ബിജെപിയുടെ സ്വത്ത് വളർച്ചയുടെ കഥ; ഇലക്ടറൽ ബോണ്ടിന് മുൻപും ശേഷവും

ബിജെപിയുടെ സ്വത്ത് വളർച്ചയുടെ കഥ; ഇലക്ടറൽ ബോണ്ടിന് മുൻപും ശേഷവും

ഇലക്ടറൽ ബോണ്ട് മാറി ഇലക്ടറൽ ട്രസ്റ്റുകൾ തിരികെ വന്നെങ്കിലും ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച നേടുന്ന പാർട്ടിയായി ബിജെപി തന്നെ ഒന്നാം സ്ഥാനത്ത്  തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 12,171 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന പണത്തിന്റെ 82 ശതമാനവും കയ്യടക്കുന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. 2013-14 ൽ നിന്ന് ഏതാണ്ട് 900 ശതമാനം വരുമാന വളർച്ചയാണ് ബിജെപിക്ക് ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ്സിന്, ബിജെപി സമാഹരിക്കുന്ന പണത്തിന്റെ പതിനഞ്ചിൽ ഒന്ന് പോലും ലഭിക്കുന്നില്ല. 

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് വഴി വെച്ച ഇലക്ടറൽ ബോണ്ട്, ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു. രാഷ്ട്രീയ പാർട്ടികളുടെ ധനസമാഹരണം സംബന്ധിച്ച ചർച്ചകൾ, മാധ്യമങ്ങളും ഏറെ കുറെ  കയ്യൊഴിഞ്ഞു. ഇലക്ടറൽ ബോണ്ട് സുപ്രീം കോടതി നിരോധിച്ചെങ്കിലും ഇലക്ടറൽ ട്രസ്റ്റുകൾ ഇപ്പോഴും നിയമവിധേയമാണ്. ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ പണം നേടിയ ഭരണകക്ഷിയായ ബിജെപിക്ക് ബോണ്ട് നിരോധനം മൂലം പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നു അതിന് ശേഷവും നടന്നിട്ടുള്ള ധനസമാഹരണത്തിന്റെ കണക്കുകൾ.

ഇത് വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം ഇലക്ടറൽ ട്രസ്റ്റുകൾ വഴി സമാഹരിച്ച പണത്തിന്റെ 82 ശതമാനവും ബിജെപിക്ക് തന്നെയാണ് ലഭിച്ചിട്ടുള്ളത്.

ദേശീയ ഇലക്ഷൻ കമ്മീഷൻ കണക്കുകൾ പ്രകാരം രാജ്യത്ത് 6 ദേശീയ പദവിയുള്ള പാർട്ടികളും 17 സംസ്ഥാന പദവിയുള്ള പാർട്ടികളുമുണ്ട്. രാജ്യത്തെ ദേശീയ പാർട്ടികളുടെ മൊത്തം ആസ്തി വിഹിതവും വർഷാവർഷമുള്ള വരുമാനവും പരിശോധിച്ചാൽ ഭരണകക്ഷിയും പ്രതിപക്ഷപാർട്ടികളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് വ്യക്തമാകും.

രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾ ധനസമാഹരണത്തിനുള്ള സാധ്യതകളിൽ വിവേചനം നേരിടുന്നുവെന്നും, ഭരണകക്ഷി ബിസിനസ് നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന ചങ്ങാത്ത മുതലാളിത്തത്തിലേക്ക് രാജ്യം പോകുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളുമടക്കമുള്ള സംസ്ഥാനങ്ങൾ  മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ധനസമാഹരണം ഞങ്ങൾ പരിശോധിക്കുന്നു.

ബിജെപിയുടെ ഭീമാകാരമായ സ്വത്ത് വളർച്ച 

അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി (BJP). ബിജെപിയുടെ വെബ്സൈറ്റ് പ്രകാരം രാജ്യത്ത് 11 കോടി ബിജെപി അംഗങ്ങളുണ്ട്. രാജ്യത്ത് ഏറ്റവുമധികം ആസ്തിയുള്ള രാഷ്ട്രീയ പാർട്ടിയും ബിജെപിയാണ്. 2024 – 25 ൽ, ബിജെപി കേന്ദ്ര ഇലക്ഷൻ കമ്മീഷന് നൽകിയ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബിജെപിയുടെ ആസ്തി 12,171 കോടി രൂപയാണ്. അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന് ഇതിന്റെ പതിനഞ്ചിലൊന്ന് പോലും ആസ്തി സ്വന്തമായില്ലെന്ന് കണക്കുകൾ പറയുന്നു. ഇലക്ഷൻ കമ്മീഷൻ കണക്കുകൾ പ്രകാരം കോൺഗ്രസിന്റെ മൊത്തം ആസ്തി ഏതാണ്ട് 839 കോടി രൂപയാണ്.

