
നിർമിത ബുദ്ധിക്ക് കീഴടങ്ങുന്ന രാഷ്ട്രീയ നിലപാടുകൾ: വെനിസ്വേലയിലെ സംഭവങ്ങളെ മുൻ നിർത്തി ഒരു സാമൂഹ്യ മാധ്യമ വിശകലനം
വെനിസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണം ലോകമെമ്പാടും വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. 2026 ജനുവരി 3 ന് നടത്തിയ സൈനിക നടപടിയിലൂടെ പ്രസിഡൻ്റ് നിക്കോളാസ് മദ്യൂറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ട് പോകുക മാത്രമല്ല, നാൽപ്പതിലധികം സാധാരണക്കാരുടെ ജീവനെടുക്കുകയും ചെയ്തു.
ഇസ്രയേൽ പ്രധാനമന്ത്രി നടപടിയെ പ്രശംസിച്ചപ്പോൾ, ക്യൂബ, ബ്രസീൽ, ചൈന, റഷ്യ, ഇറാൻ, നോർത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുടെ നപടിയെ അപലപിച്ചു. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്നാണ് യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞൻ കാജ കല്ലാസ് പ്രതികരിച്ചത്. ഈ പ്രശ്നത്തിൽ, അമേരിക്കൻ അനുകൂലികളെന്നും വെനിസ്വേലൻ അനുകൂലികളെന്നും സോഷ്യൽ മീഡിയയും രണ്ടുതട്ടിലായിക്കഴിഞ്ഞു. എന്നാൽ,ഇരുപക്ഷത്ത് നിൽക്കുന്നവരും തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാനായി ഉപയോഗിക്കുന്നത് എ ഐ ചിത്രങ്ങളും എഡിറ്റ് ചെയ്യപ്പെട്ട വീഡിയോകളുമാണ് എന്നതാണ് വസ്തുത.
ഒരു രാഷ്ട്രീയ പ്രതിസന്ധിയോ ദുരന്തമോ ഉണ്ടാകുമ്പോൾ ജനങ്ങൾ എത്ര പെട്ടെന്നാണ് നിർമിത ബുദ്ധിയിലൂട സൃഷ്ടിക്കപ്പെടുന്ന വൈകാരികതക്ക് കീഴ്പ്പെടുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഞങ്ങൾ പരിശോധിച്ച ഏതാനും ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇവിടെ പങ്ക് വെക്കുന്നു.
കെ ടി നിഷാന്ത് പെരുമന എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ട് ജനുവരി മൂന്നിന് ഒരു പോസ്റ്റിട്ടിരുന്നു.നിക്കോളാസ് ഗവൺമെൻ്റിന് കീഴിൽ, എങ്ങനെയാണ് അവിടുത്തെ ജനത ദുരിതജീവിതം നയിക്കുന്നതെന്ന് വിശദീകരിക്കുന്ന ഈ പോസ്റ്റ്, യു എസ് അധിനിവേശത്തിൽ വെനിസ്വേലയിലെ ജനങ്ങൾക്ക് ഗുണം മാത്രമേ ഉണ്ടാകൂ എന്നാണ് വാദിക്കുന്നത്. ഈ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോ എ ഐ നിർമ്മിതമാണ്. സൈനിക നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമൻ്റുകൾ ആണ് പോസ്റ്റിന് കീഴിലുള്ളത്. എന്നാൽ ചിത്രം എ ഐ നിർമ്മിതമാണെന്ന് കമന്റിട്ട ഒരാൾ പോലും ചൂണ്ടിക്കാണിച്ചിട്ടില്ല.

സൈനിക നടപടിയെ അപലപിച്ചുകൊണ്ടുള്ള ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ, മറ്റൊരു എ ഐ ജനറേറ്റഡ് ചിത്രം കൂടി പങ്കുവയ്ക്കപ്പെട്ടിരുന്നു. കയ്യിൽ വിലങ്ങണിഞ്ഞു നിൽക്കുന്ന നിക്കോളാസിൻ്റെ ചിത്രമാണത്, ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ രക്തക്കറ പുരണ്ടിരിക്കുന്നു. മുസ്ലിം ലീഗ് നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീർ ഈ ചിത്രം ഷെയർ ചെയ്തിരുന്നു. 1,34000 ഫോളോവേഴ്സ് ആണ് ഈ അക്കൗണ്ടിനുള്ളത്. അക്കൗണ്ടിലെ ഏതാണ്ട് എല്ലാ പോസ്റ്റുകൾക്കും ആയിരത്തിലധികം ലൈക്കും ഷെയറും ലഭിക്കുന്നുണ്ട്. യു എസ് നടപടിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ്, ജനുവരി അഞ്ചാം തീയതി വരെ മുന്നൂറിലധികം പേർ ഷെയർ ചെയ്തതായി കണ്ടു. എന്നാൽ, ഒരാൾ പോലും ചിത്രത്തിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതായി കാണുന്നില്ല. എല്ലാവരും അമേരിക്കയുടെ നടപടിക്കെതിരെ പ്രതികരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

