അഹമ്മദ് ബുഹാരിയുടെ കഥ; അദാനിയുടെയും 

അഹമ്മദ് ബുഹാരിയുടെ കഥ; അദാനിയുടെയും 

തമിഴ് നാട് സ്വദേശിയായ അഹമ്മദ് ബുഹാരി എന്ന ഊർജ വ്യവസായിയെ 2022 മാർച്ച് 3 ന് ചെന്നൈയിൽ വെച്ച് ഇ ഡി അറസ്റ്റ് ചെയ്തു. രണ്ട് വർഷവും ഏഴു മാസവും അദ്ദേഹം ജയിലിൽ കിടന്നു. ഇ.ഡി മാത്രമല്ല  റവന്യൂ ഇന്റലിജൻസ്, സി.ബി.ഐ എന്നിങ്ങനെ വിവിധ കേന്ദ്ര ഏജൻസികൾ ബുഹാരിക്കെതിരെ കേസുകൾ ചുമത്തി. എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ, തെളിവുകളുടെ അഭാവത്തിൽ ബുഹാരിക്കെതിരായ കേസുകൾ കോടതി റദ്ദാക്കി. പക്ഷേ അപ്പോഴേക്കും തന്റെ കമ്പനി അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.

2026 ഏപ്രിൽ 28. ഇന്ത്യയിൽ മാധ്യമങ്ങൾ അധികം ചർച്ച ചെയ്യാതെപോയ ഒരു സുപ്രധാന കോടതിവിധി വന്ന ദിവസമായിരുന്നു അത്. എട്ട് വർഷത്തെ കടുത്ത നിയമപോരാട്ടങ്ങൾക്കും 31 മാസത്തെ ജയിൽ വാസത്തിനുമൊടുവിൽ, പ്രവാസി വ്യവസായി അഹമ്മദ് ബുഹാരിക്കെതിരായ കേസുകൾ കോടതി റദ്ദാക്കി. അദ്ദേഹത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ (PMLA) കേസാണ്, ചെന്നൈ സി.ബി.ഐ കോടതി റദ്ദാക്കിയത്.

ഊർജ മേഖലയിൽ വലിയ ലക്ഷ്യങ്ങളോടെ ഒരു സംരംഭം തുടങ്ങിയ വ്യക്തിയെ കേസിൽ കുടുക്കി എട്ട് വർഷം വേട്ടയാടിയിട്ടും തെളിവുകളൊന്നും ഹാജരാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്ന് കോടതി വിധിച്ചു. നീണ്ട നിയമപോരാട്ടത്തിൽ അഹമ്മദ് ബുഹാരി വിജയിച്ചെങ്കിലും ഇതിനിടെ അദ്ദേഹത്തിന് സ്വന്തം കമ്പനി നഷ്ടമായി. ബുഹാരിയുടെ കമ്പനി ഏറ്റെടുത്തത് മറ്റാരുമല്ല, അദാനി ഗ്രൂപ്പാണ്. തൊണ്ണൂറുകളിൽ തുടങ്ങി ഊർജ്ജ മേഖലയിൽ വലിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു എൻ.ആർ.ഐ വ്യവസായിയുടെ സംരംഭം എങ്ങനെയാണ് രാജ്യത്തെ വൻകിട കോർപ്പറേറ്റായ അദാനി ഗ്രൂപ്പിന്റെ കയ്യിലായത്? തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് സിബിഐയും റവന്യൂ ഇന്റലിജൻസും ഇ.ഡിയുമടക്കമുള്ള അന്വേഷണ ഏജൻസികൾ എന്തിനാണ് അദ്ദേഹത്തെ എട്ട് വർഷം വേട്ടയാടിയത്?

ബുഹാരിയുടെ കഥ

തമിഴ് നാട്ടിലെ ഒരു സമ്പന്ന വ്യവസായ കുടുംബത്തിലാണ് ബുഹാരിയുടെ ജനനം. രാമനാഥപുരം ജില്ലയിലെ തീരദേശ തുറമുഖ പട്ടണമായ കിലക്കരൈയിൽ ഒരു മുത്ത് വ്യാപാരിയുടെ മകനായ അബ്ദു റഹ്മാനാണ് ബുഹാരിയുടെ പിതാവ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ – വ്യവസായ രംഗങ്ങളിൽ വലിയ സ്വാധീനമുണ്ടായിരുന്ന വ്യവസായിയായിരുന്നു ബി.എസ്. അബ്ദുർ റഹ്മാൻ. ഹോങ്കോങ്ങിലാണ് അഹമ്മദ് ബുഹാരി ജനിക്കുന്നത്. ലണ്ടനിലെ പ്രശസ്തമായ ബേസ് ബിസിനസ് സ്കൂളിൽ നിന്ന് ഷിപ്പിങ്, ട്രേഡിങ്, ഫിനാൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അഹമ്മദ്  ബുഹാരി. 

