ഇന്ത്യയിലെ കർഷകർ വളക്ഷാമം നേരിടുന്നുണ്ടോ? ആഗോള രാഷ്ട്രീയം കൃഷിയിടങ്ങളിലേക്കെത്തുമ്പോൾ 

ഇന്ത്യയിലെ കർഷകർ വളക്ഷാമം നേരിടുന്നുണ്ടോ? ആഗോള രാഷ്ട്രീയം കൃഷിയിടങ്ങളിലേക്കെത്തുമ്പോൾ 

ഇന്ത്യ സമീപ ഭാവിയിൽ ഗുരുതരമായ വളപ്രതിസന്ധി നേരിടുമോ? ഇത് ഭക്ഷ്യ ക്ഷാമത്തിലേക്ക് നയിക്കുമോ? പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാതെ തുടരുന്നിടത്തോളം രാജ്യത്തെ വളലഭ്യത അനിശ്ചിതത്വത്തിലാണ്.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 17 വരെയുള്ള മൂന്നാഴ്ച്ചയ്ക്കിടെ സർക്കാരിലെ രണ്ട് ഉന്നത വ്യക്തികൾ ഇന്ത്യയിലെ വളലഭ്യതയെ കുറിച്ച് പരസ്പര വിരുദ്ധമായ രണ്ട് പ്രസ്താവനകൾ നടത്തി. ഈ രണ്ട് പ്രസ്താവനകളും ഉയർത്തുന്ന ചോദ്യം ഒന്നാണ്, ഇന്ത്യയിൽ വളം ഇപ്പോൾ ലഭ്യമാണോ, വരും മാസങ്ങളിൽ ആ ലഭ്യത തുടരുമോ? വളശേഖരം, യൂറിയ-DAP ഉത്പാദനവും ഇറക്കുമതിയും, സബ്സിഡി, എന്നിവയുടെ കണക്കുകൾ ഇവിടെ പരിശോധിക്കുന്നു.

സെപ്റ്റംബർ 28, തിങ്കളാഴ്ച. ന്യൂയോർക്കിലെ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച സംഭാഷണത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞത് ഗണ്യമായ വളക്ഷാമമുണ്ടെന്നാണ്. കൂടാതെ റഷ്യ – യുക്രൈൻ സംഘർഷം നിലനിൽക്കുന്നതിനാൽ കരിങ്കടൽ മേഖലയിലെ പ്രധാന ധാന്യ കയറ്റുമതിക്കാർക്ക് സുരക്ഷിതമായി ചരക്ക് അയയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. വരും മാസങ്ങളിൽ വലിയൊരു ഭക്ഷ്യപ്രതിസന്ധിയുണ്ടാകും എന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

ഒക്ടോബർ 3, ശനിയാഴ്ച. ഡൽഹിയിൽ നടന്ന അഞ്ചാമത് കൗടില്യ സാമ്പത്തിക സമ്മേളനത്തിന്റെ ഭാഗമായി, പതിനാറാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ അരവിന്ദ് പനഗരിയ വാർത്താ ഏജൻസിയായ ANI-യോട് പറഞ്ഞത് മറിച്ചാണ്: ‘ഇന്ത്യയുടെ വളലഭ്യത മെച്ചപ്പെട്ടിട്ടുണ്ട്, അടച്ചിട്ട ആഭ്യന്തര പ്ലാന്റുകൾ വീണ്ടും തുറന്നിട്ടുണ്ട്, മറ്റു രാജ്യങ്ങളിൽ നിന്ന് വളം വാങ്ങാനും കഴിയും. മൊത്തത്തിൽ നോക്കിയാൽ ഇന്ത്യ പ്രതിസന്ധിയിലേക്കല്ല പോകുന്നത് ‘ ഇങ്ങനെയായിരുന്നു അരവിന്ദ് പനഗരിയയുടെ വാക്കുകൾ. ജയശങ്കറിന്റെ മുന്നറിയിപ്പിനോടുള്ള പ്രതികരണമായിരുന്നു ഇത്.

ഈ രണ്ട് പ്രസ്താവനകളുടെയും സന്ദർഭം വ്യത്യസ്തമാണ്. ജയശങ്കർ സംസാരിച്ചത് യുക്രെയ്ൻ, ഇറാൻ-ഗൾഫ് സംഘർഷങ്ങൾ ആഗോള ദക്ഷിണ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചാണ്. ഇത് ഇന്ത്യയെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നില്ല. എന്നാൽ പനഗരിയയാകട്ടെ ഇന്ത്യയുടെ അനുഭവത്തെ മുൻനിർത്തിയാണ് സംസാരിച്ചത്. ഇന്ത്യയിലെ വളത്തിന്റെ ലഭ്യതയുടെ നിജസ്ഥിതി, പരസ്പര വിരുദ്ധമായ ഈ പ്രസ്താവനകൾക്കിടയിൽ എവിടെയാണ് നിൽക്കുന്നതെന്ന അന്വേഷണമാണ് ഈ റിപ്പോർട്ട്.

ഒറ്റ നോട്ടത്തിൽ

2026-ൽ റാബി (ശീതകാല) സീസൺ (ഒക്ടോബർ – നവംബർ മാസങ്ങളിൽ തുടങ്ങി മാർച്ച്‌ – ഏപ്രിൽ മാസങ്ങളിൽ അവസാനിക്കുന്നു) തുടങ്ങുമ്പോൾ ഇന്ത്യയുടെ വളശേഖരം 1.701 കോടി ടൺ (17.01 ദശലക്ഷം ടൺ) ആണ്. മുൻ വർഷം ഇതേ സമയത്തെക്കാൾ ഏകദേശം 38% കൂടുതലാണിത്. മാത്രമല്ല കഴിഞ്ഞ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയുമാണിത്. പക്ഷേ ഈ സീസണിൽ ഏകദേശം 3.8 കോടി ടൺ വളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ശേഖരം ആവശ്യമുള്ളതിന്റെ പകുതിയേ ഉള്ളൂവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്‌ റാബി സീസണിലെ വരാനിരിക്കുന്ന ഉത്പാദനവും ഇറക്കുമതിയും കൂട്ടുന്നതിന് മുമ്പുള്ള കണക്കാണ് അതിനാൽ ഇത് ഒരു നിശ്ചിത സമയത്തേക്കുള്ള കണക്ക് മാത്രമാണ്. ശീതകാലത്ത് വിതരണം എങ്ങനെയാകുമെന്ന് ഇപ്പോൾ വ്യക്തതയില്ല.

പ്രകൃതി വാതകമില്ല, സൾഫറും 

വിതരണത്തെ ബാധിക്കുന്ന ഘടകങ്ങൾ വളത്തിന്റെ ഇനം അനുസരിച്ച് മാറും. ഫെബ്രുവരി 28 മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം സ്തംഭിച്ചതോടെ യൂറിയ നിർമാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവായ പ്രകൃതി വാതകത്തിന്റെ (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) ലഭ്യത തടസ്സപ്പെട്ടു. 2026 മാർച്ചിൽ യൂറിയ ഉത്പാദനം 17.5 ലക്ഷം ടണ്ണായി കുറഞ്ഞു; 2025 മാർച്ചിൽ ഇത് 24.7 ലക്ഷം ടൺ ആയിരുന്നു. എങ്കിലും യൂറിയ ലഭ്യത താരതമ്യേന സുരക്ഷിതമാണ്.

ഒക്ടോബർ ആദ്യവാരത്തിലെ കണക്കുപ്രകാരം രാജ്യത്തെ യൂറിയ ശേഖരം 8.33 ദശലക്ഷം ടണ്ണാണ്. 2026 ഏപ്രിൽ-ജൂണിൽ 71.55 ലക്ഷം ടൺ യൂറിയ ആഭ്യന്തരമായി ഉത്പാദിപ്പിക്കുകയും 25.08 ലക്ഷം ടൺ ഇറക്കുമതി ചെയ്യുകയും ചെയ്തു.

എന്നാൽ DAP (ഡൈ അമോണിയം ഫോസ്ഫേറ്റ്), സമ്പുഷ്ട വളങ്ങൾ (complex fertilizers) എന്നിവയുടെ കാര്യത്തിൽ അങ്ങനെയല്ല. DAP ഉൾപ്പെടെയുള്ള വളങ്ങളുടെ നിർമാണത്തിലെ പ്രധാന അസംസ്കൃത വസ്തുവാണ് സൾഫർ ഇതിന്റെ ഇറക്കുമതി 2026 ജനുവരി-മേയ് കാലത്ത് മുൻ വർഷത്തെ അപേക്ഷിച്ച് 26% കുറഞ്ഞതായാണ് റിപ്പോർട്ട്.

ഇറക്കുമതി സ്തംഭനം: ഗോഡൗൺ സ്റ്റോക്കുകൾക്ക് പിന്നിൽ മറയുന്ന എൽ.എൻ.ജി – സൾഫർ പ്രതിസന്ധി

യൂറിയ ഉണ്ടാക്കാൻ വേണ്ട അമോണിയയുടെ അസംസ്കൃത വസ്തു പ്രകൃതിവാതകമാണ് (LNG). ഇന്ത്യ അതിൽ വലിയൊരു ഭാഗം ദ്രവീകൃത രൂപത്തിൽ ഇറക്കുമതി ചെയ്യുന്നു. യുദ്ധത്തിനു മുമ്പ് ഇറക്കുമതിയുടെ 53-54% ഖത്തർ, യു എ ഇ എന്നിവിടങ്ങളിൽ നിന്നായിരുന്നു. എന്നാൽ യുദ്ധത്തെ തുടർന്ന് ഉത്പാദന കേന്ദ്രങ്ങളിലുണ്ടായ നാശനഷ്ടങ്ങളും ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങളും മൂലം ദീർഘകാല കരാറുകൾ പാലിക്കപ്പെട്ടില്ല. 

 ഇന്ത്യയിലെ കർഷകരുടെ ആകെ വള ഉപഭോഗത്തിന്റെ പകുതിയിലേറേയും യൂറിയയാണ് ; നെല്ല്, ഗോതമ്പ് ഉൽപ്പാദനത്തിൽ യൂറിയ നിർണായകമാണ്. യൂറിയയുടെ ഉത്പാദനച്ചെലവിന്റെ ഏകദേശം 90% പ്രകൃതിവാതകത്തിന്റെ വിലയാണെന്ന് വളം-രാസവസ്തു പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഡിസംബർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 

 2026 മാർച്ച് 10-ന് ഗ്യാസ് വിതരണത്തിൽ വളനിർമാണശാലകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. ആറു മാസത്തെ ശരാശരി ഉപഭോഗം പരിഗണിച്ച് ആവശ്യമായതിന്റെ  70 ശതമാനം പ്രകൃതി വാതകം പ്ലാന്റുകൾക്ക് ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. മാർച്ച് 23, 24 തീയതികളിൽ പാർലമെന്റിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വരുന്ന ശീതകാല കൃഷിക്ക് കർഷകർക്ക് ആവശ്യത്തിന് വളം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു.

ഇറക്കുമതിയിന്മേലുള്ള അമിതമായ ആശ്രയത്വം; 

പാർലമെന്ററി സമിതി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിലവിൽ 33 യൂറിയ നിർമാണ യൂണിറ്റുകളാണുള്ളത്. 2024–25ൽ രാജ്യത്തെ യൂറിയ ഉപഭോഗം 38.8 ദശലക്ഷം ടണ്ണാണ്. ആഭ്യന്തര ഉത്പാദനം 30.7 ദശലക്ഷം ടൺ) ആയിരുന്നു. ഇതിനു പുറമെ, അതേ വർഷം 5.65 ദശലക്ഷം ടൺ യൂറിയ ഇറക്കുമതി ചെയ്തു.

. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിന്റെ (ICRIER) നയരേഖ പ്രകാരം, 2024–25 ൽ ഇന്ത്യ ഏറ്റവും കൂടുതൽ യൂറിയ ഇറക്കുമതി ചെയ്തത് ഒമാനിൽ നിന്നാണ്. ആകെ ഇറക്കുമതിയുടെ 46 ശതമാനവും ഒമാനിൽ നിന്നായിരുന്നു. റഷ്യയിൽ നിന്ന് 16%, സൗദി അറേബ്യയിൽ നിന്ന് 9%, യുഎഇയിൽ നിന്ന് 6% എന്നിങ്ങനെയായിരുന്നു യൂറിയ ഇറക്കുമതി.

നാല് യൂറിയ പ്ലാന്റുകൾ പുനരുദ്ധരിച്ച് 7.3 ദശലക്ഷം ടൺ ഉത്പാദനശേഷി കൂട്ടിയത് സർക്കാരിന്റെ നേട്ടമാണെന്ന് മുൻ കേന്ദ്ര കൃഷി സെക്രട്ടറി സിറാജ് ഹുസൈൻ ചൂണ്ടിക്കാട്ടുന്നു., പക്ഷേ ഇന്ത്യയ്ക്ക് ഇപ്പോഴും ആഭ്യന്തര ആവശ്യത്തിന്റെ ഗണ്യമായ ഒരു ഭാഗം ഇറക്കുമതിയിലൂടെ നിറവേറ്റേണ്ടിവരുന്നുവെന്നതാണ് യാഥാർഥ്യം. 

ആഭ്യന്തര ഉൽപ്പാദനത്തിലെ അനിശ്ചിതത്വം, വിദേശ വിപണിയിലെ വിലക്കയറ്റം 

ഖരീഫ് (ജൂൺ മുതൽ ഒക്ടോബർ വരെ) സീസണിൽ ഒമാനിൽ നിന്നുള്ള പ്രകൃതി വാതക ലഭ്യത ഗണ്യമായി കുറയുന്നത് യൂറിയ ഉത്പാദനത്തെ ബാധിക്കാമെന്നതിനാൽ, ക്ഷാമം നേരിടാൻ സർക്കാർ മുൻകരുതലെടുക്കണമെന്നും മുൻ കേന്ദ്ര കൃഷി സെക്രട്ടറി പറയുന്നു. ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഇറക്കുമതിയിലൂടെ ആവശ്യമായ അളവ് ഉറപ്പാക്കാനാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ഉത്പാദനത്തിലെ ഈ അനിശ്ചിതത്വത്തിനൊപ്പം ആഗോള വിലയും ഉയർന്നു. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിന്റെ റിപ്പോർട്ട് പ്രകാരം, യൂറിയയുടെ വില ടണ്ണിന് 484 ഡോളറിൽ നിന്ന് പത്ത് ദിവസത്തിനുള്ളിൽ ഏകദേശം 652 ഡോളറായി, അതായത് 35 ശതമാനം വർധന മാർച്ച് 27-ന് ഇത് ഏകദേശം 684 ഡോളർ വരെയായി. 

 വിതരണശൃംഖലയിലെ തടസ്സങ്ങൾ യൂറിയയുടെയും വളങ്ങളുടെയും ആഭ്യന്തര ഉത്പാദനത്തെ 10–15 ശതമാനം വരെ ബാധിക്കാമെന്ന് മാർച്ച് 26-ലെ കുറിപ്പിൽ റേറ്റിങ് ഏജൻസിയായ CRISIL വിലയിരുത്തിയിട്ടുണ്ട്. 

DAP, സമ്പുഷ്ട വളങ്ങൾ: പശ്ചിമേഷ്യൻ സംഘർഷം ഉൽപ്പാദനത്തെ ബാധിക്കുമ്പോൾ 

DAP (ഡൈഅമ്മോണിയം ഫോസ്ഫേറ്റ്) വളത്തിന്റെ ഉത്പാദനത്തിന് ആവശ്യമായ പ്രധാന ഘടകങ്ങളിലൊന്നാണ് ഫോസ്ഫോറിക് ആസിഡ്. ഈ വളം ഉത്പാദിപ്പിക്കാൻ ഫോസ്ഫേറ്റ് റോക്ക്, സൾഫർ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ ആവശ്യമാണ്. ഫോസ്ഫോറിക് ആസിഡിനൊപ്പം അമോണിയയും ഉപയോഗിച്ചാണ് DAP നിർമ്മിക്കുന്നത്. അതിനാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള സൾഫർ, അമോണിയ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ചരക്ക് നീക്കത്തിലെ തടസ്സം DAPയുടെ ഉത്പാദനത്തെ ഗുരുതരമായി ബാധിക്കും.

DAP ഉൾപ്പെടെയുള്ള ഫോസ്ഫേറ്റ് വളങ്ങളുടെ ഉത്പാദനത്തിന് ആവശ്യമായ സൾഫറിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കേണ്ടിവരുന്നു. 2025ൽ ഇന്ത്യ 22.5 ലക്ഷം ടൺ സൾഫർ ഇറക്കുമതി ചെയ്തതിൽ ഏകദേശം 84 ശതമാനവും പശ്ചിമേഷ്യയിൽ നിന്നായിരുന്നു. എന്നാൽ 2026 ജനുവരി–മേയ് മാസങ്ങളിൽ സൾഫർ ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനം കുറഞ്ഞു. പ്രധാനമായും ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെയാണ് സൾഫറിനായി ഇന്ത്യ ആശ്രയിക്കുന്നത്.

രാസവളങ്ങൾക്ക് പുറമെ, സൾഫ്യൂരിക് ആസിഡ് നിർമ്മാണം, പെട്രോളിയം ശുദ്ധീകരണം, ലോഹ സംസ്കരണം, റബ്ബർ വ്യവസായം തുടങ്ങിയ മറ്റ് മേഖലകളിലും സൾഫർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൾഫറിന്റെ ക്ഷാമം കൂടുതൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു.

താങ്ങാനാവാത്ത സബ്സിഡി ഭാരമെന്ന് സർക്കാർ 

45 കിലോ യൂറിയ ചാക്കിന് 242 രൂപയാണ് കർഷകർക്ക് നൽകേണ്ടി വരുന്നത്. കേന്ദ്രം നിശ്ചയിച്ച പരമാവധി ചില്ലറ വിലയാണിത് (MRP). ഏപ്രിലിലെ ഒരു സംഭരണ ടെൻഡറിൽ ഇതേ അളവിന് സർക്കാർ നൽകിയ വിലയുടെ പത്തിലൊന്നിൽ താഴെയാണ് ഈ തുക. ഫാം ഗേറ്റിൽ യൂറിയ എത്തിക്കാനുള്ള ചെലവും നിർമാണ യൂണിറ്റുകൾക്ക് വിപണിയിൽ നിന്ന് ലഭിക്കുന്ന അറ്റ തുകയും (net amount) തമ്മിലുള്ള വ്യത്യാസമാണ് നിർമാതാവിനോ ഇറക്കുമതിക്കാരനോ സബ്സിഡിയായി നൽകുന്നത്. 

2026-27 ബജറ്റിൽ വളം സബ്സിഡിക്ക് 1.71 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ ഇത് അപര്യാപ്തമാണെന്ന് രാസവള വകുപ്പ് തന്നെ വ്യക്തമാക്കുന്നു. ജൂണിൽ വളം വകുപ്പ് 100% വർധന, അതായത് ഏകദേശം 3.4 ലക്ഷം കോടി രൂപ, ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന കൃഷിമന്ത്രിമാർ പങ്കെടുത്ത വാർഷിക റാബി സമ്മേളനത്തിലെ അവതരണത്തിൽ കേന്ദ്ര വളം വകുപ്പ് സെക്രട്ടറി രജത് കുമാർ മിശ്ര പറഞ്ഞത്, യുദ്ധത്തിനു മുമ്പുള്ള (ഫെബ്രുവരി 28-ന് മുമ്പുള്ള) അവസ്ഥയെ അപേക്ഷിച്ച് ചാക്കിനുള്ള സബ്സിഡി യൂറിയക്ക് 106% വും DAP-യിൽ 61% വും കൂടിയെന്നാണ്. 

