ചുട്ടു പൊള്ളുന്ന തൊഴിലിടങ്ങള്‍: ഇന്ത്യയിലെ ഫാക്ടറിത്തൊഴിലാളികളായ സ്ത്രീകളുടെ ജീവിതം വെന്തു തീരുന്നതെങ്ങനെ? 

ചുട്ടു പൊള്ളുന്ന തൊഴിലിടങ്ങള്‍: ഇന്ത്യയിലെ ഫാക്ടറിത്തൊഴിലാളികളായ സ്ത്രീകളുടെ ജീവിതം വെന്തു തീരുന്നതെങ്ങനെ? 

ഒരു ചൂളയിൽ ഇരുന്ന് ജോലി ചെയ്യുന്നതിന് തുല്യമാണ് തൊഴിലിടങ്ങളിലെ ചൂട് എന്നാണ് ഇന്ത്യയിലെ വസ്ത്രനിർമാണ ഫാക്ടറികളിലെ തൊഴിലാളികൾ പറയുന്നത്. ചൂട് രൂക്ഷമാകുന്നത് ഒരു തൊഴിൽ പ്രശ്നമാവുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഹീറ്റ് വാച്ചും TISS ഉം സംയുക്തമായി ഇന്ത്യയിലെ ഫാക്ടറി തൊഴിലാളികളായ സ്ത്രീകൾക്കിടയിൽ നടത്തിയ പഠനം. ചുരുങ്ങിയ സൗകര്യങ്ങൾ പോലുമില്ലാത്ത തൊഴിൽ സാഹചര്യത്തിൽ പണിയെടുക്കുന്ന സ്ത്രീകൾ സമൂഹത്തിനു മുന്നിലേക്ക് വയ്ക്കുന്നത്, ഇതുവരെ കാര്യമായി ആരുടേയും ശ്രദ്ധയിൽ പോലും വന്നിട്ടില്ലാത്ത ഒരു പ്രശ്നമാണ്.

ഹരിയാനയിലെ ഗുരുഗ്രാമിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളിയാണ് നാൽപ്പത്തിയൊന്നുകാരിയായ മീന. അസഹനീയമായ ചൂടാണ് ഈ ഫാക്ടറികളിലെ തൊഴിലാളികള്‍ തൊഴിലിടത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

ഈ ചൂടിനെ പ്രതിരോധിക്കാൻ മീനയും മറ്റ് ജോലിക്കാരും തേടാത്ത മാര്‍ഗ്ഗങ്ങളില്ല.

“ചൂടുകാലമാകുമ്പോൾ, ഫാക്ടറിയിലെ കുളിമുറിയുടെ തറയിൽ വെള്ളം കോരിയൊഴിച്ച്, അല്‍പനേരം നീണ്ടു നിവർന്നു ഞങ്ങൾ കിടക്കും. ടൈലിന് തണുപ്പുള്ളത് കൊണ്ട് കുറച്ചൊക്കെ സമാധാനം കിട്ടും.” മീന പറയുന്നു.

ഒരു ചൂളയിൽ ഇരുന്ന് ജോലി ചെയ്യുന്നതിന് തുല്യമാണ് തൊഴിലിടങ്ങളിലെ ചൂട് എന്നാണ് ഇന്ത്യയിലെ വസ്ത്രനിർമാണ ഫാക്ടറികളിലെ തൊഴിലാളികൾ പറയുന്നത്. Reuters

മീനയെ പോലെ ഇന്ത്യയുടെ പല ഭാഗങ്ങളിൽ ജോലി ചെയ്യുന്ന വസ്ത്രനിര്‍മ്മാണ ഫാക്ടറി തൊഴിലാളികളായ സ്ത്രീകളുടെ ശോചനീയമായ അവസ്ഥയെ കുറിച്ച് പല മാധ്യമങ്ങളും പലപ്പോഴായി റിപ്പോർട്ട്‌  ചെയ്തിട്ടുണ്ട്. ആഗോള കാലാവസ്ഥാ വ്യതിയാനം മൂലം വർഷാവർഷം കൂടി വരുന്ന ചൂടിനെ കുറിച്ചും ചർച്ചകൾ കുറവല്ല. എന്നാൽ ചൂട് ഒരു കാലാവസ്ഥാ പ്രശ്നമായി മാത്രമായാണ് പൊതു മണ്ഡലത്തിൽ അവതരിപ്പിക്കപ്പെടാറുള്ളത്. മനുഷ്യരുടെ തൊഴിൽ സാഹചര്യത്തെ ഏറ്റവും രൂക്ഷമായി ബാധിക്കുന്ന ഒരു പ്രശ്നമായി ‘ചൂട്’ പലപ്പോഴും പരിഗണിക്കപ്പെടാറില്ല. അതായത് ചൂടിനെ ഒരു തൊഴില്‍ പ്രശ്നമെന്ന നിലയില്‍ ആരും സമീപിക്കാറില്ലെന്നര്‍ത്ഥം. കേരളം പോലുള്ള  അപൂര്‍വം ചില സംസ്ഥാനങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉച്ച നേരത്തെ പണിയില്‍ ഇളവു നല്‍കാറുള്ളതാണ് ഏക അപവാദം.

ഈ സാഹചര്യത്തിലാണ്, ഇന്ത്യയിലെ ഗാർമെന്റ് ഫാക്ടറികളിലെ അനിയന്ത്രിതമായ ചൂട്, തൊഴിലാളികളെ, പ്രത്യേകിച്ച് സ്ത്രീകളെ എങ്ങനെയൊക്കെ ബാധിക്കുവെന്ന വിശദമായ ഒരു പഠനം പുറത്തുവരുന്നത്. ‘ഹീറ്റ് വാച്ച്’ എന്ന സ്വതന്ത്ര സാമൂഹ്യപഠന സ്ഥാപനവും മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും (TISS) ചേർന്നാണ് പഠനം നടത്തിയത്. 

റിപ്പോർട്ടിന്റെ കവർ

തമിഴ് നാട്ടിലെയും ഡൽഹിയിലെയും ഗുജറാത്തിലെയും 15 തുണി – വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളിലെ തൊഴിലാളികളെ ഉൾക്കൊള്ളിച്ചു നടത്തിയ പഠനത്തിൽ മീനയെ പോലുള്ള അനേകം സ്ത്രീകളുടെ ശബ്ദമുണ്ട്. 115 തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള  സർവേയും 47 വിശദമായ അഭിമുഖങ്ങളും റിപ്പോര്‍ട്ടില്‍  ഉൾപ്പെട്ടിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായവരിൽ 78.3% പേർക്കും  “ഒരു ചൂളയില്‍  ഇരുന്ന് (furnace) ജോലി ചെയ്യുന്നത് പോലെ”യുള്ള അനുഭവമാണ് ജോലി സ്ഥലത്ത് ഉണ്ടാവുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.

എന്താണ് ഈ പഠനത്തിന്റെ പ്രസക്തി?

ഇന്ത്യയിലെ  തുണി- വസ്ത്രനിര്‍മ്മാണ വ്യവസായ മേഖലയിൽ ഏകദേശം നാലരക്കോടി ആളുകളാണ് ജോലി ചെയ്യുന്നത്. ഇതിൽ അറുപത് ശതമാനത്തിലധികം തൊഴിലാളികൾ സ്ത്രീകളാണ്. പുറമെ ‘പുരോഗമനപരമായി’ തോന്നുമെങ്കിലും, ഇത്തരം ജോലികൾക്ക് സ്ത്രീകളെ തെരെഞ്ഞെടുക്കാനുള്ള പ്രധാന കാരണം, അവർക്ക് മേൽ കർശനമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ എളുപ്പമായിരിക്കും എന്നത് കൊണ്ടാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. സ്ത്രീകൾ പൊതുവെ ട്രേഡ് യൂണിയനുകളുടെ ഭാഗമാവാനുള്ള സാധ്യത കുറവായത് കൊണ്ടും, മടുപ്പിക്കുന്നതും  ആവർത്തനവിരസവുമായജോലികൾ ചെയ്യാൻ മടികാണിക്കാത്തതുകൊണ്ടുമൊക്കെ  തൊഴിലുടമകൾ ഇത്തരം ജോലികള്‍ക്ക് സ്ത്രീകളെ കൂടുതലായി നിയോഗിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

സ്ത്രീകൾ അനുഭവിക്കുന്നത് ഇരട്ടി ഭാരമാണ് – വേതനം കുറഞ്ഞ ഫാക്ടറി ജോലിയും വേതനമില്ലാത്ത വീട്ടുജോലിയും. Reuters

രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെയും ഈ പ്രതിസന്ധി സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്‌ പറയുന്നത്. 2030 ആകുമ്പോഴേക്കും മൂന്നരക്കോടി മുഴുവൻ സമയ ജോലികൾ ‘താപ സമ്മർദ്ദം’ (heat stress) കൊണ്ട് ഇല്ലാതാകുമെന്നാണ് കണക്ക്. ഇത് ഇന്ത്യയുടെ ജി ഡി പിയിൽ 4.5% വരെ കുറവ് വരുത്തിയേക്കാം. 

ചുട്ടു പൊള്ളിക്കുന്ന പണിസ്ഥലങ്ങൾ!

“കൂടുതൽ ഫാനുകൾ വയ്ക്കാൻ ആവശ്യപ്പെടുകയോ, ശുചി മുറി ഉപയോഗിക്കാൻ അനുവാദം ചോദിക്കുകയോ ചെയ്താൽ നല്ല പ്രതികരണമല്ല ലഭിക്കുന്നത്. മിക്ക മാനേജർമാരും തൊഴിലുടമകളും പുരുഷന്മാരാണല്ലോ. അവർക്ക് ഒരിക്കലും ചൂട് ഒരു തൊഴിൽ പ്രശ്നമാണെന്ന് അംഗീകരിക്കാൻ കഴിയില്ല. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ഞങ്ങളെ പോലെയുള്ളവരുടെ പ്രശ്നങ്ങൾ ഒരിക്കലും പരിഗണിക്കാറുമില്ല. കാരണം അത് വ്യവസായത്തെ ബാധിക്കില്ലല്ലൊ. ഓരോ ദിവസവും ഞങ്ങളുടെ ആരോഗ്യത്തെയും അന്തസ്സിനെയും മാത്രമാണ് ഇത് ബാധിക്കുന്നത്.” തിരുപ്പൂരിലെ വസ്ത്ര നിര്‍മ്മാണതൊഴിലാളിയായ ജ്യോതി പറയുന്നു. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഹീറ്റ് സ്‌ട്രെസ്സ് ഇൻഡെക്സ് (Heat Stress Index-HSI) കൂടുതലാണ്. ഒരാളുടെ ശാരീരികമായ അവസ്ഥ, ജോലിഭാരം, വസ്ത്രധാരണം, ശുചിത്വ സൗകര്യങ്ങൾ, ചുറ്റുപാട്, കുടിവെള്ളം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച്, ആ വ്യക്തിക്ക് ചൂട് മൂലം എത്രത്തോളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കാൻ ഈ സൂചിക (HSI) സഹായിക്കുന്നു. പുരുഷന്മാരുടെ ശരാശരി സ്കോർ 18.6 ആണെങ്കിൽ, സ്ത്രീകളിൽ ഇത് 61.5 ആണ്. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഹീറ്റ് സ്‌ട്രെസ്സ് ഇൻഡെക്സ് കൂടുതലാണ്. Breaking Point:Heat and the Garment Floor

സർവേയിൽ പങ്കെടുത്ത 68.7% തൊഴിലാളികളും ചൂട് അവരുടെ പണിയെടുക്കാനുള്ള  കഴിവിനെ ദോഷകരമായി ബാധിച്ചതായി റിപ്പോർട്ട്‌ ചെയ്യുന്നു. 87% പേർക്കും തല വേദന, തലകറക്കം, ക്ഷീണം, പേശീ വേദന തുടങ്ങിയ അസ്വാസ്ഥ്യങ്ങൾ കഴിഞ്ഞ ഒരു വർഷത്തിൽ അനുഭവപ്പെട്ടു. 

ഇത്തരം ആരോഗ്യ പ്രശ്നങ്ങളുടേങ്ങയും ഏറ്റവും മാരകമായ ആഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. 96.8% സ്ത്രീകളും മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ അനുഭവപ്പെടുന്നതായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഏകദേശം 93% സ്ത്രീകൾക്കും ആർത്തവ ചക്രത്തിൽ മാറ്റമുണ്ടാവുന്നുണ്ട്, കഠിനമായ ആർത്തവ വേദന ഇവരിലുണ്ടാകുന്നുണ്ട്. 

“പരാതിപ്പെട്ടാൽ വേണെമെങ്കിൽ ജോലിക്ക് വരൂ, പറ്റില്ലെങ്കിൽ പൊക്കോളൂ എന്നാണ് അവർ പറയുന്നത്. അങ്ങനെയാണ് അവർ ഞങ്ങളുടെ വായടപ്പിക്കുന്നത്. ഫാനോ വൃത്തിയുള്ള ശുചി മുറിയോ എന്തിന് കുടിവെള്ളം പോലും ആവശ്യപ്പെടാൻ ഞങ്ങൾക്ക് അവകാശമില്ല.” തിരുപ്പൂരിലെ മറ്റൊരു വസ്ത്ര നിര്‍മ്മാണത്തൊഴിലാളി പറയുന്നു. 

‘മൂത്രമൊഴിക്കാൻ സമ്മതിക്കാത്ത’ ജോലി 

ഫാക്ടറികളിലെ ശുചി മുറികളിൽ ഉപയോഗിക്കാൻ മതിയായ വെള്ളം ലഭിക്കാറില്ലെന്ന് 73% തൊഴിലാളികളും  പറയുന്നു. ഉണ്ടായാൽ പോലും, ശുചി മുറികൾ ഉപയോഗിക്കാൻ മേലുദ്യോഗസ്ഥരിൽ നിന്ന് അനുവാദം കിട്ടാറില്ലെന്നാണ് 78.3% പേർ പറയുന്നത്. വൃത്തിയുള്ള ശുചി മുറികൾ ഇല്ലാത്തത് കൊണ്ട് തന്നെ, വേനൽക്കാലത്തു പോലും വെള്ളം കുടിക്കാതെ ഇരിക്കാറുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതിനെ ‘നിർബന്ധിത നിർജലീകരണം’ (forced dehydration) എന്നു പറയുന്നു.

ജോലി സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നു. Reuters

സർവേയിൽ പങ്കെടുത്ത 94% സ്ത്രീകൾക്കും മൂത്രനാള അണുബാധയുടെ ലക്ഷണങ്ങൾ കാണുന്നതായി റിപ്പോർട്ട്‌ പറയുന്നു.

“ജീവിതത്തിന്റെ ഭാഗമല്ലേ?”

അവസ്ഥ ഇത്രയും മോശമായിരിക്കെയും, ചൂടും അതിന് പിറകെയുണ്ടാകുന്ന ബുദ്ധിമുട്ടും ക്ഷീണവുമൊക്കെ ‘ജീവിതത്തിന്റെ ഭാഗമാണ്’ എന്ന് അംഗീകരിക്കുന്നവരാണ് കൂടുതൽ തൊഴിലാളികളും.

ഭൂരിഭാഗം പേരും ജോലിക്കിടയിൽ ഇടവേളകൾ എടുക്കാറില്ല. ഒരു നിമിഷത്തെ ഇടവേള പോലും തൊഴിലുടമകളിൽ നിന്നുള്ള  ശകാരത്തിന് കാരണമാകും. പുറമേ നിന്ന് സമ്മർദ്ദം ഇല്ലെങ്കിൽ പോലും മിനിമം  വേതനമെങ്കിലും കിട്ടാൻ വേണ്ടി തൊഴിലാളികൾക്ക് അധിക സമയം ജോലി ചെയ്യേണ്ടി വരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇനിയെന്ത്?

