക്രീൻഷോട്ട്
“പ്രധാനമന്ത്രിയുടെ തൊഴിൽ പദ്ധതിയിലൂടെ അയ്യായിരം രൂപ വരെ നിങ്ങൾക്ക് ഇപ്പോൾ ലഭിക്കും” എന്ന് ഹിന്ദിയിൽ എഴുതിയ പരസ്യ ചിത്രമാണ് ഡിസംബർ 12 നും 13 നുമായി ഫേസ്ബുക്കിൽ റീലായി പ്രചരിച്ചത് (ഇപ്പോൾ ഇത് നീക്കം ചെയ്തതായി കാണുന്നു). പോസ്റ്ററിൽ, കേന്ദ്ര സർക്കാർ മുദ്രയും കാണാം. “ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ആനുകൂല്യങ്ങൾ കൈപ്പറ്റാം” എന്നാണ് വീഡിയോയിൽ പറയുന്നത്.
ക്ലെയിംസം 15 (Claimsome 15) എന്ന ബിസിനസ് പേജിൻ്റെ പ്രൊമോഷൻ വഴിയാണ് ഈ പരസ്യ വീഡിയോ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ മെറ്റ പ്രചരിപ്പിച്ചത്. ഡിസംബർ 15 വരെ, 1100 ലൈക്കുകളും 43 ഷെയറുകളും ആണ് ഈ പരസ്യ വീഡിയോയ്ക്ക് ലഭിച്ചത്. रोजगार योजना (റോസ്ഗാർ യോജന) എന്ന മറ്റൊരു ഫേസ്ബുക്ക് പേജ് വഴിയും സമാന വീഡിയോ ഡിസംബർ 8 മുതൽ 10 വരെ പ്രചരിച്ചിട്ടുണ്ട്. മറ്റൊരു ഫേസ്ബുക്ക് ഉപയോക്താവും ഈ വീഡിയോ ഷെയർ ചെയ്തായി കാണുന്നുണ്ട്.

ഡിസംബർ 12 മുതൽ 13 വരെ പ്രചരിച്ച പരസ്യം സ്ക്രീൻഷോട്ട്

ഡിസംബർ 8 മുതൽ 10 വരെ പ്രചരിച്ച പരസ്യം, സ്ക്രീൻഷോട്ട്

വസ്തുതയെന്ത്?
ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിച്ച രണ്ട് പരസ്യചിത്രങ്ങളും പരിശോധിച്ചപ്പോൾ രണ്ടും ഒരേ വെബ്സൈറ്റിലേക്കാണ് ഉപയോക്താക്കളെ നയിക്കുന്നത് എന്ന് മനസിലായി. “vintagevoguenation.club” എന്ന വെബ്സൈറ്റ് ആണത്. അതിൽ, Lorem ipsem എന്ന പ്ലേസ് ഹോൾഡർ ടെക്സ്റ്റ് മാത്രമാണ് കാണാൻ കഴിഞ്ഞത്. ഗ്രാഫിക് ഡിസൈൻ, വെബ് ഡെവലപ്മെൻ്റ് എന്നിവയിൽ യഥാർത്ഥ ഉള്ളടക്കം ചേർക്കുന്നതിന് മുൻപായി താൽക്കാലികമായി ഉപയോഗിക്കുന്ന അർത്ഥമില്ലാത്ത വാചകങ്ങളാണ് ലോറം ഇപ്സം. ഫെബ്രുവരി 20 ന് നിർമിച്ച vintagevoguenation.club എന്ന ഡൊമൈൻ നാമം ഒക്ടോബർ 21 ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് പരിശോധനയിൽ ഒബിസിക്ക് മനസിലായി. 2026 ഫെബ്രുവരി 20 നാണ് ഈ വെബ്സൈറ്റ് കാലഹരണപ്പെടുന്നത്.

വെബ്‌പേജിന്റെ സ്ക്രീൻഷോട്ട്
കൂടാതെ, വീഡിയോയിൽ കേൾക്കുന്ന ശബ്ദം എ ഐ നിർമ്മിതമാണ് എന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

എ ഐ ഡിറ്റക്ഷൻ ഫലം, സ്ക്രീൻഷോട്ട്
Claimsome 15 പരസ്യ ചിത്രത്തിൻ്റെ വിശകലനം
2021 സെപ്റ്റംബർ 5 ന് നിർമിക്കപ്പെട്ട Claimsome 15 എന്ന അക്കൗണ്ട് നിരവധി പരസ്യങ്ങളാണ് നൽകിയിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട വീഡിയോയുടെ നിരവധി പോസ്റ്റുകൾ ആ അക്കൗണ്ടിൽ ഉണ്ടായിരുന്നു. സമാന വെബ് പേജും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം.
മെറ്റ ആഡ് ലൈബ്രറി (Meta Add Library)യിലെ About the disclaimer എന്ന സെക്ഷനിൽ, പരസ്യ വിതരണക്കാരൻ്റെ ഫോൺ നമ്പർ, ഇമെയിൽ വിലാസം, അഡ്രസ്സ് എന്നീ വിവരങ്ങൾ ലഭ്യമായിരുന്നു. +917381733185, എന്ന ഫോൺ നമ്പരും kewra1193@gmail.com എന്ന മെയിൽ ഐഡിയും ആണ് കൊടുത്തിട്ടുള്ളത്. കൊൽക്കത്തയാണ് സ്ഥലം.
മെറ്റ പരസ്യം, സ്ക്രീൻഷോട്ട്

About the disclaimer ൽ കൊടുത്തിട്ടുള്ള വിവരം, സ്ക്രീൻഷോട്ട്
रोजगार योजना എന്ന പേജിലെ പരസ്യത്തിൻ്റെ വിശകലനം
2021 സെപ്റ്റംബർ അഞ്ചിനു തന്നെയാണ് रोजगार योजना എന്ന പേജും നിർമ്മിച്ചിട്ടുള്ളത് എന്ന് മനസ്സിലായി. Special Corner 6 എന്ന പേരിലാണ് അക്കൗണ്ട് തുടങ്ങിയതെങ്കിലും, 2025 നവംബർ 16ന് रोजगार योजना എന്ന് പേര് മാറ്റുകയായിരുന്നു. ഈ പേജിൽ, പ്രധാനമന്ത്രി റോസ്ഗർ യോജന, പ്രധാനമന്ത്രി മുദ്ര യോജന എന്നീ പദ്ധതികളുടെ പരസ്യങ്ങൾ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു.

പേജിന്റെ പേര് മാറ്റം വരുത്തിയിരിക്കുന്നു, സ്ക്രീൻഷോട്ട്


रोजगार योजना എന്ന സൈറ്റിൽ പ്രചരിച്ച മെറ്റ പരസ്യങ്ങൾ, സ്ക്രീൻഷോട്ട്

रोजगार योजना എന്ന സൈറ്റിൽ പ്രചരിച്ച PMMY യുടെ മെറ്റ പരസ്യം, സ്ക്രീൻഷോട്ട്
+918948551067 എന്ന ഫോൺ നമ്പരും gram08298@gmail.com എന്ന മെയിൽ ഐഡിയും ആണ് പരസ്യ വിതരണക്കാരൻ ഉപയോഗിച്ചുള്ളതെന്ന് About the disclaimer സെക്ഷനിൽ നിന്നും മനസിലായി. കൊൽക്കത്ത തന്നെയാണ് നൽകിയിരിക്കുന്ന സ്ഥലം.

About the disclaimer എന്ന സെക്ഷൻ, സ്ക്രീൻഷോട്ട്
ധനസഹായത്തെക്കുറിച്ചുള്ള സത്യാവസ്ഥയെന്ത്?
പരസ്യ ചിത്രത്തിൽ വാഗ്ദാനം ചെയ്തതുപോലെ, പദ്ധതിയുടെ ഭാഗമായി ആളുകൾക്ക് യാതൊരു ധനസഹായവും നൽകുന്നില്ലെന്നതാണ് സർക്കാർ പദ്ധതികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിച്ചപ്പോൾ വ്യക്തമായത്. പ്രചരിച്ച പരസ്യ ചിത്രത്തെ സാധൂകരിക്കുന്ന പ്രസ് റിലീസ്സുകളോ മാധ്യമ റിപ്പോർട്ടുകളോ അന്വേഷണത്തിൽ ലഭ്യമായതുമില്ല.
തൊഴിൽ രഹിതരായ യുവാക്കൾക്ക് നിർമാണം, ബിസിനസ്, സേവന – വ്യാപാര മേഖലകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുക എന്നതാണ് പ്രധാനമന്ത്രി റോസ്ഗർ യോജനയുടെ പ്രധാന ലക്ഷ്യം. ചെറുകിട സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വായ്പാ പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന (PMMY). 20 ലക്ഷം വരെയാണ് ലഭിക്കുന്ന ലോൺ തുക. വാണിജ്യ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ (RRB), സ്മാൾ ഫിനാൻസ് ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ (MFI), എൻബിഎഫ്സികൾ (NBFC) എന്നിവയിലൂടെയാണ് ഈ വായ്പകൾ ലഭ്യമാക്കുന്നത്.
വ്യക്തിഗത മുദ്ര വായ്പകൾ അനുവദിക്കുന്നില്ല എന്നാണ് PMMY വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. ബാങ്കുകൾ, എൻബിഎഫ്സികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവ വഴിയാണ് ലോണുകൾ കൊടുക്കുന്നതെന്നും അതിനായി ഏജന്റുകളെയോ ഇടനിലക്കാരെയോ മുദ്ര ലിമിറ്റഡ് നിയോഗിച്ചിട്ടില്ല എന്നും അവർ വ്യക്തമാക്കുന്നുണ്ട്.
5000 രൂപ വാഗ്ദാനം ചെയ്തുകൊണ്ട് ഇപ്പോൾ പ്രചരിച്ച പരസ്യ വീഡിയോ വലിയൊരു സാമ്പത്തിക തട്ടിപ്പിന്റെ മുന്നോടിയാവാം എന്നതാണ് ഒബിസിയുടെ അന്വേഷണത്തിൽ നിന്നും മനസ്സിലായത്.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക