ഇലക്ടറൽ ബോണ്ട് റദ്ദാക്കിയെങ്കിലും ബിജെപിയുടെ അക്കൗണ്ടിൽ എത്തുന്നത് കോടികൾ 

ഇലക്ടറൽ ബോണ്ട് റദ്ദാക്കിയെങ്കിലും ബിജെപിയുടെ അക്കൗണ്ടിൽ എത്തുന്നത് കോടികൾ 

രാഷ്ട്രീയ പാർട്ടികൾക്ക് സ്രോതസ്സ് വെളിപ്പെടുത്താതെ സംഭാവന സ്വീകരിക്കാന്‍ അനുവദിച്ചിരുന്ന ഇലക്ടറൽ ബോണ്ടുകൾ സുപ്രീം കോടതി റദ്ദാക്കിയതിന് ശേഷവും ബിജെപിയുടെ അക്കൗണ്ടുകളിലേക്ക് എത്തിയത് കോടികൾ. ബോണ്ട് നിർത്തലാക്കിയതിന് ശേഷമുള്ള ആദ്യ സാമ്പത്തിക വർഷത്തെ (2024 – 2025) കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. കമ്മീഷനിലെ വിവര പ്രകാരം, ഈ സാമ്പത്തിക വർഷം ബിജെപിക്ക് ലഭിച്ചത് 6,088 കോടി രൂപയാണ്. തൊട്ട് മുൻപത്തെ വർഷത്തേക്കാൾ 53 ശതമാനം കൂടുതലാണിത്. ഇലക്ടറൽ ട്രസ്റ്റുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ആകെ ലഭിച്ച കോർപ്പറേറ്റ് സംഭാവനയുടെ 82 ശതമാനവും എത്തിയത് ബിജെപിയുടെ അക്കൗണ്ടിലേക്കാണ്.

20,000 രൂപയിൽ കൂടുതൽ സംഭാവന നൽകിയവരെക്കുറിച്ചുള്ള ബിജെപിയുടെ വെളിപ്പെടുത്തലും, രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനകളെക്കുറിച്ചുള്ള പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിന്റെ റിപ്പോർട്ടുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. കോൺഗ്രസടക്കമുള്ള  ഏഴ് രാഷ്ട്രീയ പാർട്ടികളും ഇലക്ടറൽ ട്രസ്റ്റുകളും കഴിഞ്ഞ മാസം സമാനമായ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നു. ഇതിനു മുമ്പത്തെ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 3,967 കോടി രൂപയായിരുന്നു. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന കുറഞ്ഞിട്ടുമുണ്ട്. കോൺഗ്രസിനു ലഭിച്ച സംഭാവന 50 ശതമാനത്തിലധികം കുറഞ്ഞു. 2023 –24 സാമ്പത്തിക വർഷത്തിൽ, 1,129 കോടി രൂപയാണ് കോൺഗ്രസിന് ലഭിച്ചിരുന്നതെങ്കിൽ, ഈ വർഷം അത് 522 കോടി രൂപയാണ്. 

മറ്റു രാഷ്ട്രീയ കക്ഷികൾക്കും മുൻ വർഷത്തെ അപേക്ഷിച്ച് സംഭാവന കുറഞ്ഞതായാണ് കണക്കുകൾ. തൃണമൂൽ കോൺഗ്രസിന് കഴിഞ്ഞ വർഷം ലഭിച്ചത്, 618.8 കോടി രൂപയാണെങ്കിൽ, ഈ വർഷത്തെ വരവ് 184.08 കോടി രൂപയാണ്. മുൻ വർഷം 580 കോടി രൂപ ലഭിച്ചിരുന്ന  ബിആർഎസിന് ഈ വര്‍ഷം 15.09 കോടി രൂപയേ കിട്ടിയുള്ളൂ. തെലുങ്കുദേശം പാർട്ടിക്ക് 85.2 കോടി രൂപ സംഭാവനയായി ലഭിച്ചു, മുൻവർഷം ഇത് 274 കോടി രൂപയായിരുന്നു. ആം ആദ്മി പാർട്ടിയാണ്  മുൻവർഷത്തേക്കാൾ കൂടുതൽ തുക സംഭാവനയായി ലഭിച്ച മറ്റൊരു പാര്‍ട്ടി. കഴിഞ്ഞ വർഷം 22.1 കോടി രൂപയാണ് ഇവർക്ക് ലഭിച്ചിരുന്നതെങ്കിൽ, ഈ വർഷത്തെ സംഭാവന 39.2 കോടിയായി വര്‍ദ്ധിച്ചു. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന മൊത്തം സംഭാവനയുടെ അറുപത് ശതമാനവും ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ്.

എന്താണ് ഇലക്ടറൽ ട്രസ്റ്റുകൾ?

രാജ്യത്ത് കമ്പനി നിയമപ്രകാരം രഡിസ്റ്റര്‍ ചെയ്ത ആര്‍ക്കും ഇലക്ടറല്‍ ട്രസ്റ്റ് രൂപീകരിക്കാം. ആദായ നികുതി നിയമത്തിന്‍റെ 17 CA വകുപ്പു പ്രകാരം പൌരന്മാര്‍ക്കോ നിയമാനുനുസരണം രൂപീകൃതമാ കമ്പനികള്‍ക്കോ ഈ ഇലക്ടറര്‍ ട്രസ്റ്റുകള്‍ക്ക് സംഭാവന നല്‍കാം.
2013 ൽ യുപിഎ സർക്കാരിൻ്റെ കാലത്ത് അവതരിപ്പിച്ച പദ്ധതിയാണിത്. തുടക്കത്തില്‍ മൂന്ന് ട്രസ്റ്റുകളാണ് നിലവില്‍ വന്നതെങ്കില്‍ 2021-22 ല്‍ ഇത് പതിനേഴായി ഉയര്‍ന്നു. 2018 ൽ എൻഡിഎ സർക്കാർ സംഭാവന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കി വക്കും വിധം ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിലേക്ക് മാറിയെങ്കിലും അത് വലിയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും വഴിവച്ചു. വിവാദങ്ങൾക്ക് പിറകെ, സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് സംവിധാനം റദ്ദാക്കുകയായിരുന്നു. 

നിയമ പ്രകാരം, ഒരു സാമ്പത്തിക വർഷം ട്രസ്റ്റിന് ലഭിക്കുന്ന സംഭാവനയുടെ 95 ശതമാനവും രാഷ്ട്രീയ പാർട്ടികൾക്ക് നൽകണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, അഞ്ച് ട്രസ്റ്റുകൾ ആയിരുന്നു സംഭാവനകൾ സ്വീകരിച്ചിരുന്നത്. 2025 ഡിസംബർ 20 വരെ, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 19 ഇലക്ടറൽ ട്രസ്റ്റുകളിൽ 13 എണ്ണത്തിന്റെയും സംഭാവനാ റിപ്പോർട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ 9 ട്രസ്റ്റുകൾ, ഈ സാമ്പത്തിക വർഷം ആകെ 3,811 കോടി രൂപ വിവിധ പാർട്ടികൾക്ക് സംഭാവന ചെയ്തതായി വെളിപ്പടുത്തിയിട്ടുണ്ട്. 2023-24 വർഷത്തിൽ ഇത് 1,218 കോടി രൂപയായിരുന്നു. ഒരു വർഷത്തിനിടെ രാഷ്ട്രീയ പാർട്ടികൾക്കുള്ള ട്രസ്റ്റ് സംഭാവനകളിൽ മൂന്നിരട്ടി വർധനയാണ് ഉണ്ടായിട്ടുള്ളത്.

വിവിധ ട്രസ്റ്റുകൾ വഴി ബിജെപിക്ക് 3,112 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. അതേസമയം, കോൺഗ്രസിന് ആകെ സംഭാവനയുടെ എട്ട് ശതമാനത്തിൽ താഴെയാണ് ലഭിച്ചത് (299 കോടി രൂപ). മറ്റ് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം കൂടി ആകെ തുകയുടെ 10 ശതമാനം (400 കോടി രൂപ) വിഹിതമാണ് ലഭിച്ചിട്ടുള്ളത്.

15 രാഷ്ട്രീയ പാർട്ടികൾക്കായി 2,668 കോടി രൂപ വിതരണം ചെയ്ത പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സ്ഥാപനമാണ്. 2,180.07 കോടി രൂപയാണ് ഈ ട്രസ്റ്റ് ബിജെപിക്ക് മാത്രമായി നൽകിയത്. കോൺഗ്രസിന് 216.3 കോടി രൂപയും തൃണമൂൽ കോൺഗ്രസിന് 92 കോടി രൂപയും വൈഎസ്ആർ കോൺഗ്രസിന് 88 കോടി രൂപയുമാണ് പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് കൊടുത്തത്. ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, മേഘ എൻജിനീയറിങ്, ഭാരതി എയർടെൽ, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കമ്പനികളാണ് ഈ ട്രസ്റ്റിലേക്ക് പണം നൽകുന്നത്. എബി ജനറൽ ഇലക്ട്രൽ ട്രസ്റ്റ് ബിജെപിക്ക് നൽകിയത് 606 കോടിയാണ്.

ടാറ്റ ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് ആകെ നൽകിയ 914.97 കോടി രൂപയുടെ 80.82 ശതമാനവും (757.6 കോടി) ലഭിച്ചത് ബിജെപിക്കാണ്. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ടാറ്റ സ്റ്റീൽസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളാണ് ഈ ട്രസ്റ്റിലേക്ക് പ്രധാനമായും പണം കൊടുക്കുന്നത്. മഹിന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഡെമോക്രാറ്റിക് ഇലക്ടറൽ ട്രസ്റ്റ് നൽകിയ 160 കോടിയിൽ 150 കോടിയും ബിജെപിക്കാണ് ലഭിച്ചത്. ഹാർമണി ഇലക്ടറൽ ട്രസ്റ്റ് ബിജെപിക്ക് 30.15 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. സിജി പവറിന്റെ ട്രയംഫ് ഇലക്ടറൽ ട്രസ്റ്റും ബിജെപിക്ക് 21 കോടി രൂപ നൽകി.

മറ്റ് ചില കമ്പനികൾ ഇലക്ടറൽ കമ്പനികൾ വഴിയല്ലാതെ നേരിട്ടും ബിജെപിക്ക് സംഭാവന നൽകിയിട്ടുണ്ട്. വാക്സിൻ നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് നൂറ് കോടി രൂപയാണ് ബിജെപിക്ക് നൽകിയിട്ടുള്ളത്. റുങ്ത ഗ്രൂപ്പ് (95 കോടി), ബജാജ് ഗ്രൂപ്പ് (74 കോടി), ഹീറോ എൻ്റർപ്രൈസ് (70 കോടി), ഐടിസി ഗ്രൂപ്പ് (72.5 കോടി), വേദാന്ത ഗ്രൂപ്പ് (65 കോടി) എന്നീ സ്ഥാപനങ്ങളും ബിജെപിക്ക് നേരിട്ട് ഫണ്ട് നൽകിയവരാണ്. 

രാജ്യത്തെ പ്രമുഖ കോർപ്പറേറ്റ് കമ്പനികൾക്കൊപ്പം, വിവാദങ്ങളില്‍ പെട്ട മേഘ കൺസ്ട്രക്ഷൻസ് പോലുള്ള നിർമ്മാണ കമ്പനികളും ബിജെപിയുടെ വലിയ സാമ്പത്തിക സ്രോതസ്സായി തുടരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ബിജെപി സമർപ്പിച്ച റിപ്പോർട്ടില്‍ നിന്ന് വ്യക്തമാണ്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേണലിസ്റ്റ് ട്രെയ്നിയാണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top