
അപര വിദ്വേഷത്തിൽ മുങ്ങിയ ക്രിസ്മസ് കാലം -ലണ്ടനിൽ ക്രിസ്മസ് ട്രീ കത്തിച്ചത് മുസ്‌ളീം ഗ്രൂപ്പുകളല്ല: ഫാക്ട് ചെക്ക്
ഇന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ഹിന്ദുത്വ സംഘടനകൾ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ട ഒരു വർഷമാണ് കടന്നു പോകുന്നത് സോഷ്യൽ മീഡിയയിലും വർഗീയ വിദ്വേഷ പ്രചാരണങ്ങൾ വ്യാപകമാണ്. സംഘപരിവാർ ബന്ധമുള്ള മലയാളി ഫേസ് ബുക്ക് ഹാൻഡിലുകളും ഇക്കാര്യത്തിൽ പിറകിലല്ല മുസ്ലിങ്ങൾ ക്രിസ്മസ് ട്രീ കത്തിക്കുന്നു എന്ന തലക്കെട്ടോടെ ഒരു ദൃശ്യം ചില മലയാളി ഹാൻഡിലുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.
ബ്രസൽസിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇംഗ്ലണ്ടിൽ ഈയിടെ നടന്നത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് പക്ഷേ ഇത് വ്യാജ വാർത്തയാണെന്ന് ഒബിസിയുടെ വസ്തുതാ പരിശോധനയിൽ വ്യക്തമായി.
എബിവിപി(അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്) എന്ന വിദ്യാർത്ഥി സംഘടനയുമായി ബന്ധമുള്ള ശിഖ രാഘവൻ തോപ്പിൽ എന്ന അക്കൗണ്ട് വഴി ഡിസംബർ പതിനേഴിനാണ് വീഡിയോ പ്രചരിച്ചതായി കണ്ടത്.”ലണ്ടൻ നഗരത്തിൽ സ്ഥാപിച്ചിരുന്ന ഒരു ക്രിസ്തുമസ് ട്രീ ജിഹാദികൾ കത്തിച്ചുകളയുന്ന ദൃശ്യം” എന്നാണ് പോസ്റ്റിന് മലയാളത്തിൽ ഉള്ള വിവരണം. ഡിസംബർ 22 വരെ 96 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തതായി കാണുന്നു, 217 ലൈക്കുകളും 57 കമൻ്റുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

ഡിസംബർ പതിനേഴിലെ ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്
പ്രചരിക്കുന്ന പോസ്റ്റിന് താഴെയുള്ള ഭൂരിഭാഗം കമന്റുകളും മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. “ക്രിസ്ത്യാനികൾ സ്വന്തം ചെയ്തികളുടെ ഫലം അനുഭവിക്കുകയാണ്” എന്ന രീതിയിലുള്ള പരിഹാസങ്ങൾ പലരും പങ്കുവെക്കുന്നുണ്ട്. യുകെയിലെയും യൂറോപ്പിലെയും കുടിയേറ്റ നയങ്ങളെ (Migration Policies) കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രതികരണങ്ങളും കമന്റ് ബോക്സിൽ ധാരാളമാണ്. നയങ്ങളിലെ പോരായ്മകൾ കാരണമാണ് മുസ്ലീങ്ങൾക്ക് ഇമിഗ്രേഷൻ എളുപ്പത്തിൽ ലഭിക്കുന്നത് എന്നൊക്കെയാണ് ഇവർ ഉന്നയിക്കുന്ന വിമർശനങ്ങൾ.
“സമ്പത്തും സ്വാധീനവും ഉപയോഗിച്ച് ഇന്ത്യക്കാരെയും മറ്റ് നാട്ടുകാരെയും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതിന് ബ്രിട്ടീഷുകാർക്ക് കിട്ടിയ പ്രതിഫലം ആണിത് ” എന്നാണ് ഒരു കമന്റ് . “സൂര്യൻ അസ്തമിക്കാത്ത നാടിൻ്റെ ഇപ്പോഴത്തെ അവസ്ഥ” എന്നാണ് മലയാളത്തിലുള്ള മറ്റൊരു കമൻ്റ്. ബിജെപി അധികാരത്തിലിരിക്കുന്നതിനാൽ ക്രിസ്ത്യൻ പുരോഹിതർ ഇന്ത്യയിൽ സംരക്ഷിക്കപ്പെടുന്നു എന്നും ഒരാൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. prince_vegeta_v2 എന്ന പേരിലുള്ള ഇൻസ്റ്റഗ്രാമിലെ ഒരു വലതുപക്ഷ മീം അക്കൗണ്ട് ഡിസംബർ 17 ന് ഈ വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ട്.

2025 ഡിസംബർ 17 ലെ ഇൻസ്റ്റഗ്രാം പോസ്റ്റ്, സ്ക്രീൻഷോട്ട്
ഇസ്ലാം മതത്തെയും മുസ്ലീം ജനതയെയും അക്രമാസക്തരായി ചിത്രീകരിക്കാനാണ് വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ ശ്രമിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ മുസ്ലീങ്ങളോടുള്ള ശത്രുത വളർത്താനാണ് വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഇത്തരത്തിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ വസ്തുതയെന്താണ്?
വീഡിയോയുടെ വസ്തുത പരിശോധിക്കുന്നതിനായി, London, Christmas tree, burned എന്നീ കീ വേർഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്തപ്പോൾ, ഇത്തരത്തിൽ ഒരു സംഭവം ലണ്ടനിൽ നടന്നിട്ടില്ലെന്ന് മനസ്സിലായി. വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച്, റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2016 ജനുവരി അഞ്ചിലെ ആർ ടി ഇൻ്റർനാഷണൽ റിപ്പോർട്ട് ലഭിച്ചു.

ആർ ടി ഇൻ്റർനാഷണൽ റിപ്പോർട്ടിൻ്റെ സ്ക്രീൻഷോട്ട്
2016 ജനുവരി മൂന്നിന്, ഓസ്ട്രേലിയൻ വാർത്താ ഏജൻസിയായ news.com.au വും ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രമുഖ ബെൽജിയൻ ദിനപത്രമായ ലാ ഡെർനിയൻ ഹ്യൂറിൻ്റെ ഫ്രഞ്ചിലുള്ള ഒരു വാർത്തയും അതോടൊപ്പം ലഭിച്ചു. 2015 ഡിസംബർ 31 ന് പുതുവത്സരാഘോഷ വേളയിൽ ബെൽജിയത്തിലെ ആൻഡർലെക്റ്റിലുളള പ്ലേസ് ഡു കോൺസീലിൽ ആണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. തുടർന്ന്, ഒബിസി നടത്തിയ ജിയോ ലൊക്കേഷനിൽ സംഭവം നടന്നത് ലണ്ടനിൽ അല്ല, ബ്രസൽസിലെ ആൻഡർലെക്റ്റിലാണ് എന്ന് ഉറപ്പിക്കാനായി. സാമൂഹ്യ വിരുദ്ധരായ ഏതാനും ചെറുപ്പക്കാർ ചെയ്തതാണ് എന്നതിനപ്പുറം ആ സംഭവത്തെ കുറിച്ച് മറ്റ് വ്യാഖ്യാനങ്ങൾ ഒന്നും ഈ റിപ്പോർട്ടുകളിലില്ല.
അതായത്, ബ്രസൽസിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തെയാണ് ലണ്ടനിൽ നടന്ന സംഭവം എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക