മുലപ്പാലിൽ യുറേനിയം : അപകട സാധ്യത എത്രത്തോളം?

മുലപ്പാലിൽ യുറേനിയം : അപകട സാധ്യത എത്രത്തോളം?

ബിഹാറിൽ നടത്തിയ ഒരു പഠനത്തിൽ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സാമൂഹ്യ സാമ്പത്തിക സൂചികകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ബിഹാറിലെ രാസ മലിനീകരണ ഭീഷണിയിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ പഠനം.

ഈയിടെ നടത്തിയ ഒരു പഠനത്തിൽ മുലപ്പാലിൽ യുറേനിയം കണ്ടെത്തിയത് ബിഹാറിനെ വീണ്ടും ചർച്ചകളിലേക്ക് കൊണ്ട് വന്നിരിക്കുകയാണ്. സാമൂഹിക സാമ്പത്തിക സൂചികകളിൽ എക്കാലവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. നവംബറിൽ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ഈ പിന്നോക്കാവസ്ഥയുടെ മറ്റൊരു അപകടകരമായ യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പഠനത്തിനായി തിരഞ്ഞെടുത്ത നാല്പത് സ്ത്രീകളുടെ മുലപ്പാലിൽ യുറേനിയം എന്ന റേഡിയോ ആക്റ്റീവ് മെറ്റലിന്റെ അംശം കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് കുഞ്ഞുങ്ങൾക്ക് ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. ബീഹാറിലെ ഭൂഗർഭ ജലം വലിയ രീതിയിൽ മലിനമാക്കപ്പെടുന്നതാന് ഈ പ്രശ്നത്തിന് കാരണമെന്നാണ് അനുമാനിക്കുന്നത്. 

അതേ സമയം യുറേനിയത്തിന്റെ സാന്ദ്രത അനുവദിനീയമായ അളവിനെക്കാൾ കുറവാണെന്നതിനാൽ, നിലവിലെ സാഹചര്യത്തിൽ ആരോഗ്യത്തിനുണ്ടായേക്കാവുന്ന ഭീഷണി “ഏറ്റവും കുറഞ്ഞ തോതി”ലാണെന്നും  റിപ്പോർട്ട്‌ പറയുന്നു. 

സാഹചര്യം എത്രത്തോളം ഗൗരവതരമാണ്?

പാറ്റ്ന അടിസ്ഥാനമായി പ്രവർത്തിക്കുന്ന മഹാവിർ കാൻസർ സൻസ്ഥാൻ ആൻഡ് റിസർച്ച് സെന്റർ എന്ന സ്ഥാപനത്തിലാണ് പഠനം നടന്നത്. ആറ് ജില്ലകളിൽ നിന്നായി, 17നും 35നും ഇടയിൽ പ്രായമുള്ള നാല്പത് മൂലയൂട്ടുന്ന സ്ത്രീകളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. 40 സാമ്പിളുകളിലും 0 മുതൽ 5.25 മൈക്രോഗ്രാം/ലിറ്റർ ( µg/L). സാന്ദ്രതയിൽ യുറേനിയത്തിന്റെ അളവ് കണ്ടെത്തി. മുലപ്പാലിൽ യുറേനിയത്തിന്റെ അളവിന് അനുവദിനീയമായ അളവ് നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഭൂഗർഭ ജലത്തിലെ യൂറേനിയത്തിന്റെ സാന്നിധ്യം 30 മൈക്രോഗ്രാം/ലിറ്റർ വരെ അനുവദനീയമായി ലോകാരോഗ്യ സംഘടന നിശ്ചയിച്ചട്ടുണ്ട്.

ചിത്രം:നീതി ആയോഗ്

ചില പദാർത്ഥങ്ങൾക്ക് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ആഗിരണശേഷി കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. മുലപ്പാലിലെ യുറേനിയത്തിന്റെ അംശം കുഞ്ഞുങ്ങളിൽ വൃക്കരോഗത്തിന് മുതൽ അർബുദത്തിന് വരെ കാർണമാകാമെന്ന് പഠനം സൂചിപ്പിക്കുന്നു . ബുദ്ധിവൈകല്യം , നാഡീവളർച്ചയിലെ തകരാറുകൾ, കുറഞ്ഞ പ്രതിരോധശേഷി, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയിലേക്കും ഇത് നയിക്കാം. 2021 ഒക്ടോബർ മുതൽ 2024 ജൂലൈ വരെ നടന്ന പഠനത്തിൽ, പഠനവിധേയരായ 70 ശതമാനം കുട്ടികൾക്കും നോൺ-കാർസിനോജെനിക് (കാൻസർ അല്ലാത്ത ദീർഘ കാലം നീണ്ടു നിൽക്കുന്ന രോഗങ്ങൾ) രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് പറയുന്നു. എന്നാൽ അമ്മമാർക്ക് ഈ അപകട സാധ്യതയില്ലെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

യഥാർത്ഥ പ്രതിസന്ധിയെന്ത്?

“വെള്ളത്തിലൂടെയാകാം പഠനവിധേയരായ ഭൂരിഭാഗം ആളുകളിലേക്കും യുറേനിയം പ്രവേശിച്ചത്.”, റിപ്പോർട്ട്‌ പറയുന്നു. കുടിവെള്ള സ്രോതസ്സുകളിലൂടെയോ പ്രാദേശികമായി കൃഷി ചെയ്യുന്ന ഭക്ഷണത്തിലൂടെയോ ആയിരിക്കാം ഇത്തരം അപകടകരമായ പദാർത്ഥങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത്. പൂർണ്ണമായി സംസ്‌ക്കരിക്കാത്ത വ്യവസായിക മാലിന്യങ്ങൾ നദികളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും തള്ളുന്നതും ജലമലിനീകരണത്തിന് ഇടയാക്കും. ഈ മലിനീകരണം പിന്നീട് ഭക്ഷ്യ ശൃംഖലയിലേക്ക് വിഷലിപ്തമായ വസ്തുക്കൾ കടത്തി വിടാൻ കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.

ബീഹാറിലെ ഭൂഗർഭ ജലത്തിന്റെ സാമ്പിളുകളിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന അളവിനെക്കാൾ കൂടുതൽ യുറേനിയം രാജസ്ഥാൻ, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജലസ്രോതസ്സുകളിൽ കണ്ടെത്തിയതിനെ കുറിച്ചും മുമ്പ് നടന്ന പഠനങ്ങളിൽ വ്യക്തമായതായി റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. കീടനാശിനികളുടെ വർധിച്ച ഉപയോഗം, വരണ്ട കാലാവസ്ഥ തുടങ്ങിയവയും യുറേനിയത്തിന്റെ അളവ് കൂടുന്നതിൽ ഘടകമാകുന്നു. 

ബീഹാർ ഇക്കണോമിക് സർവേയുടെ (2024-25) ഭാഗമായി അസംബ്ലിയിൽ അവതരിപ്പിച്ച മറ്റൊരു റിപ്പോർട്ടിലും ഭൂഗർഭ ജലത്തിലെ വിഷമയമായ രാസ പദാർത്ഥങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സംസ്ഥാനത്തെ 31 ജില്ലകളിലെ 26 ശതമാനം വാർഡുകളിലേയും ഭൂഗർഭ ജല സ്രോതസ്സുകളിൽ രസാമലിനീകരണമുള്ളതായി സഭയിൽ വെച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ഭൂഗർഭ ജലത്തിൽ ,അർസെനിക്, ഫ്ലൂറോയ്ഡ്, ഇരുമ്പ് തുടങ്ങിയ പദാർത്ഥങ്ങളുടെ സാന്നിധ്യം ഉള്ളതായാണ്  പബ്ലിക് ഹെൽത്ത്‌ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് നടത്തിയ (PHED) പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

ഇതേ സ്ഥാപനം നടത്തിയ മറ്റൊരു പഠനത്തിൽ, മുല കൊടുക്കുന്ന സ്ത്രീകളിൽ 55 ശതമാനം പേരുടെയും മുലപ്പാലിൽ ആർസെനിക്കിന്റെ അംശം കണ്ടെത്തിയതായും പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന നിശ്ചയിച്ച അളവിനെക്കാൾ കൂടുതലായിരുന്നു ഇത്.

“മുലയൂട്ടലിൽ നിന്ന് പിൻമാറരുത്

പഠന വിധേയരായവർ ജീവിക്കുന്ന ഇടങ്ങളിൽ ഭൂഗർഭ ജലത്തിൽ യുറേനിയത്തിന്റെ അംശം ഉണ്ടെങ്കിലും, മുലപ്പാലിൽ അതിന്റെ സാന്ദ്രത നന്നേ കുറവാണ് (ലിറ്ററിൽ മൈക്രോ ഗ്രാം കണക്ക്) എന്നതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനത്തിൽ പറയുന്നു. യുറേനിയം ശരീരത്തിലെ എല്ലുകൾ, വൃക്ക തുടങ്ങി ‘കട്ടിയുള്ള ടിഷ്യൂ’കളിലാണ് അടിഞ്ഞു കൂടുക. വളരെ കുറച്ച് മാത്രമാണ് മുലപ്പാലിൽ എത്തുന്നത് . മൂത്രത്തിലൂടെ കുഞ്ഞിന്റെ  ശരീരത്തിൽ നിന്ന് യുറേനിയം പുറത്ത് പോകുമെന്നതിനാൽ അപകടസാധ്യത വീണ്ടും കുറയുന്നു.

കുഞ്ഞുങ്ങൾക്ക്  ആവശ്യമായ പോഷകാഹാരം ലഭിക്കാൻ ഏറ്റവും മികച്ച മാർഗം മുലപ്പാലാണെന്നും, വൈദ്യശാസ്ത്ര സംബന്ധമായ കാരണങ്ങൾ ഇല്ലാതെ അത് ഒഴിവാക്കരുതെന്നും റിപ്പോർട്ട്‌ ഊന്നി പറയുന്നു. മേൽപ്പറഞ്ഞ റിപ്പോർട്ടിലെ പഠനങ്ങൾ മുലയൂട്ടലിനോട് ഭീതി സൃഷ്ടിക്കാൻ കാരണമാകരുതെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

കാർത്തിക എസ്

കാർത്തിക എസ്

ജേർണലിസ്റ്റ് ട്രെയിനി

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top