ഇന്ത്യ, യു.കെ, യു.എ.ഇ, സിംഗപ്പൂർ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്തിട്ടുള്ള ബുഹാരി, ആദ്യ ഘട്ടത്തിൽ തൻ്റെ ഫാമിലി ബിസിനസ് ആയ ഇ.ടി.എ ആസ്‌കോൺ ബുഹാരിയ ഗ്രൂപ്പിൽ പ്രവർത്തിച്ചുവന്നു. പിന്നീട്     1997 ൽ കോൾ ആൻഡ് ഓയിൽ ഗ്രൂപ്പ് എന്ന പേരിൽ ഊർജ അടിസ്ഥാന സൗകര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു വൻകിട കമ്പനി (Conglomerate) സ്ഥാപിച്ചു. ദുബായ് ആസ്ഥാനമായ ഈ കമ്പനി, ഖനനം, കൽക്കരി വ്യാപാരം, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, ഊർജ ഉൽപാദനം എന്നീ മേഖലകളിലാണ് പ്രവർത്തിച്ചിരുന്നത്. ദക്ഷിണേന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുടനീളവും കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നു.

തൂത്തുക്കുടി ജില്ലയിലെ മുതിയാരയിൽ സ്ഥിതി ചെയ്യുന്ന 1,200 മെഗാവാട്ട് താപവൈദ്യുത നിലയമായ മോക്‌സി പവർ ജനറേഷൻ ലിമിറ്റഡ്. ഇത് മുമ്പ് ഒരു കോസ്റ്റൽ പവർജെൻ യൂണിറ്റായിരുന്നു. ചിത്രം: Adanipower.com

1997-ൽ ‘കോസ്റ്റൽ എനർജി പ്രൈവറ്റ് ലിമിറ്റഡ്’ (CEPL) എന്ന കമ്പനിയും, വൈദ്യുതി ഉൽപ്പാദനത്തിനായി 2006 മേയിൽ ‘കോസ്റ്റൽ എനർജെൻ’ എന്ന കമ്പനിയും തുടങ്ങി.  തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 1200 മെഗാവാട്ട് ശേഷിയുള്ള ‘മുതിയാര തെർമൽ പവർ പ്ലാന്റ്’ സ്ഥാപിച്ച് 2014 ഡിസംബറിൽ ഉൽപ്പാദനം തുടങ്ങി. കോൾഡ് ആൻഡ് ഓയിൽ ഗ്രൂപ്പിൻ്റെ പൂർണ നിയന്ത്രണത്തിലായിരുന്നു ഈ പ്ലാൻ്റ് പ്രവർത്തിച്ചിരുന്നത്.

കമ്പനി നഷ്ടത്തിലേക്ക് 

എന്നാൽ പ്രതീക്ഷിച്ചതുപോലെ കമ്പനിയുടെ പ്രവർത്തനം മുന്നോട്ടു പോയില്ല. ഇൻസോൾവൻസി റസല്യൂഷൻ രേഖകൾ പ്രകാരം, ലാഭകരമായ നിരക്കുകളിൽ വൈദ്യുതി വിൽക്കാനുള്ള കരാറുകൾ കമ്പനിക്ക് ലഭിക്കാത്തത് മൂലം, തൂത്തുക്കുടി പ്ലാൻ്റിൻ്റെ പ്രവർത്തനം വലിയ നഷ്ടത്തിലാവുകയായിരുന്നു. 2016 – 2017 സാമ്പത്തിക വർഷത്തിൽ, 1880 കോടി രൂപയുടെ വരുമാനം കമ്പനിക്ക് ഉണ്ടാക്കാനായെങ്കിലും 2018 ആവുമ്പോഴേക്കും കമ്പനി തിരിച്ചടയ്ക്കാനുള്ള വായ്‌പാ കുടിശ്ശിക 7,227 കോടിയിലധികം രൂപയായി. 

