പ്രകടന പത്രികയുടെ രാഷ്ട്രീയം

പ്രകടന പത്രികയുടെ രാഷ്ട്രീയം

പഴയ കാലത്തെ അപേക്ഷിച്ച് പ്രകടന പത്രികകൾ കൂടുതൽ താൽപ്പര്യപൂർവ്വം ജനങ്ങൾ ശ്രദ്ധിക്കുന്നു എന്നത് ആരോഗ്യകരമായ ഒരു ചലനമാണ്. കഴിഞ്ഞ പത്തുകൊല്ലമായി കേരളത്തിൽ അധികാരത്തിലുള്ള ഇടതുപക്ഷ സർക്കാർ പ്രകടന പത്രികയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പ്രോഗ്രസ് റിപ്പോർട്ട് എല്ലാ കൊല്ലവും പ്രസിദ്ധീകരിച്ചു പോന്നു. തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾക്ക് എന്തിന് വോട്ട് ചെയ്യണം എന്നതിനുള്ള ന്യായമാണ് മുന്നണികളുടെയും പാർട്ടികളുടെയും പ്രകടന പത്രികകൾ എന്നു പറയാം. സൂക്ഷ്‌മമായി പരിശോധിക്കുമ്പോൾ അവ പരിപാടികളുടെ ഒരു സഞ്ചിക മാത്രമല്ല അവ എന്നു വ്യക്തമാകും. അതിലുടനീളം വ്യാപിച്ചു കിടക്കുന്ന രാഷ്ട്രീയത്തിന്റെ നൂലിഴ പ്രകടമായിരിക്കും. പ്രകടന പത്രികകളും അവയുടെ പ്രോഗ്രസ് റിപ്പോർട്ടും സർക്കാരിനെയും പ്രതിപക്ഷത്തെയും എല്ലാം കൂടുതൽ അക്കൗണ്ടബിൾ ആക്കുന്നു എന്നതാണ് അതിന്റെ ഭംഗി എന്നു പറയാം. പ്രകടന പത്രികകൾ ജനങ്ങൾ വ്യാപകമായി ഗൗരവത്തോടെ കാണുന്നുവെങ്കിൽ ജനാധിപത്യത്തിന് അതു മുതൽക്കൂട്ടാകും എന്ന് തന്നെ കരുതണം.

കേരള നിയമ സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ മൂന്നു മൂന്നികളും പ്രകടന പത്രികകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രകടന പത്രികയിലെ ആരോഗ്യ മേഖലാ പരിപാടികൾ സംബന്ധിച്ച ഒരു ലഘു അവലോകനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. LDF, UDF പ്രകടന പത്രികകളിലെ പ്രധാന വാഗ്ദാനമാണ് പരിശോധിക്കുന്നത്. NDA മുന്നണി ഗൗരവമുള്ള ഒരു നിർദ്ദേശം ഈ മേഖലയിൽ മുന്നോട്ടുവെച്ചു എന്നു കാണാൻ കഴിയുന്നില്ല.