‘റിയൽ ഡിഫൻഡർ’ എന്ന് പേരുള്ള ഒരു എക്സ് അക്കൗണ്ട് വഴിയാണ് ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. “ട്രംപിന്റെ നിർദ്ദേശപ്രകാരം, യുഎസ് ഡെൽറ്റ ഫോഴ്‌സ് വെനിസ്വേലയിലെ ഏകാധിപതി നിക്കോളാസ് മഡുറോയെ വളരെ വിജയകരമായ ഒരു സർജിക്കൽ സ്‌ട്രൈക്കിലൂടെ പിടികൂടി” എന്ന അടിക്കുറിപ്പോടെ ജനുവരി മൂന്നിനാണ് ഇയാൾ ചിത്രം പങ്കുവച്ചത്. #madurocaptured എന്ന ഹാഷ്ടാഗ് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നു. ജനുവരി അഞ്ച് വരെ, ഈ പോസ്റ്റ് മൂന്ന് ലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ടു. അതായത് രണ്ട് ദിവസം കൊണ്ടുതന്നെ, പോസ്റ്റ് വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഈ പോസ്റ്റിന് കീഴിലുള്ള കമൻ്റ് സെക്ഷനിൽ, ആളുകൾ ചിത്രം എ ഐ നിർമ്മിതമാണോയെന്ന സംശയമുന്നയിക്കുന്നതായി കാണാം. മറ്റൊരു അക്കൗണ്ടിലൂടെ പ്രചരിക്കുന്ന നിക്കോളാസിൻ്റെ ഇതേ ഫോട്ടോയിൽ, വസ്ത്രത്തിൽ രക്തക്കറയില്ലെന്ന സംശയമാണ് ഒരാൾ ചൂണ്ടിക്കാട്ടിയത്.

രണ്ട് ചിത്രങ്ങളും പരിശോധിച്ചപ്പോൾ, ചിത്രം എ ഐ നിർമിതമാണെന്നു തന്നെയാണ് കണ്ടെത്തിയത്. സൂക്ഷ്മ നിരീക്ഷണവും ജാഗ്രതയുമുണ്ടെങ്കിൽ തന്നെ ഇത്തരം കൃതിമ ബുദ്ധി ചിത്രങ്ങൾ തിരിച്ചറിയാൻ കഴിയും എന്നതിന്റെ സൂചനയാണ് ഈ കമന്റ്.


കയ്യിൽ വിലങ്ങണിഞ്ഞിരിക്കുന്ന മഡുറോയുടെ മറ്റൊരു ചിത്രം, ഒരു എക്സ് പ്രൊഫൈലിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നു. “അമേരിക്ക ബന്ദിയാക്കിയ മഡുറോയുടെ ആദ്യ ഫോട്ടോ വൈറ്റ് ഹൗസ് പുറത്തുവിട്ടു” എന്നാണ് പോസ്റ്റിലെ ക്യാപ്ഷൻ. ‘യുഎൻഐ ടിവി മുൻ തമിഴ്നാട് ബ്യൂറോ ചീഫും രാഷ്ട്രീയ ഗവേഷകനുമായ സുരേഷ് കുമാർ’ എന്നാണ് എക്സ് അക്കൗണ്ട് ബയോയിലെ വിവരം. എന്നാൽ, പോസ്റ്റിലെ ഈ ചിത്രം മോർഫ് ചെയ്തതാണ്.

യുക്രേനിയൻ തടങ്കലിൽ കഴിയുന്ന റഷ്യൻ അനുകൂല യുക്രേനിയൻ നേതാവായ വിക്ടർ മെഡ്‌വെഡ്‌ചുക്കിന്റെ ഫോട്ടോയാണിത് .അതിൽ , മഡുറോയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർക്കുകയാണ് ചെയ്തിട്ടുള്ളത്. യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി, 2022 ഏപ്രിൽ 12 ന് തന്റെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ചിത്രം ആദ്യം പങ്കിടുന്നത്.

വ്യാജ ചിത്രങ്ങളുടെ പ്രചാരണത്തിനൊടുവിൽ, യു എസ് പ്രസിഡന്റ്‌ഡൊണാൾഡ് ട്രംപ് നിക്കോളാസിന്റെ ഒരു ചിത്രം ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിരുന്നു. ഇതാണ് അറസ്റ്റിലായതിന് ശേഷമുള്ള നിക്കോളാസിന്റെ ആദ്യചിത്രമെന്നും റിപ്പോർട്ടുകളുണ്ട്.
വെനസ്വേലിയൻ തെരുവുകളിലെ ആഹ്ലാദപ്രകടനം; പ്രചരിക്കുന്നത് പഴയ വീഡിയോ
മഡുറോയ്ക്ക് എതിരെയുള്ള യു എസ് നടപടിയിൽ, വെനിസ്വേലിയൻ തെരുവുകളിൽ ആഹ്ലാദപ്രകടനം നടക്കുന്നു എന്ന് കാണിക്കുന്ന ഒരു റീൽ, ആർജെ വിക്ടർ ജോർജ് എന്ന ഒരു മലയാളി ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിച്ചിരുന്നു.
“സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം വെനിസ്വേലയിലെ ജനങ്ങൾ തെരുവുകളിൽ ആഘോഷിക്കുകയാണ്, പക്ഷേ കേരളത്തിലെ ജനങ്ങൾ പ്രതിഷേധിക്കുന്നു, എന്തുകൊണ്ട്?” പോസ്റ്റിന്റെ മലയാളം അടിക്കുറിപ്പ് ഇങ്ങനെയാണ്.

“മുൻകാലങ്ങളിൽ, ഇറാഖിലെ ജനങ്ങൾ യുഎസ് അധിനിവേശത്തിന് ശേഷം ഇതുപോലെ ആഘോഷിച്ചിരുന്നു, പിന്നീട് ഇറാഖിന് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. യുഎസ് അധിനിവേശത്തിന് ശേഷമുള്ള രാജ്യങ്ങളുടെ സ്ഥിതി നോക്കുമ്പോൾ, അവരുടെ സന്തോഷം എത്രത്തോളം നീണ്ടുനിൽക്കുമെന്ന് കാത്തിരുന്ന് കാണണം.” എന്ന് ഒരാൾ കമന്റിട്ടിട്ടുണ്ട്.
“സോഷ്യലിസം നശിപ്പിച്ച് ഏകാധിപത്യ ഭരണകൂടമാക്കി മാറ്റിയ ഒരു രാജ്യമാണിത്. ഇത് അവസാനിപ്പിക്കുന്നത് അവിടുത്തെ ജനങ്ങൾക്ക് ഒരു അനുഗ്രഹമായിരിക്കും” മറ്റൊരു കമന്റ്റ്. അതേ സമയം പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് ഒരാൾ കമന്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വീഡിയോയുടെ കീഫ്രെയിമുകൾ വിശകലനം ചെയ്ത് റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2024 ജൂലായ് ഇരുപത്തിയെട്ടിലെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഞങ്ങൾക്ക് ലഭിച്ചത്. ജൂലായ് ഇരുപത്തിയെട്ടിന്, വെനിസ്വേലയിൽ നടന്ന ഇലക്ഷനുമായി ബന്ധപ്പെടുത്താവുന്ന ഒരു വീഡിയോയാണത്.

സ്പാനിഷിലുള്ള ആ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ് : “സ്വതന്ത്ര വെനിസ്വേല! പനാമയിൽ താമസിക്കുന്ന വെനിസ്വേലൻ ജനത ആഘോഷിക്കുന്നത് ഇങ്ങനെയാണ്! #venezuela #panama #pty വെനിസ്വേല: ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ദൈവം അനുവദിച്ചാൽ നിങ്ങൾ സ്വതന്ത്രരാകും.”
വീഡിയോയുടെ ജിയോ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പനാമയിലെ വെനിസ്വേല എംബസ്സിയാണിതെന്ന് ഞങ്ങൾ കണ്ടെത്തി എംബസിക്ക് മുൻപിൽ വച്ചെടുത്ത വീഡിയോയാണ് ഇതെന്ന് ഞങ്ങൾക്ക് ഉറപ്പുവരുത്താൻ കഴിഞ്ഞു.

അതായത്, വീഡിയോയ്ക്ക് നിലവിലെ സാഹചര്യവുമായി ഒരു ബന്ധവുമില്ല എന്നർത്ഥം.

സുജിത് എ
ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ഗവേഷകൻ, ഫാക്റ്റ് ചെക്കർ
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക