തൊഴിലുറപ്പ് പദ്ധതിയെ തകർക്കുമോ വി ബി ജി റാം ജി ബിൽ? ഒരു വസ്തുതാന്വേഷണം

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുമോ വി ബി ജി റാം ജി ബിൽ? ഒരു വസ്തുതാന്വേഷണം

ലോക്സഭയിൽ പാസ്സാക്കിയ വിബി ജി റാം ജി ബിൽ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ളതാണ് എന്ന വാദം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണ്. അതേ സമയം മോദി സർക്കാരിന്റെ ബില്ല് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയേക്കാൾ മെച്ചമാണെന്ന് സംഘ് പരിവാർ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുമുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു കുറിപ്പിലെ അവകാശ വാദങ്ങൾ പരിശോധിക്കുകയാണ് എസ് ആർ സനൽകുമാർ. മോദി അനുകൂലികളുടെ വാദം തെറ്റാണെന്ന് ഈ ലേഖനത്തിൽ അക്കമിട്ട് വിശദീകരിക്കുന്നു. ബില്ലിനെ പ്രകീർത്തിച്ചുകൊണ്ട് സംഘ് അനുകൂല പേജുകളിലും വാട്സ്സാപ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന എട്ട് വാദങ്ങളാണ് സനൽകുമാർ പരിശോധിക്കുന്നത്. 

തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത: പുതിയ തൊഴിൽ നിയമപ്രകാരം 125 തൊഴിൽ ദിനം ഓരോ തൊഴിലാളികൾക്കും ലഭിക്കും.

ഇത് തെറ്റാണ്. ഓരോ ഗ്രാമീണ കുടുംബത്തിനും 100 തൊഴിൽ ദിനം നൽകണമെന്നതാണ് നിലവിലെ നിയമം. പുതിയ നിയമമനുസരിച്ച് ഇത് 125 തൊഴിൽ ദിനം ആയേക്കും എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ നിലവിലെ നിയമമനുസരിച്ച് ‘100 തൊഴിൽ ദിനം ഉറപ്പ്’ എന്ന് പറയുമ്പോഴും ഓരോ കുടുംബത്തിനും ശരാശരി 45 ദിവസങ്ങൾ മാത്രമേ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുന്നുള്ളൂ എന്നതാണ് വസ്തുത. 

വെറും 6% കുടുംബങ്ങൾക്ക് മാത്രമാണ് 100 ദിവസവും തൊഴിൽ ലഭിക്കുന്നത്. മോദി സർക്കാർ ഈ അടുത്ത കാലത്തായി ഓരോ വർഷവും ബജറ്റ് വിഹിതവും സംസ്ഥാനങ്ങൾ സമർപ്പിക്കുന്ന ലേബർ ബജറ്റും വെട്ടിക്കുറച്ച് തൊഴിലുറപ്പ് പദ്ധതിയെ ചുരുക്കുകയാണ്. മാത്രമല്ല കേന്ദ്ര സർക്കാർ മുൻകൂട്ടി നിശ്ചയിക്കുന്ന ബജറ്റിനും ടാർഗറ്റിനും അടിസ്ഥാനമാക്കി മാത്രമേ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയുകയുള്ളൂ എന്ന സാഹചര്യം വരുമ്പോൾ എങ്ങനെയാണ് 125 ദിവസത്തെ തൊഴിൽ നൽകാൻ കഴിയുക? ഈ സാഹചര്യത്തിൽ തൊഴിൽ ദിവസങ്ങൾ 100ൽ നിന്ന് 125 ആക്കി വർദ്ധിപ്പിക്കുമെന്നത് വെറും ഒരു രാഷ്ട്രീയ നീക്കമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. 

2005ലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി (The National Rural Employment Guarantee) രാജ്യത്ത് ആദ്യമായി നടപ്പാക്കിയത്. ഈ പേര് 2009ൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റിയത് കോൺഗ്രസ് ആണ്. അന്നത്തെ സർക്കാർ വെറും 18,900 കോടി രൂപ മാത്രമേ നൽകിയുള്ളൂ, ബാക്കി കടമാണ്. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഫണ്ട്‌ അലോക്കേഷൻ 33276.40 കോടി ആദ്യമായി അനുവദിച്ചു.

ഈ കണക്കുകൾ തെറ്റാണ്. 2008-09 വർഷത്തിൽ തന്നെ 30,000 കോടി രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രസർക്കാർ മാറ്റിവച്ചത്. 2009-10 വർഷത്തിൽ ഇത് 33,539 കോടി രൂപയായും, 2010-11 വർഷത്തിൽ 35,841 കോടി രൂപയായും വർദ്ധിപ്പിച്ചിരുന്നു. ഇങ്ങനെ ക്രമാനുഗതമായി വർദ്ധിച്ചുവന്നിരുന്ന ബജറ്റ് വിഹിതങ്ങൾ നരേന്ദ്രമോദി സർക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. ശ്രദ്ധിക്കേണ്ട വിഷയം എന്തെന്നാൽ, 2016-17, 2017-18 എന്നീ വർഷങ്ങളിലാണ് നരേന്ദ്രമോദി സർക്കാർ ഈ പദ്ധതിയുടെ ബജറ്റ് വിഹിതം 48,215 കോടി രൂപയായും 55,166 കോടി രൂപയായും യഥാക്രമം വർധിപ്പിച്ചത്. ഇതിന് സർക്കാരിനെ നിർബന്ധിച്ചത് ആ സർക്കാരിന്റെ തന്നെ തലതിരിഞ്ഞ നോട്ട് നിരോധനവും ജിഎസ്ടി പരിഷ്കാരവും ആയിരുന്നു. ഈ നയങ്ങൾ മൂലം, ഗ്രാമീണ മേഖലകളിലുണ്ടായ വലിയതോതിലുള്ള പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കാൻ അവർ തയ്യാറായത്. ഗ്രാമീണ മേഖലകളിലെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് ഈ പദ്ധതി വഹിച്ച പങ്കിനെയാണ് ഇത് ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെയാണ് ഏറ്റവും പുതിയ നിയമ പരിഷ്കാരങ്ങൾ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

നേരിട്ട് കൂലി വിതരണം നടത്തിയതോടെ തൊഴിലുറപ്പു തൊഴിലാളികൾ പട്ടിണി കൂടാതെ കഴിയാൻ തുടങ്ങി. 100 തൊഴിൽ ദിനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യാൻ സംവിധാനം ഒരുക്കി നരേന്ദ്രമോദി സർക്കാർ.

നേരത്തെ പറഞ്ഞതുപോലെ, വെറും 6% ഗ്രാമീണ കുടുംബങ്ങൾക്ക് മാത്രമാണ് ഇന്നും 100 ദിവസവും തൊഴിൽ ലഭിക്കുന്നത്. കഴിഞ്ഞ 12 വർഷമായി പദ്ധതി നടപ്പിലാക്കുന്നതിൽ ഉണ്ടായ ഗുരുതരമായ വീഴ്ചകളാണ് ഇതിന് കാരണമായത്. ഉദാഹരണത്തിന്, തൊഴിലാളികൾക്ക് കൂലി നേരിട്ട് വിതരണം ചെയ്യുന്നതിന് വേണ്ടി ആധാർ നിർബന്ധമാക്കിയത് മൂലം ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും കൂലിയും നിഷേധിക്കപ്പെടുന്ന സ്ഥിതി വന്നു. പലരുടെയും പേരുകൾ ആധാർ കാർഡിൽ പിശകോടെ അച്ചടിച്ചു വന്നത് മൂലവും ആധാർ കാർഡിലെയും ബാങ്ക് അക്കൗണ്ടിലെയും തൊഴിൽ കാർഡിലെയും പേരുകളിൽ വളരെ ചെറിയ വ്യത്യാസങ്ങൾ വന്നതു മൂലവും പലർക്കും തൊഴിൽ നിഷേധിക്കപ്പെട്ടു; അല്ലെങ്കിൽ തൊഴിൽ ലഭിച്ചില്ലെങ്കിലും കൂലികൾ ബാങ്ക് അക്കൗണ്ടിൽ എത്തിയില്ല. ഇന്നും ഏകദേശം 6000 കോടി രൂപ കൂലിയിനത്തിൽ കേന്ദ്രസർക്കാർ കൊടുത്തു തീർക്കാനുണ്ട്.

ഓരോ പഞ്ചായത്തിലെയും തൊഴിലാളികളുടെ തൊഴിൽ കാർഡ് എണ്ണം അനുസരിച്ച്, ഓരോ വർഷവും ഓരോ പഞ്ചായത്തിനും ഫണ്ടുകൾ നിലവിൽ വന്നു.