തമിഴ് നാട്ടിൽ നിന്ന് സർവേയിൽ പങ്കെടുത്ത പകുതി പേരും, അവരവരുടെ വീടുകളിലെ ഏക വരുമാനക്കാരാണ്. ശരാശരി രണ്ടു പേരെങ്കിലും അവരെ ആശ്രയിച്ചാണ് ജീവി്ക്കുന്നത് . പോഷക സമ്പന്നമായ ഭക്ഷണം കുടിവെള്ളം, മികച്ച നിലവാരത്തിലുള്ള അടിവസ്ത്രങ്ങൾ, മരുന്ന് തുടങ്ങി ചൂടിൽ നിന്ന് രക്ഷ നൽകുന്ന കാര്യങ്ങളൊന്നും ഈ തൊഴിലാളികൾക്ക് ലഭ്യമാകാറില്ല.

സ്ത്രീകൾക്ക് ഇത് ഇരട്ടി ഭാരമാണ് – വേതനം കുറഞ്ഞ ഫാക്ടറി ജോലിയും വേതനമില്ലാത്ത വീട്ടുജോലിയും.

Breaking Point:Heat and the Garment Floor

ഇന്ത്യയിലെ പുതിയ ലേബർ കോഡുകളും ഈ വിഷയത്തെ വേണ്ട രീതിയിൽ പരിഗണിച്ചിട്ടില്ല.

താപ സമ്മർദ്ദത്തെ തൊഴിൽ സംബന്ധിയായ അസുഖം (occupational disease) ആയി അംഗീകരിക്കുക എന്ന സുപ്രധാന ശുപാർശ റിപ്പോർട്ട്‌ മുന്നോട്ട് വയ്ക്കുന്നുണ്ട്. 1948ലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്റ്റിൽ താപ സമ്മർദ്ദത്തെ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട്‌ കൂട്ടി ചേർക്കുന്നു. ഫാക്ടറികളിൽ സുരക്ഷ, ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ മിന്നൽ പരിശോധനകൾ നടത്താം. 

ജോലി സ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നു. മതിയായ വിശ്രമവേളകള്‍, കുടിവെള്ളം, വൃത്തിയുള്ള ശുചിമുറികൾ, ചൂടിനെ പ്രതിരോധിക്കാൻ സഹായകമായ യൂണിഫോമുകൾ തുടങ്ങിയവ അതിൽ ചിലതാണ്. അടിസ്ഥാന സൗകര്യ – സാങ്കേതിക മാറ്റങ്ങളും വേണം. വായുസഞ്ചാരത്തിനായുള്ള സൗകര്യങ്ങൾ, ചൂട് തങ്ങുന്ന അസ്‌ബസ്റ്റോസ് ഷീറ്റിനു പകരം മെച്ചപ്പെട്ട മേൽക്കൂര, മികച്ച വായു ശീതീകരണ സംവിധാനങ്ങൾ എന്നിവയെല്ലാം തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.

തൊഴിലാളികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവന് വരെ ഭീഷണിയായേക്കാവുന്നതാണ് ചുട്ടുപൊള്ളുന്ന ഈ തൊഴിലിടങ്ങൾ എന്ന് സർക്കാരും തൊഴിൽ സംഘടനകളും തൊഴിലാളികളും അംഗീകരിക്കുക എന്നത് തന്നെയാണ് ആദ്യ പടി. ‘സ്വാഭാവിക’മെന്നും ഒഴിച്ചുകൂടാനാവാത്തത് എന്നുമൊക്കെ പറഞ്ഞു നിസ്സാരവൽക്കരിച്ചു തള്ളാവുന്ന ഒന്നല്ല, മറിച്ച് സാമൂഹ്യവും സാമ്പത്തികവുമായി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാ ക്കിയേക്കാവുന്ന പ്രതിസന്ധിയാണിത്.

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top