പശ്ചിമേഷ്യയിലെ സംഘർഷം തുടർന്നാൽ സബ്സിഡി 3 ലക്ഷം കോടി രൂപയിൽ കൂടുതലാകാമെന്നും സർക്കാരിന് ആശങ്കയുണ്ട്. ബജറ്റ് തുകയുടെ ഏതാണ്ട് ഇരട്ടിയാണിത്. ബജറ്റിനു മേലേ കുതിച്ചു പൊങ്ങുന്ന സബ്‌സിഡിയുടെ അധികഭാരം സർക്കാരിന് എത്രനാൾ താങ്ങാനാവുമെന്നത് സംശയമാണ്.

മഴയും എൽ നിനോയും;

 മധ്യ, കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണ് എൽ നിനോ. മിക്ക എൽ നിനോ വർഷങ്ങളിലും ഇന്ത്യയിൽ ശരാശരിയിലും കുറഞ്ഞ മഴയാണ് ലഭിച്ചിട്ടുള്ളത് ചിലപ്പോൾ അത് കടുത്ത വരൾച്ചയിലേക്കും ചില ധാന്യങ്ങളുടെ കയറ്റുമതി നിയന്ത്രണത്തിലേക്കും നയിച്ചേക്കാം.

ജൂൺ-സെപ്റ്റംബറിൽ ഇന്ത്യയിൽ പെയ്തത് 759.4 മില്ലിമീറ്റർ മഴയാണ്; സാധാരണ ലഭിക്കേണ്ടത് 868.6 മില്ലിമീറ്ററും. ദീർഘകാല ശരാശരിയുടെ (LPA) 87.4% മഴ മാത്രമാണ് ഇത്തവണ ലഭിച്ചത്. അതായത്, സാധാരണ ലഭിക്കേണ്ട മഴയേക്കാൾ ഏകദേശം 12.6% കുറവ്. 2015-ന് ശേഷം ഏറ്റവും കുറഞ്ഞ മഴയാണിതെന്ന് കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.

മഴയുടെ ഗണ്യമായ കുറവ് കൃഷിയെ നേരിട്ടും അല്ലാതെയും ബാധിക്കുന്നു. കൃഷിക്ക് ആവശ്യമായ ജലസേചനത്തിലും ഊർജ്ജ ലഭ്യതയിലും ഇത് പ്രതിഭലിക്കാം.

എൽ നിനോയുടെ ആഘാതം കൃഷിയെ ഇത് വരെ ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ പകുതി (50%) വെള്ളമേയുള്ളൂ; ദേശീയതലത്തിൽ 79 ശതമാനവും.

മുന്നോട്ടുള്ള സ്ഥിതിയും IMD വിലയിരുത്തിയിട്ടുണ്ട്: ഒക്ടോബറിൽ മഴ ശരാശരിയുടെ 85%-ൽ താഴെയാകും; ഒക്ടോബർ-ഡിസംബറിലും മിക്ക പ്രദേശങ്ങളിലും കുറവായിരിക്കും. 

വളപ്രതിസന്ധി ഭക്ഷ്യധാന്യ ഉത്പാദനത്തെ ബാധിക്കുമോ?

2025-26ൽ രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനം 376.56 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് കൃഷിമന്ത്രാലയത്തിന്റെ കണക്ക് കൂട്ടൽ. മുൻവർഷത്തെ 357.73 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 5.3% വർധനയാണിത്. എന്നാൽ 2026-27ൽ ഉത്പാദന ലക്ഷ്യം 373.93 ദശലക്ഷം ടണ്ണായി കുറച്ചിരിക്കുകയാണ്. മുൻവർഷത്തെ കണക്കിനേക്കാൾ 2.63 ദശലക്ഷം ടൺ കുറവാണിത്.

