എയർപോർട്ട് ടാർമാക്കിൽ നിരന്നിരിക്കുന്ന യാത്രക്കാർ; പ്രചരിക്കുന്നത് പഴയ ചിത്രം

എയർപോർട്ട് ടാർമാക്കിൽ നിരന്നിരിക്കുന്ന യാത്രക്കാർ; പ്രചരിക്കുന്നത് പഴയ ചിത്രം

പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോ വിമാന കമ്പനിക്ക് വന്ന വീഴ്ച മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാനയാത്രക്കാർ ദുരിതത്തിലാണ്. 

വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ കമ്പനി അധികൃതർക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ ഓരോ ദിവസവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാത്ര മുടങ്ങിയതിനെത്തുടർന്ന്, വിമാനത്താവളത്തിലെ തറയിലും ഇരിപ്പിടങ്ങളിലും വിശ്രമിക്കുന്ന ആളുകളുടെയും, കൂട്ടിയിട്ട സ്യൂട്ട്‌കേസുകളുടെയും ചിത്രങ്ങൾ ഈ യാത്രാദുരിതത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു.

സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്ന ഒരു ചിത്രം ഇക്കൂട്ടത്തിൽ വേറിട്ടുനിന്നു. ഇൻഡിഗോ വിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്ന ടാർമാക്കിൽ, യാത്രക്കാർ നിലത്തിരിക്കുന്ന ഈ ചിത്രം നിരവധി അക്കൗണ്ടുകളിലൂടെ വൈറലായി. ഇൻഡിഗോയുടെ വീഴ്ച കാരണം രാജ്യത്തെ വിമാനത്താവളങ്ങൾ റെയിൽവേ സ്റ്റേഷനുകൾ പോലെയായി എന്ന പരിഹാസത്തോടെയാണ് ഈ ചിത്രം ഏറെയും പ്രചരിച്ചത്. 

എന്നാൽ, വസ്തുത പരിശോധിച്ചപ്പോൾ, നിലവിൽ പ്രചരിക്കുന്ന ഈ ചിത്രം 2018-ലേതാണ് എന്ന് കണ്ടെത്തി. വിമാന കമ്പനിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയുമായി ഒരു ബന്ധവുമില്ലാത്ത പഴയ ചിത്രമാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന കുറിപ്പുകളോടെ ഇപ്പോൾ വീണ്ടും ഷെയർ ചെയ്യപ്പെടുന്നത്.

റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, ഡിസംബർ നാലാം തിയതി മുതലാണ്, ചിത്രം കൂടുതലായി പ്രചരിച്ചു തുടങ്ങിയെന്ന് മനസിലാക്കാനായി.

“രാജ്യത്തെ, റെയിൽവേ സ്റ്റേഷനുകൾ എയർ പോർട്ടുകളുടെ നിലവാരത്തിലേക്ക് ഉയർത്തും” എന്ന പ്രസ്താവനയാണ് മോദിജി നൽകിയത്. എന്നാലിപ്പോൾ, എയർപോർട്ടുകൾ റെയിൽവേ സ്റ്റേഷൻ്റെ നിലവാരത്തിലായിരിക്കുന്നു എന്ന പരിഹാസത്തോടെ ഡിസംബർ നാലിന്, ചിത്രം ഒരു എക്സ് ഉപയോക്താവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ പോസ്റ്റ് കണ്ടത്. 9,600 പേർ ലൈക്ക് ചെയ്ത പോസ്റ്റ്, 1,600 ൽ അധികം പേർ റിപ്പോസ്റ്റ് ചെയ്തു. 

എക്‌സിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് 

അഞ്ചിൽ അധികം എക്സ് അക്കൗണ്ടുകൾ വഴി ചിത്രം പ്രചരിച്ചിരുന്നു. അതിൽ, മിക്ക അക്കൗണ്ടുകളിൽ നിന്നും ആയിര കണക്കിന് പേരാണ് ചിത്രം കണ്ടത്.

ചില ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയും ചിത്രം പ്രചരിക്കുന്നുണ്ട്. അതിൽ, പത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ടും ഉണ്ട്. 

