കൊല്ലത്തെ ഫുട്‌ബോൾ ആരാധകരുടെ സംഘർഷം; ഫാക്ട് ചെക്ക്

കൊല്ലത്തെ ഫുട്‌ബോൾ ആരാധകരുടെ സംഘർഷം; ഫാക്ട് ചെക്ക്

ലോകകപ്പ് ഫുട്ബാൾ ആവേശത്തിലാണ് കേരളം. പ്രിയപ്പെട്ട ടീമിന്റെ പേരിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കിക്കുന്ന കാലം. ചിലപ്പോഴൊക്കെ ഈ തർക്കങ്ങൾ കൈ വിട്ട് പോകാറുമുണ്ട്. പക്ഷേ കേരളത്തിന്റെ ഈ ഫുട്ബോൾ പ്രണയത്തെ മോശമായി ചിത്രീകരിക്കാനുള്ള പ്രവണതയും കണ്ട് വരുന്നുണ്ട്. വലതുപക്ഷ അക്കൗണ്ടുകളാണ് കൂടുതലായും ഈ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. കൊല്ലത്ത് ഫുട്ബോൾ ആരാധകർ തമ്മിൽ കയ്യാങ്കളി നടക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ലോകകപ്പ് മത്സര സമയത്ത് കേരളത്തിൽ നടക്കുന്നത് ഇതൊക്കെയാണ് എന്ന സൂചനയോടെയാണ് പലരും ഇത് പങ്കുവെക്കുന്നത്. എന്താണ് സത്യാവസ്ഥ? ഞങ്ങൾ പരിശോധിച്ചു.

എന്താണ് പ്രചരിക്കുന്ന വീഡിയോ?

കൊല്ലത്ത് ശക്തികുളങ്ങരയിൽ ഫുട്ബോൾ ആരാധകർ തമ്മിൽ നടന്ന ഒരു സംഘർഷം. അതിൻ്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ‘തല്ലുണ്ടാക്കി കയ്യും കാലും ഒടിഞ്ഞ് ആശുപത്രിയിലാക്കുന്നവൻ്റെ ചെലവ് മെസിയും നെയ്മറും ചേർന്ന് എടുത്തുകൊള്ളും’ എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. രണ്ടു ലക്ഷത്തോളം (223K) ഫോളോവേഴ്സ് ഉള്ള ‘Rashtrawadi’ എന്ന ഫേസ്ബുക്ക് പേജിൽ ജൂൺ 22 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഇരുപതിനായിരത്തോളം പേരാണ് ഇതുവരെ (24/6/26) ഈ വീഡിയോ കണ്ടിട്ടുള്ളത്. 387 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. കമൻ്റുകൾ മുഴുവൻ സംഘർഷത്തിൽ ഏർപ്പെടുന്നവരെ കളിയാക്കുന്നവയാണ്.

ഇതേ വീഡിയോ എക്സിലും വൈറൽ ആണ്. പതിനായിരത്തിലധികം  അധികം (10.6K) ഫോളോവേഴ്സ് ഉള്ള Anil Padmanabhan എന്ന അക്കൗണ്ടിൽ നിന്നും ആറായിരത്തിലധികം പേർ വീഡിയോ കണ്ടിട്ടുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

 ജൂൺ 22 ന് തന്നെയാണ് എക്സിലും വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഈ രണ്ട് അക്കൗണ്ടുകളും വലതുപക്ഷ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവയാണ് എന്ന് അവയുടെ അക്കൗണ്ട് ബയോ വിവരങ്ങളിൽ നിന്നും മനസ്സിലാക്കാം. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

എന്നാൽ വീഡിയോ ഇപ്പോഴത്തെയാണോ?

പ്രചരിക്കുന്ന വീഡിയോകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ 2022 ലും ഈ വീഡിയോ പ്രചരിച്ചിട്ടുണ്ട് എന്ന് മനസിലായി. അതായത് വീഡിയോ ഇപ്പോഴത്തെ ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ടതല്ല. 

എന്നാൽ, കൊല്ലത്ത് ഇങ്ങനെ ഫുട്ബോൾ ആരാധകർ തമ്മിലുള്ള സംഘർഷം നടന്നിട്ടുണ്ട് എന്നത് യഥാർത്ഥമാണ്. എന്നാൽ, അത് നാല് വർഷം മുൻപാണ്, 2022 ൽ. ഇതിൻ്റെ വാർത്താ റിപ്പോർട്ടുകൾ ലഭ്യമാണ്.

ലോകകപ്പിൻ്റെ പശ്ചാത്തലത്തിൽ, ഫുട്ബോൾ ആരാധകരുടെ പ്രകടനം നടന്നിരുന്നുവെന്നും അതിൽ ബ്രസീൽ ആരാധകരും അർജൻ്റീന ആരാധകരും തമ്മിൽ സംഘർഷം ഉണ്ടായി എന്നും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങി എന്നുമാണ് 2022 നവംബർ 21 ലെ മാതൃഭൂമി റിപ്പോർട്ട് പറയുന്നത്.

മാതൃഭൂമി റിപ്പോർട്ട്, സ്ക്രീൻഷോട്ട് 

എ.എൻ.ഐ, ടൈംസ് ഓഫ് ഇന്ത്യ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും ഇത് വാർത്തയാക്കിയിരുന്നു.

എ.എൻ.ഐ റിപ്പോർട്ട്, സ്ക്രീൻഷോട്ട്

കൊല്ലം ശക്തികുളങ്ങരയിൽ ബ്രസീൽ – അർജന്റീന ആരാധകർ തമ്മിൽ  കയ്യാങ്കളിയും സംഘർഷവും ഉണ്ടായി എന്നത് വസ്തുതയാണ്. എന്നാൽ, നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ ഇത് ഈയടുത്ത് നടന്ന ഒരു സംഭവമല്ല. 2022 നവംബറിൽ ഖത്തർ ലോകകപ്പ് സമയത്ത് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ആണ് നാല് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുതിയതെന്ന രീതിയിൽ വീണ്ടും പ്രചരിപ്പിക്കുന്നത്.




സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top