ആ അരിവാളും ചുറ്റികയും ഇടത്പക്ഷത്തിന്റേത് തന്നെ; പക്ഷേ വെനിസ്വേലയിലല്ല, ഫാക്ട് ചെക്ക് 

ആ അരിവാളും ചുറ്റികയും ഇടത്പക്ഷത്തിന്റേത് തന്നെ; പക്ഷേ വെനിസ്വേലയിലല്ല, ഫാക്ട് ചെക്ക് 

വെനിസ്വേലയിൽ നടന്ന യു എസ് സൈനിക നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേരളത്തിൽ മുഖ്യമായും ഇടത് പക്ഷത്തിന്റെ മുൻകയ്യിലാണ്‌ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. അത് കൊണ്ട് തന്നെ ഈ സന്ദർഭം ഇടത് പക്ഷത്തെ ആക്രമിക്കാനുള്ള അവസരമായി വലത് പക്ഷ ഹാൻഡിലുകൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. 

 വെനിസ്വേലയിൽ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന പതിനാലു സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോ അത്തരത്തിലൊന്നാണ്. അമേരിക്കയെ പിന്തുണച്ചുകൊണ്ട് വെനിസ്വേലിയൻ തെരുവുകളിൽ ജനങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ നശിപ്പിക്കുന്നതായാണ് വീഡിയോ പങ്ക് വെക്കുന്നവർ അവകാശപ്പെടുന്നത്. പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിൽ ആവേശഭരിതരായ തദ്ദേശീയ ജനതയുടെ പ്രതിഷേധമാണിതെന്ന് പറഞ്ഞാണ് പലരും ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്. എന്നാൽ, എന്താണ് ഈ വീഡിയോയുടെ വാസ്തവം?

‘Sarvan Mekkat’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ജനുവരി അഞ്ചിന് ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. യുഎസ് സൈന്യം വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കി എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്.

അരിവാളും ചുറ്റികയും ഉപയോഗിച്ച് ഒരു പ്രതിമ തല്ലിത്തകർക്കുന്ന ജനക്കൂട്ടത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

“സഖാക്കൾ ഇബടെ കമോൺ….എന്താല്ലേ. വാളെടുത്തവൻ വാളാലെ….!!! അരിവാൾ ചുറ്റിക കൊണ്ട് തന്നെ ആ പാർട്ടിയുടെ ഒരു രാജ്യത്തിന്റെ അവസാനം…എന്ന് തുടങ്ങി കടുത്ത ഭാഷയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ പരിഹസിക്കുകയാണ് ഈ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

കമ്മ്യൂണിസത്തിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് ജനങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ തകർക്കുന്നു എന്നാണ് ഈ പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. പതിനാറായിരത്തിലധികം ഫോളോവേഴ്‌സുള്ള ഈ അക്കൗണ്ടിൽ നിന്ന് നാല്പത്തിയേഴായിരത്തോളം പേർ ജനുവരി ഏഴാം തിയതിവരെ ഈ വീഡിയോ കണ്ടിട്ടുണ്ട്. “അരിവാളും ചുറ്റികയും അവർക്കു തന്നെ ഒടുവിൽ തിരിച്ചടിയായി” തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ കാണാം.

വീഡിയോയുടെ കീ ഫ്രയിമുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, കൂടുതൽ സാമൂഹ്യ മാധ്യമ പേജുകൾ വഴി വീഡിയോ പ്രചരിക്കുന്നതായി കണ്ടു. ഒരുലക്ഷത്തി നാൽപ്പതിനായിരത്തോളം ഫോളോവേഴ്‌സുള്ള ‘സ്വയം സേവകൻ’ എന്നുപേരുള്ള ഒരു വലതുപക്ഷ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ അക്കൗണ്ടിലെ വിവരങ്ങൾ പ്രകാരം, കണ്ണൂർ ജില്ലയിലെ ചൊക്ലി സ്വദേശിയായ വ്യക്തിയാണ് ഇത് കൈകാര്യം ചെയ്യുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട് 

ഫേസ്ബുക്കിന് പുറമെ ചില എക്സ് ഹാൻഡിലുകൾ വഴിയും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വെനിസ്വേലയിൽ കമ്മ്യൂണിസം അവസാനിച്ചതിൽ ജനങ്ങൾ ആഹ്ലാദിക്കുന്നു എന്ന തരത്തിലാണ് പല എക്സ് അക്കൗണ്ടുകളും ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്. “നാളെ ഇത് കേരളത്തിലും ആവർത്തിക്കും” എന്ന മുന്നറിയിപ്പോടെയുള്ള കുറിപ്പുകളും ഇതിനോടൊപ്പമുണ്ട്. 

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഇതേ അവകാശവാദത്തോടെ മറ്റൊരു എക്സ് ഹാൻഡിലും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

പ്രചരിക്കുന്നത് ഫിലിപ്പീൻസിലെ വീഡിയോ 

വെനിസ്വേലയിലെ നിലവിലെ സാഹചര്യവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. 2025 നവംബറിൽ ഫിലിപ്പീൻസിൽ നടന്ന ഒരു അഴിമതി വിരുദ്ധ സമരത്തിന്റെ ദൃശ്യങ്ങളാണ് വെനിസ്വേലയിലെ വീഡിയോ എന്ന തരത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് തെളിയിക്കുന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ലഭ്യമാണ്. ഹിന്ദുസ്ഥാൻ ടൈംസും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട്, സ്ക്രീൻഷോട്ട്

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ ഇടതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധമായിരുന്നു അത്. രാജ്യത്തെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ഭരണാധികാരികൾക്കെതിരെ  നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. റോമൻ കത്തോലിക്കാ സഭാ പുരോഹിതന്മാർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ഈ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. വീഡിയോയിൽ പ്രതിഷേധക്കാർ അരിവാളും ചുറ്റികയും ഉപയോഗിച്ച് തകർക്കുന്നത് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ പ്രതീകാത്മക രൂപമാണ്.

വീഡിയോ റിപ്പോർട്ട്, സ്ക്രീൻഷോട്ട് 

ഫിലിപ്പീൻസിലെ ഇടതുപക്ഷ സംഘടനകൾ തങ്ങളുടെ പ്രതിഷേധ സൂചകമായി കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങൾ ഉപയോഗിച്ചതിനെയാണ്, വെനിസ്വേലയിലെ ജനങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമ തകർക്കുന്നു എന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top