എസ് ഐ ആറിന് ശേഷം വരുന്ന മണ്ഡല പുനർനിർണയം : ബിജെപി ഇതര സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതെന്ത്?

എസ് ഐ ആറിന് ശേഷം വരുന്ന മണ്ഡല പുനർനിർണയം : ബിജെപി ഇതര സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതെന്ത്?

മണ്ഡല പുനർനിർണയത്തിന് ശേഷം, ദക്ഷിണേന്ത്യൻ  സംസ്ഥാനങ്ങളുടെ പാർലമെന്റിലെ  പ്രതിനിധാനം 23.6% മുതൽ ഏകദേശം 20% ആയി കുറഞ്ഞേക്കും എന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, ഹിന്ദി സംസാരിക്കുന്ന വടക്കൻ-മധ്യ സംസ്ഥാനങ്ങളിലെപ്രതിനിധാനം 38.1% മുതൽ 43.1% ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ . ദക്ഷിണേന്ത്യയിൽ നിന്നും യാതൊരു  പിന്തുണയും ഇല്ലാതെ തന്നെ ഭരണകക്ഷിയായ BJPയ്ക്ക് രാഷ്ട്രീയ ആധിപത്യം നിലനിർത്താൻ കഴിയും.

ഫെഡറൽ ഘടനയെ തകർക്കും എന്ന് മാത്രമല്ല, അടിസ്ഥാന ജനാധിപത്യ സംവിധാനത്തെ തന്നെ ഈ നീക്കം അട്ടിമറിക്കും എന്നതിൽ സംശയമില്ല.

പരിധിനിർണ്ണയത്തിന്റെ അടിസ്ഥാനം “ഒരു വ്യക്തി, ഒരു വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം” എന്ന സിദ്ധാന്തമാണ്. അതായത്, രാജ്യത്തുടനീളം ഓരോ നിയോജകമണ്ഡലവും ഏകദേശ സമാനമായ വോട്ടർമാരെ പ്രതിനിധീകരിക്കണം. ഈ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന നിയമസഭകളിലും ലോക്സഭയിലും സീറ്റുകളുടെ വിന്യാസം നിർണയിക്കുന്നത്.

ഉദാഹരണത്തിന് 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ, ഉത്തർപ്രദേശിൽ ഏകദേശം 15.4 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാരും 80 പാർലമെന്റ് സീറ്റുകളും ഉണ്ടായിരുന്നു. അതായത്, ഓരോ എം.പി.യും ഏകദേശം 19.3 ലക്ഷം വോട്ടർമാരെ പ്രതിനിധീകരിക്കുന്നു.

ഇതിന് വിരുദ്ധമായി , തമിഴ്നാട്ടിൽ ഏകദേശം 6.24 കോടി വോട്ടർമാരും 39 സീറ്റുകളുമാണ്  ഉള്ളത് .  ഇവിടെ ഓരോ എം.പി.യും ഏകദേശം 16 ലക്ഷം വോട്ടർമാരെ പ്രതിനിധീകരിക്കുന്നു.

ഇത് ഓരോ സംസ്ഥാനങ്ങളിലും ഒരു വോട്ടിന്റെ മൂല്യം വ്യത്യാസപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നു.

സൈദ്ധാന്തികമായി നോക്കിയാൽ  മണ്ഡല പുനർനിർണ്ണയം ഇത്തരം അസമത്വങ്ങൾ പരിഹരിക്കാൻ സഹായിക്കും .ഉദാഹരണത്തിന്, രാജ്യത്തുടനീളം 10–15 ലക്ഷം വോട്ടർമാർക്ക് ഒരു എം.പി. എന്ന രീതിയിൽ പ്രതിനിധാനം ഏകീകരിക്കാം. എന്നാൽ, ഈ സമീപനം കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രതിനിധാനം നൽകുകയും, ജനസംഖ്യ വളർച്ച കുറച്ച സംസ്ഥാനങ്ങൾക്ക് താരതമ്യേന കുറവായി നൽകുകയും ചെയ്യും.

ഇത് ഒരു അടിസ്ഥാന ചോദ്യമുയർത്തുന്നു:

പ്രാദേശിക അസന്തുലിതാവസ്ഥയും രാഷ്ട്രീയ അസമത്വവും വർദ്ധിപ്പിക്കാതെ സമതുലിതമായ പ്രതിനിധാനം എങ്ങനെ ഉറപ്പാക്കാം?

മോദി സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ സമീപനം, ബിജെപിയെ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതേണ്ടി വരും. ഇത് പ്രാദേശികമായ അസമത്വങ്ങൾ  വർദ്ധിപ്പിക്കുകയും രാജ്യത്ത് ഇതിനകം രൂപം കൊണ്ട് കഴിഞ്ഞിട്ടുള്ള വിഭജന പ്രവണതകൾക്ക് ആക്കം കൂട്ടുകയും ചെയ്യും.

  മണ്ഡല പുനർനിർണ്ണയവും  SIR-ഉം തമ്മിലുള്ള ബന്ധമാണ് ചർച്ച ചെയ്യേണ്ട മറ്റൊരു സംഗതി. മണ്ഡല പുനർനിർണ്ണയം. പാർലമെന്റ് സീറ്റുകളുടെ എണ്ണം നിർണയിക്കുമ്പോൾ, SIR വോട്ടർമാരെ തന്നെയാണ് നിർണയിക്കുന്നത്.

ഈ രണ്ടു പ്രക്രിയകളുടെ സംയുക്തഫലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എങ്ങനെ പ്രതിഫലിക്കും എന്നത് നിർണായകമാണ്.

ഉദാഹരണത്തിന്, ഉത്തർപ്രദേശും തമിഴ്നാടും എടുത്താൽ:

2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മണ്ഡല പുനർനിർണയം നടത്തുന്നതെങ്കിൽ ഉത്തർപ്രദേശിലെ ലോക്സഭ സീറ്റുകൾ 80ൽ നിന്ന് 143 ആയി ഉയരാം. തമിഴ്നാട്ടിലെ സീറ്റുകൾ 39ൽ നിന്ന് 49 ആയി ഉയരാം.

SIR കഴിഞ്ഞ്: ഉത്തർപ്രദേശിൽ ഏകദേശം 13.39 കോടി വോട്ടർമാർ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു—അപ്പോൾ ഓരോ എം.പി.ക്കും ഏകദേശം 9.36 ലക്ഷം വോട്ടർമാർ. തമിഴ്നാട്ടിൽ ഏകദേശം 5.67 കോടി വോട്ടർമാർ—അപ്പോൾ ഓരോ എം.പി.ക്കും ഏകദേശം 11.57 ലക്ഷം വോട്ടർമാർ.

അതായത്, വോട്ടർമാരുടെ പാർലിമെന്റ് പ്രാതിനിധ്യത്തിലെ അസമത്വം തുടരും, തെക്കേ ഇന്ത്യൻ  സംസ്ഥാനങ്ങളിൽ വോട്ടിന്റെ മൂല്യം കുറയും തമിഴ് നാട്ടിലേതിന് സമാനമായ പ്രവണതയാണ് കർണാടകയിലും പ്രതീക്ഷിക്കുന്നത്. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം കർണാടകക്ക്  41 സീറ്റുകൾ ലഭിക്കാമെന്ന് കണക്കാക്കപ്പെടുന്നു.

താരതമ്യേന, എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തർപ്രദേശ് പോലെ (ഒരു എം.പി.യ്ക്ക് ഏകദേശം 9.36 ലക്ഷം വോട്ടർമാർ) പ്രതിനിധാനം നൽകിയാൽ, തമിഴ്നാട്ടിന് 49 സീറ്റുകൾക്ക് പകരം 60 സീറ്റുകൾ ലഭിക്കേണ്ടിവരും. കർണാടകയ്ക്കും കേരളത്തിനും സമാനമായ ഫലങ്ങൾ ഉണ്ടാകും.

അതുകൊണ്ട്, നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയിലുള്ള മണ്ഡല പുനർനിർണയവും ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എസ് ഐ ആറും ചേർന്നാൽ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയെ തകർക്കും.

ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഈ നിയമ നിർമാണത്തെ എതിർക്കേണ്ടണ്ടതാണ്.

അതേ സമയം, ഓരോ വോട്ടിനും സമമൂല്യം ഉറപ്പാക്കുകയും  പ്രാദേശിക അസമത്വങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന ഒരു ബദൽ  സംവിധാനം രൂപപ്പെടുത്താനുള്ള സംവാദങ്ങൾ നടക്കേണ്ടതുമുണ്ട്. 

ശിവസുന്ദർ

ശിവസുന്ദർ

കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമാണ് ശിവസുന്ദർ.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top