
അതിജീവിതമാരെ സൈബർ കേരളം നേരിടുന്ന വിധം
“സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേർന്ന് നിൽക്കുമ്പോൾ കാമം തോന്നാത്ത, കുടുംബത്തിൽ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂർവ്വം ഏത് സാഹചര്യത്തിലും ഇങ്ങനെ നിൽക്കാം.”
മൂന്നു ദിവസങ്ങൾക്കു മുമ്പ്, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു, കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. ‘ഭർതൃമതിയായ ഇരയുടെ ത്വര കൊള്ളാം’ എന്നുതുടങ്ങിയുള്ള പരാമർശങ്ങളിലൂടെ അതിജീവിതയെ കുറ്റക്കാരിയായി ചിത്രീകരിക്കുന്ന നിരവധി പോസ്റ്റുകൾ ബിന്ദുവിന്റെ ഫേസ്ബുക്ക് പേജിൽ കാണാം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ സ്ത്രീക്ക് നേരെ സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. നിയമസഭാംഗം കൂടിയായ, അധികാരം കയ്യാളുന്ന ഒരു വ്യക്തിക്കെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമുള്ള അതീവ ഗുരുതരസ്വഭാവമുള്ള പരാതി ഉയർന്നിരിക്കുന്നത്. ഈ വിഷയത്തിൽ ഉൾച്ചേർന്നിരിക്കുന്ന അധികാരത്തിന്റെ ക്രിമിനൽവൽക്കരണത്തെ സമ്പൂർണമായി അവഗണിച്ചു കൊണ്ട് ഇരയാക്കപ്പെട്ട സ്ത്രീയെ സംഘടിതമായി കടന്നാക്രമിക്കുകയാണ് കേരളത്തിലെ സൈബർ വലത്പക്ഷം. കേവലം മുഖമില്ലാത്ത ആൾക്കൂട്ടമല്ല ,മറിച്ച് കോൺഗ്രസ്സിന്റെ മുൻനിരയിൽ നിൽക്കുന്നവർ തന്നെയാണ് ഈ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നതെന്നത് വ്യക്തമാണ്. ബിന്ദു ബിനുവിന്റെയും സന്ദീപ് വാര്യരുടെയും പോസ്റ്റുകൾ ഇതിന് തെളിവാണ്.
ഇതുപോലെ കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾ, ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുള്ള കോൺഗ്രസ്സിന്റെ ഫേസ്ബുക്ക് ഗ്രൂപ്പുകൾ, രാഹുലിനെയും അതിജീവിതയെയും പരാമർശിക്കുന്ന പോസ്റ്റുകളുടെ കമന്റ് ബോക്സുകൾ, എല്ലായിടങ്ങളും പരാതിക്കാരിയായ സ്ത്രീക്കെതിരെയുള്ള അധിക്ഷേപങ്ങളും ലൈംഗിക പരാമർശങ്ങളും കൊണ്ട് നിറയുകയാണ്.

കഴിഞ്ഞ ഓഗസ്റ്റിലാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നത്. ഒന്നിലേറെ സ്ത്രീകളെ, രാഹുൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതേത്തുടർന്ന്, യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷപദവി ഉൾപ്പടെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാഹുൽ രാജി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ആരോപണമുന്നയിച്ചവർ ഔദ്യോഗികമായി പരാതി നൽകാത്തതിനാൽ ബി എൻ എസ് സെക്ഷൻ 78 (സ്ത്രീയെ പിന്തുടരുന്നത്, തുറിച്ച് നോക്കുന്നത്, അഞ്ചുവർഷംവരെയുള്ള തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം), 351 (ഭീഷണി, ഏഴുവർഷം തടവും പിഴയും) എന്നീ വകുപ്പുകളും കേരള പോലീസ് ആക്ടിന്റെ 120 (സി) വകുപ്പും ചേർത്ത് ‘Suo moto’ കേസ് മാത്രമാണ് എടുത്തിരുന്നത്.
നവംബർ 27ന്, അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പരാതി സമർപ്പിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ, തുടങ്ങിയ വകുപ്പുകളാണ് കുറ്റക്കാരനുമേൽ ചുമത്തിയിട്ടുള്ളത്. ഇതിന് പിറകെയാണ് പരാതിക്കാരിക്ക് നേരെയുള്ള കനത്ത സൈബറാക്രമണം തുടങ്ങുന്നത്.

കൂട്ട സൈബർ ആക്രമണങ്ങൾ
സ്ത്രീകൾ പരാതിക്കാരാകുന്ന കേസുകൾ എല്ലാം തന്നെ നിഷ്പ്രഭമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾ കേരളത്തിലെന്നും ഉണ്ടായിട്ടുണ്ടെന്ന് കാണാം. 2017 ൽ നടി ആക്രമിക്കപ്പെട്ട കേസും, മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്റ്റീവിന്റെ (WCC) വളർച്ചയുമൊക്കെ ഈ രീതിയിലുള്ള ഭീകരമായ സൈബർ ആക്രമണങ്ങളെ അതിജീവിച്ചാണ് ഓരോ അടിയും മുന്നോട്ട് വച്ചത്. ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവർ അതിനെക്കുറിച്ച് പരാതിപ്പെടാനും തുറന്ന് പറയാനും തയ്യാറാവുമ്പോൾ, അവരെ കുറ്റപ്പെടുത്തിക്കൊണ്ടും ‘സ്ലട്ട് ഷെയിം’ ചെയ്തു കൊണ്ടും നിശബ്ദരാക്കാൻ ശ്രമിക്കുകയെന്നത് പുരുഷാധിപത്യ സമൂഹത്തിന്റെ എക്കാലത്തെയും തന്ത്രമാണ്. എന്നാൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ആസൂത്രിതവും സംഘടിതവും അങ്ങേയറ്റം ഹിംസാത്മകവുമായ ആക്രമണമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ കാണുന്നത്.

നവംബർ 29ന്, സിപിഎം നേതാവ് ഡോ. പി സരിൻ ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന IRT Content Sharing എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റേതെന്ന് അവകാശപ്പെടുന്ന സ്ക്രീൻ ഷോട്ടായിരുന്നു അത്.
‘വളരെ വൈകിയാണ് അറിഞ്ഞത് പ്രിയ സുഹൃത്തിന്റെ വിവാഹം’ എന്ന അടിക്കുറിപ്പോടെ പരാതിക്കാരിയുടെ വിവാഹച്ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ പങ്കെടുക്കുന്ന പഴയ ഒരു ചിത്രം ആ ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. ‘ഭയമില്ലാത്തവർ ഇതേ പോലെ പോസ്റ്റ് ചെയ്യണം’ എന്നായിരുന്നു ഗ്രൂപ്പ് അംഗങ്ങളോട് പോസ്റ്റിട്ടയാളുടെ ആഹ്വാനം. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ കോൺഗ്രസ്സിന്റെ ഔദ്യോഗിക വൃത്തങ്ങളുടെ അറിവോടെ, ആസൂത്രിതമായാണ് പുറത്തു പോയതെന്നാണ് ഈ സ്ക്രീൻഷോട്ടുകൾ സൂചിപ്പിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രം പല അക്കൗണ്ടുകളിൽ നിന്നായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് , അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിക്കുകയും അവരുടെ ഐഡന്റിറ്റി പരസ്യപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത്. ബി എൻ എസ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മഹിളാ കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് കേസിൽ ഒന്നാം പ്രതി. സുപ്രീം കോടതി അഭിഭാഷകയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ എഴുതുന്ന ദീപ ജോസഫ്, സന്ദീപ് വാര്യർ എന്നിവരും പ്രതികളാണ്.