ഭക്ഷ്യധാന്യ ഉത്പാദനത്തിൽ വളങ്ങളുടെ ലഭ്യതയും ഉപയോഗവും പ്രധാന ഘടകങ്ങളാണ്. അതിനാൽ, രാജ്യത്ത് വളങ്ങളുടെ ലഭ്യതയിലോ വിലയിലോ ഉണ്ടാകുന്ന സമ്മർദം തുടർന്നാൽ അത് വരും സീസണുകളിലെ ഭക്ഷ്യോദ്‌പാദനത്തെ എത്രത്തോളം ബാധിക്കുമെന്ന ചോദ്യം ഉയരുന്നു. പ്രത്യേകിച്ച് വള ഇറക്കുമതിയിലെ അനിശ്ചിതത്വവും DAP, സൾഫർ തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യതയിലെ പ്രശ്നങ്ങളും കാർഷിക ഉത്പാദനച്ചെലവിനെയും വിളവിനെയും ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കരുതൽ ശേഖരമുണ്ട്; പക്ഷേ മതിയാകുമോ?

 2026-27 റാബി സീസണിലേക്ക് കടക്കുമ്പോൾ രാജ്യത്തെ വളശേഖരം കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിലയിലാണ്. ഒക്ടോബർ ആദ്യവാരത്തിലെ കണക്കിൽ മൊത്തം ശേഖരം 17.01 ദശലക്ഷം ടണ്ണാണ്; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 38% കൂടുതലാണിത്. യൂറിയ ശേഖരം 8.33 ദശലക്ഷം ടണ്ണും DAP ശേഖരം 3.03 ദശലക്ഷം ടണ്ണുമാണ്. റാബി സീസണിലെ മൊത്തം വളത്തിന്റെ ആവശ്യം 38.1 ദശലക്ഷം ടണ്ണായി കണക്കാക്കിയിട്ടുമുണ്ട്.

ഈ ശേഖരത്തിന് പിന്നിൽ ഇറക്കുമതിയും പ്രധാന ഘടകമാണ്. 2026 ഏപ്രിൽ മുതൽ ജൂൺ വരെ 25.08 ലക്ഷം ടൺ യൂറിയയും 7.11 ലക്ഷം ടൺ DAPയും ഇന്ത്യ ഇറക്കുമതി ചെയ്തു. അതേ സമയം ആഭ്യന്തരമായി 71.55 ലക്ഷം ടൺ യൂറിയയും 9.84 ലക്ഷം ടൺ DAPയും ഉത്പാദിപ്പിച്ചു.

അതിനാൽ, ഇപ്പോഴത്തെ കണക്കുകൾ വെച്ച് രാജ്യവ്യാപകമായ വളക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല. റാബി സീസണിന്റെ തുടക്കത്തിൽ പ്രധാന വളങ്ങളുടെ ശേഖരം കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നതാണ്. എന്നാൽ ഇതുകൊണ്ട് മാത്രം വരും മാസങ്ങളിലെ വിതരണസുരക്ഷ ഉറപ്പാക്കാനാകില്ല. DAP ഉൾപ്പെടെയുള്ള വളങ്ങളുടെ ഉത്പാദനത്തിനും ഇറക്കുമതിക്കും ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയും ലഭ്യതയും, അന്താരാഷ്ട്ര വിതരണ ശൃംഖലയിലെ തടസ്സങ്ങളുമെല്ലാം ഇക്കാര്യത്തിൽ നിർണായകമാണ്. ഉയർന്ന ശേഖരമുള്ളപ്പോഴും തുടർച്ചയായ ഇറക്കുമതിയെയും ആഗോള വിതരണത്തെയും ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കുന്നുവെന്നത് ശുഭസൂചനയല്ല

ഇപ്പോൾ ഗോഡൗണിൽ വളമുണ്ട്. എന്നാൽ പ്രധാന ചോദ്യം, റാബി സീസൺ കഴിയുന്നതുവരെ അത് ആവശ്യമായ അളവിലും സമയത്തും വയലിലെത്തുമോ എന്നതാണ്. ആഗോള രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ കൃഷിയിടത്തിലും അടുക്കളയിലും എത്തുന്നുവെന്നതാണ് യാഥാർഥ്യം.

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top