കാപ്പിക്കപ്പുമായി നെതന്യാഹു: വ്യാജമോ യഥാർത്ഥമോ?

കാപ്പിക്കപ്പുമായി നെതന്യാഹു: വ്യാജമോ യഥാർത്ഥമോ?

ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ, പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു കൊല്ലപ്പെട്ടു എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നെതന്യാഹുവിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. ഒരു കഫെയിൽ കാപ്പി കുടിച്ചുകൊണ്ട് നിൽക്കുന്ന നെതന്യാഹു, തന്റെ പേരിൽ നടക്കുന്ന ചര്‍ച്ചകളെ പൂർണമായും നിഷേധിക്കുന്നു. എന്നാൽ ഈ വീഡിയോയും പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

പലരും ഇത് ഡീപ്ഫേക്ക് ആണെന്ന് ആരോപിക്കുന്നു. മറ്റു ചിലർ വീഡിയോയിലെ ചില അസ്വാഭാവികതകളെ എടുത്തുകാട്ടി വിമർശിക്കുന്നു. എ ഐ പ്ലാറ്റ് ഫോമായ  ‘ഗ്രോക്ക്’ ഈ വീഡിയോ ഡീപ്ഫേക്ക് ആണെന്ന് വിലയിരുത്തുക കൂടി ചെയ്തതോടെ ചര്‍ച്ചകളുടെ ആക്കം കൂടി.

വീഡിയോ കൃതിമമാണോ എന്ന് ഒബിസിയും പരിശോധിച്ചു. നെതന്യാഹു നിൽക്കുന്നതായി കാണപ്പെടുന്ന കോഫീ ഷോപ്പിന്റെ ജിയോലൊക്കേഷൻ കണ്ടു പിടിക്കുകയും ചെയ്തു.

കഫെയിൽ നിൽക്കുന്ന നെതന്യാഹു

മാർച്ച് പതിനഞ്ചിനാണ് ബെന്യമിൻ നെതന്യാഹുവിൻ്റെ ഔദ്യോഗിക  എക്സ് അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യപ്പെടുന്നത്. ഹീബ്രുവിൽ ഉള്ള ക്യാപ്ഷൻ്റെ മലയാള പരിഭാഷ ഇങ്ങനെ: “അവർ എന്തൊക്കെയാണ് എന്നെക്കുറിച്ച് പറയുന്നത്? ഇനി ഈ വീഡിയോ കാണൂ”.

കഫേയിൽ കാപ്പി കുടിച്ചുകൊണ്ട് നിൽക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. 6,14,00,000 പേരാണ്  ഈ പോസ്റ്റ് മാർച്ച് 16 വരെ എക്സിൽ കണ്ടത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും ഇതിന് ലഭിച്ചിട്ടുള്ളതായി കാണുന്നു.

മാർച്ച് 15 ലെ എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഈ വീഡിയോ ഫേക്ക് ആണെന്ന് പലരും വീഡിയോയ്ക്ക് താഴെ കമൻ്റിൽ പറയുന്നത് കാണാം. ഫ്രീഡ് നിൻജ എന്ന ഒരു എക്സ് അക്കൗണ്ട് വീഡിയോയിലെ ചില പൊരുത്തക്കേടുകളെ ചൂണ്ടിക്കാണിക്കുന്നു. നെതന്യാഹു ജാക്കറ്റിന്റെ പോക്കറ്റിൽ കൈ ഇടുന്ന രീതിയിലും കാപ്പി കപ്പ് ഉയർത്തുന്നതിലുമൊക്കെ പൊരുത്തക്കേടുകളുണ്ടെന്നാണ് വാദം. 

ഫ്രീഡ് നിൻജയുടെ എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

കപ്പിൽ നിന്ന് നെതന്യാഹു ഒരു കവിൾ കാപ്പി കുടിക്കുന്നതായി വീഡിയോയിൽ കാണുന്നുണ്ട്. എന്നിട്ടും കപ്പിലെ കാപ്പിയുടെ അളവിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്ന് മറ്റൊരു അക്കൗണ്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വീഡിയോ എ ഐ അല്ല എന്നും ഇത്രയും ദൈർഘ്യം ഉള്ള ഒരു വീഡിയോ എ ഐ ഉപയോഗിച്ച് നിർമിക്കുക അസാധ്യം ആണെന്നും മറ്റ് ചിലർ പറയുന്നുണ്ട്.