രാഷ്ട്രീയ പാർട്ടികൾ ഇലക്ഷൻ കമ്മീഷന് നൽകിയ 2024 – 25 കാലത്തെ ഓഡിറ്റ് റിപ്പോർട്ടുകളിൽ നിന്നുള്ള കണക്കുകൾ

രൂപീകൃതമായ നാൾ മുതൽ ഒരു പാർട്ടിക്ക് സ്വന്തമായുള്ളതോ നിയന്ത്രത്തിലുള്ളതോ ആയ സ്വത്ത് വിവരങ്ങളെയാണ് ആ രാഷ്ട്രീയ പാർട്ടിയുടെ ആസ്തിയിൽ ഉൾപ്പെടുത്തുന്നത്. കോൺഗ്രസ് രൂപകരിച്ചിട്ട് 141 വർഷം പിന്നിടുന്നു. എന്നാൽ 46 വർഷം പ്രായമുള്ള ബിജെപിക്ക് കോൺഗ്രസിനേക്കാൾ 15 ഇരട്ടിയിലധികം ആസ്തി കൈവരിക്കാനായി. രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക സ്ഥിതിയിലെ അന്തരം ഈ കണക്കുകളിൽ തന്നെ വ്യക്തമാണ്.  ആസ്തിയുടെ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്ത് സിപിഐഎം ആണ്. 782 കോടി രൂപയാണ് സിപിഐഎമ്മിന്റെ ആകെ ആസ്തി. 

ഈ മൂന്ന് പാർട്ടികളെ കൂടാതെ, ബി എസ് പി, ആം ആദ്മി, എൻ ഡി എയുടെ ഭാഗമായ നാഷണൽ പീപ്പിൾസ് പാർട്ടി  എന്നിവക്കാണ്  ഇന്ത്യയിൽ ദേശീയ പദവിയുള്ളത്. ബിജെപി ഒഴികെയുള്ള മറ്റ് ദേശീയ പാർട്ടികളുടെ എല്ലാം ഉൾപ്പെടെ ആകെ ആസ്തി 2,303 കോടി രൂപയാണ്. ഈ കണക്കുമായി താരതമ്യപ്പെടുത്തിയാലും ബിജെപിയുടെ മാത്രം ആസ്തി അഞ്ചിരട്ടിയോളം കൂടുതലാണ്.

ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളുടെ 2001 മുതലുള്ള ആസ്തി പരിശോധിച്ചാൽ, കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അതാത് കാലയളവിൽ സ്വത്ത് കൂടുന്നതായി കാണാം. 2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോൾ കോൺഗ്രസിന്റെ ആകെ ആസ്തി 53 കോടിയിൽ നിന്ന് 767 കോടി രൂപയായി കൂടിയിട്ടുണ്ട്. ഏതാണ്ട് 14 ഇരട്ടി വർദ്ധന. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റെ കാലത്ത് ബിജെപി യുടെ ആസ്തി 780 കോടിയിൽ നിന്ന് 12,171 കോടി രൂപയായും കൂടി. 

ഭരണകക്ഷിയുടെ മാത്രമല്ല പ്രധാന പ്രതിപക്ഷ പാർട്ടികളുടെയും ആസ്തി വർധിക്കുന്നതായാണ് സമീപകാലം വരെ കണ്ട് വന്നത്. എൻ ഡി എ ഭരണം തുടങ്ങിയതിന് ശേഷമാണ് ഈ അവസ്ഥക്ക് മാറ്റം വന്നത്. എൻഡിഎ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷങ്ങൾക്ക് ലഭിക്കേണ്ട ധനസഹായം ബിജെപി തടസ്സപ്പെടുത്തുന്നെന്ന് കോൺഗ്രസ് എംപി അജയ് മാക്കൻ കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യസഭയിൽ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾക്കായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോർമ്സ്’ (ADR) പുറത്ത് വിട്ടിട്ടുള്ള കണക്കുകളും ഈ വാദത്തെ സാധൂകരിക്കുന്നു. 2001 മുതൽ 2014 വരെയുള്ള പതിമൂന്ന് വർഷങ്ങളിൽ കോൺഗ്രസിനോടൊപ്പം  ബിജെപിക്കും സ്വത്ത് വളർച്ച ഉണ്ടായിട്ടുണ്ട്. 859 ശതമാനം വളർച്ചയാണ് ഈ കാലയളവിൽ ബിജെപിക്കുണ്ടായത്. 2004 വരെയുള്ള വാജ്‌പേയ് സർക്കാരിന്റെ ഹ്രസ്വകാലം ഒഴിച്ച് നിർത്തിയാൽ പത്ത് വർഷവും യു പി എ ഭരിച്ച കാലമായിരുന്നു ഇത് . പ്രതിപക്ഷത്തായിരുന്നു എന്നത്, ഭീമമായ സ്വത്ത് വളർച്ച നേടാൻ, ബിജെപിക്ക് ഒരു തടസ്സമായിരുന്നില്ല. 

എന്നാൽ 2014 മുതൽ 2025 വരെയുള്ള അടുത്ത പതിനൊന്ന് വർഷം പ്രതിപക്ഷത്തിരുന്ന  കോൺഗ്രസിന് ആസ്തിയിലുണ്ടായ വർദ്ധന 9.3 ശതമാനം മാത്രമാണ്. 2014 ൽ നിന്ന് 2025 ലേക്ക് രൂപയുടെ മൂല്യം കുറഞ്ഞിട്ടുണ്ട്. ഇത് കൂടി ഉൾപ്പെടെയാണ് കോൺഗ്രസിന്റെ ആസ്തിയിലെ ഈ വർദ്ധന.

അജയ് മാക്കൻ രാജ്യസഭയിൽ പറഞ്ഞതനുസരിച്ച് കോൺഗ്രസ് ഭരണകാലത്ത് വ്യവസായികൾ ഭരണകക്ഷിക്കും പ്രതിപക്ഷ പാർട്ടികൾക്കും 60:40 അനുപാതത്തിൽ ഫണ്ട് നൽകിയിരുന്നു. “ഞാൻ ബിസിനസ്സുകാരോടും വ്യവസായികളോടും സംസാരിച്ചു. അവർ പറയുന്നത്, കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് 60:40 അനുപാതത്തിൽ ഫണ്ട് കൊടുത്തിരുന്നു എന്നാണ്. എന്നാൽ എൻഡിഎ സർക്കാരിന്റെ കാലത്ത് ഇത് 90:10 അല്ലെങ്കിൽ 95:5 ഒക്കെയായി കുറഞ്ഞു” അജയ് മാക്കൻ പറയുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഭയന്നാണ് വ്യവസായികൾ കോൺഗ്രസിന് ഫണ്ട് നൽകാത്തതെന്നും അജയ് മാക്കൻ പറഞ്ഞു.

രാഷ്ട്രീയ ധനസമാഹരണത്തിലെ വേർതിരിവ്, തിരഞ്ഞെടുപ്പുകളെ എങ്ങനെയാണ് നേരിട്ട് ബാധിക്കുന്നതെന്ന് ‘ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് (IIDEA) എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ വ്യക്തമാവുന്നുണ്ട്. പണദൗർലഭ്യം രാഷ്ട്രീയ പാർട്ടികളെ കൂടുതൽ പ്രചരണ പരിപാടികളിൽ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാൽ സാമ്പത്തിക സഹായം കൂടുതൽ കിട്ടുന്ന പാർട്ടികൾ പ്രചാരണത്തിൽ മുന്നേറുന്നു. ഇത്തരത്തിൽ, ആശയങ്ങൾക്കും പ്രകടന പത്രികകൾക്കുമുപരിയായി പണമൊഴുക്കിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പിൽ കൂടുതൽ സ്വാധീനം ചെലുത്തുവെന്ന് പഠനം പറയുന്നു. ഇന്ത്യയിൽ മൊത്തം രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന പണത്തിന്റെ പകുതിയിൽ താഴെ ഒരൊറ്റ പാർട്ടിക്ക് മാത്രം ലഭിക്കുന്ന സ്ഥിതി ജനാധിപത്യത്തെ പരിക്കേൽപ്പിക്കുന്നുവെന്ന് ഈ പഠനത്തിൽ നിന്ന് വ്യക്തമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് സാമ്പത്തിക സഹായങ്ങൾ അത്യാവശ്യമാണെങ്കിലും കൃത്യമായ നിരീക്ഷണങ്ങളില്ലാതെയുള്ള രാഷ്ട്രീയ പണമിടപാടുകളാണ് ഇന്ന് ലോകമെമ്പാടും ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് IIDEA യുടെ പഠനം പറയുന്നു.

പൊളിറ്റിക്കൽ ഫണ്ടിങ്ങിന്റെ ചരിത്രം 

സ്വാതന്ത്ര്യാനന്തര കാലം മുതൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ധനസമാഹരണത്തിനായി കോർപ്പറേറ്റുകളുടെ സഹായം തേടിയിരുന്നു. 1960 കളിൽ അന്നത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്സിനും ‘സ്വതന്ത്ര’ പാർട്ടിക്കും  പ്രധാനമായും  സംഭാവന കൊടുത്തിരുന്നത്  ടാറ്റാ, ബിർള തുടങ്ങിയ കോർപറേറ്റുകളായിരുന്നു. 1956 ലെ കമ്പനീസ് ആക്ട് ന് ശേഷമാണ് ഇന്ത്യയിൽ രാഷ്ട്രീയ സംഭാവനകൾ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെട്ടത്. ഈ നിയമം നിലവിൽ വന്നതിന് ശേഷം രാജ്യത്ത് സംഭാവന നടത്തുന്ന സംഘടനകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ശേഷം 1969 ൽ ഇന്ദിര ഗാന്ധി സർക്കാർ കോർപ്പറേറ്റുകൾ രാഷ്ട്രീയ സംഭാവനകൾ നൽകുന്നത് നിരോധിച്ചു. വ്യവസായികളും  രാഷ്ട്രീയവുമായുള്ള ബന്ധം തടയുകയാണ് ലക്ഷ്യമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ ഗവണ്മെന്റ് വിശദീകരിച്ചത്. രാജ്യത്ത് മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്ഥാപനങ്ങളെ രാഷ്ട്രീയ സംഭാവനകൾക്ക് അനുവദിക്കുന്ന കമ്പനീസ് ആക്ട് ന്റെ 293A എന്ന സെക്ഷൻ ഒഴിവാക്കിയാണ് ഈ നിരോധനം നടപ്പിലാക്കിയത്. എന്നാൽ നിരോധനം കോൺഗ്രസ് പാർട്ടിയിൽ കള്ള പണം കൂടാൻ കാരണമാകുന്നുവെന്ന് കണ്ടെത്തി 1985 ൽ രാജീവ് ഗാന്ധി സർക്കാർ വീണ്ടും രാജ്യത്ത് കോപ്പറേറ്റ് ഫണ്ടിംഗ് അനുവദിക്കുകയായിരുന്നു

ഡൽഹി ആസ്ഥാനമായ ORF എന്ന ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തിൽ ടാറ്റാ,ബിർള കമ്പനികൾ കോൺഗ്രസ്സിനും ‘സ്വതന്ത്ര’ പാർട്ടിക്കും ധനസഹായം നൽകിയത് പരാമർശിക്കുന്ന ഭാഗം

ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് ഇലക്ടറൽ ബോണ്ടിലേക്ക്  

2013 ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് രാജ്യത്ത് രാഷ്ട്രീയ ധനസമാഹരണത്തിനായി ‘ഇലക്ടറൽ ട്രസ്റ്റ് സ്കീം 2013’ എന്ന പേരിൽ നിയമം കൊണ്ട് വന്നത്. ഈ നിയമത്തിന്റെ പരിധിയിൽ കോർപ്പറേറ്റുകൾ പ്രത്യേക ‘ഇലക്ടറൽ ട്രസ്റ്റുകൾ’ രൂപീകരിച്ച് അത് വഴിയാണ് രാഷ്ട്രീയ പാർട്ടികൾക്ക് സാമ്പത്തിക സംഭാവനകൾ നൽകുക. സെന്റർ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സിന് (CBDT) കീഴിൽ രജിസ്റ്റർ ചെയ്ത ഏത് ട്രസ്റ്റുകൾക്കും ഈ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാവുന്നതാണ്. രാഷ്ട്രീയ സംഭാവനകളുടെ സുതാര്യത ഉറപ്പാക്കാനായി ട്രസ്റ്റുകൾ വഴി നടക്കുന്ന പണമിടപാടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനും ഈ നിയമം അനുശാസിക്കുന്നുണ്ട്.

ഇലക്ടറൽ ട്രസ്റ്റ് നിയമത്തിൽ കമ്പനീസ് ആക്ടിലെ പോലെ 3 വർഷത്തിന് താഴെ പ്രായമുള്ള സംഘടനകൾക്ക് സംഭാവന നൽകാൻ കഴിയില്ല. 

എന്നാൽ 2017 ൽ ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ‘ഇലക്ടറൽ ബോണ്ടുകൾ’ എന്ന പലിശ രഹിത ഫണ്ടിംഗ് സ്കീമുകൾക്ക് ഈ നിയന്ത്രണങ്ങൾഒഴിവാക്കി. ഇലക്ടറൽ ബോണ്ടിന് കീഴിൽ ഏതൊരാൾക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ബോണ്ടുകൾ വാങ്ങി ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാം. രൂപീകരിച്ച് ഒരു മാസം പോലുമാകാത്ത കമ്പനികൾക്കും ഈ സംവിധാനം വഴി രാഷ്ട്രീയ സംഭാവനകൾ നൽകാൻ സാധിക്കും. 

ഇലക്ടറൽ ട്രസ്റ്റ് നിയമം അനുശാസിച്ച സുതാര്യത ഇലക്ടറൽ ബോണ്ടുകൾ ഇല്ലാതാക്കുകയും ചെയ്തു. ബോണ്ടുകൾ വാങ്ങുന്നവരെ പറ്റിയുള്ള വിവരങ്ങൾ രഹസ്യമായിരിക്കും. 2017 സെപ്റ്റംബറിൽ ADR എന്ന എൻജിഒ ഇലക്ടറൽ ബോണ്ട് സ്കീമുകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. മാസങ്ങൾക്ക് ശേഷം സമാന ആവശ്യം ഉന്നയിച്ച് സിപിഐഎമ്മും സുപ്രീം കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തു. പരാതികളെ തുടർന്ന്, 2024 ഫെബ്രുവരി 15ന് സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് ഇലക്ടറൽ ബോണ്ട് നിയമം റദ്ദാക്കി. ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾക്കുമേൽ തടയിട്ടത്. “നമ്മൾ ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാൻ, രാഷ്ട്രീയ പാർട്ടികൾക്ക് പണം എവിടെ നിന്ന് വരുന്നു എന്ന് അറിയണം” എന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചത്.

2018 മുതൽ 2024 രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയ ഇലക്ടറൽ ബോണ്ട് തുക

അഞ്ച് വർഷത്തോളം നിലവിലുണ്ടായിരുന്ന ഇലക്ടറൽ ബോണ്ടുകളുടെ കണക്കുകളിലും ബിജെപി ക്കാണ് ഏറ്റവുമധികം പണം കിട്ടിയിട്ടുള്ളത്. 2018 മുതൽ 2024 വരെ 8,251.75 കോടി രൂപയുടെ ബോണ്ടുകളാണ് ബിജെപിക്ക് ലഭിച്ചുള്ളത്. ഈ കാലയളവിലെ മൊത്തം ബോണ്ടുകളുടെ 51 ശതമാനത്തോളം വരുമിത്. 2022 – 23 കാലത്തെ മൊത്തം കോർപ്പറേറ്റ് സംഭാവനകളിൽ  90 ശതമാനത്തോളം ലഭിച്ചത് ബിജെപിക്ക് മാത്രമാണ്. ബോണ്ടുകൾ ലഭിച്ചതിൽ രണ്ടാം സ്ഥാനത്ത് കോൺഗ്രസ്സാണ്. 1952 കോടിയോളം രൂപയുടെ ബോണ്ടാണ് കോൺഗ്രസിന് ലഭിച്ചത്. ഒന്നാം സ്ഥാനത്തുള്ള ബിജെപിക്ക് ലഭിച്ചതിന്റെ നാലിലൊന്ന് പോലുമാവുന്നില്ല ഇത്. ADR ന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് മൊത്തം 21 രാഷ്ട്രീയ പാർട്ടികളാണ് ചെറിയ അളവിലെങ്കിലും ബോണ്ടുകൾ സ്വീകരിച്ചിട്ടുള്ളത്. സിപിഐഎം അടക്കം ചുരുക്കം ചില രാഷ്ട്രീയപാർട്ടികളാണ് ബോണ്ടുകൾ വഴി പണം സമാഹരിക്കുന്നതിൽ നിന്ന് വിട്ടുനിന്നത്. 

കണക്കുകൾ പ്രകാരം ബിജെപിക്കായി ഏറ്റവുമധികം ബോണ്ടുകൾ വാങ്ങിയത് ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ്. 584 കോടി രൂപയാണ് ഈ കമ്പനി ബോണ്ടുകൾ വഴി ബിജെപിക്ക് നൽകിയത്. മഹാരാഷ്ട്ര ആസ്ഥാനമായ ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ്, ആഗോള ഘനന വ്യവസായികളായ വേദാന്ത, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെൽ എന്നീ കമ്പനികളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. ഒഡീഷയിലെ സിജിമാലി മലനിരകളിൽ ബോക്സൈറ്റ് ഘനനം നടത്താൻ പോകുന്നതിന്റെ പേരിൽ 2023 മുതൽ വേദാന്ത ഗ്രൂപ്പിനെതിരെ അവിടുത്തെ ആദിവാസി സമൂഹങ്ങൾ സമരത്തിലാണ്.

വേദാന്ത ഗ്രൂപ്പിനെതിരെ ഒഡിഷയിലെ ആദിവാസി സമൂഹം നടത്തുന്ന സമരം. ഫോട്ടോ: the PROBE.in

ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചതിനു പിന്നാലെ രാജ്യത്ത് അതിന് മുമ്പുണ്ടായിരുന്ന ഇലക്ടറൽ ട്രസ്റ്റ് സംവിധാനം തന്നെ പ്രധാന രാഷ്ട്രീയ സംഭാവന മാർഗ്ഗമായി മാറി. ധനസമാഹരണ രീതികളിൽ സാങ്കേതികമായി മാറ്റം വരുമ്പോഴും സംഭാവനകൾ ഏറ്റവും കൂടുതൽ കൈപ്പറ്റുന്ന രാഷ്ട്രീയ പാർട്ടികളിൽ ബിജെപി ഒന്നാം സ്ഥാനത്ത് തുടരുന്നു.

രാജ്യത്ത് CBDT ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത 20 ട്രസ്റ്റുകളിൽ പതിനഞ്ച് ട്രസ്റ്റുകളാണ്  2024 – 25 കാലയളവിൽ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകിയത്. ഈ കാലയളവിൽ മൊത്തം 3,826 കോടിയോളം രൂപയുടെ സംഭാവനകളിൽ 3,155 കോടി രൂപയും കൈപ്പറ്റിയിരിക്കുന്നത് ബിജെപിയാണ്. അതായത് മൊത്തം സംഭാവനയുടെ ഏതാണ്ട് 82 ശതമാനത്തോളം രൂപ. രണ്ടാം സ്ഥാനത്തുള്ള  കോൺഗ്രസിന് ഇതേ കാലയളവിൽ  ലഭിച്ചത് 299 കോടി രൂപയാണ്. ബിജെപിക്ക് ലഭിച്ചതിന്റെ പത്തിലൊന്നിലും താഴെ.

2024 – 25 കാലത്ത് രാജ്യത്ത് രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവുമധികം പണം നൽകിയത്  ‘പ്രൂഡെന്റ് ഇലക്ടറൽ ട്രസ്റ്റാണ്’. മൊത്തം തുകയുടെ 70 ശതമാനത്തോളം തുകയും പ്രൂഡന്റ് നൽകിയതാണ്. പ്രുഡന്റും ഏറ്റവുമധികം സംഭാവന നൽകിയിട്ടുള്ളത് ബിജെപിക്കാണ്. പ്രുഡെന്റ് ഇലക്ടറൽ ട്രസ്റ്റ് മൊത്തം വിതരണം ചെയ്ത 2,668 കോടി രൂപയിൽ 82 ശതമാനത്തോളം ബിജെപിക്കാണ് നൽകിയത്. 

പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിന്റെ 2024-25 കാലയളവിലെ ഫൺഡ് വിതരണത്തെ പറ്റി ADR തയ്യാറാക്കിയ ഗ്രാഫ്

ഈ ട്രസ്റ്റുകളെ പിന്തുണയ്ക്കുന്ന കോർപ്പറേറ്റുകളെ പരിശോധിച്ചാൽ സംവിധാനം മാറിയെങ്കിലും സ്രോതസ്സുകളിലോ നൽകുന്ന പണത്തിന്റെ അളവിലോ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് കാണാം. ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകൾ നൽകിയതിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയർടെലാണ് പ്രുഡെന്റ് ഇലക്ടറൽ ട്രസ്റ്റിന്റെ പ്രധാന സ്പോൺസർമാർ. ബിജെപിക്ക് ഏറ്റവും കൂടുതൽ ബോണ്ടുകൾ നൽകിയ മേഘ എൻജിനീയറിംഗും  ഈ ട്രസ്റ്റിന് പണം നൽകുന്നുണ്ട്. 

സ്ക്രോൾ റിപ്പോർട്ട് പ്രകാരം, ടെലികോം സ്പെക്ട്രങ്ങൾ നിർബന്ധിത ലേലത്തിന് വയ്ക്കണമെന്ന 2012 ലെ സുപ്രീം കോടതി വിധി മറികടന്ന്, 2023 ഡിസംബറിൽ മോദി സർക്കാർ  പാർലമെന്റിൽ ഒരു നിയമം പാസ്സാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന് വിവേചനാധികാരത്തോടെ ടെലികോം കമ്പനികൾക്ക് സ്പെക്ട്രം അനുവദിക്കാം. ഇതിന് ജുഡീഷ്യൽ അനുമതി തേടി സുപ്രീം കോടതിക്ക് ഒരു റഫറൻസ് കത്തും സർക്കാർ അയച്ചിരുന്നു. പുതിയ നിയമത്തിന്റെ ഭാഗമായി ലണ്ടൻ ആസ്ഥാനമായുള്ള യൂറ്റൽസാറ്റ് വൺവെബ് എന്ന കമ്പനിയുടെ ഇന്ത്യൻ പതിപ്പിനാണ് രാജ്യത്ത് സ്പെക്ട്രത്തിന് അപേക്ഷിക്കാനുള്ള ഒരേയൊരു ലൈസൻസ് ലഭിച്ചത്. യൂറ്റൽസാറ്റ് വൺവെബിന്റെ ഏറ്റവും പ്രധാന ഓഹരിയുടമ ഇതേ ഭാരതി എയർടെൽ ആണ്. 

ബിജെപിക്ക് സംഭാവന നൽകുന്നതിൽ രണ്ടാം സ്ഥാനത്തുള്ളത് ടാറ്റാ ഗ്രൂപ്പിന്റെ അധീനതയിലുള്ള പ്രോഗ്രസ്സിവ് ഇലക്ടറൽ ട്രസ്റ്റാണ്. ഈ ട്രസ്റ്റ് മൊത്തം നൽകിയ 915 കോടി രൂപയിൽ 81 ശതമാനവും ബിജെപിക്ക് തന്നെയാണ് നൽകിയത്. ഭാരതി എയർടെലിനു സമാനമായ കേസുകൾ ടാറ്റയുടെ സംഭാവനകളിലും സ്ക്രോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് സെമി കണ്ടക്ടർ ഉത്പാദനം തുടങ്ങുന്നതിന്റെ ഭാഗമായി മോദി സർക്കാർ 2021 ൽ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സെമി കണ്ടക്ടർ യൂണിറ്റുകൾ നിർമ്മിക്കുന്നതിന്റെ 50 ശതമാനം ചെലവുകൾ രാജ്യം വഹിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മൊത്തം പദ്ധതിയുണ്ടായിരുന്ന മൂന്ന് സെമി കണ്ടക്ടർ യൂണിറ്റുകളിൽ രണ്ടെണ്ണത്തിന്റെ ഉടമസ്ഥാവകാശം ടാറ്റാ ഗ്രൂപ്പ് നേടി. പ്രഖ്യാപനമനുസരിച്ച് ഈ യൂണിറ്റുകളുടെ നിർമ്മാണത്തിന് സർക്കാർ നൽകുന്ന തുക മാത്രം 44,203 കോടിയോളം രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്ക്രോൾ റിപ്പോർട്ടനുസരിച്ച് കേന്ദ്ര മന്ത്രിസഭ യൂണിറ്റിന് അനുമതി നൽകി ഒരു മാസത്തിനകം 757.6 കോടി രൂപ ടാറ്റാ ഗ്രൂപ്പ് ബിജെപിക്ക് സംഭാവന ചെയ്തു.

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ധോലേരയിൽ നടന്ന സെമികണ്ടക്ടർ യൂണിറ്റുകളുടെ തറക്കല്ലിടൽ ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, ടാറ്റ സൺസ് ബോർഡ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ തുടങ്ങിയവർ. 2024 മാർച്ച് 13 ലെ ചിത്രം. ഫോട്ടോ : പിടിഐ

മറ്റ് കണക്കുകളിലെ പോലെ രാഷ്ട്രീയ പാർട്ടികളുടെ സംഭാവനകളുൾപ്പെടെയുള്ള മൊത്തം വരുമാനങ്ങളിലും കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളിൽ ബിജെപിക്ക് സ്ഥിരമായി വർധനവുണ്ടാകുന്നു. 2013 – 2014 വർഷത്തിൽ ബിജെപിയുടെ ആകെ വരുമാനം 673.81 കോടി രൂപയാണ്. ഇത് 2024 – 2025 വർഷമായപ്പോൾ ഏതാണ്ട് 900 ശതമാനം കൂടി 6,769 കോടി രൂപയായി. കോൺഗ്രസിന്റെ വരുമാനത്തിൽ ആകെയുണ്ടായ വർദ്ധന 43 ശതമാനമാണ്. സിപിഐഎം ന് 42 ശതമാനവും.

രാഷ്ട്രീയ ധനസമാഹരണത്തിന് ലോകത്ത് രാജ്യങ്ങൾ പലവിധ നിയമങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം കാനഡ, ഫിൻലാൻഡ്, സൗത്ത് ആഫ്രിക്ക തുടങ്ങി ലോകത്തെ ഏതാണ്ട് 49 ശതമാനം രാജ്യങ്ങളും രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സഹായങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ജർമനിയിൽ, പൊതു തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ട് കണക്കാക്കി രാഷ്ട്രീയ പാർട്ടികൾക്ക് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ കിട്ടും. സ്വീഡനിലും രാഷ്ട്രീയ പാർട്ടികൾക്ക് ഈ സാധ്യതയുണ്ട്. യുകെ, യുഎസ് പോലുള്ള രാജ്യങ്ങളിൽ കർശനമായി സുതാര്യത ഉറപ്പാക്കിക്കൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് സ്വകാര്യ സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കാം.

കണക്കുകൾ പ്രകാരം 2024 ലോക്സഭ ഇലക്ഷനിൽ മാത്രം രാജ്യത്തെ ഓരോ സ്ഥാനാർഥിയും ശരാശരി 57.23 ലക്ഷം രൂപ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചിട്ടുണ്ട്. 2024 ലോക്സഭ തിരഞ്ഞെടുപ്പിനും ഇതേ വർഷം നടന്ന ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തിരെഞ്ഞെടുപ്പുകൾക്കുമായി രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും ചേർന്ന് ചെലവാക്കിയ മൊത്തം തുക ഏകദേശം 3,352 കോടി രൂപയാണ്. ഇതിൽ 2,204 ഓളം കോടി രൂപ രാജ്യത്തെ അഞ്ച് പ്രധാന ദേശീയ പാർട്ടികൾ മാത്രമായി ചെലവാക്കിയതാണ്. ഈ കണക്കുകളിലും ഭരണകക്ഷിയിലെ നേതൃ പാർട്ടിയാണ് മുന്നിട്ടു നിൽക്കുന്നത്. 1,494 കോടി രൂപയാണ് ബിജെപി ഈ തിരഞ്ഞെടുപ്പിൽ ചെലവാക്കിയത്. അതായത്, രാജ്യത്തെ മൊത്തം രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ്തുകയുടെ ഏതാണ്ട് 44.5 ശതമാനം. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ള ഔദ്യോഗികകണക്കുകൾ മാത്രമാണ്. യഥാർത്ഥ ചെലവ് ഇതല്ലെന്ന് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്നതാണ്.

2024 ൽ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾക്ക് മൊത്തം ചെലവായ തുകയും ബിജെപിക്ക് ചെലവായ തുകയുമായുള്ള താരതമ്യം

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾക്കകത്ത് പ്രവർത്തിക്കാൻ ഇത്രയും വലിയ  തുക വേണമെന്നിരിക്കെ, ഓരോ വർഷവും രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളിൽ  ഭരണകക്ഷിക്ക് ലഭിക്കുന്ന പങ്ക് കൂടിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ വിഹിതം കുറയുകയും ചെയ്യുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഓരോ രൂപയും വെറുമൊരു സംഭാവനയല്ല, മറിച്ച് രാജ്യത്തിന്റെ നയരൂപീകരണങ്ങളെയും ഭാവിയെയും സ്വാധീനിക്കാൻ കെൽപ്പുള്ള നിക്ഷേപമായി മാറുന്ന കാഴ്ചയാണ് ഇന്ത്യയിൽ പ്രകടമാകുന്നത്. ആഗോളതലത്തിൽ തന്നെ ജനാധിപത്യം നേരിടുന്ന ഈ പ്രതിസന്ധി ഇന്ത്യയിലും പ്രതിഫലിക്കുമ്പോൾ, കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം രാജ്യത്തെ ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയിലേക്കാണോ നയിക്കുന്നത് എന്ന ചോദ്യം ബാക്കി നിൽക്കുന്നു.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top