ആരോഗ്യ പരിവർത്തനം

ഐക്യകേരള രൂപീകരണ കാലത്തെ വികസനാവശ്യങ്ങളല്ല ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്നത്. കേരളം കൈവരിച്ച വികസന, സാമൂഹ്യ നേട്ടങ്ങൾ പുതിയ തലമുറ വികസനാവശ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഈ മാറ്റം ഏറ്റവും തീവ്രമായി പ്രകടമാകുന്ന മേഖലയാണ് ആരോഗ്യം. പ്രത്യുൽപ്പാദന നിരക്കിലെയും മരണ നിരക്കിലെയും എല്ലാമുള്ള മാറ്റം നമ്മുടെ ജനസംഖ്യാ ചേരുവയിലും വലിയ മാറ്റമുണ്ടാക്കിയിരിക്കുന്നു. ഈ മാറ്റങ്ങൾ അവിടെ ഒതുങ്ങി നിൽക്കുന്നതല്ല എന്നു കാണണം. ഇത് നമ്മുടെ രോഗ ഭാരത്തിന്റെ രീതികളിൽ ഗണ്യമായ മാറ്റം ഉണ്ടാക്കുകയാണ്. ആദ്യ കാലത്ത് പ്രകടമായിരുന്ന പല പകർച്ച വ്യാധികളെയും ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കാൻ നമുക്കു കഴിഞ്ഞു. എന്നാൽ, പുത്തൻ പകർച്ച വ്യാധികൾ നമുക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇവയിൽ പലതും എന്തെങ്കിലും ആഭ്യന്തരമായ പ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്നവയുമല്ല. ഉദാഹരണത്തിന്, കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന അവ്യവസ്ഥ ജീവി വിഭാഗങ്ങളുടെ ആവാസത്തിലും സ്വഭാവത്തിലും എല്ലാം വരുത്തുന്ന മാറ്റവും അവ ഉണ്ടാക്കുന്ന രോഗ ഭീഷണിയും നമ്മുടെ എന്തെങ്കിലും ആഭ്യന്തരമായ നയ വൈകല്യം മൂലം വരുന്നതല്ല. ആധുനിക കേരള രൂപീകരണത്തിൽ നിയാമക സ്ഥാനമുള്ള ഒന്നാണ് നമ്മുടെ ആരോഗ്യ മാതൃകയും അതുണ്ടാക്കിയ നേട്ടങ്ങളും.

സുഘടിതമായ പൊതു ആരോഗ്യ രക്ഷാ കേന്ദ്രങ്ങളുടെ ശൃംഖല താങ്ങാവുന്ന വിധം എല്ലാവർക്കും ആരോഗ്യസേവനങ്ങൾ പ്രാപ്യമാക്കി. ആരോഗ്യ സൂചകങ്ങളിൽ കൈവരിച്ച നേട്ടം കേരളത്തിൻ്റെ ആയുർ ദൈർഘ്യത്തിൽ നേരിട്ടു പ്രതിഫലിച്ചു. വിദ്യാഭ്യാസവും ആരോഗ്യ നേട്ടങ്ങളും കേരളത്തിൻ്റെ ജനന, മരണ നിരക്കുകളെ ഗണ്യമായി സ്വാധീനിക്കുകയും നമ്മുടെ ജനസംഖ്യാ ഘടന വലിയ മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്‌തു. നമ്മുടെ പുതു തലമുറ ആരോഗ്യ വെല്ലുവിളികളുടെ പശ്ചാത്തലം ഈ മാറ്റമാണ്.

ഇത്തരത്തിൽ കേരളത്തിൻ്റെ പുതിയകാല ആരോഗ്യ വെല്ലുവിളികൾ നേരിടുന്നതിൽ നമ്മുടെ ജനകീയ ആരോഗ്യ സംവിധാനം എങ്ങനെ പ്രാപ്തി കൈവരിക്കുന്നു എന്നതാണ് ആരോഗ്യ മേഖലയുടെ വിലയിരുത്തലിനുള്ള ഫലപ്രദമായ അളവുകോൽ എന്നു നിസംശയം പറയാം.

