
റീൽ രാഷ്ട്രീയത്തിന്റെ പതനം : അൽഗോരിതം നിർമ്മിച്ചെടുത്ത രാഹുൽ മാങ്കൂട്ടത്തിലിന്റെ പൊതുജീവിതം
സോഷ്യൽ മീഡിയയിലൂടെ ഉൽപ്പാദിപ്പിക്കപ്പെട്ട രാഷ്ട്രീയ മൂലധനത്തിലൂടെ, അസാധാരണമായ വേഗത്തിൽ നേതൃനിരയിലേക്ക് ഉയർന്നയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഫാൻ പേജുകൾ മുതൽ, പ്രത്യക്ഷത്തിൽ രാഷ്ട്രീയമില്ലെന്ന് തോന്നിക്കുന്ന എന്റർടൈൻമെന്റ് പേജുകൾ വരെ, അസാധാരണമായ നിലയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിക്കപ്പെട്ടത്. കോൺഗ്രസ്സിൽ മറ്റൊരാൾക്കും ഇല്ലാത്ത ഈ ‘ ഫാൻ ബേസ് ‘ പണമിറക്കിയുള്ള പദ്ധതിയാണെന്ന് സ്വന്തം പാർട്ടിയിൽ പെട്ടവർക്ക് പോലും അഭിപ്രായമുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സോഷ്യൽ മീഡിയാ സാന്നിധ്യത്തെ ആഴത്തിൽ പരിശോധിക്കുന്നു ഈ റിപ്പോർട്ട്.
സമകാലീനരെയും രാഷ്ട്രീയ എതിരാളികളെയും ഒരേ രീതിയിൽ അത്ഭുതപ്പെടുത്തുകയും, രൂക്ഷവിമർശനങ്ങളുയർത്താൻ പ്രേരിപ്പിക്കുകയും ചെയ്ത, അതിനാടകീയമായ വളർച്ച. വിമർശകർ നാളുകളായി കാത്തിരുന്ന, ഏറ്റെടുത്താഘോഷിച്ച പതനം. സമൂഹ മാധ്യമങ്ങളിൽ കൊത്തി വലിക്കപ്പെടും എന്നറിഞ്ഞിട്ടും പരാതികളുമായി ധൈര്യപൂർവം മുന്നോട്ട് വന്ന അതിജീവിതമാർക്ക് താത്ക്കാലികാശ്വാസം.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ഒൻപത് ദിവസങ്ങളിലായി ഒളിവിലാണ്. ബലാത്സംഘവും നിർബന്ധിത ഗർഭഛിദ്രവുമടക്കം ഗുരുതര ആരോപണങ്ങളുയർത്തിയ അതിജീവിത,നവംബർ 27ന് മുഖ്യ മന്ത്രി പിണറായി വിജയന് നേരിട്ട് പരാതി സമർപ്പിക്കുകയായിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചെങ്കിലും, ഡിസംബർ 15 വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ് കേരള ഹൈ കോടതി.

സമരവേദികളിലോ പാർട്ടി പരിപാടികളിലോ കണ്ടതിനേക്കാൾ കൂടുതൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്ന നേതാവിനെ കേരളത്തിലെ പൊതു സമൂഹത്തിന് പരിചിതനാക്കിയത് ചാനൽ ചർച്ചകളും സമൂഹ മാധ്യമങ്ങളുമാണ്. മറ്റൊരു നേതാവും, രാഹുൽ ഉപയോഗപ്പെടുത്തിയത് പോലെ സമൂഹ മാധ്യമങ്ങളുടെ ശക്തിയെ ഉപയോഗിച്ചിട്ടില്ല. ആസൂത്രിതവും തന്ത്രപരവുമായ സാന്നിധ്യത്തിലൂടെ വലിയ ആരാധക വൃന്ദത്തെയാണ് കുറഞ്ഞ കാലത്തിനകം സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഉണ്ടാക്കിയെടുത്തത്.
‘ലൈക് , കമന്റ് ,ഷെയർ ‘- സാമൂഹ്യമാധ്യമത്തിലെ ‘താരം ‘
“കുറ്റം ചെയ്തിട്ടില്ലാന്നുള്ള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും.” രാഹുൽ മാങ്കൂട്ടത്തിൽ പങ്കു വച്ച അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. ആദ്യ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ച നവംബർ 27നായിരുന്നു നിലവിൽ 80,000ത്തിലധികം ലൈക്കുകളും 1300 ഷെയറുകളുമുള്ള പോസ്റ്റ് രാഹുൽ പങ്കു വച്ചത്.
20,000ത്തിൽ കൂടുതൽ കമന്റുകളാണ് പോസ്റ്റിനുള്ളത്. “രാഹുൽ..നിയമപരമായി മുന്നോട്ട് പോവുക. ഫുൾ സപ്പോർട്ട്. മാധ്യമ കോടതികൾക്ക് മുമ്പിൽ ഉമ്മൻചാണ്ടി സാറും ഒരു പീഡകൻ ആയിരുന്നല്ലോ. എന്നിട്ട് എന്തായി..മാധ്യമ വേശ്യകൾക്ക് അന്ന് കിട്ടിയ ഒരു എല്ലിൻ കഷണം ആയിരുന്നു ഉമ്മൻചാണ്ടി സാർ.. ഇന്ന് ആ എല്ലിൻ കഷണം രാഹുൽ മാങ്കൂട്ടത്തിൽ ആണെന്ന് മാത്രം.” 1200 ലൈക്കുകൾ ലഭിച്ച അതിലൊരു കമന്റ് ഇങ്ങനെയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പേജിന് ആറു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. സെപ്റ്റംബർ 2020 മുതൽ പ്രസ്തുത പേജ് സജീവമാണ്. ഫെബ്രുവരി 2021 വരെ, ഒരു പോസ്റ്റിന് ശരാശരി 500ൽ താഴെ എൻഗേജ്മെന്റുകൾ മാത്രമാണ് കിട്ടിയിരുന്നത്. എന്നാൽ ടെലിവിഷൻ ചാനൽ ചർച്ചകളിൽ രാഹുൽ സ്ഥിരസന്നിധ്യമാകാൻ തുടങ്ങിയത് മുതൽ ഈ അവസ്ഥയിൽ നിന്നൊരു മാറ്റമുണ്ടായി. ചർച്ചകളിൽ രാഹുൽ സംസാരിക്കുന്നതിന്റെ പ്രസക്ത ഭാഗങ്ങൾ ഫേസ്ബുക്കിൽ വലിയ ശ്രദ്ധ നേടി. ആ വർഷം ഫെബ്രുവരിയിൽ മാത്രം അത്തരത്തിൽ ഏഴു ചർച്ചകളുടെ ഭാഗങ്ങളാണ് രാഹുൽ തന്റെ ഫേസ്ബുക്കിൽ പങ്കു വച്ചത്.
കേരളത്തിലെ ‘പിൻവാതിൽ പി എസ് സി നിയമനങ്ങളെ’ കുറിച്ചുള്ള മാതൃഭൂമി ചാനൽ ചർച്ചയിൽ രാഹുൽ സംസാരിച്ചതാണ് ആദ്യമായി സമൂഹ മാധ്യമങ്ങളിൽ പൊതു ശ്രദ്ധ നേടുന്നത്. 2021 ഫെബ്രുവരി 20നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 92,000ത്തിന് മുകളിൽ കാഴ്ചക്കാരും 2000ത്തിൽ കൂടുതൽ ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചു. ‘കുറച്ചു മുൻപേ ചാനൽ ചർച്ചകളിൽ വരേണ്ട ആളായിരുന്നു’ തുടങ്ങി, രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്ചാതുരിയെ പ്രശംസിക്കുന്ന ഒരുപാട് കമന്റുകൾ പോസ്റ്റിനുണ്ടായിരുന്നു. കൃത്യം ഒരാഴ്ചയ്ക്ക് അപ്പുറം, മാതൃഭൂമിയിൽ തന്നെ വന്ന മറ്റൊരു ചർച്ചയ്ക്ക് ഒരു മില്യൺ കാഴ്ചക്കാരുണ്ടായി. 10,000ത്തിലേറെ ലൈക്കുകളും 1300ൽ പരം ഷെയറുകളുമാണ് ഈ വീഡിയോക്ക് ലഭിച്ചത്.

