ആയത്തൊള്ള ഖമനെയിയുടെ വധം ആഘോഷിക്കുന്ന ഇറാനിയൻ സ്ത്രീകളോ? ഫാക്ട് ചെക്ക്

ആയത്തൊള്ള ഖമനെയിയുടെ വധം ആഘോഷിക്കുന്ന ഇറാനിയൻ സ്ത്രീകളോ? ഫാക്ട് ചെക്ക്

യുദ്ധം വ്യാജവാർത്തകളുടെ കാലം കൂടിയാണ്. ആയത്തൊള്ള അലി ഖമനെയിയുടെ വധം ആഘോഷിക്കുന്ന ഇറാനിയൻ സ്ത്രീകൾ എന്ന പേരിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ് കേരളത്തിലെ ബിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. എന്നാൽ എന്താണ് യാഥാർഥ്യം? ഈ ദൃശ്യത്തിന്റെ ഉറവിടം ഞങ്ങൾ കണ്ടെത്തി.

ഫെബ്രുവരി 28 ന് ആരംഭിച്ച ഗൾഫ് സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംഘർഷത്തിൽ, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി (86) കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചിരുന്നു. മരണത്തിൽ, ഇറാൻ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഖമനെയിയുടെ മരണത്തിൽ, ഇറാന് സ്വാധീനമുള്ള വിവിധ രാജ്യങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായി. ഇന്ത്യയിൽ ഉൾപ്പെടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പാകിസ്ഥാനിലും ഇറാഖിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി. എന്നാൽ ഖമനെയിയുടെ മരണത്തിൽ സന്തോഷിച്ച് കൊണ്ട് ആളുകൾ ആഹ്ളാദ പ്രകടനം നടത്തിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഖമനെയിയുടെ മരണത്തിൽ സന്തോഷിക്കുന്ന ഇറാനിലെ സ്ത്രീകൾ എന്ന അവകാശവാദത്തോടെ മലയാളത്തിലും പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ‘ദ്രാവിഡ ശബ്ദം’ എന്ന ഒരു ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പ്രചരിച്ചു തുടങ്ങിയത്.

“ഇറാനിലെ സ്ത്രീകൾ ആഘോഷം തുടരുന്നു. 36 വർഷം സ്ത്രീകളെ ചാക്കിൽ പൊതിഞ്ഞ് പീഡിപ്പിച്ച ഖമനെയിയുടെ മരണം ആഘോഷിക്കുന്നു” എന്ന വിവരണത്തോടെയാണ് 5,600 ഫോളോവെർസ് ഉള്ള ദ്രാവിഡ ശബ്ദം എന്ന അക്കൗണ്ടിൽ പോസ്റ്റ് പ്രചരിക്കുന്നത്. ഇതുവരെ (മാർച്ച് 2) 56,000ൽ അധികം പേർ ഈ വീഡിയോ ഫേസ്ബുക്കിൽ കണ്ടിട്ടുണ്ട്. 1500 ൽ അധികം പേർ ലൈക്ക് ചെയ്ത പോസ്റ്റ് 469 പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.

ഫേസ് ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

പക്ഷേ എന്താണ് യാഥാർഥ്യം? ഖമനെയിയുടെ മരണത്തിൽ സന്തോഷിക്കുന്ന ഇറാനിയൻ സ്ത്രീകളുടെ വീഡിയോ തന്നെയാണോ ഇത്? 

ഞങ്ങൾ നടത്തിയ ഫാക്റ്റ് ചെക്കിൽ അത് സത്യമല്ല എന്ന് കണ്ടെത്തി. ഈ വീഡിയോ Giedrius Sakalauskas എന്ന ഒരു മെറ്റാ വെരിഫൈഡ് ഫേസ് ബുക്ക് അക്കൗണ്ടിൽ ജനുവരി 19 ന് പോസ്റ്റ് ചെയ്തതായി കണ്ടു. FreeIran എന്ന ഹാഷ്ടാഗോടെയാണ് അത്. Maxmet Talzak എന്ന മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നുള്ള ഷെയേഡ് പോസ്റ്റ് ആയിരുന്നു ഇത്. 

ഫേസ് ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

Maxmet Talzak എന്ന ഫേസ് ബുക്ക് പേജിലെ ഇംഗ്ലീഷിലുള്ള പോസ്റ്റിന്റെ വിവർത്തനം ഇങ്ങനെയാണ്: 

“ജനുവരി 18 ഞായറാഴ്ച പാരീസിൽ നടന്ന ഒരു പ്രകടനത്തിൽ ഇറാനിയൻ സ്ത്രീകളെ പിന്തുണച്ചുകൊണ്ട് ഫ്രഞ്ച് വലതുപക്ഷ, ഫെമിനിസ്റ്റ് ഗ്രൂപ്പായ നെമെസിഡ പ്രതീകാത്മക ഹിജാബ് അഴിക്കുകയും അലി ഖമനെയിയുടെ ഫോട്ടോകൾ കത്തിക്കുകയും ചെയ്തു.” 

സംഭവം ഇറാനിൽ നിന്നല്ല, പാരീസിൽ നിന്നുള്ളതാണ് എന്ന് വ്യക്തം.

47 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്ക ഭാഗത്ത് ബിബിസിയുടെ ലോഗോ കാണാം. ഒപ്പം BBC_Persian എന്ന ഒരു ഹാഷ്ടാഗും ഉപയോഗിച്ചിരിക്കുന്നത് കാണാം.

വീഡിയോയിലെ ബിബിസി ലോഗോ, സ്ക്രീൻഷോട്ട്

ബിബിസിയുടെ പേജിൽ ഈ പോസ്റ്റ് ഞങ്ങൾ കണ്ടെത്തി .

‘BBC persian’ ന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ ജനുവരി 19 ന് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാരീസിൽ ഫ്രഞ്ച് വലതുപക്ഷ ഫെമിനിസ്റ്റ് ഗ്രൂപ്പ് നടത്തിയ പ്രകടനം എന്നുതന്നെയാണ് ഈ പോസ്റ്റിന്റെയും വിവരണം. Vicegrad 24 എന്ന ഡിജിറ്റൽ മാധ്യമവും  ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

BBC persian ഇന്സ്ടഗ്രാം പോസ്റ്റ്(ജനുവരി 19), സ്ക്രീൻഷോട്ട്

സംഭവം നടന്നത് ഇറാനിൽ അല്ല പാരീസിൽ നിന്നുതന്നെയാണ് എന്ന് ഉറപ്പിക്കാം.  

കേരളത്തിലെ വലത് പക്ഷ അക്കൗണ്ടുകൾ പതിവ് പോലെ വ്യാജവാർത്ത ഏറ്റെടുത്തിട്ടുണ്ട്. “ഇറാനിൽ സ്ത്രീകൾ ഖമനെയിക്ക് നൽകുന്ന ആദരം” എന്ന വിവരണത്തോടെ ‘ബിജെപി വയലാ’ എന്നൊരു ഫേസ്‌ബുക്ക് പേജിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇറാനില്‍ നിന്നുള്ള  മറ്റു ചില പോസ്റ്റുകളുടെ കൂടെ പ്രതിഷേധിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. 

 ‘ബിജെപി അണപ്പാട്’ ഉൾപ്പെടെ നാല്പതിലധികം ബിജെപി പ്രാദേശിക ഫേസ്ബുക്ക് അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ടായിരുന്നു അത്. Iran, Iran revolution, Nation First തുടങ്ങിയ ഹാഷ്ടാഗുകൾ പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്. 

ബിജെപി വയലാ ഫേസ് ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

Cammillie.eros എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഖമനെയിയുടെ ഫോട്ടോ കത്തിക്കുന്ന വീഡിയോ  ജനുവരി മുതല്‍ പല തവണകളായി പോസ്റ്റ്  ചെയ്തിട്ടുള്ളതായി ഞങ്ങൾ കണ്ടെത്തി. ഇതോടൊപ്പം ‘ബിജെപി വയല’ എന്ന അക്കൗണ്ടില്‍ പ്രചരിച്ച വീഡിയോയും കാണാനായി. 

Camille Eros ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ഖമനെയിയുടെ ഫോട്ടോ കത്തിക്കുന്ന പോസ്റ്റ്, സ്ക്രീൻഷോട്ട്

ബിജെപി വയലാ എന്ന അക്കൗണ്ടിൽ പ്രചരിക്കുന്ന വീഡിയോ Camille Eros ഇൻസ്റ്റഗ്രാം പേജില്‍, സ്ക്രീൻഷോട്ട്

Camille Eros എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോക്താവായ യുവതിയാണ് പ്രചരിക്കുന്ന രണ്ട് വീഡിയോകളിലും ഉള്ളത് എന്നാണ് ഇതിലൂടെ മനസിലാകുന്നത്.

‘ബിജെപി വയല’ എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയും പാരിസില്‍ നിന്നുള്ളതാണ് എന്ന് ജിയോ ലൊക്കേഷന്‍ വഴി ഒബിസി സ്ഥിരീകരിച്ചിട്ടുണ്ട്.

 അതായത്, ഇറാനെതിരെ പാരീസില്‍ നടന്ന പ്രതിഷേധത്തിന്റെ രണ്ടു വ്യത്യസ്ത  വീഡിയോകളാണ് ഇപ്പോള്‍ ഇറാന്‍ ആക്രമണത്തിന് ശേഷം ചില സോഷ്യല്‍ മീഡിയ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്. ഖമനെയിയുടെ മരണവാർത്തയെ തുടര്‍ന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ആഘോഷ വീഡിയോകള്‍ തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണ്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top