അവര്‍ നിഖാബ് ധരിച്ച് ക്രിക്കറ്റ് കളിച്ചോ?വനിതാ ക്രിക്കറ്റ് ലോകകപ്പിൽ സംഭവിച്ചതെന്ത്?

അവര്‍ നിഖാബ് ധരിച്ച് ക്രിക്കറ്റ് കളിച്ചോ?വനിതാ ക്രിക്കറ്റ് ലോകകപ്പിൽ സംഭവിച്ചതെന്ത്?

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍, ന്യൂസിലാൻഡിനെതിരായ മത്സരത്തില്‍ ബംഗ്ലാദേശി കളിക്കാര്‍ നിഖാബ് ധരിച്ച് മൈതാനത്ത് നിൽക്കുന്ന ചിത്രങ്ങൾ ചില സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിച്ചിരുന്നു. ഒക്ടോബര്‍ 10 ന് അസമിലെ ഗുവാഹത്തിയിലായിരുന്നു ഈ കളി. നിഖാബ് ധരിച്ച രണ്ട് ബാറ്റര്‍മാര്‍ ക്രീസിൽ  സംസാരിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് വൈറലായത്. ചിത്രത്തിലെ ഗ്രാഫിക്സില്‍ നിന്ന് ബാറ്റര്‍മാരുടേയും ബൌളറുടേയും പേരും വ്യക്തമാണ്.  അതു പ്രകാരം പ്രകാരം നാലാം ഓവറിന്‍റെ തുടക്കത്തിലെടുത്ത ചിത്രമാണിതെന്നും മനസ്സിാക്കാനാവും. ‘ബംഗ്ലാദേശിൽ നടക്കുന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റ്’ എന്ന അടിക്കുറിപ്പോടുകൂടി ഒക്ടോബർ 13 നാണ് ചിത്രം എക്സ് അക്കൗണ്ട് വഴി പ്രചരിച്ചത്. 21,000 ആളുകളാണ് ചിത്രം കണ്ടത്. 

ഒക്ടോബർ 13 ന് പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ സ്ക്രീൻഷോട്ട് 

ബംഗ്ലാദേശിലെ പുരുഷ ക്രിക്കറ്റ് ടീമിനെ ടാഗ് ചെയ്‌തുകൊണ്ട്‌ ഒക്ടോബർ പതിമൂന്നിന് മറ്റൊരു എക്സ് അക്കൗണ്ട് വഴിയും ചിത്രം സമാന അടിക്കുറിപ്പോടുകൂടി പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. യൂട്യൂബ്, ത്രെഡ്‌സ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും ചിത്രം പ്രചരിച്ചിരുന്നു.

വസ്തുതയെന്ത്?

ചിത്രത്തില്‍ നിന്ന് കിട്ടിയ സൂചനകള്‍ പ്രകാരം ഐസിസി വുമൺസ് വേൾഡ് കപ്പ്, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്ന കീ വേർഡുകൾ വച്ച് സെർച്ച് ചെയ്തപ്പോൾ  ഒക്ടോബർ പത്തിന്  ഗുവാഹത്തിയിലെ ബർസപ്പാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഹൈലൈറ്റ്സ് വിഡിയോ കണ്ടെത്താനായി. പ്രചാരത്തിലുള്ള വൈറല്‍ചിത്രത്തിലെ ഗ്രാഫിക്സില്‍ കാണുന്ന സ്കോര്‍ നില വച്ച് പരിശോധിച്ചപ്പോള്‍ റുബിയ ഹൈദർ ജലിക്, ഷർമിൻ അക്തർ സുപ്ത എന്നീ കളിക്കാരാണ് അന്നേരം  ക്രീസിലുണ്ടായിരുന്നത് എന്നും വ്യക്തമായി. തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഒന്നു കൂടി പരിശോധനക്ക് വിധേയമാക്കി.

ഐസിസി ഔദ്യോഗിക വെബ്സൈറ്റിൽ കണ്ട ക്രിക്കറ്റ് മാച്ച് ഹൈലൈറ്റിൻ്റെ സ്ക്രീൻഷോട്ട്

ചിത്രത്തിൽ കാണുന്ന കളിക്കാരുടെ വേഷം നിക്കാബായിരുന്നില്ല. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ബിബിസി, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമ റിപ്പോർട്ടുകളിലും നിക്കാബ് ധരിച്ച ക്രിക്കറ്റർമാരെ കണ്ടില്ല. ചിത്രം എഐ v/s ഹ്യൂമൺ ഇമേജ് ഡിറ്റെക്ടർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, അത് എ ഐ നിര്‍മ്മിത ചിത്രമാണെന്ന് മനസ്സിലായി.

എഐ ഡിറ്റെക്ഷൻ വെബ്സൈറ്റിൽ ലഭിച്ച ഫലത്തിൻ്റെ സ്ക്രീൻഷോട്ട്

വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ ബംഗ്ലാദേശ് കളിക്കാര്‍ നിഖാബ് ധരിച്ച് എത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. അത് ചില സോഷ്യൽമീഡിയ ഉപയോക്താക്കൾ പ്രചരിപ്പിച്ച എഐ നിര്‍മ്മിത ചിത്രമാണ്.

സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top