ഇത് തെറ്റാണ്. തൊഴിൽ കാർഡ് എണ്ണം അനുസരിച്ചല്ല ഫണ്ട് ലഭ്യമാക്കിയിരുന്നത്. ലേബർ ബജറ്റ് അടിസ്ഥാനമാക്കിയാണ് പ്രവൃത്തികൾ ഏറ്റെടുക്കുന്നത്. എന്നാൽ ഈ അടുത്ത കാലത്തായി സംസ്ഥാനങ്ങൾ സമർപ്പിക്കുന്ന ലേബർ ബജറ്റ് തന്നെ വെട്ടിക്കുറക്കുന്ന സ്ഥിതിയാണുള്ളത്.  കേരളത്തിൽ, 2020-21 ൽ 10.59 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചപ്പോൾ, 2024-25 ൽ അത് 8.95 ലക്ഷമായി കുറയ്ക്കാൻ നിർബന്ധിതമായി. കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടികളും നിബന്ധനകളും കാരണമാണ് തൊഴിൽ ദിനങ്ങൾ കുറയാനിടയായത്. മുകളിൽ സൂചിപ്പിക്കുന്ന അവകാശവാദം ശരിയാണെങ്കിൽ എന്തുകൊണ്ടാണ് എല്ലാ പഞ്ചായത്തിലും പദ്ധതി നടപ്പാക്കും എന്നത് മാറ്റി നോട്ടിഫൈഡ് സ്ഥലങ്ങളിൽ മാത്രമാകും എന്ന് വാശിപിടിക്കുന്നത്? പുതിയ നിയമത്തിൽ അങ്ങനെയാണല്ലോ. ഇതുമൂലം ഇന്ത്യയിലെ ആയിരക്കണക്കിന് പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി ചെറിയതോതിൽ പോലും നടപ്പിലാക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാകാൻ പോകുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികൾ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടും.

2015 നു ശേഷം, എല്ലാ സാമ്പത്തിക വർഷത്തിന്റെയും അവസാനം നരേന്ദ്രമോദി സർക്കാർ സോഷ്യൽ ഓഡിറ്റ് നടത്തുകയും അധികമായി ഫണ്ടുകൾ അനുവദിക്കുകയും ചെയ്യുന്നു

തൊഴിലുറപ്പ് പദ്ധതിയിലെ സോഷ്യൽ ഓഡിറ്റുകൾ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുൻപ് തന്നെ നിലവിൽ വന്നതാണ്.

ഇപ്പോഴുള്ള ബില്ലിലെ പോരായ്മകൾ ഇല്ലാതാക്കുന്നതിന്, കേന്ദ്രസർക്കാർ പുതിയ ബില്ല് കൊണ്ടുവരുന്നു. വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബിജി റാം ജി ബിൽ), 2025 എന്നാണ് പുതിയ പദ്ധതിയുടെ പേര്. 2026 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രാഥമിക പദ്ധതിയായി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.  ഈ ബില്ല് വരുന്നതോടെ തൊഴിലാളികളുടെ കൂലി വർധനവും നടപ്പിലാകും.

 പുതിയ ബില്ലിൽ തൊഴിലാളികളുടെ കൂലി വർദ്ധിക്കും എന്ന് എവിടെയാണ് പറയുന്നത്? നിലവിൽ തന്നെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് മിനിമം കൂലി കൊടുക്കുന്നില്ല. കാരണം തൊഴിലുറപ്പ് പദ്ധതിയെ ഒരു ക്ഷേമ പദ്ധതിയായിട്ടാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്, ഒരു തൊഴിൽ പദ്ധതിയായല്ല. കാരണം തൊഴിൽ പദ്ധതിയായി കണക്കിലെടുത്താൽ മിനിമം കൂലി നൽകേണ്ടിവരും. ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് പുതിയ ബില്ലിൽ ഉള്ളത്? ഒന്നുമില്ല.

പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീൺ (PMAY-G) ചട്ടക്കൂടനുസരിച്ച്, വീട് നിർമ്മിക്കുന്ന ഗുണഭോക്താക്കൾക്ക് യൂണിറ്റ് സഹായത്തിന് പുറമേ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 മുതൽ 95 വരെ ദിവസത്തെ അവിദഗ്ധ തൊഴിൽ വേതനം അധിക ധനസഹായമായി ലഭിക്കുന്നതാണ്. കൂടാതെ, ടോയ്‌ലറ്റ് നിർമ്മിക്കുന്നതിനായി സ്വച്ഛ് ഭാരത് മിഷൻ വഴിയോ തൊഴിലുറപ്പ് പദ്ധതി വഴിയോ 12,000 രൂപ അധിക ധനസഹായം ലഭിക്കും. PMAY-G യുടെ ഗുണഭോക്താക്കൾക്ക് പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയത്തിന്റെയും ഊർജ്ജ മന്ത്രാലയത്തിന്റെയും അതത് പദ്ധതികളുമായി സംയോജിപ്പിച്ച് LPG കണക്ഷനും വൈദ്യുതി കണക്ഷനും നൽകുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (NRLM) വഴി PMAY-G കുടുംബങ്ങളിലെ വനിതാ അംഗങ്ങളെ കുടുംബശ്രീ സ്വയം സഹായ ഗ്രൂപ്പുകളിൽ (SHGs) ഉൾപ്പെടുത്തി മെച്ചപ്പെട്ട വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ വൈദഗ്ധ്യമുള്ള കെട്ടിട നിർമ്മാണ തൊഴിലാളികളുടെ (മേസൺമാർ) കുറവ് പരിഹരിക്കുന്നതിനായി, ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന റൂറൽ മേസൺ ട്രെയിനിംഗ് (RMT) പരിപാടി ആരംഭിച്ചു. PMAY-G യുടെ കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (NSDC) സഹായത്തോടെയാണ് പരിശീലനം ആരംഭിച്ചത്. 

