
‘‘ഭൂമിയിൽ നിന്ന് അകന്നു പോയ സൂര്യൻ’’ വൈറൽ ആകുന്ന ശാസ്ത്രവിരുദ്ധത
സൂര്യൻ അകന്നു പോയോ? അത് മൂലം മനുഷ്യരാകെ ജലദോഷവും പനിയും വന്ന് വശം കെട്ടിരിക്കുകയാണോ? പോഷാകാഹാരം കഴിച്ച് ഈ പ്രശ്നത്തെ നേരിടാൻ പറ്റുമോ? അഫിലിയൻ എന്ന പ്രതിഭാസത്തെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവിവരങ്ങളെകുറിച്ച് ഒരു വസ്തുതാന്വേഷണം.
ശാസ്ത്ര സംബന്ധിയായ വ്യാജ വാർത്തകൾക്ക് ‘വാട്സപ് യൂണിവേഴ്‌സിറ്റി’ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് . ഏതെങ്കിലും ഒരു ശാസ്ത്ര പ്രതിഭാസത്തെ മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി, പരിഭ്രാന്തിയും ആശങ്കയും പടർത്തുന്ന മുന്നറിയിപ്പുകൾ പടച്ചു വിടുകയാണ്, ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ഒരു പൊതു രീതി. സൂര്യൻ ഭൂമിയിൽ നിന്ന് അകന്ന് പോകുമെന്നും, അത് മൂലം ആളുകൾക്ക് പനിയും ജലദോഷവും വരുമെന്നും പറയുന്ന ഒരു മെസേജാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുന്ന കാലയളവായ അഫീലിയനുമായി (Aphelion) ബന്ധപ്പെടുത്തിയാണ് ഈ വ്യാജസിദ്ധാന്തം പ്രചരിപ്പിച്ചത്. അഫിലിയൻ കാരണം, സൂര്യനും ഭൂമിയും തമ്മിലുള്ള അകലം കൂടുന്നത് കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുമെന്നാണ് വാദം. ഇത് മൂലം പതിവിലും തണുപ്പായിരിക്കുമെന്നും ജലദോഷം, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നുമാണ് ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിക്കുന്ന പോസ്റ്റിലെ ഉള്ളടക്കം. ഈ സ്ഥിതി ഓഗസ്റ്റ് മാസം വരെ തുടരുമെന്ന മുന്നറിയിപ്പും പോസ്റ്റ് നൽകുന്നുണ്ട്. ഈ പ്രശ്നത്തെ നേരിടാൻ പോഷകാഹാരം കഴിക്കണമെന്ന ഉപദേശവും നൽകുന്നുണ്ട്. എന്നാൽ, ഈ പോസ്റ്റിലെ കമന്റ് സെക്ഷനിൽ തന്നെ പലരും ഉള്ളടക്കത്തിന്റെ സത്യാവസ്ഥ ചോദ്യം ചെയ്യുന്നുണ്ട്.
“നാളെ പുലർച്ചെ 5:27 മുതൽ സൂര്യൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുപോകും, ഇത് വായു തണുക്കാൻ കാരണമാകുന്നു. ഈ പ്രതിഭാസത്തെ അഫെലിയോൺ എന്ന് വിളിക്കുന്നു.” എന്ന് തുടങ്ങുന്ന പോസ്റ്റ് കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ വൈറൽ ആയിട്ടുണ്ട് സഫീറ സി കെ എന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മാത്രം ആയിരത്തിലധികം പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. ആയിരത്തി അഞ്ഞൂറോളം പേര്‍ ലൈക് ചെയ്തതായും കാണാം.
പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. പല അക്കൗണ്ടുകളും പോസ്റ്ററിന്റെ വസ്തുതാ വിരുദ്ധത ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റിൽ പറയുന്ന ഭൂമിയും സൂര്യനും തമ്മിലുള്ള അകലം പോലും തെറ്റാണ് എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നതായി കാണാം.

പോസ്റ്റിലെ ഉള്ളടക്കം പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐഎസ്ആർഓ ശാസ്ത്രജ്ഞൻ എം സിദ്ധാർത്ഥൻ ഒബിസിയോട് പറഞ്ഞു.
“ഭൂമി സൂര്യനിൽ നിന്നും ഏറ്റവും ദൂരെ എത്തുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് അഫീലിയൻ. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് എത്തുന്ന അവസ്ഥ, പെരിഹീലിയൻ. ഇത് എല്ലാ വർഷവും സംഭവിക്കുന്നതാണ്. ഭൂമി ഒരു വൃത്തത്തിലല്ല, മറിച്ച് ഒരു ദീർഘ വൃത്തത്തിലാണ് സഞ്ചരിക്കുന്നത് എന്നതാണ് കാരണം.” അദ്ദേഹം പറഞ്ഞു. പോസ്റ്റിൽ പറയുന്നതുപോലെ, സൂര്യൻ ഭൂമിയിൽ നിന്നും അകന്ന് പോവുകയല്ല ചെയ്യുന്നത്, മറിച്ച് ഭൂമിയാണ് അകലുന്നത്.
“പെരിഹീലിയൻ സമയത്ത് സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 147 ദശലക്ഷം കി.മീ ഉം അഫീലിയൻ സമയത്ത് അത് 152 ദശലക്ഷം കി.മീ ഉം ആണ്. ഫേസ്ബുക്ക് – വാട്ട്സ് ആപ്പ് പോസ്റ്റുകളിൽ പറയുന്നത് പോലെ 90,000,000 കി.മീ അല്ല ദൂരം .” അദ്ദേഹം പറഞ്ഞു.
ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഈ രണ്ടു പ്രതിഭാസങ്ങളും കരണമാകുന്നില്ലെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്‌ധൻ രാജീവൻ കെ വിലയിരുത്തുന്നത്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലമല്ല, മറിച്ച് ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നത്. ഭൂമി 23 അര ഡിഗ്രി ചരിഞ്ഞാണ് കറങ്ങുന്നത്. ഈ ചരിവാണ് ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്.” രാജീവൻ കെ ഒബിസിയോട് പറഞ്ഞു.
“സൂര്യൻ ഭൂമിയുമായി അകന്നിരിക്കുന്ന അഫീലിയൻ ശരിക്കും സംഭവിക്കുന്നത്, ജൂലായ് മാസത്തിലാണ്. ഇപ്പോൾ ശരിക്കും പെരിഹീലിയൻ ആണ്. അതായത്, ഭൂമി സൂര്യനോട് ഏറ്റവും അടുത്ത അവസ്ഥയിലാണ്. ഇത് സാധാരണ ജനുവരി മാസത്തിലാണ് സംഭവിക്കുന്നത്. ഇപ്പോൾ ഉണ്ടാകുന്ന തണുപ്പിന് ഈ പ്രതിഭാസവുമായി ഒരു ബന്ധവുമില്ല. ഇപ്പോള്‍ ശൈത്യകാലം ആയതുകൊണ്ടാണ് ആളുകൾക്ക് ജലദോഷവും ചുമയും ഒക്കെ ഉണ്ടാകുന്നത്.” രാജീവൻ കെ പറയുന്നതിങ്ങനെ.
കഴിഞ്ഞ ജൂലായ് മാസത്തിലെ മഴക്കാലത്ത് പ്രചരിച്ച പോസ്റ്റാണിതെന്നാണ് രാജീവൻ പറയുന്നത്. അന്ന് പ്രചരിച്ച പോസ്റ്റ് ആയതുകൊണ്ടാണ് ഓഗസ്റ്റ് വരെ തുടരും എന്ന് അവകാശപ്പെടുന്നത്.
ഈ വിഷയത്തില്‍ വിശദീകരണവുമായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ സയന്‍സ് പോര്‍ട്ടല്‍ ലൂക്കാ കഴിഞ്ഞ ദിവസം ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരവ്യത്യാസം എല്ലാ വർഷവും സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ്. അത് പെട്ടെന്ന് കാലാവസ്ഥയെ മാറ്റിമറിക്കുകയോ അസുഖങ്ങൾ പടർത്തുകയോ ഒന്നും ചെയ്യുന്നില്ല. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോർവേഡ് ചെയ്യുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കാൻ നാം ബാധ്യസ്ഥരാണ്. ഔദ്യോഗികമായ കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി എപ്പോഴും കാലാവസ്ഥാ വകുപ്പിന്റെയോ ദുരന്ത നിവാരണ അതോറിറ്റിയുടെയോ വിവരങ്ങളെ മാത്രം ആശ്രയിക്കുക.
