ആലപ്പുഴയിൽ നടന്നത് ‘ജിഹാദി’ ആക്രമണമല്ല; കരോൾ കാലത്തെ വ്യാജവാർത്താ നിർമിതി

ആലപ്പുഴയിൽ നടന്നത് ‘ജിഹാദി’ ആക്രമണമല്ല; കരോൾ കാലത്തെ വ്യാജവാർത്താ നിർമിതി

ക്രൈസ്തവർക്ക് നേരെ രാജ്യമെമ്പാടും വ്യാപകമായ അക്രമം നടന്ന ഒരു ക്രിസ്മസാണ് കടന്ന് പോയത്. കരോൾ സംഘങ്ങളെ ആക്രമിച്ചും കടകൾ തകർത്തും സംഘ്പരിവാർ അനുകൂലികൾ രാജ്യവ്യാപകമായി അക്രമം അഴിച്ചുവിട്ടു. പാലക്കാട് പുതുശ്ശേരിയിൽ കുട്ടികളടക്കമുള്ള കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ഒരു ബിജെപി – ആർഎസ്എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം കരോളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രാദേശികമായ ചില സംഘർഷങ്ങളുടെ ദൃശ്യങ്ങൾ  മുസ്ലിങ്ങൾക്കെതിരായ വെറുപ്പ് പടർത്താനുള്ള അവസരമായി ഉപയോഗിക്കുന്നുണ്ട്. 

ഡിസംബർ 24ന് ആലപ്പുഴ നൂറനാട് കരിമുളയ്ക്കലിൽ നടന്ന ഒരു  സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ  സാമൂഹ്യ  മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കരോൾ സംഘത്തിന് നേരെ നടന്ന ജിഹാദി ആക്രമണം എന്ന തരത്തിലാണ് 20 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ, ഒബിസി നടത്തിയ വസ്തുതാ പരിശോധനയിൽ ഇത് വ്യാജവാർത്തയാണെന്ന് വ്യക്തമായി.  

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു . രണ്ട് പ്രാദേശിക ക്ലബ്ബുകൾ തമ്മിലുണ്ടായ സംഘര്ഷമാണിതെന്നും വർഗീയമോ രാഷ്ട്രീയമോ ആയ മാനങ്ങൾ ഈ സംഭവത്തിൽ ഇല്ലെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

“ജിഹാദി ആക്രമണം. ആലപ്പുഴയിൽ കരോൾ സംഘത്തിനു നേരെ ജിഹാദി ആക്രമണം. നിരവധി സ്ത്രീകളും കുട്ടികളും പരിക്കേറ്റ് ആശുപത്രിയിൽ” എന്ന തലക്കെട്ടോടെ സതീഷ് പുലയർ എന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്. ഇതുവരെ രണ്ടായിരത്തിലധികം ആളുകൾ ഫേസ്ബുക്കിലൂടെ ഈ വീഡിയോ  കണ്ടിട്ടുണ്ട്. 158 പേർ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്.

പ്രചരിക്കുന്ന വീഡിയയുടെ സ്ക്രീൻഷോട്ട്

ഈ വീഡിയോ എത്രമാത്രം പ്രചരിച്ചിട്ടുണ്ടെന്ന് മനസിലാക്കാൻ, വീഡിയോയുടെ കീ ഫ്രയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തുനോക്കി. അപ്പോൾ, എക്സ്, റെഡിറ്റ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഹാൻഡിലുകൾ വഴി വീഡിയോ പ്രചരിച്ചതായി കണ്ടു. പല അക്കൗണ്ടുകളിലും പല തലക്കെട്ടുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പതിമൂന്നായിരത്തിലധികം ഫോളോവെർസ് ഉള്ള ഒരു എക്സ് അക്കൗണ്ടിലൂടെ വീഡിയോ പ്രചരിച്ചിട്ടുണ്ട്, രണ്ടു ലക്ഷത്തിലധികം പേരാണ് ആ വീഡിയോ കണ്ടത്.

പ്രചരിക്കുന്ന വീഡിയോയുടെ  സ്ക്രീൻഷോട്ട്

പാലക്കാട് നടന്ന സംഭവം എന്ന തരത്തിലാണ് വീഡിയോ ഒരു റെഡിറ്റ് അക്കൗണ്ട് വഴി തെറ്റായി പ്രചരിക്കുന്നത്. ബിജെപി പ്രവർത്തകരുടെ ആക്രമണം എന്നും ഡി വൈ എഫ് ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം എന്ന തരത്തിലും വീഡിയോ പ്രചരിക്കുന്നുണ്ട്. 

റെഡിറ്റിൽ പ്രചരിക്കുന്ന വീഡിയോ, സ്ക്രീൻഷോട്ട് 

വസ്തുതയെന്ത്? 

ജിഹാദി ആക്രമണം എന്ന തെറ്റായ വ്യാഖ്യാനത്തോടെ പ്രചരിക്കുന്ന ഈ വീഡിയോയുടെ യഥാർത്ഥ വസ്തുത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ദ ഹിന്ദു, ഇന്ത്യ ടുഡേ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങൾ ഈ സംഭവം സംബന്ധിച്ച് വാർത്തകൾ വന്നിട്ടുണ്ട് 

ഡിസംബർ 24 ബുധനാഴ്ച രാത്രി ആലപ്പുഴയിൽ, രണ്ട് ക്രിസ്മസ് കരോൾ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡിസംബർ 25 ലെ ഹിന്ദു റിപ്പോർട്ട്, സ്ക്രീൻഷോട്ട് 

സമകാലിക മലയാളത്തിന്റെ വാർത്തയിലും മാതൃഭൂമി നൽകിയ വീഡിയോ റിപ്പോർട്ടിലും ഈ സംഭവം രണ്ട് കരോൾ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നുണ്ട്.

മാതൃഭൂമി വാർത്ത, സ്ക്രീൻഷോട്ട് 

നൂറനാട്ട് നടന്നത് രണ്ട് പ്രാദേശിക ക്ലബ്ബുകൾ തമ്മിലുണ്ടായ സംഘർഷമാണെന്നും അതിൽ വർഗീയമോ രാഷ്ട്രീയമോ ആയ മാനങ്ങൾ ഇല്ലെന്നും  ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐ പി എസ് ഒബിസിയോട് സ്ഥിരീകരിച്ചു. “ഡിസംബർ 24-നുണ്ടായ സംഘർഷം ‘യുവ’, ‘ലിബർട്ടി’ എന്നീ രണ്ട് പ്രാദേശിക ക്ലബുകൾ തമ്മിലുള്ള വഴക്കിന്റെ ഭാഗമാണ്. യുവ ക്ലബ് സംഘടിപ്പിച്ച കരോളിനിടെ ലിബർട്ടി ക്ലബിലെ ഒരു അംഗവുമായി ഉണ്ടായ തർക്കം കയ്യേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സംഭവത്തിന് പിന്നിൽ വർഗീയമായോ രാഷ്ട്രീയമായോ ഉള്ള കാരണങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട് 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.” മോഹനചന്ദ്രൻ വ്യക്തമാക്കി. 

പ്രാദേശികമായ രണ്ട് യുവജന ക്ലബുകൾ തമ്മിലുണ്ടായ തർക്കത്തെയാണ് സോഷ്യൽ മീഡിയയിൽ വർഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നത്. കരോൾ സംഘത്തിന് നേരെ വർഗീയ ആക്രമണം നടന്നു എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേണലിസ്റ്റ് ട്രെയ്നിയാണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top