തന്റെ രാഷ്ട്രീയ ഭാവിക്ക് ഇന്ധനമാകുന്നതിൽ സമൂഹ മാധ്യമങ്ങൾക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെ കുറിച്ച് രാഹുൽ ബോധവാനാകുന്നത് അവിടെ നിന്നായിരിക്കാം.
2021ൽ മാർച്ചിൽ മാത്രം, വിവിധ ചാനൽ ചർച്ചകളിൽ നിന്നുള്ള 19 വീഡിയോ ശകലങ്ങൾ രാഹുൽ പോസ്റ്റ് ചെയ്തു. വിശ്വാസം, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ, ലവ് ജിഹാദ് വിവാദം, പിണറായി വിജയന്റെ ‘പി ആർ’ തുടങ്ങിയ അനേകം വിഷയങ്ങളിൽ രാഹുൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. വാദങ്ങളെ സാധൂകരിക്കാൻ ഔദ്യോഗിക സഭാ രേഖകളും കോടതി വിധികളും കണക്കുകളുമെല്ലാം ഉപയോഗിക്കുന്നത് കൊണ്ട്, “മികച്ച രീതിയിൽ പഠിച്ച് വിഷയങ്ങളെ അവതരിപ്പിക്കുന്ന വ്യക്തി” എന്ന രീതിയിലുള്ള അഭിനന്ദനങ്ങൾ കമന്റ് ബോക്സുകളിൽ നിറഞ്ഞു. സമകാലീനരായ കോൺഗ്രസ്സ് നേതാക്കന്മാരാരും തന്നെ അത്തരത്തിൽ സംസാരിക്കുന്നത് നന്നേ കുറവായിരുന്നു.
ഈ ചർച്ചകളിലൊക്കെയും, “കേരളത്തിലെ ബിജെപിയുടെ പ്രജനന കേന്ദ്രമാണ് സിപിഐ എം” തുടങ്ങിയ പരാമർശങ്ങൾ, രാഹുലിനെ സംസ്ഥാനത്തെ ഇടതുപക്ഷക്കാരുടെയെല്ലാം “പൊതു ശത്രു”വാക്കി മാറ്റി. പിന്നീട് പിണറായി വിജയൻ, പി കെ കുഞ്ഞനന്തൻ മുതലായ ഇടതു പക്ഷത്തിന്റെ സമുന്നത നേതാക്കൾക്ക് നേരെയും രാഹുൽ പ്രതിപക്ഷ ബഹുമാനമില്ലാത്ത പരാമർശങ്ങളുയർത്തി. ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിക്കുറിപ്പുകളിലൊക്കെയും, രാഷ്ട്രീയ എതിരാളികളോടുള്ള ‘പരിഹാസ’ത്തിന്റെ ധ്വനി അവയ്ക്കെല്ലാം വലിയ ജനശ്രദ്ധ നേടിക്കൊടുത്തു. ആരാധകർ അതിനെ ‘പറയേണ്ടത് പറയേണ്ടിടത്ത് പറയുന്ന ധൈര്യ’മായി കൊണ്ടാടി.

2022 ആയപ്പോഴേക്കും, രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓരോ പോസ്റ്റിനും ശരാശരി 10,000ത്തിൽ അധികം ലൈക്കുകൾ ലഭിക്കാൻ തുടങ്ങിയിരുന്നു. യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്ന പരിപാടികൾ, സമരങ്ങൾ, രാഷ്ട്രീയ വിഷയങ്ങളിലെ അഭിപ്രായങ്ങൾ, തുടങ്ങിയവയെല്ലാം മികച്ച സാങ്കേതിക നിലവാരത്തിലുള്ള ചിത്രങ്ങളായും വീഡിയോകളായും രാഹുൽ നിരന്തരമായി പോസ്റ്റ് ചെയ്തു.
ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും റീൽസിന്റെ സാധ്യതകളെയും തുടക്ക കാലങ്ങളിൽ തന്നെ രാഹുൽ ഉപയോഗപ്പെടുത്തിയിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജി വച്ച ശേഷവും, തദ്ദേശ തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ഭാഗമാകുന്നതിന്റെയും ‘സ്‌മൈൽ’ ഭവന പദ്ധതിയുടെ ഉദ്ഘാടനത്തിന്റെയും കല്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ റീലുകളായി രാഹുലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വന്നിരുന്നു. അവയെല്ലാം ഇപ്പോഴും 20,000 മുതൽ 50,000 ലൈക്കുകൾ വരെ വാരിക്കൂട്ടുന്നു.

രാഹുലും ‘ഓൺലൈൻ സ്തുതി പാഠകരും’
നവംബർ 27ന്, മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരാതി നേരിട്ട് സമർപ്പിച്ചതിന്റെ പിറകെ, സമൂഹ മാധ്യമങ്ങളിൽ വലിയ സൈബർ ആക്രമണത്തിനാണ് അതിജീവിത ഇരയായത്. കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർ മുതൽ പ്രത്യക്ഷത്തിൽ രാഷ്ട്രീയമില്ലാത്ത എന്റർടൈൻമെന്റ് പേജുകൾ വരെ ഈ സംഘടിത ആക്രമണത്തിന്റെ ഭാഗമായിരുന്നു. ഉയർന്നു വരുന്ന നേതാവിന്റെ ‘ശോഭന’മായ ഭാവി തകർക്കാനുള്ള രാഷ്ട്രീയ ഗൂഡലോചനയായാണ് സംഭവങ്ങളെയാകെ ഇവർ ചിത്രീകരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘ആരാധകരാ’യും ‘ പിന്തുണ നൽകുന്നവ’രായുമൊക്കെ സ്വയം അടയാളപ്പെടുത്തുന്ന നിരവധി പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമുണ്ട്. ഇതിൽ ഭൂരിഭാഗവും, 2021-22 കാലയളവിൽ തുടങ്ങിയിട്ടുള്ളവയാണ്. രാഹുൽ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്ന കാലഘട്ടമായിരുന്നു അത്. “കോൺഗ്രസ്സിന്റെ തീപ്പൊരി നേതാവ്” എന്ന നിലയിൽ അവതരിപ്പിച്ചു കൊണ്ട്, രാഹുൽ മാങ്കൂട്ടത്തിലിനെ പൊതു ശ്രദ്ധയിൽ നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക് ഈ പേജുകളൊക്കെയും വഹിച്ചിട്ടുണ്ട്. 25,000ത്തിന് മേൽ ഫോളോവേഴ്സ് ഉള്ള ‘രാഹുൽ മാങ്കൂട്ടത്തിൽ ബ്രിഗേഡ്’ അത്തരമൊരു പേജാണ്. 2023ലാണ് അവസാനമായി പേജ് സജീവമായത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രങ്ങളോടൊപ്പം, അയാളുടെ ‘ധീരത’യെയും രാഷ്ട്രീയ എതിരാളികൾക്ക് നേരെ നടത്തിയ പൊതു വിമർശനങ്ങളെയുമെല്ലാം പുകഴ്ത്തി കൊണ്ടുള്ള അടിക്കുറിപ്പുകളും ആ കാലഘട്ടത്തിൽ പേജിൽ ഉണ്ടായിരുന്നു.