“നല്ല രസമുണ്ടല്ലേ, കൂട്ടരേ? വിഷമിക്കേണ്ട, മോദിജി നിങ്ങൾക്കായി ഒരു പുഷ്പകവിമാനം ഒരുക്കുന്നുണ്ട്” എന്നതാണ് പ്രചരിക്കുന്ന ചിത്രത്തിൻ്റെ ഹിന്ദിയിലുള്ള വിവരണം.

ഫേസ്ബുക്കിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സ്ക്രീൻഷോട്ട് 

ഇൻസ്റ്റഗ്രാമിലും ചിത്രം പ്രചരിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉള്ള ഇന്ത്യയിലെ പ്രമുഖ ശിശു രോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ്റെ അക്കൗണ്ട് വഴിയും ചിത്രം പ്രചരിക്കുന്നുണ്ട്. ഡിസംബർ അഞ്ചിന് പോസ്റ്റ് ചെയ്ത ചിത്രത്തിന്, ഇതുവരെ 307 ലൈക്കാണ് ലഭിച്ചത്.

കഫീൽ ഖാന്റെ അക്കൗണ്ടിൽ പ്രചരിക്കുന്ന പോസ്റ്റ്, സ്ക്രീൻഷോട്ട് 

ചില ലിങ്ക്ഡ് ഇൻ പ്രൊഫൈലുകളും ചിത്രം ഉപയോഗിച്ചിട്ടുണ്ട്. വാർത്താ മാധ്യമമായ ന്യൂസ് 18, വിമാന പ്രതിസന്ധി സംബന്ധിച്ച അവരുടെ വെബ് റിപ്പോർട്ടിൽ ഈ ചിത്രം ഉപയോഗിച്ചിട്ടുള്ളതായും ഒബിസി കണ്ടെത്തി.

ന്യൂസ് 18 റിപ്പോർട്ട്, സ്ക്രീൻഷോട്ട്  

വസ്തുതയെന്ത്?

പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുത പരിശോധിക്കുന്നതിനായി, ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2021 ലും 2024 ലും ഇതേ ചിത്രം ചില വാർത്താ മാധ്യമങ്ങൾ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തി. ഹിന്ദിയിലും ഗുജറാത്തിയിലുമുള്ള റിപ്പോർട്ടുകളായിരുന്നു അവ. 

അതോടൊപ്പം ഏഴ് വർഷങ്ങൾക്ക് മുൻപുള്ള ദി എക്കണോമിക്ക് ടൈംസിന്റെ വാർത്തയും ലഭിച്ചു. 2018 മെയ് 14 ലെ വാർത്തയാണത്. ജീവനക്കാരുടെ അഭാവം മൂലം ഇൻഡിഗോയുടെ ഡൽഹി – ബെംഗളൂരു വിമാനം 7 മണിക്കൂറിലധികം നിർത്തിയിട്ടപ്പോൾ, ഡൽഹി വിമാനത്താവളത്തിലെ ടാർമാക്കിൽ യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വന്നതിനെ കുറിച്ചുള്ള വാർത്തയായിരുന്നു അത്. അന്നത്തെ ചിത്രമാണ് ഇപ്പോൾ വീണ്ടും ഈ സാഹചര്യത്തിൽ, പുതിയ തലക്കെട്ടോടെ പ്രചരിപ്പിക്കുന്നതെന്ന് മനസിലായി.ഇതേ സംഭവത്തിന്റെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടും കണ്ടെത്താനായി.

ദി എക്കണോമിക്ക് ടൈംസിന്റെ 2018 ലെ വാർത്ത, സ്ക്രീൻഷോട്ട്

അതായത്, നിലവിലെ ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ 2018ലേതാണെന്ന് വ്യക്തം. ഇൻഡിഗോയുടെ ഇപ്പോഴത്തെ പ്രശ്നവും ഈ ചിത്രവും തമ്മിൽ ബന്ധമൊന്നുമില്ല.ഇങ്ങനെ ആരോപിക്കുന്ന സാമൂഹ്യമാധ്യമ പോസ്റ്റുകൾ തെറ്റിദ്ധാരണാജനകമാണ്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേണലിസ്റ്റ് ട്രെയ്നിയാണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top