ബാർ കൗണ്ടറിന് മുകളിൽ നൃത്തം ചെയ്യുന്നത് സോണിയാഗാന്ധിയാണോ? ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ ചരിത്രാന്വേഷണം

ബാർ കൗണ്ടറിന് മുകളിൽ നൃത്തം ചെയ്യുന്നത് സോണിയാഗാന്ധിയാണോ? ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ ചരിത്രാന്വേഷണം

മൂന്ന് യുവതികൾ ഒരു ബാറിൽ നൃത്തം ചെയ്യുന്ന ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം കോൺഗ്രസ്സ് നേതാവ് സോണിയാഗാന്ധിയെ അധിക്ഷേപിക്കാനായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുകൂല പേജുകളാണ് ഈ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്. സോണിയാ ഗാന്ധിക്കെതിരായ ഈ അധിക്ഷേപത്തിന്റെ വസ്തുത തേടി പോയ ഞങ്ങൾ ചെന്നെത്തിയത് ഒരു തൊഴിലാളി സമരത്തിന്റെ വിജയ ചരിത്രത്തിലേക്കാണ്. 1967 ൽ ആസ്‌ട്രേലിയയിൽ നടന്ന ഒരു പണിമുടക്ക് സമരത്തിന്റെ ചരിത്രം.

തിരഞ്ഞെടുപ്പ് കാലങ്ങളിൽ പലപ്പോഴും ചില പഴയ ചിത്രങ്ങൾ തെറ്റായ അവകാശവാദങ്ങളോടെ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ബാർ കൗണ്ടറിന് മുകളിൽ നൃത്തം ചെയ്യുന്ന മൂന്ന് വിദേശ വനിതകളുടെ ചിത്രമാണത്. എന്നാൽ, ആ ചിത്രത്തിൽ, മധ്യത്തിൽ നിൽക്കുന്ന യുവതി,  കോൺഗ്രസ് നേതാവ്  സോണിയാഗാന്ധിയാണെന്ന പേരിലാണ് ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. എക്‌സിലും ഫേസ്ബുക്കിലും ചിത്രം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണ്? ഇത് ശരിക്കും സോണിയാഗാന്ധിയുടേതാണോ? ഒബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ പരിശോധിക്കാം.

മലയാളത്തിൽ, ഫെബ്രുവരി മുതലാണ് ഈ പോസ്റ്റ് പ്രചരിക്കുന്നതായി കാണുന്നത്. രമേശ് ബാബു നായർ എന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണത്. “നടുവിൽ കളിക്കുന്നത് ആരാണ് എന്ന് മനസിലായോ? കുളു തരാം ഓർജിനൽ ഇൻഡ്യാക്കാരിയല്ല” എന്ന അടിക്കുറിപ്പോടുകൂടിയാണ് ഇത്.  മധ്യത്തിൽ നിൽക്കുന്ന യുവതി സോണിയാഗാന്ധിയാണ് എന്ന് ചിലർ കമന്റ് ചെയ്തിട്ടുമുണ്ട്.  സോണിയാഗാന്ധിയെയും  രാഹുൽ ഗാന്ധിയെയും പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും ഈ പോസ്റ്റിനു താഴെ കാണാം.

ഫേസ്ബുക്ക് പോസ്റ്റ്, സ്‌ക്രീൻ ഷോട്ട്

അയ്യായിരത്തി എണ്ണൂറിലധികം ഫോളോവേഴ്സ് ഉള്ള ഈ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മാത്രം, ഈ പോസ്റ്റിന് 741 ലൈക്കുകൾ ഇതുവരെ (ഫെബ്രുവരി 17) ലഭിച്ചിട്ടുണ്ട്. 259 പേർ കമന്റ് ചെയ്ത പോസ്റ്റ്, 316 പേർ ഷെയർ ചെയ്തിട്ടുണ്ട്.

6.7K ഫോളോവേഴ്സ് ഉള്ള സത്യമേവ ജയതേ എന്ന ഒരു വലതുപക്ഷ ഫേസ്ബുക്ക് അക്കൗണ്ട്, രമേശ് ബാബുവിൻ്റെ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

നൃത്തം ചെയ്യുന്ന യുവതി സോണിയാഗാന്ധി തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുന്ന നിരവധി പോസ്റ്റുകളാണ് ഇപ്പോൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെടുന്നത്. അതിൽ, 44.1K അംഗങ്ങൾ ഉള്ള പ്രവാസി ഇന്ത്യൻസ് അസോസിയേഷൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ഉൾപ്പെടും.

മലയാളത്തിൽ മാത്രമല്ല ഈ പ്രചാരണം നടക്കുന്നത്. ആറായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു തമിഴ് എക്സ് (ട്വിറ്റർ )അക്കൗണ്ടിൽ  ഫെബ്രുവരി 15 മുതൽ ഈ പോസ്റ്റ് പ്രചരിക്കുന്നതായി കണ്ടു. 5,920 പേരാണ് ആ പോസ്റ്റ് എക്സിൽ കണ്ടത്.

തമിഴിലെ എക്സ് പോസ്റ്റ്, സ്‌ക്രീൻ ഷോട്ട്

ആ ‘ബാർ ഡാൻസർ’ സോണിയാഗാന്ധിയാണോ? ഫാക്ട് ചെക്കിങ്ങിന്റെ അന്വേഷണ വഴികൾ

 ഇത് മനസിലാക്കുന്നതിനായി, ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിന്റെ യഥാർത്ഥ സ്രോതസ് കണ്ടെത്താനാണ് ഞങ്ങൾ ശ്രമിച്ചത്. പ്രചരിക്കുന്ന അവ്യക്തമായ ചിത്രത്തിൽ, Getty images Credit: Fairfax Media എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് തെളിഞ്ഞു കാണാം.

സ്‌ക്രീൻ ഷോട്ട്

ലോക പ്രശസ്തമായ അമേരിക്കൻ വിഷ്വൽ മീഡിയ കമ്പനിയായ ഗെറ്റി ഇമേജസിൽ (Getty Images) നിന്നുമാണ് ഈ ചിത്രം എന്ന് മനസിലാക്കാം. വിശദമായ പരിശോധനയിൽ, കൂടുതൽ വ്യക്തതയുള്ള യഥാർത്ഥ ചിത്രം ഞങ്ങൾ കണ്ടെത്തി.

Beer drought -“Go Go dancing girls help break the beer drought on Rawson Hotel in Auburn on 21 November 1967” എന്ന തലക്കെട്ടിലുള്ള ഒരു ചിത്രമാണ് അത്. 

ഗെറ്റി ഇമേജസിൽ കണ്ടെത്തിയ യഥാർത്ഥ ചിത്രം, സ്ക്രീൻഷോട്ട്

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ഓബേൺ (Auburn) എന്ന സ്ഥലത്തെ റോസൺ ഹോട്ടലിൽ വച്ചെടുത്ത ചിത്രം. 

വിക് സംനർ (Vic Sumner) എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകർത്തിയിരിക്കുന്നത്. പ്രചരിക്കുന്ന ചിത്രത്തിലെ യുവതിയും സോണിയാഗാന്ധിയും തമ്മിൽ പ്രാഥമികമായ മുഖസാദൃശ്യം പോലും ഇല്ല എന്ന് മനസിലാകും. ചിത്രത്തിലെ വസ്ത്രധാരണവും പശ്ചാത്തലവും പരിശോധിച്ചാൽ അതൊരു വിദേശ രാജ്യത്തെ പബ്ബ് ആണെന്ന് വ്യക്തമാകും. 

ഫേസ് പെയർ ഡോട്ട് കോം, ഫേസ് കംപാരിസൺ ഡോട്ട് ടൂൾ പൈ ഡോട്ട് കോം എന്നീ  ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ച് നടത്തിയ മുഖ സാദൃശ്യ പരിശോധനയിൽ നിന്ന് വ്യക്തമാകുന്നത്, അത്  സോണിയാഗാന്ധിയല്ല എന്നാണ്. പ്രചരിക്കുന്ന ചിത്രത്തിലെ,  നടുവിൽ  നിൽക്കുന്ന യുവതിയുടെ ക്ലോസപ്പ്  ഫോട്ടോയും 1960കളിലെ സോണിയാഗാന്ധിയുടെ യഥാർത്ഥ ചിത്രവും ഉപയോഗിച്ചാണ് താരതമ്യ പരിശോധന നടത്തിയത്.  

രണ്ട് ചിത്രങ്ങളും ഒരാളുടേതാകാനുള്ള സാധ്യത 43 ശതമാനമേ ഉള്ളൂ എന്നാണ് ഫേസ് പെയർ ഡോട്ട് കോം നിഗമനം. സ്കോർ അൻപത് ശതമാനത്തിന് മുകളിൽ ആവുകയാണെങ്കിൽ മാത്രമേ ഒരേ വ്യക്തികൾ ആകാനുള്ള സാധ്യതയുള്ളൂ.

ഫേസ് പെയർ ഡോട്ട് കോം നിഗമനം, സ്‌ക്രീൻ ഷോട്ട്

സമാനമായ രീതിയിൽ, ഫേസ് കംപാരിസൺ ഡോട്ട് ടൂൾ പൈ ഡോട്ട് കോം എന്ന സൈറ്റിലൂടെയും മുഖത്തിന്റെ ഘടന, കണ്ണ്, മൂക്ക് എന്നിവയുടെ പ്രത്യേകതകൾ വിശകലനം ചെയ്തു. ഇതിന്റെ റിസൾട്ടും നെഗറ്റിവ് ആയിരുന്നു. രണ്ടു ചിത്രങ്ങളും ഒന്നാകാനുള്ള സാധ്യത 28 ശതമാനമേ ഉള്ളൂവെന്നാണ് നിഗമനം.

ഫേസ് കംപാരിസൺ ഡോട്ട് ടൂൾ പൈ ഡോട്ട് കോം നിഗമനം, സ്‌ക്രീൻ ഷോട്ട്

ഒരു തൊഴിൽ സമരത്തിന്റെ വിജയകഥ 

ഈ ചിത്രത്തിന്റെ യഥാർത്ഥ ഉറവിടം തേടിയുള്ള അന്വേഷണം ചെന്നെത്തിയത് ഓസ്‌ട്രേലിയയിലെ ഒരു ചരിത്ര സംഭവത്തിലേക്കാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് അത്. പഴയകാല ചരിത്ര ചിത്രങ്ങൾ പങ്കുവെക്കുന്ന ഫേസ്ബുക്കിലെ, I Grew Up in Mortdale 2223 എന്ന അക്കൗണ്ടിൽ ഈ ചിത്രം, കൃത്യമായ വിവരണത്തോടെ കാണാം.

1967 നവംബറിൽ സിഡ്‌നിയിലെ 2000ത്തിലധികം ബ്രൂവറി തൊഴിലാളികൾ നടത്തിയ പണിമുടക്ക് വിജയത്തിന്റെ ചിത്രമാണത്. ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ‘Draught Beer Drought’ (ബിയർ ക്ഷാമം) എന്നാണ് ഇത് അറിയപ്പെടുന്നത്.

I Grew Up in Mortdale 2223 എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റ്, സ്‌ക്രീൻ ഷോട്ട്

14 ദിവസത്തെ നീണ്ട ചർച്ചകൾക്കൊടുവിൽ, നവംബർ 17ന് തൊഴിലാളികൾ സമരം അവസാനിപ്പിക്കാനും ജോലിയിൽ പ്രവേശിക്കാനും തീരുമാനിച്ചു. ഇത് ആഘോഷിക്കാൻ, സിഡ്‌നിയിലെ ഓബേണിലുള്ള റോസൺ ഹോട്ടലിൽ നടന്ന കലാപരിപാടികളിൽ പങ്കെടുത്തവരുടെ ചിത്രമാണിത്. ഇത് ക്യാമറയിൽ പകർത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫറായ വിക് സംനർ ആണ്. ഈ ചിത്രം നിലവിൽ ഫെയർഫാക്സ് ആർക്കൈവ്സിൽ ലഭ്യമാണ്. ഈ ചരിത്രപരമായ വസ്തുതയെയാണ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ചിലർ തെറ്റായി പ്രചരിപ്പിക്കുന്നത്.

സോണിയ ഗാന്ധി ഒരു ബാർ ഡാൻസറായിരുന്നു എന്ന് പരാമർശിക്കുന്ന പോസ്റ്റുകൾ ഇതിനു മുൻപും പ്രചരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, ബിക്കിനി ധരിച്ച് നിൽക്കുന്ന ഒരു യുവതിയുടെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം സോണിയാഗാന്ധിയുടെ ഫോട്ടോ എന്ന നിലയിൽ ചിലർ പ്രചരിപ്പിച്ചിരുന്നു.   

‘ഇറ്റലിയിലെ ഈ ബാർ ഡാൻസറിന്റെ പേര് പറയാമോ’ എന്നായിരുന്നു ആ ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. പോസ്റ്റിന്റെ കമന്റുകളിൽ പലരും ചിത്രത്തിലുള്ളത് സോണിയാഗാന്ധി ആണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, യഥാർത്ഥത്തിൽ ഫോട്ടോയിലുള്ളത്, സിനിമാ നടിയും മോഡലുമായ ഉർസുല ആൻഡ്രസ് ആണ്.

ഫേസ്ബുക്ക് പോസ്റ്റ്, സ്‌ക്രീൻ ഷോട്ട് (2025)

1960കളിൽ, കേംബ്രിഡ്ജിൽ പഠിച്ചിരുന്ന കാലത്ത്, സോണിയാഗാന്ധി അവിടെയുള്ള ഒരു ബാറിൽ വെയിറ്ററെസ് ആയി ജോലി ചെയ്തിരുന്നു എന്ന് ചില ഗവേഷണങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ, അവർ ഒരു ബാർ ഡാൻസർ ആയിരുന്നു എന്നതിന് തെളിവുകളില്ല.

 


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top