
ഭവനപദ്ധതിയുടെ പേരിലും വർഗീയ പ്രചാരണം : മുസ്ലിങ്ങൾക്ക് മാത്രമാണ് വീട് കൊടുത്തത് എന്ന പ്രചാരണത്തിലെ വസ്തുതയെന്ത്?
കൊച്ചി കോർപ്പറേഷനും സ്മാർട്ട് സിറ്റി മിഷനും സംയുക്തമായി ഫോർട്ട് കൊച്ചിയിൽ പൂർത്തിയാക്കിയ തുരുത്തി ടവർ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ തദ്ദേശഭരണ ഭവന പദ്ധതികളിൽ ഒന്നാണ്. കൽവത്തി ഡിവിഷനിലെ കോഞ്ചേരി, തുരുത്തി, കൽവത്തി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണിത്. എന്നാൽ, പദ്ധതിയുടെ ഗുണഭോക്താക്കളെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ വർഗീയ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി. ബാബുവിൻ്റെ ചിത്രം സഹിതം പ്രചരിക്കുന്ന പോസ്റ്റുകളിൽ, ഈ ഫ്ലാറ്റ് സമുച്ചയത്തിലെ 214 ഫ്‌ളാറ്റുകളും ഒരു പ്രത്യേക മതവിഭാഗത്തിന് (മുസ്ലീങ്ങൾക്ക്) മാത്രമാണ് നൽകുന്നതെന്ന് ആരോപിക്കുന്നു. ഒരു ഭവന പദ്ധതിയെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നതരത്തിൽ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റുകളുടെ വസ്തുത ഞങ്ങൾ പരിശോധിച്ചു.
2013 ൽ യുപിഎ സർക്കാർ അംഗീകരിച്ച രാജീവ് ആവാസ് യോജന (RAY) പദ്ധതി പ്രകാരമുള്ള പദ്ധതിയാണ് തുരുത്തി ടവർ. രണ്ട് ടവറുകളിലായി, ഓരോ യൂണിറ്റും 340 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 394 ഫ്ലാറ്റുകൾ ആണ് സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൊച്ചി കോർപ്പറേഷന്റെ അഭിമാനപദ്ധതി കൂടിയായിരുന്നു പതിനാലു കടമുറികളും അങ്കണവാടിയും ഉൾപ്പെടുന്ന തുരുത്തി ടവർ.
“സർക്കാരിൻ്റെ ഫ്ലാറ്റ് സമുച്ചയം ഒരു മത വിഭാഗത്തിന് വേണ്ടി മാത്രമോ? കൊച്ചി കോർപ്പറേഷനിലെ തുരുത്തി – കോന്തുരുത്തി നിവാസികൾക്കായി പണി കഴിപ്പിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ അനുവദിക്കപ്പെട്ട 214 ഫ്ലാറ്റുകളും മുസ്ലീം കുടുംബങ്ങൾക്ക്” എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നത്. ഒരു ലക്ഷത്തിയിരുപതിനായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ട്രൂ തിങ്കേഴ്‌സ് , ‘വികസിത കേരളം ഭാരതീയ ജനതാ പാർട്ടി’ പോലുള്ള ചില വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നത്.
34,000 ഫോളോവേഴ്സുള്ള ഹിന്ദു ഐക്യവേദിയുടെ ഔദ്യോഗിക പേജിൽ നിന്നും രണ്ടായിരത്തിലധികം പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. ‘ഫ്ലാറ്റ് ജിഹാദ് ‘ എന്ന കമൻ്റുൾപ്പെടെ ഒരുപാട് വർഗീയ കമൻ്റുകൾ ഈ പോസ്റ്റിന് കീഴിൽ വന്നിട്ടുണ്ട്.

ത്രെഡ്‌സ് അക്കൗണ്ട് വഴിയും ഈ പോസ്റ്റ് പ്രചരിക്കുന്നതായി കാണാം.

പുനരധിവാസത്തിനായി നിർമ്മിച്ച തുരുത്തി ഫ്ലാറ്റ് ഒരു വിഭാഗത്തിന് മാത്രമായി അനുവദിക്കാൻ ലീഗിൻ്റെ നീക്കം എന്ന് ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു.

കോന്തുരുത്തിക്കാരെ അവഗണിക്കുന്നതാണോ പുതിയ ടവർ?
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉന്നയിക്കുന്ന മറ്റൊരു പ്രധാന ആരോപണം, കോന്തുരുത്തി നിവാസികൾക്കായി കൂടി നിർമ്മിച്ച ഫ്ലാറ്റുകളിൽ അവർക്ക് പ്രവേശനം നൽകുന്നതിന് ചില ‘സ്ഥാപിത മത വർഗീയ വാദികൾ’ എതിരുനിൽക്കുന്നു എന്നാണ്. ഭവനരഹിതർക്കായി സർക്കാർ പണിത ഒരു പൊതു സമുച്ചയം എങ്ങനെയാണ് ഒരു പ്രത്യേക മതവിഭാഗത്തിന്റേത് മാത്രമായി മാറുന്നത് എന്ന ചോദ്യമാണ് ഇത്തരം പോസ്റ്റുകൾ ഉയർത്തുന്നത്.
എന്നാൽ വസ്തുത പരിശോധിക്കുമ്പോൾ, തുരുത്തി ടവർ എന്നത് കൽവത്തി ഡിവിഷനിലെ ചേരി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയാണെന്ന് മനസ്സിലാക്കാം. വർഷങ്ങളായി ആ പ്രദേശത്ത് താമസിക്കുന്ന അർഹരായ എല്ലാ കുടുംബങ്ങളെയും, ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുരുത്തിയിലെ രണ്ടാം ഡിവിഷനിൽ കൗൺസിലറായിരുന്ന (മുൻ സമിതി) ടി കെ അഷ്‌റഫ് ഇക്കാര്യങ്ങൾ ഒബിസിയോട് വിശദീകരിച്ചു.
“തുരുത്തി ടവർ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. ഇത് ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി നിർമ്മിച്ചതല്ല. കൽവത്തി ഡിവിഷനിലെ തുരുത്തി, കോഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ചേരി നിവാസികളെ പുനരധിവസിപ്പിക്കാനാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. വർഷങ്ങളായി അവിടെ താമസിക്കുന്ന, സർക്കാരിന്റെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട എല്ലാ അർഹരായ കുടുംബങ്ങൾക്കും ഇവിടെ ഫ്ലാറ്റ് ലഭിക്കും.
യു പി എ ഗവണ്മെന്റിന്റെ കാലത്ത്, രാജീവ് ആവാസ് യോജന പ്രകാരം നഗരങ്ങളിലെ ചേരി പരിഷ്കരണ പദ്ധതി കൊണ്ടുവന്ന മൂന്നു ഡിവിഷനിൽ ഒന്നാണ് തുരുത്തി. ഇത്, കൽവത്തി ഡിവിഷന്റെ ഭാഗമാണ്. ഈ കോളനികളിൽ താമസിക്കുന്ന ഭൂരിഭാഗം പേരും മുസ്ലീം വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ടാണ് ഗുണഭോക്തൃ പട്ടികയിൽ ആ വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി വന്നത്. അതല്ലാതെ മതം നോക്കി വീട് നൽകുകയല്ല ഇവിടെ ചെയ്യുന്നത്. ഇതിനുവേണ്ട സർവേ നടത്തിയത് കോർപ്പറേഷൻ നിയോഗിച്ച ഏജൻസിയാണ്.” ടി.കെ. അഷ്‌റഫ് ഒബിസിയോട് പറഞ്ഞു.
സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ പറയുന്നതുപോലെ കോന്തുരുത്തി നിവാസികളെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയതല്ലെന്നും അവർക്കായി മറ്റൊരു പുനരധിവാസ പദ്ധതി നിലവിലുണ്ടെന്നും കൗൺസിലർ ടി.കെ. അഷ്‌റഫ് വ്യക്തമാക്കി.
“കോന്തുരുത്തി നിവാസികളെ പുനരധിവസിപ്പിക്കാനായി പള്ളുരുത്തിയിൽ ഒരേക്കർ 30 സെന്റ് സ്ഥലം പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. അതൊരു സ്വതന്ത്ര പദ്ധതിയാണ്. എന്നാൽ ഇപ്പോൾ പൂർത്തിയായിരിക്കുന്ന തുരുത്തി ടവർ എന്നത് തുരുത്തിയിലെ ചേരി നിവാസികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതിയാണ് (തുരുത്തി രാജീവ് ആവാസ് യോജന). ചേരി നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ആ പ്രദേശത്തെ താമസക്കാർക്ക് മാത്രമുള്ളതാണ്. ഇത് മനസ്സിലാക്കാതെയാണ് കോന്തുരുത്തിക്കാരെ ഒഴിവാക്കി ഒരു വിഭാഗത്തിന് മാത്രം നൽകുന്നു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്.” തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടത്തുന്ന രാഷ്ട്രീയ പ്രചാരണമാണ് ഇത് എന്നാണ് ടി കെ അഷ്‌റഫ് ഒബിസിയോട് വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള യാതൊരുവിധ റിപ്പോർട്ടുകളും മുഖ്യധാരാ മാധ്യമങ്ങളോ വിശ്വാസയോഗ്യമായ മറ്റ് വാർത്താ ഏജൻസികളോ പ്രസിദ്ധീകരിച്ചിട്ടില്ല.
ഭവന പദ്ധതിയുമായി ബന്ധപ്പെടുത്തി വർഗീയ മുതലെടുപ്പ് നടത്തുകയാണ് സംഘപരിവാർ ചെയ്യുന്നതെന്ന് മുൻ കൊച്ചി മേയർ എം അനിൽകുമാർ ആരോപിച്ചു. അർഹരായ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് മാത്രമാണ് പദ്ധതി നടപ്പിലാക്കിയതെന്ന് അദ്ദേഹം ഒബിസിയോട് പറഞ്ഞു.
