ഗന്ധകം മണക്കുന്ന രാഷ്ട്രീയം; എന്ത് കൊണ്ട് വെനിസ്വേല?

ഗന്ധകം മണക്കുന്ന രാഷ്ട്രീയം; എന്ത് കൊണ്ട് വെനിസ്വേല?

വെനിസ്വേലയുടെ സമ്പന്നമായ എണ്ണ നിക്ഷേപം കയ്യടക്കുക മാത്രമാണോ അമേരിക്കയുടെ ലക്ഷ്യം? അതോ മയക്കുമരുന്ന് വ്യാപാരത്തിന് തടയിടലോ? ഇത് രണ്ടുമല്ലെന്ന് വിദേശകാര്യ നിരീക്ഷകൻ സജി മാർക്കോസ് വിലയിരുത്തുന്നു. അമേരിക്കൻ സാമ്പത്തിക നയങ്ങളെ തള്ളി, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ പിന്തുടരുന്ന ഇടത് രാഷ്ട്രീയമാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നത്.

എന്തുകൊണ്ട് വെനിസ്വേല?

അമേരിക്ക വെനിസ്വേലയിൽ നടത്തിയ അധിനിവേശം വെനിസ്വേല ഒരു എണ്ണ സമൃദ്ധമായ രാജ്യമായതുകൊണ്ടും മയക്കുമരുന്ന് അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതും കൊണ്ടുമാത്രമാണ് എന്നതല്ല സത്യം. എണ്ണ കയറ്റുമതി ചെയ്യുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന, വലിയ എണ്ണ ക്ഷാമമില്ലാത്ത രാജ്യമാണ് അമേരിക്ക. അമേരിക്കൻ റിഫൈനറികൾക്ക് അനുയോജ്യമായ ഹെവി ക്രൂഡ് ഓയിൽ അവർ ഇറക്കുമതി ചെയ്യുന്നുണ്ട്. അതേസമയം അവർ ഖനനം ചെയ്യുന്ന കുറഞ്ഞയളവിൽ സൾഫർ അടങ്ങിയതും സാന്ദ്രത കുറഞ്ഞതുമായ സ്വീറ്റ് ക്രൂഡ് ഓയിൽ അവർ കയറ്റുമതി ചെയ്യുന്നു.

അമേരിക്കയിലെ എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷന്റെ  (EIA) കണക്ക് അനുസരിച്ച് അമേരിക്കയുടെ  എണ്ണ കയറ്റുമതിയും ഇറക്ക് മതിയും തമ്മിൽ വലിയ അന്തരമില്ല . ദിനേന അഞ്ച് മില്യൺ ബാരൽ കയറ്റുമതിയും ആറ് മില്യൺ ബാരൽ ഇറക്കുമതിയും ഉണ്ടെന്നാണ് കണക്ക്. അമേരിക്കയ്ക്ക് മറ്റു എണ്ണ ഉത്പാദക രാജ്യങ്ങളുമായി കരാർ ഉള്ളതുകൊണ്ട് ഇറക്കുമതി വെനിസ്വേലയിൽ നിന്നും തന്നെ വേണമെന്നുമില്ല. (പക്ഷെ, തീർച്ചയായും വെനിസ്വേലിയൻ എണ്ണക്കമ്പനികളുടെ ലാഭം അമേരിക്കയ്ക്ക് വേണം).

വെനിസ്വേലയിലെ എണ്ണ അമേരിക്കയ്ക്ക് വേണമെന്നില്ലെങ്കിൽ പിന്നെ എന്താണ് വെനിസ്വേലയോടുള്ള അമേരിക്കയുടെ ശത്രുതയ്ക്ക് കാരണം? അമേരിക്ക ആരോപിക്കുന്നതുപോലെ വെനിസ്വേലയിൽ മയക്കുമരുന്നുത്പാദിപ്പിച്ച് അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു എന്നത് ശരിയാണോ?

അമേരിക്കയുടെ മയക്കുമരുന്ന് നിയന്ത്രിക്കുന്ന അർദ്ധസൈനിക വിഭാഗമായ DEA യുടെ ഏകദേശ കണക്കുകൾ ലഭ്യമാണ്. അതിലെങ്ങും വെനിസ്വേലയുടെ പേരുപോലുമില്ല. വെനിസ്വേല മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്നില്ലെന്നോ, ട്രാൻസിറ്റ് ഹബ്ബ് ആയിപ്രവർത്തിക്കുന്നില്ല എന്നോ അല്ല. അവയിൽ മുന്നിൽ നിൽക്കുന്നത് മറ്റു രാജ്യങ്ങളാണ് എന്നാണു കണക്കുകൾ. അമേരിക്കയിൽ പ്രവേശിക്കുന്ന മയക്കുമരുന്നിന്റെ വെറും 8% മാത്രമാണ് വെനിസ്വേലയിൽ നിന്നുള്ളത് എന്നാണ് അമേരിക്കൻ സ്വതന്ത്ര പഠന ഏജൻസിയായ വോള (WOLA )യുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രവുമല്ല, ക്രൈം യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (United Nations Office on Drugs and Crime – UNODC) കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഏഴുവർഷം കൊണ്ട് വെനിസ്വേല വഴിയുള്ള  മയക്കുമരുന്ന് കടത്ത്  നേർപകുതിയായി കുറഞ്ഞിട്ടുണ്ട്. (കള്ളക്കടത്ത് ആയതുകൊണ്ട്, പിടിച്ചെടുക്കപ്പെടുന്നതിൽ നിന്നും കണക്കുകൂട്ടുകയാണ് പൊതുവേ ഏജൻസികൾ ചെയ്യുന്നത്, അതുകൊണ്ട്, 100% കൃത്യത അവകാശപ്പെടാനാവില്ല). 

കണക്കുകൾ വച്ച് ബാക്കി 92% മയക്കുമരുന്നുകൾ എത്തിക്കുന്ന രാജ്യങ്ങളെ അമേരിക്ക ഒരു ഭീഷണി ആയി കരുതാതെ എന്തുകൊണ്ട് വെനിസ്വേലയെ ലക്ഷ്യം  വെക്കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. എണ്ണ  സമ്പത്തും മയക്കുമരുന്ന് കയറ്റുമതിയും പ്രധാനകാരണങ്ങൾ അല്ലെങ്കിൽ പിന്നെ  എന്തായിരിക്കും വെനിസ്വേലയിൽ അതിക്രമിച്ച് കയറി ഭരണാധികാരിയെ തട്ടിക്കൊണ്ടുപോകുവാൻ അമേരിക്കൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്? അത് പ്രധാനമായും രാഷ്ട്രീയമാണ്.

2006 സെപ്റ്റംബർ 20ന് വെനിസ്വേല പ്രസിഡന്റ് ഹ്യുഗോ ഷാവേസ് UN ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്: “ഇന്നലെ ഒരു പിശാച് ഇവിടെ വന്നു, അതുകൊണ്ട് ഇപ്പോഴും ഈ സ്ഥലത്ത് ഗന്ധകം മണക്കുന്നു.” (The devil came here yesterday, and it still smells of sulfur in this very place.”). തലേന്ന് പ്രസംഗിച്ചത്, ജോർജ്ജ് ബുഷ് ആയിരുന്നു. ഗന്ധകം ബൈബിളിൽ നരകത്തിന്റെ പ്രതീകമാണ്. ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിൽ ഇത്രയ്ക്കും അധിക്ഷേപകരമായ ഒരു പ്രസ്താവന ഒരു ലോകനേതാവിനെതിരെയും ഉണ്ടായിട്ടില്ല. മാത്രവുമല്ല, അമേരിക്കൻ ആധിപത്യത്തിനെതിരെ വളരെ നിർണ്ണായകവും പ്രകോപനപരവുമായ ഒരു പ്രസംഗമായിരുന്നു അന്ന് ഷാവേസ് നടത്തിയത്.

മേഖലയിലെ അമേരിക്കൻ കച്ചവട താല്പര്യങ്ങൾക്ക് എതിരെ വെനീസ്വേലൻ നേതൃത്വത്തിലുള്ള പദ്ധതികളായ പെട്രോകരീബ് (Petrocaribe), ആൽബ (ALBA ) പിങ്ക് ടൈഡ് (Pink Tide) എന്നിവയെപ്പറ്റിയുള്ള പരാമർശങ്ങൾ ഷാവേസ് നടത്തിയിരുന്നു. കരീബിയൻ രാജ്യങ്ങളിലും മറ്റു സമീപ രാജ്യങ്ങളിലും ഇന്ധന ക്ഷാമം പരിഹരിക്കുന്നത് വെനിസ്വേല എണ്ണ നൽകുന്ന പദ്ധതിയായിരുന്നു പെട്രോകരീബ്. പണമില്ലാതെ മുൻ‌കൂർ എണ്ണ നൽകുന്ന ഡിഫേർഡ് പേയ്‌മെന്റ് സിസ്റ്റെം (Deferred payment system) 25 വർഷം കൊണ്ട് ഘട്ടം ഘട്ടമായി തിരിച്ചടവുള്ള ലോങ്ങ് ടെം ഫൈനാൻസിംഗ് ( Long-term financing), 1% താഴെ മാത്രമുള്ള പലിശ നിരക്ക് (Low interest rates) ദരിദ്ര രാജ്യങ്ങൾക്ക് വസ്തുക്കളായും സേവനമായും എണ്ണവില നൽകാനുതകുന്ന ഫ്ലെക്സിബിൾ റീപേയ്മെന്റ് (Flexible repayment) എന്നിവയായിരുന്നു പെട്രോകരീബ് പദ്ധതിയിട്ടിരുന്നത്.

ALBA (Bolivarian Alternative for the Americas) പ്രധാനമായും അമേരിക്കൻ രാഷ്ട്രീയ – സാമ്പത്തിക ആധിപത്യത്തിനെതിരെ ചെറുക്കുന്നതിന് രുപം കൊടുത്ത സംഘടനയാണ്. ബൊളീവിയ, ക്യൂബ, ഇക്വഡോർ, നിക്കരാഗ്വേ, കരീബിയൻ രാജ്യങ്ങൾ എന്നിവ ചേർന്ന്, സഹകരണത്തിലൂടെ വളരുന്നതിന് രൂപം കൊടുത്ത ALBA നയിച്ചിരുന്നത് വെനിസ്വേല ആയിരുന്നു. അമേരിക്കൻ ഉപരോധം മൂലം തകർന്ന ALBA, ഏതാണ്ട് 2010 നുശേഷം മൃതാവസ്ഥയിലാണ് എന്ന് പറയാം.

അമേരിക്കൻ സാമ്പത്തിക മാതൃകകളെ തള്ളി നിലവിൽ വന്ന ഇടതുസഖ്യം ആയിരുന്നു പിങ്ക് ടൈഡ്. അന്താരാഷ്ട്ര നാണയ നിധിയുടെയും  ലോകബാങ്കിന്റെയും സാമ്പത്തിക ഇടപെടലുകളെ ഒഴിവാക്കി പൊതു ഉടമസ്ഥതയിൽ പരസ്പര സഹകരണം ഉറപ്പാക്കുന്ന സഖ്യമായിരുന്ന പിങ്ക് ടൈഡിന്റെ പ്രധാന സഹായങ്ങൾ വെനിസ്വേലയിൽ നിന്നുമായിരുന്നു. പലവിധ സമ്മർദ്ദങ്ങളിലൂടെയും ഉപരോധങ്ങളിലൂടെയും അമേരിക്ക ഈ പദ്ധതികളെയെല്ലാം തുരങ്കം വച്ചു  തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു, ഭാഗികമായി അത് വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ആത്യന്തികമായി, അത്തരത്തിലുള്ള ഒരു രാജ്യം തകരേണ്ടതും അവിടെ അമേരിക്കയുടെ പാവ സർക്കാർ നിലവിൽ വരേണ്ടതും അമേരിക്കയുടെ ആവശ്യമാണ്. അമേരിക്കയുടെ നിലനിൽപ്പിനും കച്ചവട താല്പര്യങ്ങൾക്കും, മേഖലയിലെ അധീശത്വത്തിനും അത് അനിവാര്യമാണ്. ചുരുക്കത്തിൽ അമേരിക്കൻ അധീശത്തെ വെല്ലുവിളിക്കുന്ന ഒരു രാജ്യത്തെയും നിലനിൽക്കുവാൻ അമേരിക്ക അനുവദിക്കില്ല. ഒന്നുകിൽ ആക്രമിക്കും, ഇല്ലെങ്കിൽ സർക്കാരിനെ അട്ടിമറിക്കും.

ശീതസമരം അവസാനിച്ചിട്ടും ഇന്നും റഷ്യയോട് അമേരിക്ക വച്ചുപുലർത്തുന്നതുപോലെയുള്ള ഒരു തരം അടങ്ങാത്ത പക വെനിസ്വേലയോടും  അമേരിക്ക എക്കാലവും വെച്ചുപുലർത്തിയിരുന്നു. അതിന്റെ അവസാന എപ്പിസോഡിനാണ്‌ കഴിഞ്ഞ ദിവസം ലോകം സാക്ഷിയായത്.

(വ്യത്യസ്ത സാമൂഹ്യ ശ്രേണിയിൽ നിന്നുള്ള ചിന്താധാരകൾ വായനക്കാർക്ക് /പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഒബിസി ശ്രമിക്കുന്നത്.
എഴുത്തുകാരുടെ വീക്ഷണമോ ആശയാഭിപ്രായങ്ങളോ എല്ലായ്പ്പോഴും ഒബിസിയുടെ എഡിറ്റോറിയൽ നിലപാടുകളുമായി ചേർന്നു പോകണമെന്നില്ല.)

സജി മാർക്കോസ്

സജി മാർക്കോസ്

എഴുത്തുകാരൻ, സ്വതന്ത്ര ഗവേഷകൻ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top