
പരിധികളില്ലാത്ത മലിനീകരണം: പരിസ്ഥിതിയും പൊതുജനാരോഗ്യവും ട്രംപ് യുഗത്തിൽ
കാർബൺ ഡയോക്‌സൈഡ് ഉൾപ്പെടെയുള്ള ആറ് ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (EPA) കണ്ടെത്തല്‍ ട്രംപ് ഭരണകൂടം ഫെബ്രുവരി 12ന് റദ്ദാക്കി. കാറുകൾ, ലൈറ്റ് ട്രക്കുകൾ, വൈദ്യുതി നിലയങ്ങൾ, എണ്ണ – വാതക വ്യവസായ ശാലകൾ എന്നിവയിൽ നിന്നുള്ള മലിനീകരണത്തിന്റെ നിയന്ത്രണവും ഇതോടെ ഇല്ലാതാവുകയാണ്. ഹരിതഗൃഹ വാതക മലിനീകരണത്തിന് പരിധി നിശ്ചയിക്കാനുള്ള നിയമപരമായ അധികാരമാണ് ഇതോടുകൂടി EPAയ്ക്ക് നഷ്ടമായത്. വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന നടപടിയാണിതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തെ ഇത് പിറകോട്ടടിപ്പിക്കുമെന്നാണ് നിരീക്ഷണം.
എന്താണ് എൻഡേഞ്ചർമെന്റ് ഫൈൻഡിംഗ്?
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട, EPA യുടെ നിർണായകമായ ഒരു കണ്ടെത്തലായിരുന്നു 2009 ലെ ‘Endangerment and Cause or Contribute Findings‘ എന്നറിയപ്പെടുന്നത്. അമേരിക്കയിലെ ശുദ്ധ വായുനിയമത്തിലെ (Clean Air Act ) Section 202(a) പ്രകാരം, ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്ന കണ്ടെത്തലാണിത്. മസാച്ചുസെറ്റ്സ് വേഴ്സസ് ഇപിഎ എന്ന കേസിൽ, ഹരിതഗൃഹ വാതകങ്ങൾ വായു മലിനീകരണത്തിന്റെ പരിധിയിൽ വരുമോ എന്നും അവ ആരോഗ്യത്തിന് ഭീഷണിയാണോ എന്നും പരിശോധിക്കാൻ 2007 ൽ അമേരിക്കൻ സുപ്രീം കോടതി EPAയോട് നിർദ്ദേശിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷമാണ് 2009 ൽ ഒബാമ ഭരണ കാലത്ത് ‘Endangerment and Cause or Contribute Findings EPA പുറത്തിറക്കുന്നത്.
ഇതുപ്രകാരം, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ്, ഹൈഡ്രോഫ്ലൂറോകാർബണുകൾ തുടങ്ങിയ ആറു പ്രധാന ഹരിതഗൃഹ വാതകങ്ങൾ ആഗോളതാപനത്തിന് കാരണമാകുമെന്ന് ഈ കണ്ടെത്തലിലൂടെ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. സമുദ്രനിരപ്പ് ഉയരുന്നതും ഉഷ്ണ തരംഗങ്ങളും പ്രളയങ്ങളും വരൾച്ചയും ഉണ്ടാകുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നു കണ്ടെത്തി. ഇതാണ് ‘Endangerment Finding’ എന്നറിയപ്പെടുന്നത്. അതോടൊപ്പം,മോട്ടോർ വാഹനങ്ങളും അവയുടെ എഞ്ചിനുകളും ഈ ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്നും EPA കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് നിയന്ത്രിക്കാൻ സർക്കാരിന് നിയമപരമായി ഇടപെടാൻ സാധിച്ചു. അമേരിക്കയിൽ കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിസ്ഥിതി പ്രശ്നമെന്നതിലുപരി, പൊതുജനാരോഗ്യ പ്രശ്നമായി അംഗീകരിച്ച ഈ തീരുമാനം അമേരിക്കൻ വാഹന വ്യവസായത്തിൽ വലിയ മാറ്റങ്ങൾക്ക് വഴി തെളിച്ചു. 2010ൽ കാറുകൾക്കും ചെറുകിട ട്രക്കുകൾക്കുമായി ആദ്യത്തെ ഫെഡറൽ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നിലവിൽ വന്നു. കൂടുതൽ മൈലേജ് തരുന്നതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ നിർമ്മിക്കാൻ കമ്പനികൾ നിർബന്ധിതരായി. വാഹന നിർമ്മാതാക്കൾ ഇന്ധനക്ഷമത വർദ്ധിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തി. ‘റെഗുലേറ്ററി ക്രെഡിറ്റ്’ വിപണികൾ സജീവമായത് ടെസ്‌ല പോലുള്ള കമ്പനികൾക്ക് വലിയ നേട്ടമായി. ഇത് ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാൽ ഉത്തരവ് പിൻവലിക്കപ്പെട്ടതോടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളോ ചട്ടങ്ങളോ രൂപപ്പെടുത്താനുള്ള ഫെഡറൽ സര്‍ക്കാരിന്റെ അധികാരം ഇതോടുകൂടി ഇല്ലാതാക്കുകയാണ്. ഫൈൻഡിംഗ് റദ്ദാക്കുമ്പോൾ അടുത്ത 30 വർഷത്തിനുള്ളിൽ രാജ്യത്ത് ഹരിതഗൃഹ വാതക ബഹിർഗമനം 10 ശതമാനം വരെ കൂടാനിടയുണ്ടെന്നാണ് എൻവയോൺമെന്റൽ ഡിഫൻസ് ഫണ്ട് എന്ന സംഘടന പറയുന്നത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സംഘടനയാണിത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇപിഎ കണക്കുകൾ പ്രകാരം, അമേരിക്കയിലെ ആകെ ഹരിതഗൃഹ വാതകത്തിന്റെ നാലിലൊന്ന് ഗതാഗത മേഖലയിൽ നിന്നും ഊർജ്ജ ഉൽപ്പാദന മേഖലയിൽ നിന്നുമാണ്. ഹരിത ഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിലുള്ള പരിധി എടുത്തു കളയുന്നതോടെ അമേരിക്കൻ നികുതിദായകർക്ക് 1.3 ട്രില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്നാണ് EPA അവകാശപ്പെടുന്നത്. ഒരു വാഹനത്തിന്റെ നിർമ്മാണ ചിലവിൽ ഏകദേശം 2400 ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് വൈറ്റ് ഹൗസിന്റെ വാദം.

ഒബാമ ഭരണകാലത്തെ ഈ നയം, അമേരിക്കൻ വാഹന വ്യവസായത്തെ ഗുരുതരമായി ബാധിച്ചുവെന്നാണ് ട്രംപ് പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നായ ഗ്രീൻ ന്യൂ സ്കാമിന് പിന്തുണയായി ഇത് മാറി എന്നും വിധി റദ്ദാക്കിക്കൊണ്ട് ട്രംപ് പറഞ്ഞു.
2009നു ശേഷം ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ യുഎസ്
ഹരിതഗൃഹ വാതകങ്ങൾ ആരോഗ്യത്തിന് ഭീഷണിയാണെന്ന 2009ലെ നയം അമേരിക്കയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
ബിബിസി പുറത്തുവിട്ട കണക്കനുസരിച്ച്,1950 മുതൽ 2007 വരെ അമേരിക്കയിലെ മലിനീകരണ തോത് കൂടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ 2009 ലെ EPA പ്രഖ്യാപനത്തോടെ ഈ പ്രവണതയിൽ വലിയ മാറ്റമുണ്ടായതായി കാണുന്നു. 2009 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മലിനീകരണം കുറഞ്ഞു വരുന്നതായി കാണാം. മലിനീകരണ പരിധി നിശ്ചയിച്ചതിന്റെ ഫലമായി കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കാനായി.

കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന ട്രെമ്പിന്റെ നയങ്ങൾ
2025 ഏപ്രിൽ 29ന് ‘ക്ലൈമറ്റ് ആക്ഷൻ ക്യാമ്പയിൻ‘ എന്ന കൂട്ടായ്മ ,- CAC ‘100 Days, 100 Harms Tracker’ എന്ന പേരിൽ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന അമേരിക്കയിലെ പ്രമുഖ സംഘടനകളുടെ കൂട്ടായ്മയാണിത്. ട്രംപ് അധികാരമേറ്റ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ അമേരിക്കൻ ജനതയുടെ ആരോഗ്യം, സാമ്പത്തികസ്ഥിതി, പരിസ്ഥിതി എന്നിവയിൽ ഏൽപ്പിച്ച ആഘാതങ്ങളുടെ വിവരങ്ങളാണ് ഈ റിപ്പോർട്ട് നൽകുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ കാലാവസ്ഥാ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്തിരിക്കുകയാണ് എന്ന് CAC നിരീക്ഷിക്കുന്നു.
മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ബൈഡൻ ഭരണകൂടം, വരുത്തിയ നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നതിനാണ് ട്രംപ് ഊന്നൽ നൽകിയത്. 2017- 2021 വരെയുള്ള ആദ്യ ഭരണകാലത്തിൽ, പ്രധാനപ്പെട്ട പരിസ്ഥിതി നിയമങ്ങൾ റദ്ദാക്കുകയും ആഗോള കാലാവസ്ഥാ ഉടമ്പടിയായ പാരിസ് എഗ്രിമെന്റിൽ നിന്ന് അമേരിക്ക പിൻവാങ്ങുകയും ചെയ്തിരുന്നു.
അധികാരത്തിലെത്തിയ ഉടനെ, ഫോസിൽ ഇന്ധന വികസനത്തിന് പിന്തുണ നൽകുന്ന നയമാണ് ട്രംപ് സ്വീകരിച്ചത് . 2021 ൽ പ്രസിഡന്റായി ബൈഡൻ അധികാരമേറ്റ ദിവസം തന്നെ പാരിസ് ഉടമ്പടിയിൽ വീണ്ടും അമേരിക്ക അംഗമായി. ഒപ്പം, പുതിയ എണ്ണ, ഖനന കരാറുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ അമേരിക്കയുടെ സ്ഥാനം
വേൾഡ് പോപ്പുലേഷൻ റിവ്യൂ കണക്കുകൾ പ്രകാരം, മൊത്തം ഹരിതഗൃഹ വാതക ഉൽപ്പാദനത്തിൽ അമേരിക്ക ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്.

പുനരുപയോഗ ഊർജ്ജത്തിന്റെ കൂടിയ ഉപയോഗവും, കൽക്കരിയിൽ നിന്ന് പ്രകൃതിവാതകത്തിലേക്കുള്ള മാറ്റവും വൈദ്യുതി ഉൽപ്പാദന മേഖലയിലെ മലിനീകരണം കുറക്കാൻ ഇടയാക്കി. വൈദ്യുതിയുടെ ഉപയോഗവും ആവശ്യവും പ്രതീക്ഷിത അളവിൽ നിയന്ത്രിക്കാൻ കഴിഞ്ഞതും (Electricity Demand Stability) വൈദ്യുതി ഉൽപ്പാദന മേഖലയിലെ മലിനീകരണം കുറക്കാൻ സഹായിച്ചു. അമേരിക്കയിൽ ഹരിതഗൃഹ വാതക മലിനീകരണത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഗതാഗത മേഖലയാണ് (35%). ഇതിന് പിന്നാലെയാണ് വൈദ്യുതി ഉൽപ്പാദനവും (30%), വ്യവസായ മേഖലയും (16%).

മലിനീകരണ നിയന്ത്രണം എടുത്തു കളയുമ്പോൾ എന്ത് സംഭവിക്കുന്നു?
അമേരിക്കയിലെ ശുദ്ധവായു നിയമമനുസരിച്ച് ഒരു വാതകം മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയാൽ മാത്രമേ അത് നിയന്ത്രിക്കാൻ EPAയ്ക്ക് അധികാരമുള്ളൂ. ഹരിത ഗൃഹ വാതകങ്ങൾ ഹാനികരമാണെന്ന കണ്ടെത്തൽ റദ്ദാക്കിയതോടെ കാറുകൾ, ട്രക്കുകൾ എന്നിവയിൽ നിന്നുള്ള പുക നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും റദ്ദാക്കപ്പെട്ടു. ഇത് അന്തരീക്ഷത്തിലേക്ക് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് എത്തുന്നതിനു കാരണമാകുന്നു . വാഹനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള (Fuel efficiency) നിബന്ധനകൾ ഇല്ലാതാകുന്നത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും വായു മലിനീകരണം കൂട്ടുകയും ചെയ്യും, വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (WRI) പോലുള്ള സംഘടനകൾ മുന്നറിയിപ്പ് നല്‍കുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ, വായു മലിനീകരണം എന്നിവ വർദ്ധിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. പുതിയ നീക്കം വരുംതലമുറയുടെ ആരോഗ്യത്തെക്കൂടി ദോഷകരമായി ബാധിക്കും.

കാലാവസ്ഥാ വ്യതിയാനം, അമേരിക്കയിൽ ഭക്ഷണസാധനങ്ങളുടെ വില കൂട്ടാൻ ഇടയാക്കുന്നു. കടുത്ത ചൂടും വരൾച്ചയും കാരണം പുൽമേടുകൾ നശിക്കുന്നത് കന്നുകാലികളുടെ എണ്ണം കുറയാനും ഇറച്ചി വില വർദ്ധിക്കാനും കാരണമാകുന്നു. കടുത്ത വരൾച്ചയും ചൂടും കൃഷിയെ തകിടം മറിക്കുന്നത് കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. വായുമലിനീകരണവും ഉഷ്ണതരംഗങ്ങളും മൂലം ആരോഗ്യ ചെലവുകൾ വർദ്ധിക്കുകയും ചെയ്യും.
ഹരിതഗൃഹ വാതക നിയന്ത്രണങ്ങൾ എടുത്തു കളയാൻ കാലാകാലങ്ങളായി അമേരിക്ക ഭരിച്ച സർക്കാരുകൾക്ക് കഴിയാതിരുന്നത് EPAയുടെ നിയന്ത്രണങ്ങൾ മൂലമായിരുന്നു. പരിസ്ഥിതി മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചത് ഈ ഏജൻസിയാണ്. പതിറ്റാണ്ടുകളായി മലിനീകരണത്തിന്റെ തോത് കുറച്ചു കൊണ്ടുവരുന്നതിൽ വിജയിച്ച നിയമപരമായ ഈ ചട്ടക്കൂടാണ് ഇപ്പോൾ ട്രംപ് ഭരണകൂടം തകർക്കാൻ ശ്രമിക്കുന്നത്.
