
മാധ്യമസ്വാതന്ത്ര്യത്തിന് മരണമണി- കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 67 ജേണലിസ്റ്റുകള്‍, 503 പേര്‍ തടവറയില്‍
2024 ഡിസംബര്‍ മുതല്‍ ഇതുവരെ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഏതാണ്ട് പകുതിയും ഗസയില്‍ ഇസ്രായേല്‍ സേന നടത്തിയ ഏകപക്ഷീയ ആക്രമണങ്ങളിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ കൊല്ലപ്പെട്ട 67 പേരില്‍ ഇരുപത്തൊമ്പതും ഗസയിലാണ്. ലോക മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടേഴ്സ് വിത്ത് ഔട്ട് ബോര്‍ഡേഴ്സ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്. യുക്രെയിനിലും റിപ്പോർട്ടർമാരെ കരുതിക്കൂട്ടി ആക്രമിക്കുന്നത് റഷ്യൻ സേനയും തുടരുകയാണെന്ന് സംഘടന പറയുന്നു.

കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍
ഗസയിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം, 220 മാധ്യമപ്രവർത്തകരെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. ഈ വർഷം കൊല്ലപ്പെട്ട മൊത്തം മാധ്യമ പ്രവർത്തകരിൽ, ഓഗസ്റ്റ് 25ന്, മാധ്യമ പ്രവർത്തര്‍ക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ, റോയിറ്റേഴ്സ് ഫോട്ടോഗ്രാഫർ ഹോസം അൽ മാസ്റി കൊല്ലപ്പെട്ടിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ, മറിയം അബു ഡാഗാ (The Independent Arabia, Associated Press), ഫ്രീലാൻസറായ മൊആസ് അബു താഹ, അൽ ജസീറ ഫോട്ടോഗ്രാഫർ മൊഹമദ് സലാമ എന്നിവരും പിന്നീട് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
യുക്രെയിനിൽ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരു മാസത്തിൽ, മൂന്ന് മാധ്യമ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്.
മെക്സിക്കന്‍ കാര്‍ട്ടെലുകള്‍
യുദ്ധം തുടരുന്ന ഗസയും യുഖ്രെയ്നും കഴിഞ്ഞാല്‍ മെക്സിക്കോയാണ് മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യമെന്നാണ് ഈ കണക്കുകള്‍ പറുന്നത്.
മാധ്യമ സ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നായാണ് മെക്സിക്കോയും നിലനിൽക്കുന്നത്. സംഘടിത കുറ്റവാളികളുടെകൃത്യങ്ങളിലെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്ത ഒൻപത് പ്രാദേശിക റിപ്പോർട്ടർമാരാണ് ഇക്കൊല്ലം മെക്സിക്കോയിൽ കൊല്ലപ്പെട്ടത്.
മെക്സിക്കോയിലെ മാധ്യമങ്ങള്‍ ആകെ ഒരു കാര്‍ട്ടെലിന്‍റെ നിയന്ത്രണത്തിലാണെന്നു പറയാം. നെമെസിയോ റൂബൻ ഒസെഗുവേര സെർവാന്റസ് എന്ന എൽ മെഞ്ചോ നയിക്കുന്ന ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ (CJNG) എന്ന ക്രിമിനൽ സംഘടനയാണ് മെക്സിക്കോയിലെ മാധ്യമങ്ങള്‍ എന്തു ചെയ്യണമെന്ന തീരുമാനിക്കുന്നതെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. മെക്സിക്കോയിലെ ഇരുപതിലധികം സംസ്ഥാനങ്ങളിലാണ് ഈ ഗ്രൂപ്പിൻ്റെ സ്വാധീനമുള്ളത്.
സൗദി അറേബ്യയിലും ബംഗ്ലാദേശിലും മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ചത്തീസ് ദഡില്‍ പൊതുമരാമത്തു കരാരുകളിലെ, അഴിമതി പുറത്തുകൊണ്ടുവന്നതിന്, ദാരുണമായി കൊല്ലപ്പെട്ട ഫ്രീലാൻസ് ജേർണലിസ്റ്റ് മുകേഷ് ചന്ദ്രക്കാറിനെ പറ്റിയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശത്രുക്കൾ
ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള പട്ടാളവും പൊലീസും രഹസ്യാന്വേഷണ ഏജൻസികളും മുതല്‍, ക്രിമിനലുകളും തീവ്രവാദ സംഘങ്ങളും വരെയുള്ള ശക്തികള്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ’Press freedom predators’ എന്നാണ് റിപ്പോർട്ട് ഇവരെ വിളിക്കുന്നത്. മാധ്യമപ്രവർത്തകരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്യുകയും മാധ്യമ സ്ഥാപനങ്ങളെ സാമ്പത്തികമായി അടിച്ചമർത്തുകയും അവരുടെ വിശ്വാസ്യതയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള 34 ‘വേട്ടക്കാരെയാണ്’ റിപ്പോർട്ട് പട്ടികപ്പെടുത്തുന്നത്.
സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷമുള്ള കാലത്തെ, ഏറ്റവും ഹീനമായ അടിച്ചമർത്തലാണ് റഷ്യയിലെ മാധ്യമങ്ങള്‍ ഇപ്പോൾ നേരിടുന്നത്. ലോകമാധ്യമ സ്വതന്ത്രസൂചികയിൽ നൂറ്റി എഴുപത്തൊന്നാം സ്ഥാനത്താണ് റഷ്യ ഇപ്പോഴുള്ളത്. വ്ലാദിമിർ പുതിന്‍റെ ഭരണകാലയളവില്‍ റഷ്യയിലെ മാധ്യമപ്രവർത്തകർ നിരന്തരം ഭീഷണിക്ക് വിധേയരാവുകയും ആക്രമിക്കപ്പെടുകയും തടവിലാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് സംഘടന പറയുന്നത്. 2022 ൽ യുക്രെയ്ൻ ആക്രമണത്തിനിടെ മാത്രം, റഷ്യൻ സേന കൊലപ്പെടുത്തിയത് 16 മാധ്യമപ്രവർത്തകരെയാണ്. യുക്രെയ്നിലെ മാധ്യമ പ്രവർത്തകരുൾപ്പെടെ 48 മാധ്യമപ്രവർത്തകരാണ് ഇപ്പോൾ റഷ്യൻ തടവറകളിലുള്ളത്, റിപ്പോർട്ട് പറയുന്നു.
അഫ്ഗാനിസ്ഥാനാണ് മാധ്യമപ്രവര്‍ത്തകര്‍ വലിയ തോതിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുന്ന മറ്റൊരു രാജ്യം. മ്യാൻമറിലെ സാഹചര്യവും ഒട്ടും ഭിന്നമല്ല. 2021ൽ അധികാരം പിടിച്ചെടുത്തതിനുശേഷം, സൈനിക ജനറലായ മിൻ ഓങ് ഹ്ലയിംഗ്, രൂപീകരിച്ച സ്റ്റേറ്റ് സെക്യുറിറ്റി ആൻഡ് പീസ് കമ്മീഷൻ, ഫലത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനുള്ള ഏജന്‍സിയായിരുന്നു. 2021 ഫെബ്രുവരി മുതൽ, ഏഴ് മാധ്യമപ്രവർത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. 47 പേർ ഇപ്പോഴും, തടവറകളിൽ കഴിയുകയാണ്.
തടവുകാരും, ബന്ദികളും
മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) എന്ന സംഘടനയുടെ ഡിസംബർ 1 വരെയുള്ള കണക്കുപ്രകാരം, 47 രാജ്യങ്ങളിലായി 503 മാധ്യമപ്രവർത്തകരാണ് ഇപ്പോൾ തടവിൽ കഴിയുന്നത്. ചൈനയിലാണ് ഏറ്റവും കൂടുതൽ പേരുള്ളത് (121). റഷ്യയിൽ 48 പേരും മ്യാൻമറിൽ 47 മാധ്യമപ്രവർത്തകരുമാണ് തടവിലുള്ളത്. അസർബൈജാനിൽ 25 പേരും അഫ്ഗാനിസ്ഥാനിൽ ഏഴ് പേരും ഇപ്പോൾ തടവിലാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 മാധ്യമപ്രവർത്തകരാണ് ഇപ്പോൾ ബന്ദികളായി തുടരുന്നത്. ഈ വർഷം, ഹൂതി വിമതർ ഏഴ് മാധ്യമപ്രവർത്തകരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതോടെ യെമനില്‍ ഹൂതികളഉടെ പിടിയിലുള്ള മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഒമ്പതായി.
2025 ഡിസംബർ വരെയുള്ള കണക്കിൽ, ലോകമെമ്പാടും 135 മാധ്യമപ്രവർത്തകരാണ് കാണാതായിട്ടുള്ളത്. ഇവരിൽ ചിലർ, 30 വർഷത്തിലധികമായി കാണാതായവരാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും, സിറിയയിലും (37) മെക്സിക്കോയിലും (28) ആണ് കാണാതാകുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ.
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരും വ്യാപകമായി ആക്രമണങ്ങൾ നേരിടുന്നുണ്ട്. സെർബിയ, നേപ്പാൾ, ഇക്വഡോർ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളും ആ പട്ടികയിലുണ്ട്. അഫ്ഗാനിസ്ഥാൻ, റഷ്യ, ബെലാറൂസ് തുടങ്ങിയ രാജ്യങ്ങൾ സ്വതന്ത്ര മാധ്യമങ്ങളെ പൂർണമായി പുറത്താക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് റിപ്പോർട്ട് പറയുന്നു.
ലോകമെമ്പാടും മാധ്യമ പ്രവർത്തകർ നേരിടുന്ന കടുത്ത അവകാശ ലംഘനങ്ങളാണ് റിപ്പോർട്ടിലുടനീളം വ്യക്തമാവുന്നത്. ബന്ദിയാക്കപ്പെട്ടും തടവറയിൽ നരക യാതനകൾ അനുഭവിച്ചും കഴിയുന്ന നിരവധി മാധ്യമ പ്രവർത്തകർ. സത്യത്തിനായി പോരാടി, ജീവിതം തന്നെ ഇല്ലാതായ ചിലർ. മാധ്യമ സ്വാതന്ത്ര്യവും മാധ്യമ പ്രവർത്തകരുടെ സുരക്ഷിതത്വവും പല രാജ്യങ്ങളിലും മനുഷ്യാവകാശമായി പോലും പരിഗണിക്കപ്പെടാതെ തുടരുന്നുവെന്ന വസ്തുതയാണ് ലോക മനുഷ്യാവകാശ ദിനത്തില്‍ പുറത്തുവരുന്ന കണക്കുകള്‍ അടിവരയിടുന്നത്.