ജനന മരണങ്ങളിലെ മാറ്റം നമ്മുടെ ജനസംഖ്യയുടെ സ്വഭാവത്തിലും ഘടനയിലും അസാധാരണ വേഗതയിൽ മാറ്റം വരുത്തി, ഓരോ പ്രായ വിഭാഗത്തിലുമുള്ള ആളുകളുടെ എണ്ണം മാറുക എന്നു പറഞ്ഞാൽ ജനസംഖ്യയുടെ ചേരുവ മാറുന്നു എന്നാണ്. കുട്ടികൾ എത്ര, പ്രായം ചെന്നവർ എത്ര എന്നതൊക്കെ എത്ര പ്രധാനമായ കാര്യമാണ് എന്നത് പറയേണ്ടതില്ലല്ലോ. നമ്മുടെ വീടുകളിലെ കാര്യം തന്നെ നോക്കാവുന്നതാണ്. പ്രായാധിക്യമുള്ളവരുടെയും കുട്ടികളുടെയും സാന്നിധ്യം നമ്മുടെ നിത്യ ജീവിത രീതികളെ ഗണ്യമായി സ്വാധീനിക്കില്ലേ? ജോലി ചെയ്യാൻ കഴിയുന്നവരും അല്ലാത്തവരും എന്നതും പ്രധാനമല്ലേ? ഇനി പ്രായാധിക്യമുള്ളവരിൽ അതിവൃദ്ധർ ഉണ്ടെങ്കിലോ?അവരിൽ ആരെങ്കിലും സ്വയം കാര്യങ്ങൾ നിർവ്വഹിക്കാൻ പ്രാപ്‌തിയില്ലാത്തവരാണെങ്കിലോ?

പ്രായമേറിയവരുടെ എണ്ണം കൂടുന്ന സ്ഥിതിയിൽ ഈ പരാധീനത ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. അതായത് ഈ സ്ഥിതി കുടുംബങ്ങൾക്കു മാത്രമല്ല, സമൂഹം എന്ന നിലയിൽ കേരളത്തിനു ബാധകമായ ചോദ്യങ്ങളായി മാറിയിരിക്കുന്നു. മരണ കാരണങ്ങളിൽ 64-65 ശതമാനവും ഹൃദ്രോഗം, കാൻസർ എന്നിവ പോലെയുള്ള (non-communicable diseases NCD) അസുഖങ്ങളാണ് എന്നു വന്നിരിക്കുന്നു. രോഗഭാരത്തിൻ്റെ സ്വഭാവം പഠിക്കുന്ന മറ്റൊരു സൂചകമാണ് DALY (Disability-Adjusted Life Years) റാങ്കിങ്. കേരളത്തിൻ്റെ DALY റാങ്കിങ്ങിൽ മുകളിൽ ഈ പറയുന്ന രോഗങ്ങളാണ് എന്നു കാണാം. ജനസംഖ്യാ പരിവർത്തനം പോലെ നാട് രോഗ ഭാരത്തിൻ്റെ സ്വഭാവത്തിലും വലിയ മാറ്റത്തിന് വിധേയമാകുന്നു.

നമ്മുടെ പൊതു ആരോഗ്യ രക്ഷാ സംവിധാനത്തിൻ്റെ പ്രാപ്തി ഗണ്യമായി സ്പെഷ്യാലിറ്റി സേവനങ്ങളിലേക്കും അതിനുതകുന്ന രോഗ നിർണ്ണയ സൗകര്യങ്ങളിലേക്കും മാറേണ്ടതിൻ്റെ അനിവാര്യതയുടെ പശ്ചാത്തലം ഇതാണ്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ വലിയ തോതിൽ മുതൽ മുടക്ക് നടത്തി ഈ പ്രാപ്തി കൈവരിക്കാൻ ശ്രമിക്കുന്നതിൻ്റെ സാമൂഹ്യ രാഷ്ട്രീയ കാരണം ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് മനസിലാക്കണം. ഇവയെ രാഷ്ട്രീയമായും സാമൂഹ്യമായും അഭിസംബോധന ചെയ്യുക എന്നത് പുതിയകാല കേരള നിർമ്മിതിയിലെ സുപ്രധാന കടമയായി മാറിയിരിക്കുന്നു എന്നർത്ഥം.

ആരോഗ്യഭാവിയും പ്രകടനപത്രികയും

ഈ പശ്ചാത്തലത്തിലാണ് LDF, UDF മുന്നണികളുടെ പ്രകടന പത്രികയുടെ സ്വഭാവം അതീവ നിർണ്ണായകമാകുന്നത്.

നിലവിലുള്ള കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിൽസകളാണ് സൗജന്യമായി നൽകുന്നത്. നിലവിൽ 42 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ഇത് ഇൻഷുറൻസ് അല്ല, മറിച്ച് സംസ്ഥാന ഹെൽത്ത് ഏജൻസി നടപ്പിലാക്കുന്ന ട്രസ്‌ട് മോഡൽ ആരോഗ്യ സുരക്ഷയാണ്. 2016 ൽ ഈ സംവിധാനം വഴി 160 കോടി രൂപയുടെ ചികിൽസയാണ് ലഭ്യമാക്കിയത്. എന്നാൽ, 2025 ൽ 1466 കോടി രൂപയുടെ ചികിൽസ ലഭ്യമാക്കി സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ സൃഷ്ടിക്കപ്പെട്ട സ്പെഷ്യാലിറ്റി കെയർ സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വർദ്ധനവ് എന്നു കാണണം. ഈ ദിശയിലുള്ള വിപുലീകരണം നടക്കുകയാണ്.

ഭൗതിക സൗകര്യങ്ങൾ സൃഷ്ടിക്കുക മാത്രമല്ല ചെയ്തത്. സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാർ അടക്കം 10,382 ആരോഗ്യ പ്രവർത്തകരുടെ അധിക തസ്‌തിക സർക്കാർ ആശുപത്രികളിൽ വിന്യസിക്കുകയും ചെയ്‌തു. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് ഇനിമേൽ പരിധിയില്ലാതെ സൗജന്യ ചികിൽസ ഉറപ്പാക്കും എന്ന LDF പ്രകടന പത്രികയുടെ വാഗ്ദാനം. ഇതിന്റെ ഫലം എന്താണ്? ട്രാൻസ്‌പ്ലാൻ്റേഷൻ അടക്കമുള്ള ചികിൽസയിൽ സർക്കാർ ആശുപത്രികളും രോഗ്യനിർണ്ണയ സംവിധാനങ്ങളും നിർണ്ണായക സാന്നിധ്യവും സ്വാധീനവുമായി മാറുന്നു എന്നതാണ്. സ്വകാര്യ, ആഗോള ആരോഗ്യ കുത്തകകളുടെ കഴുത്തറുപ്പൻ രീതികളും അശാസ്ത്രീയ സ്വഭാവങ്ങളും യഥേഷ്‌ടം നടക്കില്ല എന്ന നിലയാണ് ഉണ്ടാകുക.

എന്നാൽ UDF ആകട്ടെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കൊണ്ടു വരും എന്നതാണ് പറയുന്നത്. പ്രത്യേകം ശ്രദ്ധിക്കണം, ആരോഗ്യ ഇൻഷുറൻസ് എന്നു തന്നെയാണ് പറയുന്നത്. സർക്കാർ പണം അടച്ച് ഈ തുകയ്ക്കുള്ള ഇൻഷുറൻസ് എടുക്കണമെങ്കിൽ വാർഷിക പ്രീമിയം ഒരു കുടുംബത്തിന് 25,000 രൂപ വരും. ഏതാണ്ട് 75 ലക്ഷം കുടുംബങ്ങളിൽ 70 ലക്ഷം കുടുംബങ്ങൾക്ക് UDF പ്രഖ്യാപിച്ച ഇൻഷുറൻസ് നടപ്പിലാക്കണമെങ്കിൽ വാർഷിക പ്രീമിയമായി സർക്കാർ 17,500 കോടി രൂപ കൊടുക്കേണ്ടി വരും. സർക്കാരിന്റെ ആകെ ആരോഗ്യ ചെലവ് 2026-2027 ലെ ബജറ്റ് അനുമാന കണക്കുകൾ പ്രകാരം, 13,149 കോടി രൂപയാണ്. ഇത് മെഡിക്കൽ കോളേജുകൾ, പൊതുജനാരോഗ്യം, കുടുംബ ക്ഷേമം എന്നിവയെല്ലാം ചേരുന്ന ചെലവാണ്. ഇതിൽ നിന്നും പ്രീമിയമായി എത്ര രൂപ മാറ്റി വയ്ക്കും? പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ ആരോഗ്യ ബജറ്റ് ഇല്ലാതാക്കിയല്ലാതെ UDF പ്രഖ്യാപിക്കുന്ന ഇൻഷുറൻസ് നാലിൽ ഒന്നു പോലും നടപ്പിലാക്കുക സാധ്യമല്ല.

കേരളത്തിലെ പ്രധാന സ്വകാര്യ ആശുപത്രി ശൃംഖലകൾ അപ്പാടെ വൻകിട ഓഹരി മൂലധനത്തിന് കീഴ്പ്പെട്ടു കഴിഞ്ഞു എന്ന വസ്തു‌ത ഇവിടെ ഏറെ പ്രസക്തമാണ്. സ്വകാര്യ കേരളത്തിലെ ആരോഗ്യ മേഖലയിലേക്ക് കടന്നു വരുന്ന അന്തർ ദേശീയ മൂലധനത്തിന് വേണ്ടി കേരളം ആർജ്ജിച്ച പൊതു മേഖലാ ആരോഗ്യ ശൃംഖലയെ തകർക്കുക എന്ന അജണ്ട ഗൂഢമായി കൊണ്ടു വരികയാണ് കോൺഗ്രസ് ചെയ്യുന്നത്. സർക്കാർ ആശുപത്രികളിൽ ഇപ്പോൾ നടക്കുന്ന വലിയ തോതിലുള്ള അപ്ഗ്രെഡേഷൻ രണ്ടു കാരണങ്ങൾ കൊണ്ട് നിശ്ചലമാകും. അവ അനാവശ്യമാണ് എന്ന ആഖ്യാനം ഉടലെടുക്കും. രണ്ട്, ആരോഗ്യ ബജറ്റ് അപ്പാടെ സ്വകാര്യ ഇൻഷൂറൻസിന് മാറുന്നതോടെ പൊതു ആരോഗ്യ സ്ഥാപനങ്ങൾക്ക് പണമില്ല എന്ന സ്ഥിതി സംജാതമാകും.

LDF വാഗ്ദാനം ഇൻഷൂറൻസ് അല്ല. അഷ്വറൻസ് മാതൃകയിൽ പരിധിയില്ലാതെ സൗജന്യ ചികിൽസ നൽകുക എന്നതാണ്. അതിനു പാകത്തിലാണ് കേരളത്തിലെ പൊതു ആരോഗ്യ സ്ഥാപനങ്ങളിൽ ബജറ്റിന് പുറത്തു നിന്നും വലിയ മൂലധന നിക്ഷേപം നടക്കുന്നത്. ആവർത്തന ചെലവുകൾ ബജറ്റിൽ നിന്നും നടക്കുകയും ചെയ്യും. ബജറ്റ് പണം അപ്പാടെ ഇൻഷൂറൻസ് കമ്പനികൾക്ക് കൊടുത്ത് മനുഷ്യരെ ആകെ അന്താരാഷ്ട്ര മൂലധനം നിയന്ത്രിക്കുന്ന സ്വകാര്യ ആശുപത്രികളുടെയും ഡയഗ്നോസ്റ്റിക് സംവിധാനങ്ങളുടെയും വരുതിക്ക് എറിഞ്ഞു കൊടുക്കുന്ന ദുരന്തമായിരിക്കും എന്നു സംശയം വേണ്ട.

ഇടതുപക്ഷ ബദലാണ് LDF മുന്നോട്ടു വെയ്ക്കുന്നത്. UDFന്റേത് മൂലധന ദാസ്യവും അപ്രായോഗികവും. പ്രകടന പത്രികകളുടെ താരതമ്യത്തിന് ഏറ്റവും ഉചിതമായ മേഖലയാണ് ആരോഗ്യം എന്നു നിസംശയം പറയാം.

ഗോപകുമാർ മുകുന്ദൻ

ഗോപകുമാർ മുകുന്ദൻ

സ്വതന്ത്ര ഗവേഷകനാണ് ഗോപകുമാർ മുകുന്ദൻ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top