എപ്സ്റ്റീൻ ഫയൽസ് : മോദി സർക്കാർ മറുപടി പറയേണ്ട ചോദ്യങ്ങൾ

എപ്സ്റ്റീൻ ഫയൽസ് : മോദി സർക്കാർ മറുപടി പറയേണ്ട ചോദ്യങ്ങൾ

ആരാണ് ജെഫ്രി എപ്സ്റ്റീൻ? എന്താണ് എപ്സ്റ്റീൻ ഫയൽസ്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും പ്രമുഖ വ്യവസായി അനിൽ അംബാനിയുടെയും പേരുകൾ ഈ ഫയലിൽ എങ്ങനെ വന്നു?

അമേരിക്കൻ ശതകോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെയും അയാളുടെ സ്വകാര്യ ദ്വീപിനെയും കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോൾ, അതിൽ ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ളവരുടെ പേരുകൾ ഉൾപ്പെട്ടത് രാജ്യത്ത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലെ വിരുന്നുകളെക്കുറിച്ചും അവിടുത്തെ ഉന്നതബന്ധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ‘എപ്സ്റ്റീൻ ഫയൽസ്’ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സജീവമായ ചർച്ചാവിഷയമാണ്.

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇലോൺ മസ്ക് തുടങ്ങിയ ആഗോള പ്രമുഖർക്കൊപ്പം നരേന്ദ്ര മോദി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, വ്യവസായി അനിൽ അംബാനി എന്നിവരുടെ പേരുകളും ഈ രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

സത്യത്തിൽ എന്താണ് എപ്സ്റ്റീൻ ഫയൽസ്? എങ്ങനെയാണ് മോദി അടക്കമുള്ള ഇന്ത്യൻ പേരുകൾ ഇതിൽ സ്ഥാനം പിടിച്ചത്? ഒബിസി അന്വേഷിക്കുന്നു..

ആരാണ് ജെഫ്രി എപ്സ്റ്റീൻ? എന്താണ് എപ്സ്റ്റീൻ ഫയൽസ്? 

ലൈംഗിക കുറ്റാരോപണ കേസിൽ വിചാരണ നേരിടവേ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്ത അമേരിക്കൻ ധനകാര്യ വിദഗ്ദ്ധനും ശതകോടീശ്വരനുമാണ് ജെഫ്രി എപ്സ്റ്റീൻ. തന്റെ സ്വകാര്യ ദ്വീപിൽ രാഷ്ട്രീയ നേതാക്കൾക്കും ഉന്നതർക്കും നിശാപാർട്ടികൾ സംഘടിപ്പിച്ചിരുന്ന എപ്സ്റ്റീൻ, 2008 ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക തൊഴിലിന് നിർബന്ധിച്ചതിന്റെ പേരിലാണ് ആദ്യമായി അറസ്റ്റിലാവുന്നത്. ഈ കേസിൽ 13 മാസത്തെ ജയിൽവാസത്തിന് ശേഷം എപ്സ്റ്റീൻ പുറത്തിറങ്ങി. തുടർന്ന് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് എപ്സ്റ്റീന്റെ ബാലപീഡനങ്ങൾ മുതൽ മനുഷ്യക്കടത്ത് വരെയുള്ള കുറ്റകൃത്യങ്ങൾ പുറംലോകമറിയുന്നത്. 2025 ൽ യുഎസ് ജസ്റ്റിസ് ഡിപാർട്ട്മെൻറ് സമർപ്പിച്ച മെമോ പ്രകാരം വീഡിയോകളും ഫോട്ടോകളും ഉൾപ്പെടെ ഏതാണ്ട് 300 ജിഗാബൈറ്റ് വരുന്ന വിവരങ്ങൾ എഫ്ബിഐ കേസിന്റെ ഭാഗമായി ശേഖരിച്ചിരുന്നു. ഈ വിവരങ്ങളാണ് പിന്നീട് ‘എപ്സ്റ്റീൻ ഫൈൽസ്’ എന്ന പേരിൽ പുറത്ത് വിട്ടത്. 

ജെഫ്രി എപ്സ്റ്റീൻ

എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾക്കിരയായ വിർജീനിയ ഗിഫ്രി എന്ന സ്ത്രീ 2015 ൽ നൽകിയ മാനനഷ്ട കേസിന് പിന്നാലെയാണ് എപ്സ്റ്റീൻ രേഖകൾ ആദ്യമായി പുറത്ത് വന്നത്. തുടർന്ന് 2025 നവംബറിൽ ഈ രേഖകൾ പ്രസിദ്ധീകരിക്കുന്നതിനായി ‘എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പറൻസി ആക്ട്’ എന്ന പേരിൽ അമേരിക്കൻ പാർലമെന്റ് പ്രത്യേക നിയമം പാസ്സാക്കിയിട്ടുണ്ട്. ഈ നിയമ പ്രകാരം യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റാണ് 2024 മുതൽ 2026 വരെ വിവിധ ഘട്ടങ്ങളായി രേഖകൾ പ്രസിദ്ധീകരിച്ചത്.

എപ്സ്റ്റീന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ലിറ്റിൽ സെന്റ് ജെയിംസ്’ എന്ന സ്വകാര്യ ദ്വീപ് സന്ദർശിച്ചവരിൽ പ്രമുഖ വ്യവസായികളായ എലോൺ മസ്കും ബിൽഗേറ്റ്സും മുതൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരെ ഉൾപ്പെടുന്നുണ്ട്. ഈ ദ്വീപിൽ എഫ്ബിഐ നടത്തിയ അന്വേഷണത്തിൽ ആയിരത്തിലേറെ സ്ത്രീകളെയും കുട്ടികളെയുമാണ് എപ്സ്റ്റീന്റെ വിവിധ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായതായി കണ്ടെത്തിയത്.

കണക്കുകൾ പ്രകാരം ഏതാണ്ട് 65 ലക്ഷത്തോളം പേജുകളടങ്ങുന്ന രേഖയാണ് എപ്സ്റ്റീൻ ഫയൽസ്. ഇതിന്റെ 35 ലക്ഷത്തോളം പേജുകൾ വരുന്ന ഏറ്റവും അവസാന ഭാഗം ജനുവരി 30 നാണ് പുറത്ത് വിട്ടത്. ഈ ഭാഗത്തിലുൾപ്പെടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായി അനിൽ അംബാനി, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ പേരുകൾ ഇമെയിലുകളിലും മെസ്സേജുകളിലുമായി എപ്സ്റ്റീൻ പരാമർശിച്ചതായി യുഎസ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇന്ത്യൻ വംശജരായ എഴുത്തുകാരൻ ദീപക് ചോപ്ര യുടെയും സംവിധായിക മീര നായരുടെയും പേരുകൾ രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട്. എപ്സ്റ്റീൻ ഫയൽസിൽ മോദിയുടെ പേര് ഉൾപ്പെട്ടതിനെ വിദേശകാര്യ മന്ത്രാലയം ‘അടിസ്ഥാനരഹിതമായ ആരോപണങ്ങൾ’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞെങ്കിലും ഇന്ത്യ – ഇസ്രായേൽ കൂടിക്കാഴ്ചയ്ക്ക് വരെ താൻ മധ്യസ്ഥനായിട്ടുണ്ടെന്ന എപ്സ്റ്റീന്റെ ഇമെയിൽ വെളിപ്പെടുത്തലുകൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യമാകെ ചർച്ചയാക്കുന്നുണ്ട്. 

ഇന്ത്യയുടെ പ്രധാനമന്ത്രി എപ്സ്റ്റീൻ ഫയലിൽ

2025 ൽ പുറത്ത് വിട്ട രേഖകളിൽ പലയിടത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിക്കുന്നുണ്ട്. 2017 ജൂലൈ ആറിന് എപ്സ്റ്റീൻ ‘ജാബർ വൈ’ എന്ന മേൽവിലാസത്തിലേക്ക് അയച്ച ഇമെയിലിൽ നരേന്ദ്ര മോദിയുടെ പേരുണ്ട്. 2017 ജൂലൈ 4 മുതൽ 6 വരെ നടന്ന മോദി – ഇസ്രായേൽ കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പങ്കുണ്ടെന്നാണ് ഈ മെയിലിൽ പറയുന്നത്. “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശങ്ങൾ സ്വീകരിച്ചു. യുഎസ് പ്രസിഡന്റിന് ഗുണമുള്ള രീതിയിൽ അയാൾ ഇസ്രായേലിൽ പ്രവർത്തിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. അത് ഫലിച്ചു!” എന്നായിരുന്നു എപ്സ്റ്റീൻ അയച്ച ഇമെയിൽ.

നരേന്ദ്ര മോദിയെ പരാമർശിക്കുന്ന ഇമെയിൽ ഭാഗം

ഇമെയിലിൽ പരാമർശിക്കുന്നത് പോലെ 2017 ജൂലൈ 4 മുതൽ 6 വരെ തീയതികളിൽ മോദി ഇസ്രായേൽ സന്ദർശിച്ചതിന് ഔദ്യോഗിക രേഖകളുണ്ട്. വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദശിക്കുന്നത്. 

ഇതിന് പത്ത് ദിവസങ്ങൾക്ക് മുൻപായി, ജൂൺ 25, 26 തീയതികളിൽ മോദി യുഎസ് സന്ദർശനം നടത്തിയിരുന്നു. ഇതിനെയാണ് എപ്സ്റ്റീൻ മോദി – ഇസ്രായേൽ കൂടിക്കാഴ്ചയുമായി ബന്ധപ്പെടുത്തിയത്. ജൂണിൽ യുഎസിൽ വെച്ച് ട്രംപ് നൽകിയ ഉപദേശങ്ങൾ സ്വീകരിച്ചത് കൊണ്ടാണ് ഇസ്രായേൽ കൂടിക്കാഴ്ച ‘ഫലം കണ്ടത്’ എന്നാണ് എപ്സ്റ്റീൻ അവകാശപ്പെടുന്നത്

നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും.
2017 ലെ കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രം

2017 ലെ കൂടിക്കാഴ്ചയിൽ ഇന്ത്യ ഇസ്രയേലുമായി ആയുധ കരാറുകൾ ഒപ്പിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചത് “ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ കൂടിക്കാഴ്ച ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു” എന്നാണ്. 2026 ഫെബ്രുവരിയിൽ ഇന്ത്യ ഇസ്രായേൽ സന്ദർശനം നടക്കാനിരിക്കേയാണ് എപ്സ്റ്റീൻ രേഖകൾ പുറത്ത് വന്നത്.

ജനുവരി 30 ന് പുറത്ത് വിട്ട രേഖകളിൽ പന്ത്രണ്ടോളം തവണ എപ്സ്റ്റീൻ ഇന്ത്യയെയും മോദിയേയും പരാമർശിക്കുന്നുണ്ട്. ഇന്ത്യ – us ബന്ധം ശക്തിപ്പെടണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് എപ്സ്റ്റീൻ അയച്ച മെസേജുകളിൽ പറയുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും ട്രംപിന്റെ അനുയായിയുമായിരുന്ന സ്റ്റീവ് ബാന്നണിനാണ് ഈ മെസേജുകൾ അയച്ചിരിക്കുന്നത്. ഇന്ത്യയിലെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മോദിയുമായി ഒരു കൂടിക്കാഴ്ച നടത്താമെന്നും എപ്സ്റ്റീൻ ബാന്നണിനോട് പറയുന്നുണ്ട്.

2019 മെയ് 23 നു സ്റ്റീവ് ബാന്നണിനു തന്നെ അയച്ച മെസ്സെജിൽ താൻ ‘മോദിയുടെ ആളെ’ കണ്ടുവെന്ന് എപ്സ്റ്റീൻ അവകാശപ്പെടുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാന ശത്രു ചൈനയും അവരുടെ പ്രോക്സി രാജ്യമായ പാകിസ്താനുമാണെന്ന് ആ വ്യക്തി തന്നോട് പറഞ്ഞതായും എപ്സ്റ്റീൻ എപ്സ്റ്റീൻ മെസേജിൽ സൂചിപ്പിക്കുന്നു. 2022 ൽ ഇന്ത്യ G 20 ഉച്ചകോടിക്ക് വേദിയാകുമെന്നും മെസേജിൽ സൂചിപ്പിക്കുന്നുണ്ട്. തൊട്ടടുത്ത ദിവസം മറ്റൊരാൾക്കും ഇതേ മെസേജുകൾ എപ്സ്റ്റീൻ അയച്ചിട്ടുണ്ട്. 2022 ലെ G 20 ഉച്ചകോടി നടന്നത് ഇന്തോനേഷ്യയിലെ ബാലിയിലാണ്. 2023 ലെ G20 ഉച്ചകോടിക്ക് അതിഥേയത്വം വഹിച്ചത് ഇന്ത്യയായിരുന്നു.

എപ്സ്റ്റീൻ സ്റ്റീവ് ബാന്നണിന് അയച്ച സന്ദേശം

ലിസ്റ്റിൽ ൽ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും.

2025 നവംബർ 12 ന് പുറത്ത് വന്ന എപ്സ്റ്റീൻ രേഖകളിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിയുടെ പേര് ആദ്യമായി പരാമർശിക്കപ്പെട്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥനും 2009 മുതൽ 2013 വരെ ഇന്ത്യയുടെ ഐക്യ രാഷ്ട്ര സഭാ സ്ഥിരം പ്രതിനിധിയുമായിരുന്നു ഹർദീപ് സിങ് പുരി. 2014 ൽ ഇദ്ദേഹം ബിജെപിയിൽ ചേർന്നു. 2018 ൽ രാജ്യസഭാംഗമായ പുരി 2019 മുതൽ മോദി സർക്കാരിലെ വിവിധ വകുപ്പുകളിൽ മന്ത്രിയാണ്. 

2025 നവംബറിലാണ് ഹർദീപ് സിങ് പുരിയുടെ പേര് പരാമർശിക്കുന്ന രേഖകൾ ആദ്യമായി പുറത്ത് വന്നത്. 2014 സെപ്റ്റംബർ 19 നു നടന്ന ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ പുരി പങ്കെടുത്തിട്ടുണ്ട്. ഈ അസംബ്ലിക്കിടെ മറ്റൊരു പരിപാടിക്ക് പുരിയെ ‘ക്ഷണിച്ചിട്ടുണ്ട്’ എന്ന് എപ്സ്റ്റീൻ പറയുന്നു. മുൻ വൈറ്റ് ഹൗസ് കൗൺസിലംഗം കാത്തി റൂമ്മുലേറിനയച്ച ഇമെയിലിലാണ് ഇത് പറയുന്നത്. പുരി ബിജെപി അംഗമായി എട്ട് മാസങ്ങൾക്ക് ശേഷമാണ് ഇമെയിലിൽ പരാമർശിക്കുന്ന ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി നടന്നത്. ഈ രേഖകൾ പുറത്ത് വന്നപ്പോൾ തന്നെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിച്ചിരുന്നെങ്കിലും ബിജെപി വക്താക്കൾ ആരോപണങ്ങളെ തള്ളിക്കളയുകയാണുണ്ടായത്. ബിജെപി ഐടി സെൽ ചുമതലയുണ്ടായിരുന്ന അമിത് മാളവ്യ പറഞ്ഞത് ‘പൊള്ളയായ ആരോപണങ്ങളാണെന്നും’ അടിസ്ഥാന രഹിതമായി പേരുകൾ വിളിച്ച് പറയുന്നതിൽ കഴമ്പില്ലെന്നുമാണ്. മുഴുവൻ ഇമെയിലും വായിക്കാൻ കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ട മാളവ്യ, ഇമെയിലുകളിൽ ഒരിടത്തും പുരി കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറയുന്നില്ലെന്നും നവംബറിൽ സൂചിപ്പിച്ചിരുന്നു.

അമിത് മാളവ്യ എക്സിൽ പങ്ക് വെച്ച പോസ്റ്റിന്റെ ഒരു ഭാഗം

ജനുവരി 30 നു യുഎസ് ജസ്റ്റിസ് ഡിപാർട്ട്മെന്റ് പുറത്ത് വിട്ട രേഖകളിൽ പുരിയെ പറ്റി കൂടുതൽ പരാമർശങ്ങൾ ഉൾപ്പെടുന്നുണ്ട്. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ മൂന്ന് തവണയെങ്കിലും എപ്സ്റ്റീനും ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്ന് ഇമെയിലുകൾ വ്യക്തമാക്കുന്നു. സിലിക്കൺ വാലിയിലെ നിക്ഷേപകരുമായി പുരിയെ ബന്ധിപ്പിക്കാൻ എപ്സ്റ്റീൻ ശ്രമങ്ങൾ നടത്തുന്നതായും ഇമെയിലുകളിൽ പറയുന്നുണ്ട്.

2014 സെപ്റ്റംബർ 24 ന് എപ്സ്റ്റീൻ അമേരിക്കൻ ബിസ്സിനസ്സുകാരനായ റീഡ് ഹോഫ്മാന് അയച്ച ഇമെയിലിൽ ഹർദീപ് സിങ് പുരിയെ പരിചയപ്പെടുത്തുന്നുണ്ട്. തൊഴിൽ സേവന പ്ലാറ്റ്ഫോമായ ‘ലിങ്ക്ഡിൻ’ ന്റെ സഹസ്ഥാപകനാണ് റെഡ് ഹോഫ്മാൻ. “ഇന്ത്യയിൽ താങ്കളുടെ ആൾ പുരിയാണ്” എന്നാണ് എപ്സ്റ്റീൻ പുരിയെ പരിചയപ്പെടുത്തുന്നത്. തുടർന്ന് പുരിയും ഹോഫ്മാനും സിലിക്കൺ വാലിയിൽ കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചു.

എപ്സ്റ്റീൻ പുരിയെ പരിചയപ്പെടുത്തിയ ഇമെയിൽ

 ഇന്ത്യയിലെ ഇന്റർനെറ്റ് മേഖലയിലെ നിക്ഷേപ സാധ്യതകൾ വിശദീകരിച്ചു കൊണ്ട്, എംപ്സ്റ്റീനും റെഡ് ഹോഫ്മാനും 2014 നവംബറിൽ പുരി ഇമെയിലുകൾ അയച്ചിട്ടുണ്ട്. “ഇന്ത്യയിൽ മൊത്തം 20 കൊടി ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. മാസം 5 ലക്ഷം പേര് വെച്ച് കൂടുന്ന ഈ കണക്ക് 2018 ആകുമ്പോൾ 50 കോടി പിന്നിടും. ലിങ്ക്ഡിൻ ന്റെ ഇന്ത്യയിലെ ഉപയോക്താക്കൾ 2.8 കോടിയാണ്. നിങ്ങളുടെ എതിരാളി നൗക്രി.കോം നു 3 കോടിയുണ്ട്” ഇമെയിലിൽ പുരി പറയുന്നു.

എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ചകളെല്ലാം ജോലി സംബന്ധമായിരുന്നു എന്നാണ് പുരി ദി വയർ നോട് പറഞ്ഞത്. 2008 മുതൽ ജെഫ്രി എപ്സ്റ്റീൻ ലൈംഗികാരോപണ വിധേയനാണെങ്കിലും, എപ്സ്റ്റീന്റെ ക്രിമിനൽ ചുറ്റുപാടുകളെ പറ്റി തനിക്ക് അക്കാലത്ത് അറിയില്ലായിരുന്നുവെന്നാണ്  പുരി വയറിനോട് പറഞ്ഞത്. 

എപ്സ്റ്റീൻ ഫയൽസിൽ പേരുള്ള മറ്റൊരു ഇന്ത്യക്കാരൻ പ്രമുഖ വ്യവസായി റിലയൻസ് എഡിഎ ഗ്രൂപ്പിന്റെ ചെയർമാൻ അനിൽ അംബാനിയാണ്.

ജെഫ്രി എപ്സ്റ്റീനും അനിൽ അംബാനിയും തമ്മിൽ 2017 മുതൽ തമ്മിൽ ബന്ധമുണ്ടെന്ന് മെസേജുകളിൽ നിന്ന് വ്യക്തമാണ്. 2017 ഫെബ്രുവരിയിലെ ചാറ്റുകളിൽ മുൻപ് നടന്ന കൂടിക്കാഴ്ചയ്ക്ക് ഇരുവരും പരസ്പരം നന്ദി പറയുന്നുണ്ട്. “നിങ്ങളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിക്കാനായി” എന്നാണ് ഫെബ്രുവരി 23 നു അനിൽ അംബാനി എപ്സ്റ്റീന് അയച്ച മെസ്സേജ്. തുടർന്ന് എപ്സ്റ്റീൻ ഫയൽസിൽ, അനിൽ അംബാനിക്ക് അയച്ചതോ പേര് പരാമർശിക്കുന്നതോ ആയി നിരവധി മെസേജുകൾ കാണാം. 

സഹായം ആവശ്യപ്പെട്ട് അനിൽ അംബാനി എപ്സ്റ്റീന് അയച്ച മെസ്സേജ്

“ഡൽഹിയിലുണ്ട്. എനിക്ക് ജാരേഡിനെയും ബാന്നണിനെയും കാണാൻ നേതൃത്വം നിങ്ങളുടെ സഹായം ആഗ്രഹിക്കുന്നു. ഡൊണാൾഡ് നെ കാണാനും സഹായം വേണം” 2017 മാർച്ച് 16 ന് അനിൽ അംബാനി എപ്സ്റ്റീന് അയച്ച മെസ്സജാണിത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും മുതിർന്ന ഉപദേഷ്ടവുമായ ജാരേഡ് കുഷ്ണറിനെയും മറ്റൊരു ഉപദേഷ്ടാവ് സ്റ്റീവ് ബാന്നണിനെയുമാണ് അനിൽ അംബാനി മെസേജുകളിൽ പരാമർശിക്കുന്നത്. ആരെയാണ് ‘നേതൃത്വം’ എന്ന് അനിൽ അംബാനി ഉദ്ദേശിക്കുന്നത്തെന്ന് വ്യക്തമല്ല.

ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരുന്ന 2019 മെയ് 23 ന് തന്നെ അനിൽ അംബാനിയും എപ്സ്റ്റീനും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നുവെന്ന് മെസേജുകളിൽ വ്യക്തമാണ്. “23 ലെ മീറ്റിംഗിൽ മറ്റാരെയെങ്കിലും ക്ഷണിക്കേണ്ടതുണ്ടോ?” എന്നായിരുന്നു എപ്സ്റ്റീൻ മെയ് 14ന് അംബാനിയോട് ചോദിച്ചത്.

തുടർന്ന് മെയ് 23 ലെ മീറ്റിംഗ് ഉറപ്പിച്ചു കൊണ്ട് അനിൽ അംബാനിയുടെ സെക്രട്ടറിയേറ്റ് മെയിൽ അയച്ചതിന്റെ സ്ക്രീൻഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഈ രേഖ പ്രകാരം മെയ് 23 വൈകുന്നേരം 4:30 നാണ് കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. ഇതേ ദിവസം ഉച്ചയ്ക്ക് 11:30 യോടെ തന്നെ ഇലക്ഷനിൽ NDA മുന്നണിയുടെ വിജയം ഉറപ്പായിരുന്നു.

2017 മെയ് 23 ന് ബിജെപി യുടെ ജയം ഉറപ്പിച്ച് കൊണ്ട് രാവിലെ 11:29 ന് വന്ന ബിബിസി റിപ്പോർട്ട്

ഇതേ ദിവസം വൈകുന്നേരം രാത്രി 08:23 മുതൽ എപ്സ്റ്റീൻ, സ്റ്റീവ് ബാന്നണിന് അയച്ച മെസേജിൽ ‘മോദിയുടെ ആളെ’ കണ്ടെന്ന് പറയുന്നുണ്ട്. എപ്സ്റ്റീൻ അയച്ച മെസ്സേജ് പ്രകാരം ‘മോദിയുടെ ആൾ’ വാഷിംഗ്ടണിൽ നിന്നാരും മോദിയോട് സംസാരിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായും പറയുന്നു.

 മെയ് 23 ന് എപ്സ്റ്റീൻ ഉദ്ദേശിച്ച ‘മോദിയുടെ ആൾ’, താൻ അന്നത്തെ ദിവസം പകൽ കൂടിക്കാഴ്ച നടത്തിയ അനിൽ അംബാനിയാണ് എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇത് സംശയാതീതമായി തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമല്ല.

“ഞങ്ങൾ ഇന്ത്യയ്ക്കായി ഒരു മണിക്കൂർ ഷോ നടത്തുന്നുണ്ട്. മോദി ഇവിടുള്ളപ്പോൾ. അമേരിക്കൻ ഹിന്ദുക്കളും ഞങ്ങളുടെ കൂടെയുണ്ട്.” എന്നാണ് ബാന്നൺ ഈ മെസ്സേജുകൾക്ക് അയച്ച മറുപടി. തുടർന്നുണ്ടായ ചാറ്റുകളിൽ എപ്സ്റ്റീൻ, ബാന്നണും മോദിയുമായി കൂടിക്കാഴ്ചയ്ക്കും പദ്ധതിയിടുന്നുണ്ട്. “മോദി ഓൺ ബോർഡ്” എന്നയച്ചാണ് ഈ വിഷയത്തിലെ സംഭാഷണം എപ്സ്റ്റീൻ അവസാനിപ്പിക്കുന്നത്. 

 നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം റഫേൽ കരാറുൾപ്പെടെയുള്ള വിവാദങ്ങളിൽ റിലയൻസ് ഗ്രൂപ്പ് ഉൾപ്പെട്ടിരുന്നു. 2025 ലും 2026 ലുമായി വിവിധ ലോൺ തട്ടിപ്പ് കേസുകളുടെ ഭാഗമായി റിലയൻസ് ഗ്രൂപ്പിന്റെ  മൂവായിരത്തോളം കോടി രൂപയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ട്കെട്ടിയത്.

റിലയൻസ് സ്വത്തുക്കൾ കണ്ട് കെട്ടിയതായുള്ള ഇഡി പ്രസ്താവന

എപ്സ്റ്റീൻ ഫയൽസിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടതിനെ സംബന്ധിച്ച് ജനുവരി 31 ന് വിദേശ കാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. 2017 ൽ മോദി ഇസ്രായേൽ സന്ദർശിച്ചതൊഴികെ രേഖകളിൽ പറയുന്ന മറ്റെല്ലാം “ഒരു ശിക്ഷിക്കപ്പെട്ട കുറവാളിയുടെ പാഴ് വാക്കുകളാണ്” എന്നാണ് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചത്.

പുറത്ത് വന്ന രേഖകളെ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മോദി സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. “എത്ര വലിയ ക്രിമിനലുകൾക്കാണ് മോദിയുമായി ബന്ധപ്പെടാൻ പറ്റുന്നത്.  ഇതിന്റെ ഉദാഹരണമാണ് എപ്സ്റ്റീൻ ഫയൽസ്”എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്സിൽ പങ്ക് വച്ചത്. മോദി ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ടോ? അതോ മാറ്റാരെയെങ്കിലും പകരം വിടുകയായിരുന്നോ? എന്തൊക്കെയാണ് സംസാരിച്ചത്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ബാധ്യത മോദിയ്ക്കുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top