ബാങ്കുകളിലെ കടം വീട്ടാനോ തിരിച്ചടവിനായി കൂടുതൽ സമയം ചോദിക്കാനോ കമ്പനിക്ക് കഴിയാത്തത് കാരണം, കമ്പനിയുടെ പകുതിയിലധികം ഓഹരികൾ ബാങ്കുകളുടെ കൈവശമായി. 2019 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജപ്തി നടപടികളിലേക്ക് കടന്നു. അന്ന് കമ്പനി ഏറ്റെടുക്കാൻ തയ്യാറായി വന്ന മൂന്ന് ബിസിനസ് ഗ്രൂപുകളില്‍ അദാനി പവര്‍ ലിമിറ്റഡും ഉണ്ടായിരുന്നു. 

കേന്ദ്ര ഏജൻസികളുടെ ഇടപെടൽ 

ഈ ബിസിനസ്സ് തകർച്ചകൾക്കിടയിലാണ് അഹമ്മദ് ബുഹാരി, അന്വേഷണ ഏജൻസികളുടെ റഡാറിൽ പെടുന്നത്. വർഷങ്ങളോളം വ്യവസായ രംഗത്ത് സജീവമായിരുന്ന ബുഹാരിയും അദ്ദേഹത്തിന്റെ കമ്പനിയായ CEPL ഉം ആദ്യമായി കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാകുന്നത് 2018 ലാണ്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) ന്റെതായിരുന്നു ആദ്യത്തെ കേസ്. 2011 നും 2015 നും ഇടയിൽ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് സി.ഇ.പി.എൽ കമ്പനി ഇന്ത്യയിലേക്ക് കൽക്കരി ഇറക്കുമതി ചെയ്തതിൽ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്നായിരുന്നു ഡി.ആർ.ഐ യുടെ ആരോപണം. പൊതുമേഖലാ സ്ഥാപനങ്ങളായ എൻ.ടി.പി.സി (NTPC), എ.പി.സി.പി.എൽ (APCPL) എന്നീ കമ്പനികൾക്ക് ഉയർന്ന ഗുണനിലവാരമുള്ള കൽക്കരി വാഗ്ദാനം ചെയ്ത് വലിയ തുക വാങ്ങിയ ശേഷം, ഇന്തോനേഷ്യയിൽ നിന്ന് വിലകുറഞ്ഞ മോശം കൽക്കരി നൽകി വഞ്ചിച്ചു എന്നും ഡി.ആർ.ഐ ആരോപിച്ചിരുന്നു.

സി.ബി.ഐ അന്വേഷണവും ഇ.ഡി അറസ്റ്റും

റവന്യൂ ഇന്റലിജൻസിന് പിറകെ സിബിഐയും ഇ ഡി യും ബുഹാരിയെ തേടി വന്നു. 2018 ജനുവരിയിലാണ് അഹമ്മദ് ബുഹാരിക്കും അദ്ദേഹത്തിന്റെ കമ്പനിക്കുമെതിരെ സി.ബി.ഐ വഞ്ചനാ കുറ്റത്തിന് (IPC 120) കേസെടുത്തത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൽക്കരി നൽകിയ ഇടപാടിൽ 487 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. വഞ്ചനയ്ക്കും അഴിമതി തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്.
ഈ കേസിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന്, 2022 മാർച്ച് മൂന്നാം തീയതി ചെന്നൈയിൽ വെച്ചാണ് അഹമ്മദ് ബുഹാരിയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ 2 വർഷവും 7 മാസവുമാണ് ബുഹാരിക്ക് കഴിയേണ്ടിവന്നത്.

അഹമ്മദ് ബുഹാരി, ചിത്രം: rediff.com

മൊത്തം 169 കൺസൈൻമെന്റുകളിലായി 564.48 കോടി രൂപ ബുഹാരിയുടെ കമ്പനി വില കൂട്ടി കാണിച്ച് തട്ടിയെടുത്തതായാണ്  ഇ.ഡി ആരോപിച്ചത്.

സി.ബി.ഐ കേസിന് തിരിച്ചടിയായ ഡൽഹി ഹൈക്കോടതി നിരീക്ഷണങ്ങൾ

2018ൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തെങ്കിലും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വര്‍ഷം കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി, കേസിലെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസ് പരിഗണിക്കവെ, വിതരണം ചെയ്ത കൽക്കരി നിലവാരം കുറഞ്ഞതാണെന്ന് തെളിയിക്കാൻ സി.ബി.ഐയുടെ പക്കൽ കൃത്യമായ സാമ്പിളുകൾ ഇല്ലെന്ന വസ്തുത ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. എൻ.ടി.പി.സി (NTPC) ഈ കൽക്കരി മുഴുവൻ നേരത്തെ തന്നെ ഉപയോഗിച്ചു തീർത്തതിനാൽ, ഇനി സാമ്പിളുകൾ പരിശോധിച്ച് കുറ്റം തെളിയിക്കുക പ്രായോഗികമല്ലെന്ന യാഥാർത്ഥ്യം സി.ബി.ഐക്കും കോടതിയിൽ നിഷേധിക്കാൻ കഴിഞ്ഞില്ല.

സി.ബി.ഐ അന്വേഷണത്തിന് ആധാരമായിരുന്ന റവന്യൂ ഇന്റലിജൻസിന്റെ കേസിൽ ബുഹാരി നേരത്തെ തന്നെ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ആരോപിക്കപ്പെട്ട കൽക്കരി തട്ടിപ്പ് തെളിയിക്കാൻ ഡി ആർ ഐക്കും കഴിഞ്ഞില്ല. ബുഹാരിയെ കുറ്റവിമുക്തനാക്കിയ അപ്പലറ്റ് ട്രിബ്യൂണലിന്റെ (CESTAT ) വിധി ബുഹാരിക്ക് കേസിൽ വലിയ നിയമപരിരക്ഷ നൽകുന്നതാണെന്നു കോടതി നിരീക്ഷിച്ചു. അങ്ങനെ 2024 ഒക്ടോബർ 24 ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

സി.ബി.ഐ, ഇ.ഡി കേസുകൾ റദ്ദാക്കി കോടതി ഉത്തരവ്

ബുഹാരിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സിബിഐക്ക് കഴിയാത്ത സാഹചര്യത്തിൽ, ബുഹാരിക്കെതിരെയുള്ള തുടർനടപടികൾ ഒഴിവാക്കാനും കേസ് അവസാനിപ്പിക്കാനും കോടതി ഉത്തരവിട്ടു.

കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കണമെങ്കിൽ അതിന് ആധാരമായ ഒരു മൂലകേസ് (Predicate Offence) ഉണ്ടായിരിക്കണം എന്നത് നിയമപരമായ അനിവാര്യതയാണ്. സി.ബി.ഐ രജിസ്റ്റർ ചെയ്ത പ്രധാന കേസ്, ഹൈക്കോടതി റദ്ദാക്കിയതോടെ ഇ.ഡിയുടെ കേസ് കോടതിയിൽ നിൽക്കാതെയായി. ഈ സാഹചര്യത്തിലാണ് 2026 ഏപ്രിൽ 28ന് മദ്രാസ് പ്രത്യേക കോടതി ബുഹാരിക്കെതിരെയുള്ള ഇ.ഡി കേസും പൂർണ്ണമായി റദ്ദാക്കിയത്.

ബുഹാരി ജയിലിൽ കിടക്കുന്ന സമയത്താണ് അദാനി ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നത്. 2019 ല്‍ തുടങ്ങിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലേല നടപടികളില്‍, നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) അംഗീകരിച്ച 3,330.88 കോടി രൂപയുടെ പാക്കേജിലൂടെ അദാനി പവറും ഡിക്കി ട്രസ്റ്റും ചേർന്ന കൂട്ടായ്മ കമ്പനി പൂർണ്ണമായി ഏറ്റെടുത്തു, 2024 ഓഗസ്റ്റിൽ. സുപ്രീം കോടതി കൂടി ഇതിന് അനുമതി നൽകിയതോടെ കമ്പനി പൂർണമായും അദാനി ഗ്രൂപ്പിന്റെ കൈവശമായി. ഈ പ്ലാന്റ് ഇപ്പോൾ അദാനിയുടെ സംയുക്ത സംരംഭമായ മോക്സി പവർ ജനറേഷൻ ലിമിറ്റഡാണ് നടത്തുന്നത്. 

ജയിൽ മോചിതനായ ശേഷം, റിഡിഫിന് നൽകിയ അഭിമുഖത്തിൽ, ബുഹാരി പറയുന്നതിങ്ങനെയാണ്: “തൂത്തുക്കുടിയിലെ പവർ പ്ലാൻ്റ്, അതെൻ്റെ സന്തതിയാണ്. എനിക്കത് തിരികെ ലഭിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്”.

ഡിക്കി ആൾട്ടർനെറ്റീവ് ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റിനെതിരെയും അദാനി ഗ്രൂപ്പിനെതിരെയുമുള്ള അടുത്ത നിയമപോരാട്ടം അഹമ്മദ് ബുഹാരി തുടങ്ങിക്കഴിഞ്ഞു.


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top