‘രാഷ്ട്രീയ ലൈംഗിക തൊഴിലാളി’ എന്നാണ് ഒരു പോസ്റ്റിൽ മഹിളാ കോൺഗ്രസ്സ് നേതാവ് രഞ്ജിത പുളിക്കൻ, അതിജീവിതയെ വിശേഷിപ്പിച്ചത്. രാഹുലിനെതിരെ ആരോപണമുന്നയിച്ചവരിലൊരാളായ നടി റിനി ആൻ ജോർജിന്റെ മോർഫ് ചെയ്ത അശ്ലീല ചിത്രം മുതൽ ‘നമ്പർ കിട്ടിയാൽ റേറ്റ് അറിയാമായിരുന്നു’ എന്നുവരെയുള്ള അങ്ങേയറ്റം അശ്ലീലമായ പരാമർശങ്ങളാണ് പോസ്റ്റിന്റെ കമന്റ് ബോക്സിലുള്ളത്. പെരുംകള്ളി, കാമഭ്രാന്തി, സംഘിണി തുടങ്ങിയ വാക്കുകളുപയോഗിച്ചും ഇവർ അതിജീവിതയെ അധിക്ഷേപിച്ചിട്ടുണ്ട്.

ഇതേ അക്കൗണ്ടിൽ നിന്ന് ‘ജനമനസ്സുകൾ കീഴടക്കിയ നായകൻ’ എന്ന തലക്കെട്ടോടെ രാഹുലിന്റെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന്, 2600ന് മുകളിൽ ലൈക്കുകളും 300 കമന്റുകളും 170 ഷെയറുകളുമാണ് ലഭിച്ചത് (നവംബർ 28). ഇതേ പോസ്റ്റ്, സമാനമായ അടിക്കുറിപ്പുകളോടെ മറ്റ് കോൺഗ്രസ്സ് അക്കൗണ്ടുകളിലും കാണാം. ‘ഈ നിമിഷം മുതൽ പ്രതിരോധമല്ല, ശക്തമായ പ്രത്യാക്രമണമാണ് വേണ്ടത്’ എന്നാണ് പ്രസ്തുത പോസ്റ്റിന്റെ അവസാന വരി.

രാഹുലിന് നേരെയുള്ള നീക്കങ്ങളെല്ലാം സിപിഐഎമ്മിന്റെയും ബിജെപിയുടെയും ആസൂത്രിത രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് എന്ന് അവകാശപ്പെടുന്ന തരത്തിലുള്ള പോസ്റ്റുകളുമുണ്ട്. എന്നാൽ ഇവയിലും ഇരയുടെ ധാർമികതയെ ചോദ്യം ചെയ്യുകയും അവരെ അപഹസിക്കുകയും ചെയ്യുന്ന പരാമർശങ്ങൾ തന്നെയാണ് ഏറെയും.
‘വിവാഹിതയായ സ്ത്രീ (കമ്മിണി) കേരള രാഷ്ട്രീയത്തിന്റെ ഭാവിയായ അവിവാഹിതനായ രാഹുലിനെ പ്രലോഭനങ്ങളിൽ വീഴ്ത്തുന്നു’ എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് പങ്കുവച്ചത് മൂവായിരത്തോളം ഫോളോവേഴ്സ് ഉള്ള Udf Mampad എന്ന ഫേസ്ബുക്ക് പേജാണ്. ‘വിക്ടിം ബ്ലേമിങ്’ അഥവാ അതിക്രമത്തിനിരയായ സ്ത്രീയുടെ കുഴപ്പം കൊണ്ടാണ് അവർ ആക്രമിക്കപ്പെട്ടതെന്ന് വരുത്തി തീർക്കുന്നതാണ് ഇത്തരം പോസ്റ്റുകളുടെ പൊതുസ്വഭാവം.
താരതമ്യേനെ ‘നിഷ്പക്ഷം’ എന്ന് തോന്നിക്കുന്ന, എന്റർടൈൻമെന്റ് കൊണ്ടെന്റുകൾ ചെയ്യുന്ന ചില അക്കൗണ്ടുകളിൽ നിന്നും രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ ഒഴുക്ക് കാണാം. ഒറ്റ നോട്ടത്തിൽ ’അപകടകര’മാണെന്ന് തോന്നിക്കാത്ത ഇത്തരം പോസ്റ്റുകളുടെ കമന്റ് ബോക്സുകൾ തുറന്നാൽ കാര്യങ്ങൾ വ്യക്തമാകും. ‘വിവാഹിതയായ, ഭർത്താവിനെ വഞ്ചിച്ച സ്ത്രീ’ എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ ശക്തിപ്പെടുത്താൻ ഇത്തരം അക്കൗണ്ടുകൾ അക്ഷീണം പ്രയത്നിക്കുന്നതായാണ് വ്യക്തമാകുന്നത്.

ANU Media എന്ന ഫേസ്ബുക്ക് പേജിൽ, ‘ഇനിയും രാഹുലിനൊപ്പം എന്ന് ഉറപ്പിച്ചു പറയുന്ന ആളാണോ നിങ്ങൾ’ എന്ന പോസ്റ്റിന് നാൽപ്പതിനായിരത്തിൽ അധികം ലൈക്കുകളും 6200 കമന്റുകളുമാണുള്ളത് (നവംബർ 30). ‘ഇപ്പോഴും ലക്ഷക്കണക്കിന് ആളുകൾ ഈ മനുഷ്യനെ സോഷ്യൽ മീഡിയയിൽ പിന്തുണയ്ക്കുന്നു എങ്കിൽ അതിന് കാരണം ഒന്നേ ഉള്ളൂ, രാഹുൽ എന്ന വ്യക്തിയിലുള്ള വിശ്വാസം’ എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ഒരു ലക്ഷത്തിനടുത്ത് ഫോളോവേർസ് അക്കൗണ്ടാണിത്. ഇതേ ചിത്രം സമാനമായ മറ്റ് ‘നിഷ്പക്ഷ അക്കൗണ്ടുകളി’ലും പതിനായിരമോ അതിലധികമോ ലൈക്കുകളോടെ ‘വൈറൽ’ ആകുന്നതും കാണാം. ഈ പോസ്റ്റുകളുടെ കമന്റ് ബോക്സിലും അതിജീവിതയ്ക്ക് നേരെയുള്ള അധിക്ഷേപ പരാമർശങ്ങൾ അനവധിയാണ്.

രാഹുലിനെ ‘പടിയടച്ചു പിണ്ഡം വയ്ക്കണ’മെന്ന് ഫേസ്ബുക്ക് പോസ്റ്റിടുകയും ഹൈ കമാന്റിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സജന ബി സാജനും കഴിഞ്ഞ ദിവസങ്ങളിൽ വലിയ സൈബറാക്രമണം നേരിടുകയാണ്. ഇവർക്കെതിരെ നിരന്തരമായി അധിക്ഷേപ പോസ്റ്റുകൾ പങ്കുവച്ചതിനെത്തുടർന്നാണ് രഞ്ജിത പുളിക്കനെതിരെ കേസ് എടുത്തത്. വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തുന്നതിൽ പരിമിതിയുണ്ടെന്നാണ് സജന ഒ ബി സിയോട് പ്രതികരിച്ചത്.

അപര്യാപ്തമായ നിയമങ്ങൾ
“നിലവിൽ ഇന്ത്യൻ നിയമത്തിൽ സൈബറിടങ്ങളിലുള്ള ആക്രമണങ്ങളെ വേണ്ട വിധം പ്രതിരോധിക്കാൻ തക്കതായ വകുപ്പുകൾ ഇല്ല. 2000ത്തിൽ നിലവിൽ വന്ന ഐ ടി ആക്ട് ഈ വിഷയത്തിൽ അങ്ങിങ്ങായി സ്പർശിച്ചു പോകുന്നുണ്ടെങ്കിലും, പൂർണ്ണമായും ‘വിർച്വൽ ലോകത്തേക്ക്’ കുടിയേറിയ പുതിയ കാലത്തെ അഡ്രസ്സ് ചെയ്യാൻ ഈ നിയമത്തിന് കഴിയില്ല. ഇതിന് സമഗ്രമായ ഒരു നിയമനിർമാണം തന്നെയാണ് ആവശ്യം.” അഭിഭാഷകയും ആക്ടിവിസ്റ്റുമായ ആശ ഉണ്ണിത്താൻ ഒ ബി സിയോട് പറഞ്ഞു.
“സൈബർ സ്പേസുകളിൽ അതിജീവിതയ്ക്ക് എതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ‘ഹേറ്റ് സ്‌പീച്ച്’ ആണ്. ഇന്ത്യൻ നിയമം മത നിന്ദ, രാജ്യ നിന്ദ എന്നീ രണ്ട് തലങ്ങളിൽ മാത്രമേ ഹേറ്റ് സ്പീച്ചീനെ അഡ്രസ്സ് ചെയ്യുന്നുള്ളൂ. ലിംഗ ലൈംഗികാടിസ്ഥാനത്തിൽ നടക്കുന്ന ഹേറ്റ് സ്പീച്ചീനെ ഒരു കുറ്റകൃത്യമായി അംഗീകരിച്ചിട്ടില്ല.” ആശ പറയുന്നു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന വകുപ്പ് ചേർത്തത് കൊണ്ട് മാത്രമാണ് രാഹുൽ ഈശ്വർ, സന്ദീപ് വാരിയർ തുടങ്ങിയവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. എന്നാൽ കോടതിയിൽ എളുപ്പത്തിൽ ജാമ്യം കിട്ടാവുന്ന വകുപ്പ് മാത്രമാണ് ഇതെന്നും ആശ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

പണ്ടത്തെ പോലെയുള്ള ‘ആൾക്കൂട്ട മനശാസ്ത്ര’മല്ല ഇത്തരം കൂട്ട ആക്രമണങ്ങൾക്ക് പിറകില്ലെന്ന് ആശ പറയുന്നു. എവിടെ നിന്നോ വന്ന കുറേ ആളുകളല്ല, മറിച്ച് കൃത്യമായ അജണ്ടയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരാണിത്. ഫാൻസ് പേജുകൾ മുതൽ പി ആർ ഏജൻസികൾ വരെ ഇതിന്റെ ഭാഗമാണ്. കേവലമായ ആൾക്കൂട്ട മനശാസ്ത്രമെന്ന് പറഞ്ഞു തള്ളിക്കളയാനാവുന്നതല്ല അതെന്നും ആശ ഒ ബി സിയോട് പറഞ്ഞു.
പ്രതിരോധിക്കാനാവാതെ കോൺഗ്രസ്സ് നേതൃത്വം
എന്നാൽ അതിജീവിതക്ക് നേരെയുള്ള ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണങ്ങളെ കുറിച്ച് വിശദീകരിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് കോൺഗ്രസ്സ് നേതൃത്വം. ഈ ആക്രമണങ്ങളിലൊന്നും കോൺഗ്രസ്സിന് പങ്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസ്സിന്റെ ഡിജിറ്റൽ സെൽ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും വിടി ബൽറാമിനെ ഒഴിവാക്കി ഹൈബി ഈഡന് ചുമതല നൽകി.
യുവതിയുടെ പരാതിയെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നെല്ലാം അവരുടെ ഐഡന്റിറ്റി വെളിവാക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും നീക്കം ചെയ്യപ്പെട്ടു. സാമൂഹ്യ മാധ്യമ പേജുകളെല്ലാം പോലീസ് നിരീക്ഷണത്തിലാണെന്നും അതിജീവിതയുടെ പേരിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സ്റ്റേറ്റ് പോലീസ് മീഡിയ അക്കാദമി അറിയിച്ചു.
അതിജീവിതക്ക് നേരെ നടക്കുന്ന സംഘടിതമായ സൈബർ ആക്രമണത്തിന് പിറകിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ടെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നുണ്ട്. കൂടുതൽ പേർ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്ത് വരുന്നത് തടയുക എന്നൊരു ഉദ്ദേശം കൂടി ഇക്കൂട്ടർക്കുണ്ടെന്ന് കരുതേണ്ടി വരും. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി ഉപദ്രവിക്കുകയും നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ഒന്നിലധികം സ്ത്രീകൾ ഉണ്ടെന്ന വാദം ആദ്യഘട്ടം മുതൽക്ക് തന്നെ പ്രബലമായിരുന്നു .
എന്തായാലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരോഗതി കൈവരിക്കുന്ന കേരളം ഹിംസാത്മകമായ രീതിയിൽ ആണധികാര കേരളമായി തന്നെ തുടരുന്നുവെന്നാണ് ഈ സംഭവങ്ങൾ വെളിപ്പെടുത്തുന്നത്.