മറ്റൊരു ഗ്രൂപ്പായ ‘രാഹുൽ മാങ്കൂട്ടത്തിൽ ഫോളോവേഴ്സ്’ 2021ൽ തുടങ്ങിയതും ഇപ്പോഴും സജീവമായിരിക്കുന്നതുമാണ്. 2703 അംഗങ്ങളാണ് നിലവിൽ ഗ്രൂപ്പിലുള്ളത് (ഇതിൽ 23 പുതിയ അംഗങ്ങൾ കഴിഞ്ഞ ആഴ്ച മാത്രം ചേർക്കപ്പെട്ടതാണ്). ഗ്രൂപ്പിലെ അടുത്ത കാലത്തെ പോസ്റ്റുകളെല്ലാം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ശബരിമല വിവാദത്തെ മറക്കാനായി ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നവയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ ഫാൻസ് അസോസിയേഷൻ,രാഹുൽ മാങ്കൂട്ടത്തിൽ സപ്പോർട്ടേഴ്‌സ് തുടങ്ങി ഈ സ്വഭാവത്തിലുള്ള പേജുകൾക്കെല്ലാം രണ്ടായിരത്തിന് മുകളിൽ ഫോളോവേഴ്സ് ഉണ്ട്. 2023ലേക്ക് നോക്കുമ്പോൾ, “ശക്തനായ പ്രാസംഗികൻ”, “ഉജ്ജ്വലമായ വാക്കുകൾക്കുടമ” തുടങ്ങിയ അടിക്കുറിപ്പുകളോടെ രാഹുലിന്റെ ചിത്രങ്ങൾ ഈ ഗ്രൂപ്പുകൾ പങ്കു വച്ചതായി കാണാം. രാഹുൽ പങ്കെടുത്ത ചാനൽ ചർച്ചകളുടെയും പ്രസംഗങ്ങളുടെയും വീഡിയോ ശകലങ്ങളും നിരന്തരമായി ഇവർ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നിരുന്നു. ഇൻസ്റ്റാഗ്രാമിലും ഇത്തരം അക്കൗണ്ടുകൾക്ക് 30,000ത്തിലധികം ഫോളോവേഴ്സാണുള്ളത്.

‘നിഷ്പക്ഷ’ ആരാധകർ
ആരാധകരെന്ന് തുറന്ന് പ്രഖ്യാപിക്കുന്ന ഇത്തരം അക്കൗണ്ടുകളെക്കാൾ, രാഹുൽ മാങ്കൂട്ടത്തിലിന്റെ വളർച്ചയ്ക്ക് സഹായകമായ അനേകം ‘നിഷ്പക്ഷ’ പേജുകളുണ്ട്. പ്രത്യക്ഷത്തിൽ രാഷ്ട്രീയപരമല്ലാത്ത, സിനിമയും എന്റർടൈൻമെന്റും കൈകാര്യം ചെയ്യുന്ന ഈ പേജുകളും രാഹുലിന്റെ വളർച്ചയിൽ ഒരു ഭാഗമായിട്ടുണ്ട്. ‘മോളിവുഡ് കണക്ട്’ എന്ന 14 ലക്ഷത്തിലേറെ ഫോളോവെർസ് ഉള്ള ഫേസ്ബുക്ക് പേജ് നിരന്തരമായി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പോസ്റ്റുകളിടുന്ന പേജ് ആണ്.

രണ്ട് വർഷങ്ങൾ പിന്നിലേക്ക് പോയാൽ, ‘കലയന്താനി കാഴ്ചകൾ’ പോലെ പത്തു ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള പേജുകളും, രാഹുലിന് വേണ്ടി ക്യാമ്പയിൻ സ്വഭാവത്തിൽ പോസ്റ്റിടുന്നത് കാണാം . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ സംസാരിക്കുന്ന തരത്തിലുള്ള വീഡിയോകൾക്ക് ഈ പേജുകൾ വലിയ പ്രൊമോഷനാണ് കൊടുക്കുന്നത് . “കൊന്നോളൂ, പക്ഷെ വെട്ടിക്കീറി തുണ്ടമാക്കണ്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.” എന്നാണ് അത്തരത്തിലുള്ള ഒരു പോസ്റ്റിന്റെ അടിക്കുറിപ്പ്.

സജീവ രാഷ്ട്രീയത്തിലേക്ക് ചെറുപ്പക്കാർ കൂടുതലായി കടന്നു വരുന്നത് എപ്പോഴും ഒരു ശുഭ സൂചനയാണ്. എന്നാൽ ഇവർ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളുടെ കാഴ്ചക്കാരെ തൃപ്തിപ്പെടുത്താൻ മാത്രമായി പോകുന്നു എന്നത് മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും പങ്കു വച്ചിട്ടുള്ള ആശങ്കയാണ്. സമൂഹ മാധ്യമങ്ങളിലെ ആസൂത്രിത സാന്നിധ്യമുപയോഗിച്ച് ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ നേതൃ സ്ഥാനങ്ങളിലേക്ക് എങ്ങനെ നടന്നു കയറാമെന്നതിന്റെ ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിൽ.