
ഹൈന്ദവ പൂജയിൽ ആരതിയുഴിയുന്ന ഒവൈസി; പ്രചരിക്കുന്നത് എ ഐ വീഡിയോ
ഹൈദരബാദിൽ നിന്നുള്ള ലോക് സഭാ എം പിയും ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമിന്റെ (AIMIM) അധ്യക്ഷനുമായ അസദുദ്ദിൻ ഒവൈസിയുടെ ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹനുമാൻ ക്ഷേത്രത്തിൽ, ആരതിയുഴിയുന്ന ഒവൈസിയുടെ വീഡിയോ ആണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയത്. പക്ഷേ, വസ്തുതാ പരിശോധനയിൽ, പ്രചരിക്കുന്ന വീഡിയോ എ ഐ നിർമ്മിതമാണ് എന്ന് കണ്ടെത്തി.
കഴിഞ്ഞ മാസം മുതലാണ് ഈ വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്.
8,244 ഫോളോവേഴ്സ് ഉള്ള ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി, വീഡിയോ നവംബർ 27 ന് പ്രചരിച്ചിട്ടുണ്ട്. #hanumanjayanti #hanumanji #owaisi എന്നീ ഹാഷ്ടാഗുകൾ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നു. 2,35,342 ലൈക്കുകൾ ഇതുവരെ ആ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്
ഒരു ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉള്ള ഗ്രീൻ ന്യൂസ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി വീഡിയോ ഡിസംബർ മൂന്നിന് പ്രചരിച്ചിട്ടുണ്ട്. “ബജ്‌റംഗബലി ആരതി ഒവൈസി മംഗളകരമായി നടത്തി”എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലെ വിവരണം. 622 പേർ കമൻ്റ് ചെയ്ത പോസ്റ്റിന്, 549 പേരാണ് ലൈക്ക് ചെയ്തത്.

ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്
മറ്റു ചില ത്രെഡ്സ്, എക്സ് അക്കൗണ്ടുകൾ വഴിയും വീഡിയോ സമാന അവകാശവാദത്തോടെ വ്യാപകമായി പ്രചരിച്ചിട്ടുള്ളതായി ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രചരിക്കുന്ന വീഡിയോയുടെ വലത്തെ അറ്റത്തായി, ഗൂഗിളിൻ്റെ AI ടൂളായ ജെമിനിയുടെ ചിഹ്നം കാണുന്നുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ , വീഡിയോ എ ഐ സഹായത്തോടെ നിർമ്മിച്ചതാണെന്ന് വ്യക്തമാകും.

വീഡിയോയുടെ താഴെ, വലത്തേയറ്റതായി കാണുന്ന ഗൂഗിൾ ജെമിനിയുടെ ചിഹ്നം
ഇത് ഉറപ്പു വരുത്താനായി എ ഐ ഡിറ്റക്ഷൻ ടൂൾ ആയ, ഹൈവ് മോഡറേഷനെ ആശ്രയിച്ചു. ത്രെഡ്സിൽ പ്രചരിക്കുന്ന വീഡിയോയുടെ HD പതിപ്പ് ഹൈവ് മോഡറേഷനിൽ പരിശോധിച്ചപ്പോൾ, പ്രചരിക്കുന്ന വീഡിയോ എ ഐ നിർമ്മിതം ആണെന്ന് ഉറപ്പ് വരുത്താൻ സാധിച്ചു.

ഹൈവ് മോഡറേഷൻ ഫലം, സ്ക്രീൻഷോട്ട്
സമീപ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഹൈദരാബാദ് എം പി അസദുദിൻ ഒവൈസിയുടേത് എന്ന് പറയപ്പെടുന്ന വീഡിയോ സമ്പൂർണമായും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് ഒബിസിയുടെ വസ്തുതാ പരിശോധനയിൽ കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെയാണ് കൃത്രിമ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