ഇത് നിലവിലെ നിയമത്തിൽ തന്നെ ഉള്ളതാണല്ലോ. പുതുതായി എന്താണ് ഉള്ളത്?

പുതിയ ബില്ല് വരുന്നതോടെ, ഓരോ സാമ്പത്തിക വർഷവും കേരളത്തിൽ ഏകദേശം 50,000 രൂപ ഓരോ തൊഴിലാളിക്കും വാർഷിക വേതനമായി ലഭിക്കുമെന്നു പ്രതീക്ഷിക്കാം.

അതെങ്ങനെ ലഭിക്കും? കേരളത്തിലെ എല്ലാ ജില്ലകളിലെയും എല്ലാ ഗ്രാമ പഞ്ചായത്തുകളും ഈ പദ്ധതിക്ക് കീഴിൽ നോട്ടിഫൈ ചെയ്യപ്പെടും എന്ന് ഒരുറപ്പുമില്ലല്ലോ! എന്തു മാനദണ്ഡമാണ് പഞ്ചായത്തുകളെ നോട്ടിഫൈഡ് ആയി പ്രഖ്യാപിക്കുന്നതിനുപയോഗിക്കുന്നതെന്ന് ഒരു വ്യക്തതയുമില്ല. 

പുതിയ നിയമത്തിന് കീഴിൽ, കേരളത്തിലെ നൂറുകണക്കിന് പഞ്ചായത്തുകളെ പദ്ധതിക്ക് പുറത്താക്കാനാണ് സാധ്യത. മാത്രമല്ല, നോട്ടിഫൈ ചെയ്യുന്ന പഞ്ചായത്തുകളിൽ തന്നെ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ബജറ്റിനും ടാർഗറ്റിനും അടിസ്ഥാനമാക്കി മാത്രമേ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയുകയുള്ളൂ എന്നതാണ് പുതിയ ബില്ലിലെ വ്യവസ്ഥ. സംസ്ഥാനങ്ങൾക്കുള്ള വിഹിതം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തായിരിക്കും എന്നതിലും വ്യക്തതയില്ല. ഈ വ്യവസ്ഥ ഏറ്റവും ദോഷകരമായി ബാധിക്കാൻ പോകുന്ന സംസ്ഥാനവും കേരളമായിരിക്കും. ഇവയിലൂടെ ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിക്ക് പുറത്താകും. വലിയ തോതിൽ തൊഴിൽ നഷ്ടമാകും. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ തൊഴിൽ ഉറപ്പ് പദ്ധതി നടപ്പിലാക്കിയ കേരളത്തിലാണ് ഈ സ്ഥിതി ഉണ്ടാവാൻ പോകുന്നത്. കൂലി വർദ്ധിപ്പിക്കുന്നതിന് നിയമത്തിൽ ഒരു വ്യവസ്ഥയും ഇല്ലതാനും. യഥാർത്ഥത്തിൽ കേരളത്തിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയുകയും മൊത്തത്തിൽ എല്ലാ തൊഴിലാളികൾക്കുമായി കൊടുക്കാൻ കഴിയുന്ന കൂലി കുറയാനുമാണ് പോകുന്നത്.

(വ്യത്യസ്ത സാമൂഹ്യ ശ്രേണിയിൽ നിന്നുള്ള ചിന്താധാരകൾ വായനക്കാർക്ക് /പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഒബിസി ശ്രമിക്കുന്നത്.
എഴുത്തുകാരുടെ വീക്ഷണമോ ആശയാഭിപ്രായങ്ങളോ എല്ലായ്പ്പോഴും ഒബിസിയുടെ എഡിറ്റോറിയൽ നിലപാടുകളുമായി ചേർന്നു പോകണമെന്നില്ല.)

എസ് ആർ സനൽകുമാർ

എസ് ആർ സനൽകുമാർ

Share Email
Top