അൻപത് കോടിയല്ല; അൻപത് ലക്ഷം – സംഘപരിവാറിൻ്റെ മറ്റൊരു വ്യാജവാർത്താനിർമിതി കൂടി

അൻപത് കോടിയല്ല; അൻപത് ലക്ഷം – സംഘപരിവാറിൻ്റെ മറ്റൊരു വ്യാജവാർത്താനിർമിതി കൂടി

തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റശേഷം വി വി രാജേഷ് ഒപ്പ് വെച്ച ആദ്യഫയലുകളിൽ ഒന്ന് വയോമിത്രം പദ്ധതിയുടേതാണ്.

മുൻ കൗൺസിലിന്റെ കാലയളവിൽ അംഗീകാരം നൽകിയിരുന്ന വയോമിത്രം പദ്ധതിയുടെ ആദ്യഗഡുവായ 50 ലക്ഷം രൂപ അനുവദിക്കുന്ന ഫയലിലാണ് മേയർ ഒപ്പിട്ടത്. എന്നാൽ, മേയർ അൻപത് കോടിരൂപ അനുവദിച്ചു കൊണ്ടുള്ള ഫയൽ ഒപ്പിട്ടെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണെന്നുമുള്ള വ്യാജവാർത്തയാണ് സംഘപരിവാർ ഹാൻഡിലുകൾ പ്രചരിപ്പിച്ചത്.

വയോജനങ്ങളുടെ ചികിത്സയ്ക്കായി 50 കോടി രൂപ അനുവദിച്ച മേയറെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.  സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിലൂടെയും മറ്റു സ്വകാര്യ പേജുകൾ വഴിയും ഈ വ്യാജപ്രചാരണം നടക്കുന്നുണ്ട്. മുൻ കൗൺസിൽ അംഗീകരിച്ച പദ്ധതിയുടെ വിഹിതം കൈമാറുന്ന ഭരണപരമായ നടപടി മാത്രമാണ് പുതിയ മേയർ നിർവ്വഹിച്ചത് എന്നതാണ് വസ്തുത.

തിരുവനന്തപുരം മേയറായി അധികാരമേറ്റ വി വി രാജേഷ്, 50 കോടിയുടെ ഫയലിൽ ഒപ്പിട്ടുവെന്ന വ്യാജവാർത്താപ്രചാരണത്തിന് തുടക്കമിട്ടത് കർമ്മ ന്യൂസാണ്. കർമ്മ ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വാർത്തയാണ് ഡിസംബർ ഇരുപത്തിയാറാം തിയതി മുതൽ വൈറലാകാൻ തുടങ്ങിയത്.

“കേരളത്തേ അമ്പരപ്പെടുത്തി ബി ജെ പിയുടെ ആദ്യ മേയർ. തലസ്ഥാന നഗരിയിൽ 65 കഴിഞ്ഞ പൗരന്മാർക്ക് ചികിൽസക്ക് 50.5 കോടി രൂപ നല്കും. മേയർ വി വി രാജേഷ് ആദ്യം ഒപ്പിട്ട ഫയൽ. കേരളത്തിലെ തദ്ദേശ ഭരണ ചരിത്രത്തിൽ ആദ്യം” എന്നാണ് കർമ്മ ന്യൂസിന്റെ ഫേസ്ബുക്ക്  പോസ്റ്റിലെ കുറിപ്പ്.

കർമ്മ ന്യൂസിന്റെ വാർത്ത, സ്ക്രീൻഷോട്ട് 

കർമ്മ ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട് 

കർമ്മ ന്യൂസിന്റെ ഈ പോസ്റ്റാണ് വലതുപക്ഷ അക്കൗണ്ടുകൾ പിന്നീട് വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. ഒരു ലക്ഷത്തി നാല്പതിനാലായിരത്തിലധികം ഫോളോവെഴ്‌സുള്ള സ്പോട്ട് ന്യൂസ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി ഈ പോസ്റ്റ് പ്രചരിച്ചിരുന്നു.

ഒരു ലക്ഷത്തിലധികം അംഗങ്ങൾ ഉള്ള, ‘വികസിത കേരളം ഭാരതീയ ജനത പാർട്ടി’ എന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ട് വഴിയും പോസ്റ്റ് പ്രചരിച്ചതായി കണ്ടു. ഈ പോസ്റ്റിന്, 1800 ൽ അധികം ലൈക്കുകളാണ് ഡിസംബർ മൂന്നാം തിയതി വരെ ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് അധികാരത്തിലേറിയ ബിജെപി നേതൃത്വത്തെ പ്രശംസിക്കുന്ന കമൻ്റുകളുടെ പ്രവാഹമാണ് ഈ പോസ്റ്റിന് താഴെ.

 ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട് 

ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം അംഗങ്ങൾ ഉള്ള True Thinkers എന്ന ഒരു ഫേസ്ബുക്ക് പേജിലും ഈ പോസ്റ്റ് സമാന തലക്കെട്ടോടുകൂടിത്തന്നെ പ്രചരിക്കുന്നുണ്ട്.

രണ്ടായിരത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള വികസിത കേരള എന്ന യൂട്യൂബ് ചാനലിൽ ഈ പോസ്റ്റിൻ്റെ ഒരു വീഡിയോ വൈറലാണ്. 

“അമ്പരന്ന് കേരളം – തദ്ദേശ ചരിത്രത്തിൽ ആദ്യം” എന്ന തലക്കെട്ടോട് കൂടിയുള്ള ഈ വീഡിയോ ഇതുവരെ 17 ലക്ഷത്തിലധിം പേർ കണ്ടിട്ടുണ്ട്. 3400 ൽ അധികം പേരാണ് അഞ്ച് സെക്കൻ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിട്ടുള്ളത്.

11,000 ൽ അധികം അംഗങ്ങളുള്ള പാലക്കാട് ന്യൂസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും 6,400 ൽ അധികം ഫോളോവെഴ്‌സ് ഉള്ള, സത്യമേവ ജയതേ എന്ന ഫേസ്‌ബുക്ക് പേജിലും ചില ബിജെപി അനുകൂല സോഷ്യൽ മീഡിയ പേജുകളിലും മറ്റു ചില വ്യക്തിഗത പ്രൊഫൈലുകളിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 

ഒപ്പിട്ടത് മുൻ കൗൺസിൽ അംഗീകരിച്ച 50 ലക്ഷം മാത്രം

സംഘപരിവാർ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന  ഈ വാർത്തയുടെ യഥാർത്ഥ വസ്തുത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ കൗൺസിൽ നേരത്തെ അംഗീകാരം നൽകിയിരുന്ന പദ്ധതിയുടെ ഈ വർഷത്തെ ആദ്യഗഡുവായ 50 ലക്ഷം രൂപ അനുവദിക്കുന്ന ഫയലിലാണ് മേയർ ഒപ്പുവെച്ചതെന്ന് മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത്, യഥാർത്ഥത്തിൽ അനുവദിച്ച 50 ലക്ഷം രൂപയെയാണ് വലതുപക്ഷ ഗ്രൂപ്പുകൾ 50 കോടി രൂപയായി പെരുപ്പിച്ചു കാട്ടുന്നത്. 

മാതൃഭൂമി റിപ്പോർട്ട്, സ്ക്രീൻഷോട്ട് 

തിരുവനന്തപുരം മേയറായി ബിജെപി നേതാവ് ചുമതലയേറ്റ ശേഷം, പുതിയതായി ആരംഭിച്ച പദ്ധതിയെന്ന നിലയിലാണ് വയോമിത്രം പദ്ധതിയെ വലതുപക്ഷ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ ഒബിസിയോട് വ്യക്തമാക്കി. 2011ൽ പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിൽ വയോമിത്രം പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് മൊബൈൽ ക്ലിനിക്കുകളിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗൺസിലിംഗ്, പാലിയേറ്റീവ് സേവനങ്ങൾ, ഹെൽപ്പ് ഡെസ്ക് സഹായം എന്നിവ ഉറപ്പുവരുത്തുക എന്നതാണ്  കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.  

നിലവിൽ സംസ്ഥാനത്തെ 6 കോർപ്പറേഷനുകളിലും 85 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരാണ് പദ്ധതിയുടെ ഭൂരിഭാഗം സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കുന്നത്. കോർപ്പറേഷനുകളും നഗരസഭകളും ഇതിലേക്ക് ഒരു നിശ്ചിത വിഹിതം മാത്രമാണ് നൽകുന്നത്. 14 വർഷത്തോളമായി നിലനിൽക്കുന്ന ഈ സർക്കാർ പദ്ധതി, ബിജെപി അധികാരത്തിൽ വന്ന ശേഷം തുടങ്ങിയതാണെന്ന രീതിയിലുള്ള പ്രചരണങ്ങൾ വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നും മിനി സുകുമാർ ചൂണ്ടിക്കാട്ടുന്നു.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേണലിസ്റ്റ് ട്രെയ്നിയാണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top