സൈബർ സെൻസ്; ഒബിസിയുടെ സൈബർ സെക്യൂരിറ്റി വർക്ഷോപ്പ് സീരീസ്

സൈബർ സെൻസ്; ഒബിസിയുടെ സൈബർ സെക്യൂരിറ്റി വർക്ഷോപ്പ് സീരീസ്

ഡിജിറ്റൽ ലോകത്തെ കെണികൾ തിരിച്ചറിയാനും പ്രതിരോധിക്കാനും മാധ്യമപ്രവർത്തകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഒബിസി സംഘടിപ്പിച്ച ‘സൈബർ സെൻസ്’ സൈബർ സെക്യൂരിറ്റി വർക്ഷോപ്പ്, സൈബറിടങ്ങളിൽ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്തു. വാർത്താശേഖരണത്തിലും അതിന്റെ വിനിമയത്തിലും സൈബർ സുരക്ഷ പാലിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഓർമ്മിപ്പിച്ച സെഷൻ, അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റായ സംഗമേശ്വരൻ അയ്യർ മാണിക്യമാണ് നയിച്ചത്. ദൈനംദിന ജീവിതത്തിൽ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കേണ്ട ലളിതമായ സുരക്ഷാശീലങ്ങളിലൂന്നിയതായിരുന്നു സെഷൻ. ഡിജിറ്റൽ ലോകത്ത് വേണ്ടത് സാങ്കേതിക അറിവ് മാത്രമല്ല, മറിച്ച് കൃത്യമായ ജാഗ്രതയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫിഷിംഗ്, ആൾമാറാട്ടം തുടങ്ങിയ സൈബർ കെണികൾ എങ്ങനെ തിരിച്ചറിയാമെന്നും, കേവലം പാസ്‌വേഡുകൾക്ക് അപ്പുറം മൾട്ടി – ഫാക്ടർ ഓതന്റിക്കേഷൻ (MFA) എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും സെഷനിൽ വിശദീകരിച്ചു. ഫീൽഡ് റിപ്പോർട്ടിംഗിനായി യാത്ര ചെയ്യേണ്ടി വരുമ്പോൾ ഫോൺ, ലാപ്ടോപ്പ് പോലുള്ള ഡിജിറ്റൽ ഡിവൈസുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ, പരിഭ്രാന്തരാകാതെ ആദ്യ 15 മിനിറ്റിലും തുടർന്നുള്ള 24 മണിക്കൂറിലും എന്ത് ചെയ്യണമെന്നും എന്തെല്ലാം ചെയ്യരുതെന്നും സെഷൻ ചർച്ച ചെയ്തു. സൈബർ സെക്യൂരിറ്റിയിൽ 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള സംഗമേശ്വരൻ അയ്യർ മാണിക്യം, ലളിതമായ ഉദാഹരണങ്ങളിലൂടെയും ചോദ്യോത്തരങ്ങളിലൂടെയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

ഒ ബി സി ഡെസ്ക്

Share Email
Top