ഏപ്രണിൽ ‘SATAF’ എന്ന് എഴുതിയിരിക്കുന്നു, സ്ക്രീൻഷോട്ട്

കഫേയിലെ ജീവനക്കാർ ധരിച്ചിരിക്കുന്ന ഏപ്രണിൽ ‘ SATAF ‘ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഈ സൂചന ഉപയോഗിച്ച് നെതന്യാഹു കാപ്പി കുടിച്ച് നിൽക്കുന്ന ഈ കഫേയുടെ ജിയോ ലൊക്കേഷൻ ഒബിസി കണ്ടെത്തി. ഇസ്രയേലിലെ ജെറുസലേമിലുള്ള സത്താഫ് എന്ന ബേക്കറി ഷോപ്പിലേക്കാണ് ജിയോ ലൊക്കേഷൻ എത്തിയത്. വീഡിയോയിലെ കീ ഫ്രെയിമുകളും ജിയോ ലൊക്കേഷൻ ഫലവും വച്ച് താരതമ്യം ചെയ്തപ്പോൾ രണ്ട് ബേക്കറിയും ഒന്ന് തന്നെയെന്ന് മനസിലായി.

വീഡിയോയും ജിയോലൊക്കേഷനും താരതമ്യം, സ്ക്രീൻഷോട്ട്

ബെന്യമിൻ നെതന്യാഹു തങ്ങളുടെ കഫേ സന്ദർശിച്ചു എന്ന് പറയുന്ന ഒരു പോസ്റ്റ്, സത്താഫ് ബേക്കറി അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാർച്ച് 15 ന് പോസ്റ്റ് ചെയ്തിട്ടുള്ളതായി ഒബിസി കണ്ടെത്തി.

മാർച്ച് 15 ലെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, സ്ക്രീൻഷോട്ട്

വീഡിയോ എ ഐ നിർമ്മിതം?

പ്രചരിക്കുന്ന വീഡിയോ 66.2 ശതമാനവും എ ഐ നിർമിതം ആണ് എന്നാണ് എ ഐ ഡിറ്റക്ഷൻ ടൂൾ ആയ ഹൈവ് മോഡറേഷൻ ഫലം കാണിക്കുന്നത്.

ഹൈവ് മോഡറേഷൻ ഫലം, സ്ക്രീൻഷോട്ട്

Deepfake – o – Meter എന്ന മറ്റൊരു എ ഐ ഡിറ്റക്ഷൻ ടൂളും വീഡിയോ 99.9 സ്ഥാനവും എ ഐ ആണെന്ന് സ്ഥിരീകരിക്കുന്നു.

Deepfake – o – Meter ഫലം, സ്ക്രീൻഷോട്ട്

ബെന്യമിൻ നെതന്യാഹുവിന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ശക്തമാണെങ്കിലും, ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വാർത്തകൾ ഔദ്യോഗികമായി നിഷേധിച്ചിരിക്കുകയാണ്. ഇത്  വ്യാജവാർത്തയാണെന്നും പ്രധാനമന്ത്രി ആരോഗ്യവാനാണെന്നും  ഓഫീസ് വ്യക്തമാക്കുന്നു. 

നെതന്യാഹു സുരക്ഷിതനാണെന്ന വാദം നിലനിൽക്കുമ്പോഴും, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ സാങ്കേതികമായ പിഴവുകൾ അത്  ഡീപ്ഫേക്ക് ആണെന്ന സംശയം ജനിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ, വീഡിയോയുടെ ആധികാരികത പൂർണ്ണമായും ഉറപ്പിക്കാൻ കൂടുതൽ വ്യക്തത ആവശ്യമാണ്.




സുജിത് എ

സുജിത് എ

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top